

അമേരിക്കന്‍ വ്യാപാര യുദ്ധഭീതിയില്‍ പുതു വാരത്തിന് നഷ്ടം തുടക്കം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. വന്യമായ വ്യതിയാനങ്ങളിലൂടെ കടന്നു പോയ സൂചികകള്‍ അവസാനം നഷടം കുറച്ചൊക്കെ തിരിച്ചു പിടിച്ചെങ്കിലും ചുവപ്പു വരയില്‍ നില്‍പ്പ് ഉറപ്പാക്കുകയായിരുന്നു. സെന്‍സെക്‌സ് 173.77 പോയിന്റ് താഴ്ന്ന് 82,327.05ലും നിഫ്റ്റി 58 പോയിന്റ് ഇടിഞ്ഞ് 25,227.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യു.എസിലെ പുതിയ താരിഫ് ആശങ്കകളും ഉയര്‍ന്ന വിയലില്‍ ലാഭമെടുപ്പിന് നിക്ഷേപകര്‍ മുതിര്‍ന്നതുമാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. ചൈനയ്ക്ക് നിലവിലെ 30 ശതമാനം ഇറക്കുമതി തീരുവക്ക് മുകളില്‍ 100 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ പുതിയ തീരുവകള്‍ ചുമത്തുന്നതില്‍ നിന്ന് ട്രംപ് പിന്മാറാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ വന്നത് നഷടത്തിന് ചെറിയൊരു അയവുവരുത്തി.
ഇതിനൊപ്പം രണ്ടാം പാദഫലങ്ങള്‍ പുറത്തു വന്നു തുടങ്ങിയതും നിക്ഷേപകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. സെപ്റ്റംബര്‍ പാദഫലങ്ങള്‍ പൊതുവെ മിതമായിരിക്കുമെന്നാണ് കരുതുന്നത്. മൂന്നാം പാദത്തില്‍ തിരിച്ചു വരാനുള്ള സൂചന കമ്പനികള്‍ നല്‍കുമോ എന്നതാണ് ഇപ്പോള്‍ വിപണി ഉറ്റു നോക്കുന്നത്. രൂപ ഇന്ന് അല്‍പ്പം മെച്ചപ്പെട്ടതും പണപ്പെരുപ്പ പ്രതീക്ഷകള്‍ മിതപ്പെട്ടതും വിപണിയെ വലിയ വീഴ്ചയില്‍ നിന്ന് താങ്ങിനിര്‍ത്തി.
സെക്ടറല്‍ സൂചികകളെടുത്താല്‍ നിഫ്റ്റി എഫ്.എം.സി.ജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐ.ടി എന്നിവ ഇന്ന് നഷ്ടത്തിലായി. ധനകാര്യ, ബാങ്ക് സൂചികകളാണ് ചെറുതായെങ്കിലും പിടിച്ചു നിന്നത്.
അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണ്‍ (2.10 ശതമാനം), ബജാജ് ഓട്ടോ (1.50 ശതമാനം), ബജാജ് ഫിനാന്‍സ് (1.48 ശതാനം) എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ നേട്ടം കാഴ്ചവച്ചത്.
ആരോഗ്യ മേഖല കമ്പനിയായ ഫോര്‍ട്ടീസ് ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനം ഉയര്‍ന്നു. ഇതോടെ ഒക്ടോബറിലെ ഓഹരിയുടെ ഉയര്‍ച്ച 13 ശതമാനമായി. ബോര്‍ഡ് മീറ്റിംഗില്‍ ബോണസ് ഇഷ്യു പ്രഖ്യാപനം പരിഗണിച്ചേക്കുമെന്ന സൂചനകള്‍ എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ഓഹരികളെ മൂന്നു ശതമാനം ഉയര്‍ത്തി.
എക്‌സ്‌ചേഞ്ച് ഓഹരികളായ ബി.എസ്.ഇ, എം.സി.എക്‌സ് എന്നിവ ഇന്ന് നാല് ശതമാനം ഉയര്‍ന്നു. ബ്രോക്കറേജില്‍ നിന്ന് പോസിറ്റീവ് സമീപനം കിട്ടിയ കിട്ടിയ കെഫിന്‍ ടെക്‌നോളജീസ് ഓഹരികള്‍ ഏഴ് ശതമാനം ഉയര്‍ന്നു. പുതിയ ഇലക്ട്രിസിറ്റി ബില്ലിന്റെ കരട് പുറത്തു വന്നത് ടൊറന്റ് പവന്‍ ഓഹരികളെയും മൂന്ന് ശതമാനം ഉയര്‍ത്തി.
അതേസമയം ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവ നഷ്ടത്തിന് ചുക്കാന്‍ പിടിച്ചു.
സി.ജി.ആര്‍ കുടിശിക സംബന്ധിച്ച കേസ് ഒക്ടോബര്‍ 27ലേക്ക് മാറ്റിവച്ചതിനു പിന്നാലെ വോഡഫോണ്‍ ഐഡിയ ഓഹരി ഇന്ന് മൂന്ന് ശതമാനം താഴ്ന്നു.
അനലിസ്റ്റുകളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടുള്ള രണ്ടാം പാദഫലങ്ങള്‍ അവന്യു സൂപ്പര്‍മാര്‍ട്ട് ഓഹരികളെയും മൂന്ന് ശതമാനം ഇടിവിലാക്കി.
വോഡഫോണ്‍ ഐഡിയ, യെസ് ബാങ്ക്, ടാറ്റ സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിവയാണ് ഇന്ന് ആക്ടീവായി വ്യാപാരം നടത്തിയ ഓഹരികള്‍.
കേരള ഓഹരികള്‍ ഭൂരിഭാഗവും ഇന്ന് നഷ്ടം നുകര്‍ന്നു. കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇ, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവ ഇന്ന് അഞ്ച് ശതമാനത്തിനു മുകളില്‍ നേട്ടം കാഴ്ചവച്ചു. ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ ഓഹരിയും ഇന്ന് നാല് ശതമാനത്തിലധികം ഉയര്‍ന്നു.
ഫെഡറല്‍ ബാങ്ക്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, പ്രൈമ അഗ്രോ, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് എന്നിവ ഇന്ന് രണ്ട് ശതമാനം നേട്ടത്തിലാണ്.
പോപ്പീസ് കെയര്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം വരിച്ച കേരള ഓഹരികള്‍
Read DhanamOnline in English
Subscribe to Dhanam Magazine