'അപ് ആന്‍ഡ് ഡൗണ്‍' ഗെയിമിനൊടുവില്‍ നഷ്ടത്തില്‍ കാലുറപ്പിച്ച് വിപണി, വീഴ്ചയ്ക്ക് കൊടിപിടിച്ച് ഐ.ടി.സി, എല്‍.ഐ.സിക്ക് മുന്നേറ്റം

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്‌
sensex & Nifty chart
google
Published on

വന്യമായ ചാഞ്ചാട്ടങ്ങളിലൂടെ കടന്നുപോയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 239.31 പോയിന്റ് ഇടിഞ്ഞ് 81,312.32ലും നിഫ്റ്റി 7.75 പോയിന്റ് ഇടിഞ്ഞ് 24,752.45ലും വ്യാപാരം നിര്‍ത്തി.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ഉയര്‍ന്ന വാല്വേഷനും വിദേശ നിക്ഷേപസ്ഥാപനങ്ങളുടെ പിന്തുണ കുറഞ്ഞതുമാണ് ഇന്ന് സൂചികകളെ വലിയ ചാഞ്ചാട്ടത്തിലാക്കിയത്. 90 ദിവസത്തെ മരവിപ്പിക്കലിനു ശേഷം ഇന്ത്യ-യു.എസ് ചുങ്കത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ ബാധിക്കുന്നുണ്ട്.

Performance of Nifty Indices
നിഫ്റ്റി സൂചികകളുടെ പ്രകടനം

മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനങ്ങളും പണപ്പെരുപ്പം കുറയുന്നതും മികച്ച നാലാം പാദ ജി.ഡി.പി പ്രതീക്ഷകളുമെല്ലാം അധികം താഴ്ചയിലേക്ക് പോകാതെ വിപണിയെ പിടിച്ചു നിര്‍ത്തി.

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പോളിസി മിനിറ്റ്‌സ് ഇന്ന് പുറത്തു വരും. അതാകും വിപണിയുടെ ഉടനുള്ള നീക്കത്തെ സ്വാധീനിക്കുകയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

വിശാല വിപണിയില്‍ മിഡ് ക്യാപ് നഷ്ടത്തിലേക്ക് ചാഞ്ഞപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.33 ശതമാനം നേട്ടത്തില്‍ പിടിച്ചു നിന്നു. നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് മികച്ച കരുത്ത് കാട്ടിയ സൂചിക. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പി.എസ്.യു ബാങ്ക് എന്നിവയും നേട്ടത്തില്‍ പിടിച്ചു നിന്നു.

വിപരീത ദിശകളില്‍ ഐ.ടിസിയും എല്‍.ഐ.സിയും

മുന്‍നിര ഓഹരികളിലൊന്നായ ഐ.ടി.സിയുടെ വീഴ്ചയാണ് സൂചികകളെയും ബാധിച്ചത്. 15,000 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ വഴി ഐ.ടി.സിയിലുള്ള ഓഹരി വിഹിതം 2.6 ശതമാനം കുറയ്ക്കുമെന്ന് ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനി പ്രഖ്യാപിച്ചതാണ് ഓഹരി വിലയില്‍ ഇടിവുണ്ടാക്കിയത്. മൂന്ന് ശതമാനത്തോളമാണ് ഓഹരിയിലുണ്ടായ വിലയിടിവ്.

അതേസമയം, മികച്ച നാലാം പാദഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ എല്‍.ഐ.സി ഓഹരികള്‍ ഇന്ന് ഒമ്പത് ശതമാനം വരെ ഉയര്‍ന്ന് 978 രൂപയിലെത്തി. മിക്ക ബ്രോക്കറേജുകളും മുന്നേറ്റ സാധ്യത പ്രവചിച്ചതും ഓഹരിക്ക് കരുത്തായി. ഓഹരിക്ക് 12 രൂപ വീതം അന്തിമ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

Gainers and losers
ഓഹരികളുടെ നേട്ടവും നഷ്ടവും

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, അള്‍ട്രാ ടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍.

എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും ഇന്ന് യഥാക്രമം 0.2 ശതമാനം, 0.8 ശതമാനം താഴ്ന്നു.

ആലസ്യം വിടാതെ കേരള ഓഹരികള്‍

കേരള ഓഹരികളും ഇന്ന് ആലസ്യത്തിലായിരുന്നു. ആസ്പിന്‍വാള്‍ ഓഹരിയാണ് 4.74 ശതമാനം മുന്നേറ്റവുമായി കേരള ഓഹരികള്‍ക്ക് കരുത്ത് പകര്‍ന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, പോപ്പുലര്‍ വെഹിക്കിള്‍സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പ്രൈമ അഗ്രോ എന്നിവ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

Performance of Kerala stocks
കേരള ഓഹരികളുടെ പ്രകടനം

കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തോളം ഇടിഞ്ഞു. പ്രൈമ ഇന്‍സ്ട്രീസും നഷ്ടത്തില്‍ മുന്നിലാണ്. ടി.സി.എം, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ നിന്ന മറ്റ് കേരള ഓഹരികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com