

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഒക്ടോബറില്‍ ശനിയും ഞായറും ഉള്‍പ്പെടെ മൊത്തം 11 ദിവസം അടഞ്ഞു കിടക്കും.
എന്‍.എസ്.ഇയുടെയും ബി.എസ്.ഇയുടെയും ഔദ്യോഗിക കലണ്ടര്‍ പ്രകാരം മൂന്ന് വിശേഷ ദിവസങ്ങളിലാണ് ഒക്ടോബറില്‍ അവധി. ഇതുകൂടാതെ ദീപാവലി ദിനത്തില്‍ പ്രത്യേക വ്യാപാര സെഷനായ മുഹൂര്‍ത്ത വ്യാപാരവും ഉണ്ടാകും.
ഗാന്ധിജയന്തിയും ദസറയും ഒരുമിച്ചു വരുന്ന ഒക്ടോബര്‍ രണ്ടിനാണ് ആദ്യ അവധി. പിന്നീട് ഒക്ടോബര്‍ 21ന് ദീപാവലിയും ലക്ഷ്മി പൂജയും പ്രമാണിച്ച് അവധിയായിരിക്കും. എന്നാല്‍ ഈ ദിവസം മുഹൂര്‍ത്ത വ്യാപാരത്തിനായി ഒരു മണിക്കൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
ഒക്ടോബര്‍ 22നും ദീപാവലിയും ബലിപ്രദിപദയും മൂലം വിപണിക്ക് അവധിയാണ്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളും കറന്‍സി ഡെറിവേറ്റീവ് വിപണികളും ഈ മൂന്ന് ദിവസവും പ്രവര്‍ത്തിക്കില്ല.
ഈ വര്‍ഷം ഇനി രണ്ട് ദിവസം കൂടി ഓഹരി വിപണികള്‍ക്ക് അവധിയുണ്ട്. നവംബര്‍ അഞ്ചിന് ഗുരുനാനാക്ക് ജയന്തിയും ഡിസംബര്‍ 25ന് ക്രിസ്മസ് പ്രമാണിച്ചും ആണ് അവധി.
ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം നടക്കുക ദീപാവലി ദിനമായ ഒക്ടോബര്‍ 21ന് ഉച്ച കഴിഞ്ഞ് 1.45 മുതല്‍ 2.45 വരെയാണ്.
ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള കലണ്ടര്‍ വര്‍ഷമായ സംവത് 2082ന്റെ തുടക്കത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക വ്യാപാരം. പുതിയ കാര്യങ്ങള്‍ തുടങ്ങാനുള്ള ഏറ്റവും ശുഭകരമായ സമയമായാണ് പുതുവര്‍ഷത്തെ കണക്കാക്കുന്നത്. ഒക്ടോബര്‍ 21ന് ദീപാവലി പ്രമാണിച്ച് ഓഹരി വിപണി അവധിയായതിനാല്‍ അതിനു പകരമായി ഹ്രസ്വ സമയത്തേക്ക് നടത്തുന്ന പ്രത്യേക സെഷനാണിത്.
ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മുഹൂര്‍ത്ത വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് നേരം പ്രീ ഓപ്പണിംഗ് സെഷനുണ്ടാകും. സാധാരണ ദിനങ്ങളിലെ വ്യാപാര ഘടന തന്നെയാണ് മുഹൂര്‍ത്ത വ്യാപാരത്തിലും പിന്തുടരുന്നത്. എന്നാല്‍ സമയപരിധി ഒരു മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് മാത്രം. സെറ്റില്‍മെന്റും ടി+1 രീതിയിലായിരിക്കും.
നിക്ഷേപകര്‍ പുതിയ ഓഹരികള്‍ വാങ്ങാനും നിലവിലെ ഓഹരികളില്‍ പങ്കാളിത്തം കൂട്ടാനും മുഹൂര്‍ത്ത വ്യാപാരത്തെ വിനിയോഗിക്കാറുണ്ട്.
കഴിഞ്ഞ 16 വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരങ്ങളെടുത്താല്‍ 13ലും പോസ്റ്റീവായാണ് വിപണി പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു അനുകൂല അവസരമായാണ് നിക്ഷേപകര്‍ കണക്കാക്കുന്നത്. 2024ലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് 335 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 79,724ലും നിഫ്റ്റി 90 പോയിന്റ് (0.41%) ഉയര്‍ന്ന് 24,304ലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
Indian stock markets will remain closed for 11 days in October 2024, with special Muhurat trading scheduled on October 21 during Diwali.
Read DhanamOnline in English
Subscribe to Dhanam Magazine