പുതു വാരത്തില്‍ നെഗറ്റീവ് തുടക്കം, വിദേശ നിക്ഷേപകരും രൂപയും കരുത്ത് ചോര്‍ത്തി, ഈസ്‌റ്റേണിനും ജിയോജിത്തിനും മുന്നേറ്റം

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു
പുതു വാരത്തില്‍ നെഗറ്റീവ് തുടക്കം, വിദേശ നിക്ഷേപകരും രൂപയും കരുത്ത് ചോര്‍ത്തി, ഈസ്‌റ്റേണിനും ജിയോജിത്തിനും മുന്നേറ്റം
Published on

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടര്‍ന്നതും, യു.എസ് - ഇന്ത്യ വ്യാപാര കരാറിലെ അനിശ്ചിതത്വങ്ങളും വിപണിയിലെ നിക്ഷേപകരുടെ വികാരം ദുര്‍ബലമായി നിലനിര്‍ത്തി.

മെക്‌സിക്കോ ഉത്പന്നങ്ങള്‍ക്ക് പുതിയ ഇറക്കുമതി താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളും അതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച ആശങ്കയും വിപണിയില്‍ നിലനിന്നു. ഇതിനിടെ, ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് പതിച്ചതും വിപണിക്ക് തിരിച്ചടിയായി.

വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്നും വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തുടര്‍ന്നു. 250 കോടി രൂപയുടെ ഓഹരികളാണ് എഫ്.ഐ.ഐ.കള്‍ വിറ്റഴിച്ചത്. അതേസമയം, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഇന്ന് ശക്തമായ പിന്തുണ നല്‍കി. ഏകദേശം 450 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞത് ഇന്ത്യന്‍ വിപണിക്ക് ഗുണകരമായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 0.5% താഴ്ന്ന് 81.38 ഡോളറിലെത്തി.

Nifty Indices
വിവിധ സൂചികകളുടെ പ്രകടനം

സെന്‍സെക്സ് 54.08 പോയിന്റ് ഇടിഞ്ഞ് 78,920.14ലാണ് ക്ലോസ് ചെയ്തത്‌. നിഫ്റ്റി 19.65 പോയിന്റ് താഴ്ന്ന് വലിയ മാറ്റമില്ലാതെ 26,027.85ല്‍ എത്തി. വിശാല വിപണിയില്‍ ഇന്ന് വാങ്ങല്‍ ശക്തമായത് ബിഎസ്ഇ മിഡ്ക്യാപ് സൂചികയെ 0.44% നേട്ടത്തിലാക്കിയപ്പോള്‍, സ്‌മോള്‍ക്യാപ് സൂചിക 0.73% ഉയര്‍ന്നു.

ഈ ആഴ്ച അവസാനം പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പകണക്കുകളും കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് സംബന്ധിച്ച സൂചനകളുമാണ് വിപണിയുടെ അടുത്ത നീക്കങ്ങളില്‍ നിര്‍ണായകമാകുക.

ഓഹരികളുടെ പ്രകടനം

പൊതുമേഖലാ ബാങ്കിംഗ്, റിയല്‍റ്റി, മെറ്റല്‍സ് എന്നീ സെക്ടറുകള്‍ 0.5% മുതല്‍ 1.5% വരെ നേട്ടമുണ്ടാക്കി. അതേസമയം, ഹെല്‍ത്ത് കെയര്‍ (0.75%), ഫാര്‍മ (0.5%) തുടങ്ങിയ സൂചികകള്‍ ഇടിഞ്ഞു.

പവര്‍ ഗ്രിഡ്, എന്‍ടിപിസി , അപ്പോളോ ഹോസ്പിറ്റല്‍സ് , ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് ഇന്ന് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. അതേസമയം, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് , ബജാജ് ഫിനാന്‍സ് , ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ ഇന്ന് കാര്യമായ ഇടിവ് നേരിട്ടു.

Nifty Gainers & Losers
ഓഹരികളുടെ പ്രകടനം

ടെലികോം, പ്രതിരോധം, ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന സെക്ടറുകളിലെ ഓഹരികളാണ് ഇന്ന് വിപണിയിലെ ശ്രദ്ധാകേന്ദ്രമായത്.

സര്‍ക്കാര്‍ സഹായം സംബന്ധിച്ച പ്രതീക്ഷകളും, ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും ടെലികോം ഓഹരിയായ വോഡഫോണ്‍ ഐഡിയയ്ക്ക് കരുത്ത് പകര്‍ന്നു. ഇന്ന് വന്‍തോതിലുള്ള ഇടപാടുകളാണ് ഓഹരിയിലുണ്ടായത്.

പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് പോലുള്ള ഓഹരികള്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. സര്‍ക്കാര്‍ കരാറുകളും, പ്രതിരോധ രംഗത്തെ വര്‍ധിച്ച ആവശ്യകതകളും ഈ ഓഹരികള്‍ക്ക് ഗുണകരമായി.

ഫാര്‍മ മേഖല ഇന്ന് പൊതുവെ ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും അരവിന്ദോ ഫാര്‍മ ഉള്‍പ്പെടെയുള്ള ഓഹരികള്‍ ഇന്ന് നിക്ഷേപക ശ്രദ്ധ ആകര്‍ഷിച്ചു. ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ ഇന്ന് വിപണിയില്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഈ മേഖലയിലെ പുതിയ നിയന്ത്രണങ്ങളും മത്സരം വര്‍ധിക്കുന്നതുമാണ് ഓഹരികളുടെ വിലയില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയത്.

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ കമ്പനികളുടെ ഭാവി വളര്‍ച്ചാ സാധ്യതകള്‍ ചര്‍ച്ചാവിഷയമായതോടെ പേടിഎം പോലുള്ള ഫിന്‍ടെക് ഓഹരികളില്‍ ഇടപാടുകള്‍ വര്‍ധിച്ചു.

സുസ്ലോണ്‍ എനര്‍ജി ഓഹരി ഇന്ന് 5% അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 3% വരെ ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കിംഗ്‌സ് ഇന്‍ഫ്രാവെഞ്ച്വേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറട്കറുമായ ഷാജി ബേബി ജോണിന്റെ നിര്യാണത്തെ തുടര്‍ന്ന് ഓഹരികള്‍ ഇന്ന് 20 ശതമാനത്തോളം ഇടിഞ്ഞതാണ് കേരള ഓഹരികളിലെ പ്രധാന സംഭവ വികാസം. ഭൂരിഭാഗം കമ്പനികളും ഇടിവിലായിരുന്നു.

Performance of Kerala Stocks
കേരള ഓഹരികളുടെ പ്രകടനം

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നീ ഓഹരികള്‍ എട്ട് ശതമാനത്തിലധികം ഉയര്‍ന്നു. ഫാക്ട്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് ഓഹരികള്‍ നാല് ശതമാനത്തിനടുത്ത് മുന്നേറി.

Markets open the week on mixed note; FIIs pull back as Jeojit and Eastern rise, Kings Infra falls after leadership loss.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com