

യുദ്ധഭീതി കൂടുകയും ക്രൂഡ് ഓയിൽ വില വീണ്ടും 102 ഡോളറിനെ സമീപിക്കുകയും ചെയ്തത്, ഇന്ത്യൻ ഓഹരികളെ താഴ്‌ത്തി. രൂപയുടെ വിനിമയമൂല്യവും താഴ്ന്നു. ഇന്ന് രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീട് 0.80 ശതമാനം വരെ താഴ്ന്ന ശേഷം നഷ്‌ടം അൽപം കുറച്ചു. ബാങ്ക്, ധനകാര്യസേവനം, ഓയിൽ, റിയൽറ്റി, മെറ്റൽ, ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ് വിഭാഗം ഓഹരികൾ നഷ്‌ടത്തിലാണ്. എന്നാൽ ഐടിയും ഫാർമയും ഹെൽത്ത്കെയറും നേട്ടം ഉണ്ടാക്കി.
നാലാം പാദത്തിൽ വരുമാനം 12ഉം അറ്റാദായം 42ഉം ശതമാനം വർധിച്ചെങ്കിലും ആദിത്യ ബിർല ലൈഫ് സ്റ്റൈൽ ബ്രാൻഡ്സ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. വരുമാനം 29 ശതമാനം വർധിച്ച നാലാം പാദത്തിൽ അറ്റാദായം 37 ശതമാനം കുറഞ്ഞതിനെ തുടർന്ന് ശക്തി പമ്പ്‌സ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ മെച്ചപ്പെടുത്തുകയും ലാഭം ഗണ്യമായി ഉയർത്തുകയും ചെയ്ത കിർലോസ്കർ ഫെറസ് ഓഹരി രാവിലെ ഏഴു ശതമാനം വരെ ഉയർന്നു.
നാലാം പാദ റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടർന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഉൽപന്ന വില നാല ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച ഡാബറിൻ്റെ ഓഹരി രണ്ടു ശതമാനം ഉയർന്നു. മികച്ച നാലാം പാദ റിസൽട്ട് പുറത്തുവിട്ട പിഡിലൈറ്റ് ഓഹരി അഞ്ചു ശതമാനം ഉയർന്നു.
കൊട്ടക് മഹീന്ദ്ര ബാങ്കിനും അതിൻ്റെ ഉപകമ്പനികൾക്കും കൂടി ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ജമ്മു ആൻഡ് കാഷ്മീർ ബാങ്ക്, എ.യു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയിൽ 9.99 ശതമാനം ഓഹരി വരെ സ്വന്തമാക്കാൻ റിസർവ് ബാങ്ക് അനുവദിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിലും ഐ.സി.ഐ.സി.ഐ ബാങ്കിലും 9.95 ശതമാനം ഓഹരി വരെ വാങ്ങാൻ എച്ച്.ഡി.എഫ്.സി ബാങ്കിനും അനുമതി നൽകി.
നാലാം പാദത്തിൽ മികച്ച വരുമാന, ലാഭ വർധനകൾ ഉണ്ടായിട്ടും ബി.എസ്.ഇ ലിമിറ്റഡ് ഓഹര രാവിലെ രണ്ടു ശതമാനം താഴ്ന്നു. മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് തെർമാക്സ് ഓഹരി ഒൻപതു ശതമാനം കുതിച്ചു. സൊനാറ്റാ സോഫ്റ്റ്‌വേർ വരുമാനവും ലാഭവും ഗണ്യമായി വർധിപ്പിച്ചു. ഓഹരി എട്ടു ശതമാനം ഉയർന്നു. വരുമാനം 2.7 ശതമാനം കുറഞ്ഞിട്ടും അറ്റാദായം 300 ശതമാനം വർധിപ്പിച്ച ഗ്ലോബസ് സ്‌പിരിറ്റ്സിൻ്റെ ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. മദ്യവിൽപന പ്രതീക്ഷയിലും കുറവായതാണു കാരണം.
രൂപ ഇന്നു രാവിലെ 0.35 ശതമാനം താഴ്ന്നു. ഡോളർ 33 പൈസ കൂടി 94.58 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 94.41 രൂപയിൽ എത്തിയിട്ടു തിരികെ 94.58 രൂപയായി. സ്വർണം ലോക വിപണിയിൽ ഔൺസിന് 4724 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയായി. ക്രൂഡ് ഓയിൽ വില രാവിലെ ചാഞ്ചാടുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 101.50 ഡോളറിനും ഡബ്ള്യുടിഐ ഇനം 96 ഡോളറിനും സമീപം തുടരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine