Top Stories of 2023: യൂസഫലിക്ക് കേരളത്തിലെ അഞ്ച് മുന്‍നിര ബാങ്കുകളിലും ഓഹരി പങ്കാളിത്തം, ഫെഡറല്‍ ബാങ്കില്‍ മാത്രം ₹1,100 കോടി

(This story was originally published on 24 Nov 2023)

കേരളത്തിലെ ഒരുകൊച്ചു ഗ്രാമത്തില്‍ നിന്ന് ഒരാള്‍ക്ക് എത്രത്തോളം വളരാനാകുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം.എ. യൂസഫലി. തൃശൂരിലെ നാട്ടികയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച യൂസഫലിയുടെ ഇന്നത്തെ ആസ്തി 720 കോടി ഡോളറാണ് (ഏകദേശം 60,000 കോടി രൂപ).

ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 27-ാം സ്ഥാനത്താണ് യൂസഫലിയുടെ സ്ഥാനം. യു.എ.ഇ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനമെങ്കിലും തന്റെ വളര്‍ച്ചയില്‍ കേരളത്തെയും കേരളത്തിലെ കമ്പനികളെയും ഒപ്പം കൂട്ടുന്നുണ്ട് യൂസഫലി. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിലും സ്ഥാപനങ്ങളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

മൂല്യം 1,600 കോടിയിലധികം

കേരളം ആസ്ഥാനമായുള്ള ബാങ്കുകളിലെ മാത്രം യൂസഫലിയുടെ മൊത്തം നിക്ഷേപ മൂല്യം 1,658 കോടി രൂപയാണ്. തൃശ്ശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിലാണ് ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളത്. അഞ്ച് ശതമാനം ഓഹരികളാണ് എം.എ. യൂസഫലിക്ക് ധനലക്ഷ്മി ബാങ്കിലുള്ളത്. ഓഹരിയുടെ ഇപ്പോഴത്തെ വില അനുസരിച്ച് 36 കോടിയാണ് നിക്ഷേപ മൂല്യം.

റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ ഇന്ത്യന്‍ ബാങ്കുകളില്‍ ഒരു വ്യക്തിക്ക് നടത്താവുന്ന ഏറ്റവും കൂടിയ നിക്ഷേപം അഞ്ച് ശതമാനമാണ്. ഇതിനു മുകളില്‍ നിക്ഷേപിക്കണമെങ്കില്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കണം.



മുന്നിൽ ഫെഡറല്‍ ബാങ്ക്‌

എം.എ യൂസഫലി കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം കണക്കാക്കിയാല്‍ മുന്നില്‍ ഫെഡറല്‍ ബാങ്കാണ്. ഫെഡറല്‍ ബാങ്കില്‍ യൂസഫലിക്കുള്ള 3.13 ശതമാനം അഥവാ 7.52 കോടി ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 1,106 കോടി രൂപയാണ്. പ്രമുഖ നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പങ്കാളി രേഖ ജുന്‍ജുന്‍വാലയ്ക്കും ഫെഡറല്‍ ബാങ്കില്‍ 3.03 ശതമാനം ഓഹരിയുണ്ട്.

തൃശൂര്‍ ആസ്ഥാനമായ മറ്റൊരു ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.32 ശതമാനമാണ് യൂസഫലിയുടെ ഓഹരി വിഹിതം. 9.03 കോടി ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 221 കോടി രൂപയാണ്.

സി.എസ്.ബി ബാങ്കില്‍ 2.17 ശതമാനം ഓഹരിയും യൂസഫലിക്കുണ്ട്. 37 ലക്ഷത്തില്‍ പരം ഓഹരികള്‍ വരുമിത്. നിലവിലെ വില അനുസരിച്ച് 141 കോടി രൂപയിലധികമാണ് വിപണി മൂല്യം. പ്രമുഖ പ്രവാസി വ്യവസായിയായ രവിപിള്ളയ്ക്ക് 10 ശതമാനം ഓഹരിയുള്ള ബാങ്കാണ് സി.എസ്.ബി ബാങ്ക്.

ഇസാഫിലെ ലാഭം 60 കോടി

തൃശൂര്‍ ആസ്ഥാനമായ ചെറുബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 4.35 ശതമാനം ഓഹരികളാണ് യൂസഫലിക്കുളളത്. ഇപ്പോഴത്തെ ഓഹരി വില വച്ച് 2.24 കോടി ഓഹരികള്‍ക്ക് 153 കോടിരൂപ മൂല്യം വരും. 2018 ലും 2021 ലുമാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ യൂസഫലി നിക്ഷേപം നടത്തിയത്.കമ്പനിയുടെ പ്രോസ്‌പെക്ടസ് പ്രകാരം 2018ല്‍ ഓഹരിയൊന്നിന് 40 രൂപ നിരക്കില്‍ 2.13 ഓഹരികളും 2021ല്‍ 75 രൂപ നിലവാരത്തില്‍ 10.67 ലക്ഷം ഓഹരികളുമാണ് സ്വന്തമാക്കിയത്‌. അടുത്തിടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഇസാഫ് ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരി വില 68 രൂപയ്ക്കടുത്താണ്. അങ്ങനെ നോക്കിയാല്‍ ഈ നിക്ഷേപത്തില്‍ മാത്രം ലാഭം 60 കോടി രൂപയാണ്.

Related Articles
Next Story
Videos
Share it