

ഇ-കൊമേഴ്‌സ് രംഗത്തെ മുന്‍നിരക്കായ മീഷോ (Meesho) പ്രാഥമിക ഓഹരിവില്പന (IPO) ഡിസംബര്‍ മൂന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും. സോഫ്റ്റ്ബാങ്കിന് നിക്ഷേപമുള്ള മീഷോയുടെ ഐപിഒ പ്രൈസ്ബാന്‍ഡ് 105-111 രൂപ നിരക്കിലാണ്. 5,421 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 4,250 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 1,170 കോടി രൂപയുമാകും സമാഹരിക്കുക.
ഗ്രേ മാര്‍ക്കറ്റില്‍ മീഷോ ഐപിഒയ്ക്ക് സ്വീകാര്യതയുണ്ടെന്നാണ് സൂചനകള്‍. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (GMP) 35.5 രൂപയ്ക്ക് അടുത്താണ്. ലിസ്റ്റിംഗ് വില 146.5 രൂപയ്ക്കടുത്താകുമെന്ന സാധ്യതയിലേക്കാണ് ഇത് നയിക്കുന്നത്. ഗ്രേ മാര്‍ക്കറ്റിന് അനുസരിച്ച് എല്ലാ സമയവും ലിസ്റ്റിംഗ് നടക്കണമെന്ന് നിര്‍ബന്ധമില്ല താനും. ഗ്രേ മാര്‍ക്കറ്റിന് അനുസരിച്ച് ലിസ്റ്റിംഗ് നടന്നാല്‍ 32 ശതമാനമായിരിക്കും ലിസ്റ്റിംഗ് നേട്ടം.
എലിവേഷന്‍ ക്യാപിറ്റല്‍, പീക്ക് എക്സ്വി പാര്‍ട്ണേഴ്സ്, വെന്‍ച്വര്‍ ഹൈവേ, വൈ കോംപിനേറ്റര്‍ എന്നിവ ഉള്‍പ്പെടെ ആദ്യകാല നിക്ഷേപകര്‍ തങ്ങളുടെ ഓഹരികളുടെ നിശ്ചിത ശതമാനം വിറ്റഴിക്കുമെന്നാണ് സൂചന.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ടെക്‌നോളജി ഡെവലപ്‌മെന്റിനും ലോജിസ്റ്റിക് രംഗത്തെ നവീകരണത്തിനുമായി മുടക്കാനാണ് ഉദ്ദേശിക്കുന്നത്. 2015ല്‍ വിദിത് അത്രെയും സഞ്ജീവ് ബര്‍ണവാളും ചേര്‍ന്ന് സ്ഥാപിച്ചതാണ് മീഷോ. മറ്റ് നിക്ഷേപകര്‍ക്കൊപ്പം വിദിത് അത്രെയും സഞ്ജീവ് ബര്‍ണവാളും തങ്ങളുടെ കൈവശമുള്ള ഓഹരികളില്‍ ഒരുപങ്ക് വിറ്റഴിക്കും.
യുഎസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്കിയായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഐപിഒ ഉള്‍പ്പെടെ മുന്നില്‍ കണ്ട് ജൂണിലാണ് കമ്പനി ആസ്ഥാനം ബെംഗളൂരുവിലേക്ക് മാറ്റിയത്. 2024-25 സാമ്പത്തികവര്‍ഷം 3,941 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഐ.പി.ഒയും മറ്റും മുന്നില്‍ക്കണ്ട് ബെംഗളൂരുവിലേക്കുള്ള ആസ്ഥാനം മാറ്റം വഴിയുണ്ടായ നികുതികള്‍, മറ്റ് ചെലവുകള്‍ എന്നിവയാണ് നഷ്ടം ഉയരുന്നതിന് കാരണമായത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വരുമാനത്തില്‍ ക്രമാനുഗതമായ വര്‍ധന രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. നഷ്ടം കുറച്ചു കൊണ്ടുവരാനും കഴിഞ്ഞു. 2024 സാമ്പത്തികവര്‍ഷം 7,615 കോടി രൂപയായിരുന്നു വരുമാനം. നഷ്ടം 305 കോടി രൂപയും. 2025 സാമ്പത്തികവര്‍ഷം വരുമാനം 25 ശതമാനം ഉയര്‍ന്ന് 9,390 കോടി രൂപയായി. ആകെ ഉപയോക്താക്കളുടെ എണ്ണം 21.3 കോടിയായി. കമ്പനിയുടെ ഓര്‍ഡര്‍ ഫ്രീക്വന്‍സി 7.5 മടങ്ങില്‍ നിന്ന് 9.2 ശതമാനമായും ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine