അഞ്ച് ദിവസംകൊണ്ട് 75ശതമാനം നേട്ടം, ലിസ്റ്റിംഗിനു ശേഷം ഇ-കൊമേഴ്‌സ് കമ്പനിയുടെ തേരോട്ടം, ശതകോടീശ്വര പട്ടികയില്‍ വിദിത് ആത്രേ

ഇന്ന് ഒറ്റ ദിവസം കൊണ്ട് 12 ശതമാനമാണ് മീഷോ ഓഹരികള്‍ ഉയര്‍ന്നത്
അഞ്ച് ദിവസംകൊണ്ട് 75ശതമാനം നേട്ടം, ലിസ്റ്റിംഗിനു ശേഷം ഇ-കൊമേഴ്‌സ് കമ്പനിയുടെ തേരോട്ടം, ശതകോടീശ്വര പട്ടികയില്‍ വിദിത് ആത്രേ
Published on

ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖരായ മീഷോയുടെ ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം വെടിക്കെട്ടോടെയായിരുന്നു. ഐപിഒ വിലയേക്കാള്‍ 46 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍, വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ 54 ശതമാനത്തിലധികം കുതിപ്പാണ് രേഖപ്പെടുത്തിയത്.

ഡിസംബര്‍ 10നായിരുന്നു ഓഹരിയുടെ ലിസ്റ്റിംഗ്. 111 രൂപ ഐപിഒ വില നിശ്ചയിച്ചിരുന്ന മീഷോ, എന്‍എസ്ഇയില്‍ 162.50 രൂപയിലും ബിഎസ്ഇയില്‍ 161.20 രൂപയിലുമാണ് വ്യാപാരം തുടങ്ങിയത്. ലിസ്റ്റിംഗ് ദിനത്തില്‍ തന്നെ മീഷോയുടെ വിപണി മൂല്യം 77,000 കോടി രൂപ കടന്നു.

ഇന്ന് ഒറ്റ ദിവസം കൊണ്ട് 12 ശതമാനമാണ് മീഷോ ഓഹരികള്‍ ഉയര്‍ന്നത്. ഇതോടെ 70 ശതമാനമായി ഓഹരിയുടെ ഇതുവരെയുള്ള നേട്ടം. ട്രേഡിംഗ് സെഷന്‍ തുടങ്ങി അരമണിക്കൂറിനുള്ളില്‍ മീഷോയുടെ അഞ്ച് കോടി ഓഹരികള്‍ വ്യാപാരം നടത്തി. അതായത് 950 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. ഇന്നത്തെ ഓഹരി വില മുന്നേറ്റം മീഷോയുടെ വിപണി മൂല്യം 86,000 കോടി രൂപയിലെത്തിക്കുകയും ചെയ്തു. നിലവില്‍ 12 ശതമാനം ഉയര്‍ന്ന് 190.84 രൂപയിലാണ് വ്യാപാരം. ഇന്നൊരു വേള ഓഹരി വില 193 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.

ശതകോടീശ്വര നിരയിലേക്ക് സ്ഥാപകര്‍

ഓഹരി വിപണിയില്‍ തകര്‍പ്പന്‍ ലിസ്റ്റിംഗ് നടത്തിയതിന് പിന്നാലെ മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് കയറി. വിദിത് ആത്രേയ്ക്ക് കമ്പനിയില്‍ 11.1 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അദ്ദേഹം കൈവശം വെച്ചിരിക്കുന്ന 47.25 കോടി ഓഹരികളുടെ മൂല്യം, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് ദിനത്തിലെ റെക്കോര്‍ഡ് കുതിപ്പോടെ ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 9,128 കോടി രൂപ) കടന്നു. വെറും 36 വയസ്സുള്ള വിദിത് ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളായിമാറി.

2015-ല്‍ സുഹൃത്തായ സഞ്ജീവ് കുമാറുമായി ചേര്‍ന്ന് ഒരു ചെറിയ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായി ആരംഭിച്ച മീഷോ, ഇന്ന് ഇന്ത്യയിലെ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തുന്ന തലത്തിലേക്ക് വളര്‍ന്നു.

വിദിത് ആത്രേയ്ക്കൊപ്പം സഹസ്ഥാപകനായ സഞ്ജീവ് കുമാറിന്റെ ആസ്തിയിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

എന്തുകൊണ്ട് ഈ ആവേശം?

ഇന്ത്യയിലെ ചെറുകിട നഗരങ്ങളെയും സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള മീഷോയുടെ 'സീറോ കമ്മീഷന്‍' ബിസിനസ് മോഡലാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. 5,421 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട ഐപിഒയ്ക്ക് 81 മടങ്ങിലധികം സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചിരുന്നു. ക്യുഐബി (QIB) വിഭാഗത്തില്‍ 123 മടങ്ങ് അപേക്ഷകള്‍ എത്തിയത് കമ്പനിയിലുള്ള വന്‍ വിശ്വാസമാണ് പ്രകടമാക്കുന്നത്.

ലിസ്റ്റിംഗ് നേട്ടം കൊയ്യാന്‍ സാധിച്ചെങ്കിലും, ദീര്‍ഘകാല നിക്ഷേപകര്‍ കമ്പനിയുടെ ലാഭക്ഷമതയും (Profitability) വരാനിരിക്കുന്ന പാദങ്ങളിലെ വരുമാന വളര്‍ച്ചയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. വാല്യുവേഷന്‍ സംബന്ധിച്ച ആശങ്കകള്‍ ചില വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com