എസ്.ഐ.പിയോട് കൂട്ടുകൂടി നിക്ഷേപകര്‍, ഓഗസ്റ്റിലെ നിക്ഷേപം ₹15,800 കോടി കടന്നു

ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി എസ്.ഐ.പി നിക്ഷേപങ്ങളില്‍ ചേക്കേറുന്നവരുടെ എണ്ണം ഇന്ത്യയില്‍ വന്‍തോതില്‍ ഉയരുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇൻ ഇന്ത്യ (Association of Mutual Funds in India/AMFI) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ സിസ്റ്റ്മാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 15,800 കോടിയിലധികം രൂപയാണ്. സര്‍വകാല റെക്കോഡാണിത്. ജൂലൈയിലെ 15,244 കോടി രൂപ നിക്ഷേപമെന്ന റെക്കോഡാണ് മറികടന്നത്.

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നതും ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും നിക്ഷേപകരെ ദീര്‍ഘകാല ലക്ഷ്യത്തോടെ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ പറയുന്നു.
ഇക്വിറ്റി മുകളിലേക്ക്, ഡെറ്റ് താഴേക്ക്
ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള പണമൊഴുക്കും റെക്കോഡിലെത്തി. ഓഗസ്റ്റില്‍ മാത്രം 20,161 കോടി രൂപയാണ് ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിച്ചത്. അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ജൂലൈയില്‍ ഇത് 7,505 കോടി രൂപ മാത്രമായിരുന്നു.
അതേസമയം, ഡെറ്റ് മ്യൂച്വല്‍ഫണ്ടുകളുടെ സ്ഥിതി വ്യത്യസ്തമാണ്. 25,872 കോടി രൂപയാണ് കഴിഞ്ഞ മാസം ഡെറ്റ് ഫണ്ടുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ 4,265 കോടി രൂപയുടെ നിക്ഷേപം നടന്നു. ജൂലൈയിലിത് 4,171 കോടി രൂപയായിരുന്നു. മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം ജൂലൈയിലെ 1,623 കോടിയില്‍ നിന്ന് 2,512 കോടിയായി ഉയര്‍ന്നു.
മള്‍ട്ടി ക്യാപ് ഫണ്ടുകളിലും 3,422.14 കോടി രൂപയുടെ നിക്ഷേപം ദൃശ്യമായി. അതേ സമയം ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിന്ന് 348.98 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇ.എല്‍.എസ്.എസ് ഫണ്ടുകളിലും പിന്‍വലിക്കല്‍ പ്രകടമായി.
അക്കൗണ്ടുകളിലും റെക്കോഡ്
ഓഗസറ്റില്‍ 36 ലക്ഷത്തോളം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് തുറന്നത്. ഇതും റെക്കോഡാണ്. ഇതോടെ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം ഏഴ് കോടിക്കടുത്തെത്തി.
മ്യൂച്വല്‍ഫണ്ട് ഇന്‍ഡസ്ട്രി കൈകാര്യം ചെയ്യുന്ന ആസ്തിയും ഓഗസ്റ്റില്‍ റെക്കോഡ് ഉയരമായ 8.5 ലക്ഷം കോടിയിലെത്തി. ഇതോടെ മ്യൂച്വല്‍ഫണ്ടുകള്‍ മൊത്തം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (Asset Under Management/AUM) 46.9 ലക്ഷം കോടിയായി.
നിക്ഷേപകരുടെ അവബോധം വര്‍ധിപ്പിക്കാനും വിശ്വാസം ഉയര്‍ത്താനുമുള്ള ഇന്‍ഡസ്ട്രിയുടെ ശ്രമങ്ങള്‍ വിജയം കാണുന്നുണ്ടെന്നും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 100 ലക്ഷം കോടി രൂപയായി ഉയരുമെന്നും ആംഫി സി.ഇ.ഒ എന്‍.എസ് വെങ്കടേഷ് പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it