വിപണി താഴ്ചയില്‍! മുഖ്യസൂചികകള്‍ അരശതമാനം വരെ ഇടിവില്‍, നിഫ്റ്റി 22,000ന് താഴെ എത്തുമെന്ന് പ്രവചനം

ബാങ്ക് നിഫ്റ്റി തുടക്കത്തില്‍ 47,884 വരെ താഴ്ന്നിട്ട് 48,000 നു മുകളിലേക്കു കയറി
a women looking to a computer showing stock market crash
image credit : canva
Published on

ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങി, താഴ്ചയില്‍ തുടരുന്നു. സെന്‍സെക്‌സ് 75,700 ല്‍ ഓപ്പണ്‍ ചെയ്തിട്ട് 75,545.93 വരെ താണു, പിന്നീടു കയറി 75,925 വരെ എത്തിയിട്ടു വീണ്ടും താഴ്ന്നു. 22,910 വരെ താഴ്ന്ന നിഫ്റ്റി 23,007 വരെ കയറുകയും ചെയ്തു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യസൂചികകള്‍ അര ശതമാനം ഇടിവിലാണ്.

ബാങ്ക് നിഫ്റ്റി തുടക്കത്തില്‍ 47,884 വരെ താഴ്ന്നിട്ട് 48,000 നു മുകളിലേക്കു കയറി.

മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ കൂടുതല്‍ താഴ്ന്നു. സ്‌മോള്‍ ക്യാപ് സൂചിക 3.65 ഉം മിഡ് ക്യാപ് സൂചിക 2.2 ഉം ശതമാനം ഇടിഞ്ഞു.

റിയല്‍റ്റിയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലാണ്. മീഡിയ, ഐടി, മെറ്റല്‍, ഫാര്‍മ, ഓയില്‍ - ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍, ഓട്ടോ തുടങ്ങിയവ കൂടുതല്‍ താഴ്ന്നു.

റെലിഗാര്‍ എന്റര്‍പ്രൈസസിനെ ഏറ്റെടുക്കാനുള്ള ഡാബര്‍ പ്രൊമോട്ടര്‍മാരായ ബര്‍മന്മാരുടെ ശ്രമത്തിനു തിരിച്ചടി. അമേരിക്കന്‍ വ്യവസായി ദിഗ്‌വിജയ് ഗയ്ക്വാഡ് ബദല്‍ ഓഫര്‍ വച്ചു. ഓഹരി ഒന്നിന് 275 രൂപ വച്ച് 26 ശതമാനം ഓഹരി വാങ്ങാം എന്നു ഗയ്ക്വാഡ് പറയുന്നു. ബര്‍മന്‍ കുടുംബം 235 രൂപയാണ് പറഞ്ഞത്. നിശ്ചിത സമയപരിധി കഴിഞ്ഞാണു ഗയ്ക്വാഡ് വന്നതെന്നും അതിനാല്‍ ആ ഓഫര്‍ സാധുവല്ലെന്നും ബര്‍മന്മാര്‍ പറയുന്നു.

മോശപ്പെട്ട റിസല്‍ട്ടിനെ തുടര്‍ന്ന് ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ഓഹരി 17 ശതമാനം ഇടിഞ്ഞു. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എട്ടു ശതമാനം താഴ്ചയിലായി.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് റിസല്‍ട്ട് പ്രതീക്ഷയിലും മോശമായതിനെ തുടര്‍ന്ന് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

നിഫ്റ്റി അഞ്ചുശതമാനം കൂടി താഴ്ന്ന് 22,000 നു താഴെ എത്താന്‍ സാധ്യത ഉണ്ടെന്ന് എംകേ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് വിലയിരുത്തി

രൂപ ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളര്‍ 16 പൈസ കയറി 86.37 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.39 രൂപയില്‍ എത്തി. ഡോളര്‍ സൂചിക 107.70 ആയി ഉയര്‍ന്നതാണ് രൂപയെ താഴ്ത്തിയത്.

സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിനു 2760 ഡോളറിനു സമീപമാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 60,320 രൂപയായി.

ക്രൂഡ് ഓയില്‍ വില കയറുകയാണ്. ബ്രെന്റ് ഇനം ബാരലിന് 78.10 ഡോളര്‍ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com