

വിപണി വീണ്ടും താഴുകയാണ്. ഐടി മേഖല നേട്ടത്തിലായിട്ടും വിപണി ദൗർബല്യം കാണിച്ചു. ബാങ്ക്, ധനകാര്യ ഓഹരികളും മിഡ് ക്യാപ് ഓഹരികളും താഴ്‌ന്നു. സെൻസെക്സ് 83,537 വരെയും നിഫ്റ്റി 25,763 വരെയും ഇടിഞ്ഞ ശേഷം തിരിച്ചു കയറി ചാഞ്ചാട്ടത്തിലായി. ബാങ്ക് നിഫ്റ്റി 0.25 ശതമാനം ഇടിഞ്ഞു.
ഐടി മേഖല ഇന്നു രാവിലെ കയറ്റത്തിലായിരുന്നു. എഐ മൂലമുള്ള ആശങ്ക മുഴുവൻ മാറിയിട്ടില്ല. തുടക്കത്തിൽ ഒന്നര ശതമാനം ഉയർന്ന നിഫ്റ്റി ഐടി സൂചിക പിന്നീട് ഒരു ശതമാനത്തിനു താഴെ നേട്ടത്തിലായി. പ്രമുഖ കമ്പനികൾ രണ്ടു ശതമാനം വരെ ഉയർന്നിട്ടു നേട്ടം കുറച്ചു.
ക്രൂഡ് വിലക്കയറ്റം ഒഎൻജിസി, ഓയിൽ ഇന്ത്യ ഓഹരികളെ രണ്ടര ശതമാനം വരെ ഉയർത്തി. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ രണ്ടു ശതമാനം വരെ താഴ്ന്നു. ക്രൂഡ് വിലക്കയറ്റം പെയിൻ്റ് കമ്പനികളെ താഴ്‌ത്തി.ഐടി സേവന കമ്പനിയായ കോഫോർജിന് ഔട്ട് പെർഫോം റേറ്റിംഗ് നൽകിയ സിഎൽഎസ്എ ലക്ഷ്യവില 2426 രൂപയായി ഉയർത്തി. ഓഹരി 1390 രൂപ വരെ കയറി.
ടാറ്റാ സ്‌റ്റീലിന് 240 രൂപ ലക്ഷ്യവില നിർണയിച്ച മോട്ടിലാൽ ഓസ്വാൾ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഓഹരി 210 രൂപ വരെ ഉയർന്നു. ഗോൾഡ്മാൻ സാക്സ്, ഐഷർ മോട്ടോഴ്സിൻ്റെ ലക്ഷ്യവില 9200 രൂപയിലേക്ക് ഉയർത്തി. ഓഹരി 8100 രൂപ വരെ കയറി.
ഡിക്സൺ ടെക്‌നോളജീസ് ഓഹരിയുടെ ലക്ഷ്യവില സിഎൽഎസ്എ 12,100 രൂപയായി കുറച്ചു. ഓഹരി 11,351 രൂപ വരെ താഴ്ന്നു. 300 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ച ബി എൽ കശ്യപ് ആൻഡ് സൺസ് ഓഹരി രാവിലെ ഒൻപതു ശതമാനം വരെ ഉയർന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4980 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1680 രൂപ വർധിച്ച് 1,14,760 രൂപയിൽ എത്തി. എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,55,116 വരെ താഴ്ന്നിട്ട് 1,56,133 രൂപ വരെ ഉയർന്നു
വെള്ളി ലോകവിപണിയിൽ ഔൺസിന് 77.52 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,45,870 രൂപ വരെ കയറി. ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 70.64 ഡോളറിലേക്കു കയറി. കറൻസി വിപണിക്ക് ഇന്ന് അവധിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine