

വിപണി വീണ്ടും ഇടിവിലായി. നിഫ്റ്റി 25,200 നും സെന്‍സെക്‌സ് 82200 നും താഴേക്കു വീണു. രാവിലെ ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് കുറേക്കൂടി ഉയര്‍ന്നു. നിഫ്റ്റി 22,310 വരെയും സെന്‍സെക്‌സ് 82,573 വരെയും എത്തിയ ശേഷമാണു താഴ്ച ആരംഭിച്ചത്. ബാങ്ക് നിഫ്റ്റി, നിഫ്റ്റി മിഡ് ക്യാപ് 100, സ്‌മോള്‍ ക്യാപ് 100 തുടങ്ങിയവയും ഇതേ വഴിയില്‍ നീങ്ങി.
ലോഹ ഓഹരികള്‍ ഇന്നു രാവിലെ മുന്നേറ്റത്തിലാണ്. ടാറ്റാ സ്റ്റീല്‍, ജിന്‍ഡല്‍ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയവ ഉയര്‍ന്നു. വെള്ളിവില കൂടുന്നത് ഹിന്ദുസ്ഥാന്‍ സിങ്കിനെ നാലു ശതമാനത്തോളം ഉയര്‍ത്തി. ചെമ്പുവില ഉയര്‍ന്നു നില്‍ക്കുന്നതു ഹിന്ദുസ്ഥാന്‍ കോപ്പറിനെ മൂന്നു ശതമാനം കയറ്റി.
പ്രതീക്ഷയേക്കാള്‍ മികച്ച റിസല്‍ട്ടും ഉയര്‍ന്ന വരുമാന - ലാഭ പ്രതീക്ഷയും എച്ച്‌സിഎല്‍ ടെക്‌നോളജീസിനെ രണ്ടു ശതമാനത്തിലധികം ഉയര്‍ത്തി. മറ്റ് ഐടി കമ്പനികളും ഇന്നു കയറ്റത്തിലാണ്. ടെക് മഹീന്ദ്ര, മൈന്‍ഡ്ട്രീ, പെര്‍സിസ്റ്റന്റ് തുടങ്ങിയവ മുന്നേറ്റത്തിനു മുന്നിലാണ്.
റിസല്‍ട്ട് മോശമായതു ജസ്റ്റ് ഡയല്‍ ഓഹരിയെ അഞ്ചു ശതമാനത്തോളം നഷ്ടത്തിലാക്കി.കൂടുതല്‍ നിര്‍മാണ കരാറുകള്‍ ലഭിച്ചതിനെ തുടര്‍ന്നു കെഇസി ഇന്റര്‍നാഷണല്‍ ഓഹരി രണ്ടു ശതമാനത്തോളം കയറി.
മികച്ച രണ്ടാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ആനന്ദ് റഠി വെല്‍ത്ത് ഏഴു ശതമാനം കുതിച്ചു. രണ്ടാം പാദ അറ്റാദായം 41.5 ശതമാനം വര്‍ധിപ്പിച്ച ഐആര്‍ഇഡിഎ ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു.
എല്‍ജി ഇലക്ട്രോണിക്‌സ് ഓഹരി ഐപിഒ വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്ന് 1,710 രൂപയില്‍ ലിസ്റ്റ് ചെയ്തു. ഗ്രേ മാര്‍ക്കറ്റിലെ പ്രവണതയെ അതിശയിക്കുന്നതായി ലിസ്റ്റിംഗ് കുതിപ്പ്. 1,140 രൂപയിലായിരുന്നു ഐപിഒ.കമ്പനിയുടെ വിപണിമൂല്യം 1.2 ലക്ഷം കോടി രൂപയായി.
ഇന്നലെ ചെറിയ നേട്ടത്തില്‍ ലിസ്റ്റ് ചെയ്ത ടാറ്റാ കാപ്പിറ്റല്‍ ഇന്നു രാവിലെ 1.4 ശതമാനം നഷ്ടത്തിലായി. ടാറ്റാ മോട്ടോഴ്‌സ് കമ്പനി യാത്രാവാഹന, ട്രക്ക് വിഭാഗങ്ങളായി തിരിക്കുന്നതിന്റെ ഭാഗമായി ഓഹരികള്‍ക്ക് രാവിലെ 10 വരെ ഒരു മണിക്കൂര്‍ പ്രത്യേക വ്യാപാരം നടത്തി വില നിര്‍ണയിച്ചു. യാത്രാവാഹന കമ്പനി 400 രൂപയില്‍ ലിസ്റ്റ് ചെയ്തു. സംയുക്ത കമ്പനിയുടെ വിലയില്‍ നിന്നു 39.46 ശതമാനം കുറവാണിത്. ട്രക്ക് വിഭാഗം ടിഎംഎല്‍ കൊമേഴ്‌സ്യല്‍ എന്ന പേരില്‍ അടുത്ത മാസം ലിസ്റ്റ് ചെയ്യും.
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ രാവിലെ ഏഴു പൈസ ഉയര്‍ന്ന് 88.74 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 88.775 രൂപയായി. ഡോളര്‍ സൂചിക ഉയര്‍ന്ന് 99.24 ല്‍ എത്തി.
സ്വര്‍ണം അത്യസാധാരണ കുതിപ്പിലാണ്. ഇന്നു രാവിലെ 1.23 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4167 ഡോളറില്‍ എത്തി. ഇന്നു രാവിലെ മാത്രം 55 ഡോളറാണു വര്‍ധിച്ചത്. ഇന്നലെ 100 ഡോളറോളം (2.4 ശതമാനം) കയറിയിരുന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 2400 രൂപ വര്‍ധിച്ച് 94,360 രൂപയായി. ഇത്രയും വലിയ ഏകദിന വിലക്കയറ്റം മുന്‍പ് ഉണ്ടായിട്ടില്ല.
ഈ മാസവും ഡിസംബറിലും യുഎസ് ഫെഡ് പലിശ കുറയ്ക്കും എന്ന പ്രതീക്ഷയാണു സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിനു പറയുന്ന കാരണം. അത് അത്ര വിശ്വസനീയ കാരണമായി വിപണി നിരീക്ഷകര്‍ കാണുന്നില്ല. ഊഹക്കച്ചവടത്തിന്റെ പാരമ്യമാണു ദിവസം രണ്ടും നാലും ശതമാനം വിലക്കയറ്റത്തില്‍ കാണുന്നതെന്ന് അവര്‍ കരുതുന്നു. ഇത്തരം വിപണികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് അഭികാമ്യം എന്ന് അവര്‍ പറയുന്നു.
വെള്ളി വിപണിയിലും ഊഹക്കച്ചവടം അരങ്ങു വാഴുന്നതായി നിരീക്ഷകര്‍ പറയുന്നു. വില ഔണ്‍സിന് 53.20 ഡോളര്‍ വരെ കയറി. രാവിലെ 1.8 ശതമാനമാണു കയറ്റം. ചില വിദേശ രാജ്യങ്ങളില്‍ സ്വര്‍ണം, വെള്ളി ഇടിഎഫുകളിലേക്കുള്ള അസാധാരണ നിക്ഷേപപ്രവാഹത്തിന് തുല്യമായ സ്വര്‍ണവും വെള്ളിയും ആ ഫണ്ടുകള്‍ വാങ്ങിയിട്ടില്ല എന്ന ഊഹത്തില്‍ ഉള്ള കളികളും വിപണിയില്‍ ഉണ്ടോ എന്നു ചിലര്‍ സംശയിക്കുന്നു.
ക്രൂഡ് ഓയില്‍ വില കയറുകയാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 63.56 ഡോളറിലേക്ക് ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine