

ഇന്ത്യന്‍ വിപണി വലിയ മുന്നേറ്റം പ്രതീക്ഷിച്ചു വ്യാപാരം തുടങ്ങിയെങ്കിലും ലാഭമെടുക്കലുകാര്‍ വില്‍പനയ്ക്കു തിരക്കു കൂട്ടിയതോടെ ചാഞ്ചാട്ടത്തിലായി. എങ്കിലും മുഖ്യ സൂചികകള്‍ നേട്ടം നിലനിര്‍ത്തി.
മിഡ് ക്യാപ് സൂചിക ഒന്നര ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക ഒരു ശതമാനവും ഉയര്‍ന്നു.
ഐടി സൂചിക 1.6 ശതമാനം ഇടിഞ്ഞു. എഫ്എംസിജി, ഫാര്‍മ സൂചികകളും താഴ്ന്നു. പി എസ് യു ബാങ്കുകള്‍, മെറ്റല്‍, ഓട്ടോ, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ - ഗ്യാസ് തുടങ്ങിയ മേഖലകള്‍ മികച്ച നേട്ടം ഉണ്ടാക്കി.
സ്റ്റീലിനു 12.5 ശതമാനം സേഫ്ഗാര്‍ഡ് ഡ്യൂട്ടി ചുമത്തിക്കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രേഡ് റെഗുലേറ്റര്‍ ഉത്തരവിറക്കി. സെയില്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങി സ്റ്റീല്‍ കമ്പനികള്‍ നാലം ശതമാനം വരെ ഉയര്‍ന്നു. യുഎസ് ചുങ്കം ചുമത്തിയതിനെ തുടര്‍ന്ന് ചൈനയടക്കമുളള രാജ്യങ്ങള്‍ ഇന്ത്യയിലേക്കു കുറഞ്ഞ വിലയ്ക്ക് സ്റ്റീല്‍ തള്ളുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
പഞ്ചസാര കമ്പനികള്‍ വീണ്ടും ഉയര്‍ച്ചയിലാണ്. 2024-25 സീസണില്‍ പഞ്ചസാര ഉല്‍പാദനം ഗണ്യമായി കുറയും എന്ന നിഗമനത്തെ തുടര്‍ന്നാണ് ഈ കയറ്റം പഞ്ചസാര വില ലോക വിപണിയില്‍ ഉയരുകയാണ്. ഇന്ത്യയിലും വില കൂടുന്നുണ്ട്. എഥനോള്‍ വിലയും ഡിമാന്‍ഡും വര്‍ധിക്കുന്നതും പഞ്ചസാര മില്ലുകളെ സഹായിക്കും. ബല്‍റാംപുര്‍ ചീനി ഇന്ന് എട്ടു ശതമാനം കയറി. ഒരു മാസം കൊണ്ട് 22 ശതമാനം ഉയര്‍ന്നു.
ബജാജ് ഹിന്ദുസ്ഥാന്‍ അഞ്ചു ശതമാനം നേട്ടത്തിലായി. ഇന്നലെ 20 ശതമാനം കുതിച്ച ഉത്തം ഷുഗര്‍ മില്‍സ് ഇന്ന് ഒന്‍പതു ശതമാനം കയറി. ദ്വാരികേഷ്, ഡാല്‍മിയ ഭാരത്, മഗധ്, മാവന തുടങ്ങിയവ അഞ്ചു ശതമാനത്തിലധികം ഉയര്‍ന്നു. ദക്ഷിണേന്ത്യന്‍ മില്ലുകളേക്കാള്‍ ഉത്തരേന്ത്യന്‍ മില്ലുകള്‍ക്കാണു കയറ്റം കൂടുതല്‍.
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ എഴു പൈസ ഉയര്‍ന്ന് 86.64 ല്‍ വ്യാപാരം തുടങ്ങി. പിന്നീട് 86.66 ലേക്കു കയറിയെങ്കിലും ഡോളര്‍ സൂചിക താഴ്ന്നതോടെ ഡോളര്‍ 86.57ലേക്കു തിരിച്ചിറങ്ങി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 3,038 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 320 രൂപ ഉയര്‍ന്ന് 66,320 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.
ക്രൂഡ് ഓയില്‍ വില സാവധാനം താഴുകയാണ്. ബ്രെന്റ് ഇനം ബാരലിന് 70.35 ഡോളര്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine