കയറ്റം, ഇറക്കം, പിന്നെ ചാഞ്ചാട്ടം; സിമന്റ് ഓഹരികള്‍ക്ക് നേട്ടം

ചെറിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ താഴ്ചയിലേക്കു നീങ്ങി. പിന്നീട് തിരിച്ചു കയറി ചാഞ്ചാട്ടത്തിലായി. ആഗോള വിപണികള്‍ അനിശ്ചിതത്വം കാണിക്കുന്നത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിച്ചു.
വോഡഫോണ്‍ ഐഡിയ തങ്ങളുടെ ഇടപാടുകാരായ നോകിയ, എറിക്‌സണ്‍ കമ്പനികള്‍ക്കു നല്‍കാനുള്ള 2,458 കോടി രൂപയ്ക്കു പകരം ഓഹരി നല്‍കാന്‍ തീരുമാനിച്ചു.
പ്രകൃതിവാതകവും വിമാന ഇന്ധനവും ജി.എസ്.ടിയില്‍ പെടുത്താന്‍ ഈ മാസം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിക്കും എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിമന്റ് ഓഹരികള്‍ കയറ്റത്തില്‍
പെന്ന സിമന്റ്‌സിനെ ഏറ്റെടുക്കുന്ന വാര്‍ത്തയെ തുടര്‍ന്ന് അംബുജ സിമന്റ് ഓഹരി രണ്ടു ശതമാനം കയറി. ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷയില്‍ സിമന്റ് കമ്പനി ഓഹരികള്‍ മിക്കതും കയറ്റത്തിലാണ്.
പുതിയ കരാറുകള്‍ ലഭിച്ചതു റെയില്‍വേ കമ്പനിയായ റൈറ്റ്‌സ് ഏഴു ശതമാനം ഉയര്‍ന്നു. ഹൈദരാബാദിലെ സപാല ഓര്‍ഗാനിക്‌സിനെ ഏറ്റെടുക്കുന്ന തീരുമാനം സുവേന്‍ ഫാര്‍മ ഓഹരിയെ നാലു ശതമാനം കയറ്റി.
കായ ലിമിറ്റഡ് ഓഹരി ഇന്ന് 14 ശതമാനം ഉയര്‍ന്ന് 446.65 രൂപ വരെ ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ട് ഈ ഓഹരി 52 ശതമാനം കയറി. മാരികോ ഗ്രൂപ്പിലെ ഈ കമ്പനി സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്നു.
ജൂലൈ 22നാകും കേന്ദ്ര ബജറ്റ് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോദി 3.0 സര്‍ക്കാരിന്റെ താല്‍പര്യങ്ങളും മുന്‍ഗണനകളും ബജറ്റില്‍ നിന്നു മനസിലാക്കാം എന്നാണു വിപണിയുടെ പ്രതീക്ഷ.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.54 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.52 രൂപയിലേക്കു താണു. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2307 ഡോളര്‍ വരെ കയറിയിട്ട് 2305 ലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 52,720 രൂപയായി.
ക്രൂഡ് ഓയില്‍ ചാഞ്ചാടുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 82.37 ഡോളറില്‍ എത്തി. ബക്രീദ് പ്രമാണിച്ചു തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it