

പ്രമുഖ പാല്‍, പാലുത്പന്ന നിര്‍മാതാക്കളായ മില്‍ക്കി മിസ്റ്റ് ഡയറി പ്രോഡക്ട്‌സ് (Milky Mist Dairy Food) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (initial public offering /IPO) ഒരുങ്ങുന്നു. തമിഴ്‌നാട് ആസ്ഥാനമായ കമ്പനി ഇതിനായി സെബിക്ക് (DRHP) അപേക്ഷ സമര്‍പ്പിച്ചു. ഐ.പി.ഒ വഴി 2,305 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
1,785 കോടി രൂപ മൂല്യം വരുന്ന പുതു ഓഹരികളും 250 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐ.പി.ഒയിലുണ്ടാവുക. പ്രമോട്ടര്‍മാരായ സതീഷ് കുമാര്‍ ടി, അതിന എസ് എന്നിവര്‍ ഒ.എഫ്.എസ് വഴി ഓഹരി വില്‍ക്കും.
ഐ.പി.ഒയ്ക്ക് മുന്‍പായി 357 കോടി രൂപയും സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രീ-ഐ.പി.ഒ പ്ലേസ്‌മെന്റ് വഴി ഫണ്ട് സമാഹരണം നടത്താനായാല്‍ ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക കുറയ്ക്കാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ ഉള്‍പ്പെടെ വിപണി സാന്നിധ്യമുള്ള കമ്പനിയാണ് മില്‍ക്കി മിസ്റ്റ്. മില്‍മയുടെ മുഖ്യ എതിരാളികളിലൊന്നുമായ മില്‍ക്കി മിസ്റ്റ് ചീസ്, പനീര്‍, ബട്ടര്‍, തൈര്, നെയ്യ്, യോഗര്‍ട്ട്, ഐസ്‌ക്രീം, ഫ്രോസണ്‍ ഫുഡ്‌സ്, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉത്പന്നങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവയെല്ലാം ഈ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്.
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡോഡ്‌ലാ ഡയറി, ഹട്ട്‌സണ്‍ അഗ്രോ, നെസ്‌ലെ ഇന്ത്യ, പരാഗ് മില്‍ക്ക് പ്രൊഡക്ട്‌സ് തുടങ്ങിയ ഈ രംഗത്തെ ലിസ്റ്റഡ് കമ്പനികളോടാണ് മില്‍ക്കി മിസ്റ്റ് മത്സരിക്കുക.
കമ്പനിയുടെ കടം തിരിച്ചടയ്ക്കാനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന 750 കോടി രൂപ വിനിയോഗിക്കുക. സെബിയ്ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നതിനനുസരിച്ച് 2025 മേയ് വരെയുള്ള കണക്കനുസരിച്ച് 1,454.8 കോടി രൂപയാണ് കമ്പനിയുടെ സഞ്ചിത കടം.
Read DhanamOnline in English
Subscribe to Dhanam Magazine