മിൽക്കി മിസ്റ്റ് ഓഹരിയുടെ ലി​സ്റ്റിം​ഗ് കസറി; 2 മിനിറ്റിൽ 30% നേട്ടത്തോടെ അപ്പർ സർക്യൂട്ടിൽ; നിക്ഷേപകർ ഇനി എന്തുചെയ്യണം?

മിൽക്കി മിസ്റ്റ് ഓഹരി ഐ.പി.ഒയിലെ ഇഷ്യൂ വിലയിൽ (₹140) നിന്ന് 18% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്ത് തുടർന്നും മുന്നേറിയതോടെ 181.50 രൂപ നിലവാരത്തിലുള്ള അപ്പർ സർക്യൂട്ടിലെത്തി; ഉയർന്ന വാല്യുവേഷൻ നിക്ഷേപകർ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ
Milky Mist IPO Listing Gain And Share Forecast
പ്രതീകാത്മക ചിത്രംImage Source: Canva/milkymist.com
Published on

പ്രീമിയം ഡയറി ഉത്പന്ന നിർമ്മാണ കമ്പനിയായ മിൽക്കി മിസ്റ്റ് ഡെയറി ഫുഡ്സിന്റെ (BSE: 544868, NSE: MILKYMIST) ഓഹരികൾ മികച്ച നേട്ടത്തോടെ ഇന്ന് (2026 ഓ​ഗ​സ്റ്റ് 18) ആഭ്യന്തര വിപണിയിൽ ലിസ്റ്റ് ചെയ്തു. ഐ.പി.ഒയിലെ ഇഷ്യൂ വിലയായ 140 രൂപയിൽ നിന്ന് 18 ശതമാനം പ്രീമിയത്തോടെ 165 രൂപയിലാണ് ഓഹരികൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എൻ.എസ്.ഇയിലും ബി.എസ്.ഇയിലും വ്യാപാരം ആരംഭിച്ചത്.

തുടർന്നും നിക്ഷേപകരുടെ ശക്തമായ പിന്തുണ ലഭിച്ചതോടെ 10% കൂടി മുന്നേറുകയും അപ്പർ സർക്യൂട്ട് നിലവാരമായ 181.50 രൂപയിലേക്ക് (എൻ.എസ്.ഇ) എത്തിച്ചേർന്നു. ഇതോടെ ആദ്യ ദിനം തന്നെ ഇഷ്യൂ വിലയേക്കാൾ 30% ലാഭമാണ് മിൽക്കി മിസ്റ്റിന്റെ നിക്ഷേപകർക്ക് ലഭിച്ചത്. 56.12 ഇരട്ടി അപേക്ഷകൾ ലഭിച്ച ഐ.പി.ഒയുടെ തിളക്കം ലിസ്റ്റിംഗിലും പ്രതിഫലിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 13,973 കോടി രൂപയായി വർധിച്ചു.

വാല്യുവേഷൻ ശ്രദ്ധിക്കണമന്ന് വിദ​ഗ്ധർ

ഓഹരി വില ഉയർന്നുവെങ്കിലും മിൽക്കി മിസ്റ്റ് കമ്പനിയുടെ മൂല്യമതിപ്പ് അഥവാ വാല്യുവേഷൻ (Valuation) വിപണി വിദഗ്ധരിൽ ആശങ്കയുണർത്തുന്നുണ്ട്. 140 രൂപയെന്ന ഇഷ്യൂ വിലയിൽ ഈ ഓഹരിയുടെ പി.ഇ അനുപാതം (P/E Ratio) 84.85 മടങ്ങിലായിരുന്നു. ഓഹരി വില 180 രൂപ കടന്നതോടെ പി.ഇ അനുപാതം 100 മടങ്ങിലേക്ക് അടുത്തു. ഡെയറി മേഖലയിലെ മറ്റു മുൻനിര കമ്പനികളായ ഹട്സൺ അഗ്രോ പ്രോഡക്ട് (60 മടങ്ങ്), ദൊഡ്‌‍ല ഡെയറി (27 മടങ്ങ്) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മിൽക്കി മിസ്റ്റ് ഓഹരിയുടെ വാല്യുവേഷൻ വളരെ ഉയർന്നു നിൽക്കുകയാണ്. കമ്പനിയുടെ ഭാവി വളർച്ചാ സാധ്യതകൾ ഓഹരിയുടെ നിലവിലെ വിലയിൽ ഇതിനകം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും സെബി രജിസ്റ്റേർഡ് റിസർച്ച് അനലി​സ്റ്റ് ആയ പി. സനൽ (SEBI Reg No: INH000022880) പറഞ്ഞു.

സാമ്പത്തികം

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) മിൽക്കി മി​സ്റ്റ് കമ്പനിയുടെ വരുമാനത്തിൽ 34 ശതമാനം വളർച്ചയും അറ്റാദായത്തിൽ 176 ശതമാനം (127.01 കോടി രൂപ) വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതേ കാലയളവിൽ കമ്പനിയുടെ കടബാധ്യത 1,376 കോടിയിൽ നിന്ന് 1,671 കോടി രൂപയായി ഉയർന്നു. ഐ.പി.ഒ വഴി ലഭിക്കുന്ന 1,121.41 കോടി രൂപയിൽ 496.86 കോടി രൂപ കടം വീട്ടാനും, ബാക്കി തുക പെരുന്തുറയിലെ ഉത്പാദന യൂണിറ്റ് വിപുലീകരണത്തിനും കോൾഡ് സ്റ്റോറേജ് ശൃംഖല ശക്തിപ്പെടുത്താനും വിനിയോഗിക്കുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. കമ്പനിയുടെ കടം കുറയ്ക്കുന്നതിലൂടെ വായ്പയിന്മേലുള്ള പലിശച്ചെലവ് കുറയ്ക്കാനും ലാഭക്ഷമത വർധിപ്പിക്കാനും സഹായിച്ചേക്കും എന്നാണ് വിലയിരുത്തൽ.

നിക്ഷേപകർ ഇനി എന്തുചെയ്യണം?

വിപണിയിലെ അരങ്ങേറ്റത്തിൽ 30 ശതമാനം ലി​സ്റ്റിം​ഗ് നേട്ടം കരസ്ഥമാക്കിയ പശ്ചാത്തലത്തിൽ മിൽക്കി മി​സ്റ്റ് ഓഹരിയിൽ വിവിധ വിഭാ​ഗം നിക്ഷേപകർക്കുള്ള നിർദ്ദേശങ്ങൾ സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് പി. സനൽ പങ്കുവെക്കുന്നത് ഇപ്രകാരമാണ്:

  • ഹ്രസ്വകാല നിക്ഷേപകർ (Short-term Investors): ഐ.പി.ഒ അലോട്ട്മെന്റ് മുഖേന മിൽക്കി മിസ്റ്റ് ഓഹരികൾ ലഭിച്ച ഹ്രസ്വകാല നിക്ഷേപകർ നിലവിലെ ഉയർന്ന നിരക്കിൽ ഭാഗികമായോ പൂർണ്ണമായോ ലാഭം എടുത്തു (Book Profits) മാറുന്നതാണ് നല്ലത്.

  • ഇടക്കാല നിക്ഷേപകർ (Medium-term Investors): പുതിയ നിക്ഷേപകർ നിലവിലെ ഉയർന്ന നിരക്കിൽ ഓഹരി വാങ്ങാൻ തിടുക്കം കൂട്ടരുത്. ഉയർന്ന വാല്യുവേഷൻ കാരണം വരും മാസങ്ങളിൽ വിലയിൽ തിരുത്തലോ ഏകീകരണമോ (Consolidation) ഉണ്ടായേക്കാം. കടം കുറയ്ക്കുന്ന നടപടികൾ കമ്പനിയുടെ ലാഭക്ഷമതയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാൻ അടുത്ത ഒന്ന് രണ്ട് പാദങ്ങളിലെ സാമ്പത്തിക ഫലങ്ങൾ വരുന്നത് വരെ കാത്തിരിക്കുക.

  • ദീർഘകാല നിക്ഷേപകർ (Long-term Investors): കമ്പനിയുടെ പ്രീമിയം ബ്രാൻഡ് മൂല്യവും വിതരണ ശൃംഖലയും കണക്കിലെടുത്ത് നിലവിലെ നിക്ഷേപകർ മിൽക്കി മി​സ്റ്റ് ഓഹരി കൈവശം വെക്കാവുന്നതാണ് (Hold). പുതിയതായി പണം മുടക്കാൻ ആഗ്രഹിക്കുന്നവർ വിപണിയിലുണ്ടാകുന്ന തിരുത്തലുകളിൽ (Dips) കുറഞ്ഞ നിരക്കിൽ ഘട്ടങ്ങളായി ഓഹരികൾ സമാഹരിക്കുന്നത് ദീർഘകാലത്തേക്ക് പ്രയോജനം ചെയ്യും.

(Disclaimer: ഈ ലേഖനത്തിൽ മിൽക്കി മി​സ്റ്റ് ഓഹരിയെ കുറിച്ച് സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് സനൽ പി. (SEBI Reg No: INH000022880) പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും വിശകലനങ്ങളും വിജ്ഞാനപ്രദമാകാൻ ലക്ഷ്യമിട്ട് പങ്കുവെച്ചതാണ്. ഇത് നേരിട്ടുള്ള നിക്ഷേപ ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുമായി കൂടിയാലോചിക്കുകയോ ചെയ്യേണ്ടതാണ്. റിസർച്ച് അനലിസിറ്റിനോ ലേഖകനോ അവരുടെ ബന്ധുക്കൾക്കോ വിശകലനം ചെയ്ത ഓഹരിയിൽ സാമ്പത്തിക താത്പര്യങ്ങളോ നിക്ഷേപങ്ങളോ ഇല്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com