മൊബൈല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വണ്‍ മൊബിക്വിക്ക് സിസ്റ്റംസ് ലിമിറ്റഡിന്റെ (One Mobikwik Systems) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബി അനുമതി. പുതു ഓഹരികളിറക്കി 700 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ഐ.പി.ഒയ്ക്ക് മുന്നോടിയായി പ്രൈവറ്റ് പ്ലേസ്‌മെന്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ 140 കോടി രൂപ അധികമായി സമാഹരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതനുസരിച്ച് ഐ.പി.ഒ തുകയില്‍ വ്യത്യാസം വരും. ജനുവരി നാലിനാണ് മൊബിക്വിക്ക് വീണ്ടും ഐ.പി.ഒയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചത്.
ബിസിനസ് വളര്‍ത്താന്‍ മെഷീന്‍ ലേണിംഗും എ.ഐയും
ധനകാര്യ സേവന ബിസിനസ് വിപുലപ്പെടുത്താനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുകയില്‍ 135 കോടി രൂപ വിനിയോഗിക്കുക. 135 കോടി രൂപ ഡാറ്റ, മെഷീന്‍ ലേണിംഗ്, എ.ഐ തുടങ്ങിയ സങ്കേതങ്ങള്‍ക്കായും 70.28 കോടി രൂപ പേയ്‌മെന്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള മൂലധന ചെലവുകള്‍ക്കായും ബാക്കി കമ്പനിയുടെ മറ്റ് ആവശ്യങ്ങള്‍ക്കായും നീക്കിവയ്ക്കും.
ബിപിന്‍ പ്രീത് സിംഗും ഉപാസന തകുവും നേതൃത്വം നല്‍കുന്ന ഗുരുഗ്രാം ആസ്ഥാനമായ കമ്പനി നൂതന സാങ്കേതിക വിദ്യകളിലൂടെ രാജ്യത്തെ താഴേക്കിടയിലുള്ള ആളുകളിലേക്ക് സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ബിസിനുകള്‍ക്കും വ്യാപാരികള്‍ക്കുമായി വിവിധ സേവനങ്ങള്‍ മൊബി
ക്വിക്ക് ലഭ്യമാക്കുന്നുണ്ട്. സാക്‌പേ എന്ന ഉപകമ്പനി വഴി ബി2ബി ബിസിനസുകള്‍ക്കായുള്ള ഇ-കൊമേഴ്‌സ് പേയമെന്റ് ഗേറ്റ്‌വേ സേവനവും നൽകുന്നു. പേയ്‌മെന്റ് അഗ്രഗേറ്റര്‍ ആയി പ്രവര്‍ത്തിക്കാനുള്ള അനുമതിയും ആര്‍.ബി.ഐയില്‍ നിന്ന് നേടിയിട്ടുണ്ട്.
2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് 14.69 കോടി രജിസ്‌റ്റേഡ് ഉപയോക്താക്കളുണ്ട്. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ പേയമെന്റുകള്‍ക്കായി 38.1 ലക്ഷത്തോളം വ്യാപാരികള്‍ക്ക് സഹായവും നല്‍കുന്നുണ്ട്.
പേയ്ടിഎം ഓഹരിക്ക് മുന്നേറ്റം
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സാണ് ഈ മേഖലയില്‍ നിന്ന് ഓഹരി വിപണിയിലേക്ക് എത്തിയിട്ടുള്ള കമ്പനി. 2021ല്‍ ലിസ്റ്റ് ചെയ്ത ഓഹരിയുടെ ഐ.പി.ഒ വില 2,150 രൂപയായിരുന്നെങ്കിലും ലിസ്റ്റിംഗില്‍ വില 27 ശതമാനം താഴേക്ക് പോയിരുന്നു. പിന്നീട് ഇതു വരെ ഓഹരി ആ നിലവാരത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഐ.പി.ഒ വിലയേക്കാള്‍ 56 ശതമാനം താഴെയാണ് ഓഹരിയുടെ നിലവിലെ വ്യാപാരം. ഇന്ന് അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 683.45 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നു. ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഉപദേശമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.