മ്യൂച്വല്‍ ഫണ്ട് വിതരണം; കൂടുതല്‍ പേര്‍ രംഗത്ത്
അസോസിയഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഓഫ് ഇന്ത്യയുടെ (എ എം എഫ് ഐ) ശ്രമ ഫലമായി 2022 ല്‍ 24,000 പേര്‍ പുതുതായി മ്യൂച്വല്‍ ഫണ്ട് വിതരണ രംഗത്തേക്ക് കടന്നു. 2021 ല്‍ 17,000 പേരെയാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42% വര്‍ധനവ് ഉണ്ടാകാന്‍ കാരണം എ എം എഫ് ഐ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പാക്കിയതും, പരസ്യ പ്രചാരണം നടത്തിയതുമാണ്.
നിലവില്‍ 1,16,000 മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ രാജ്യത്ത് ഉണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിലര്‍ മ്യൂച്വല്‍ ഫണ്ട് വിതരണ ലൈസെന്‍സ് പുതുക്കിയില്ല. അല്ലെങ്കില്‍ മൊത്തം സംഖ്യ ഇതിലും അധികമാകുമായിരുന്നു. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിച്ചത് കൊണ്ട് ധനകാര്യ സേവനങ്ങളുടെ വിതരണത്തില്‍ ഉള്ളവര്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിതരണവും കൂടി നടത്തുകയാണ്. എ എം എഫ് ഐ സൗജന്യ പരീശീലനവും നല്‍കിയിട്ടുണ്ട്.
മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് തങ്ങള്‍ കൊണ്ടു വരുന്ന നിക്ഷേപങ്ങളുടെ 2 ശതമാനം വരെ കമ്മീഷനായി ലഭിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാനേജ്‌മെന്റ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ വിജയിക്കുന്നവര്‍ക്കാണ് വിതരണക്കാരാകാന്‍ അര്‍ഹതയുള്ളത്. പരീക്ഷക്ക് രജിസ്ട്രേഷന്‍ തുക 1500 രൂപയാണ്. എ എം എഫ് ഐ അംഗത്വവും നേടണം.