വരുന്നത് വൻ ഐ.പി.ഒകള്‍; ക്യൂ നില്‍കുന്നത് ഒയോയും ഓലയും സ്വിഗ്ഗിയും ഉള്‍പ്പെടെ വമ്പന്മാര്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.പി.ഒ പെരുമഴ തിമിര്‍ത്ത് പെയ്യുകയാണ് ഇന്ത്യയില്‍. 2021ല്‍ 63 കമ്പനികള്‍ പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി 1.18 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു.

2022ല്‍ 40 കമ്പനികള്‍ ചേര്‍ന്ന് 59,301 കോടി രൂപയും 2023ല്‍ 57 കമ്പനികള്‍ ചേര്‍ന്ന് 49,434 കോടി രൂപയും സമാഹരിച്ചു. പുതുവര്‍ഷമായ 2024ലും ഐ.പി.ഒ കച്ചവടം പൊടിപാറിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതീക്ഷിക്കാം റെക്കോഡ്
ഇതിനകം സെബിയുടെ അനുമതി ലഭിച്ച 28 കമ്പനികളും അനുമതിക്കായി അപേക്ഷിച്ച 36 കമ്പനികളും ഉള്‍പ്പെടെ 64 കമ്പനികളാണ് ഐ.പി.ഒയ്ക്കായി കച്ചകെട്ടിയിട്ടുള്ളത്.
അനുമതി ലഭിച്ച 28 കമ്പനികള്‍ വൈകാതെ ഇഷ്യൂവുമായി നിക്ഷേപകരിലേക്ക് എത്തും. ഇവ സംയുക്തമായി ഉന്നമിടുന്നത് 30,000 കോടി രൂപയാണ്. അനുമതിക്കായി അപേക്ഷിച്ചിട്ടുള്ള ബാക്കി 36 കമ്പനികള്‍ ചേര്‍ന്ന് 50,000 കോടി രൂപയും സമാഹരിച്ചേക്കും. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2021ലെ 1.18 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഈ വര്‍ഷം പഴങ്കഥയാകും.
വരുന്നൂ വമ്പമാരുടെ പട
ഓല ഇലക്ട്രിക് (8,300 കോടി രൂപ), ഒയോ (8,300 കോടി രൂപ), സ്വിഗ്ഗി (8,300 കോടി രൂപ) എന്നീ വമ്പന്‍ ഐ.പി.ഒകള്‍ വൈകാതെ പ്രതീക്ഷിക്കാം.
മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന ബൈജൂസിന്റെ ഭാഗമായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ 8,300 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയും അണിയറയിലുണ്ട്.
പേയ് യു (5,000 കോടി രൂപ), എന്‍.എസ്.ഡി.എല്‍ (4,500 കോടി രൂപ) എന്നീ ഐ.പി.ഒകള്‍ക്കും 2024 സാക്ഷിയാകും.
Related Articles
Next Story
Videos
Share it