ദീപാവലിത്തിളക്കത്തിനു വിപണി; തുടക്കം കുതിപ്പോടെ ആകാം; നിഫ്റ്റി ലക്ഷ്യം 26,000; നാളെ ഉച്ചയ്ക്കു മുഹൂര്‍ത്ത വ്യാപാരം; ബാങ്ക് ആശങ്കയില്‍ യൂറോപ്പ്

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച കഴിഞ്ഞു. പുറത്തു പറയത്തക്ക കാര്യങ്ങള്‍ ഉണ്ടായിട്ടില്ല. തര്‍ക്കവിഷയങ്ങളിലെ അകലം കുറയുന്നുണ്ട് എന്നാണു പ്രതീക്ഷ
TCM, Morning Business News
Morning business newscanva
Published on

ദീപാവലി വാരത്തിലേക്കു വിപണി ആവേശത്തോടെ കടക്കുകയാണ്. നാളെ വിപണിക്ക് അവധി ആണെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരം നടക്കും. പതിവായി വൈകുന്നേരം നടന്നിരുന്നതാണിത്. ബുധനാഴ്ച വിപണിക്ക് അവധിയാണ്.

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിട്ടുള്ള നിഫ്റ്റി ഇന്ന് 26,000 കടക്കാന്‍ ശ്രമം നടത്തും എന്ന മോഹത്തിലാണു ബുള്ളുകള്‍. റിലയന്‍സും വലിയ ബാങ്കുകളും പ്രതീക്ഷയേക്കാള്‍ മികച്ച റിസല്‍ട്ട് പ്രസിദ്ധീകരിച്ചത് ഇന്നു രാവിലെ വലിയ കുതിപ്പിനു വഴി തെളിക്കും.

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച കഴിഞ്ഞു. പുറത്തു പറയത്തക്ക കാര്യങ്ങള്‍ ഉണ്ടായിട്ടില്ല. തര്‍ക്കവിഷയങ്ങളിലെ അകലം കുറയുന്നുണ്ട് എന്നാണു പ്രതീക്ഷ. അമേരിക്ക - ചൈന വ്യാപാര തര്‍ക്കത്തില്‍ മന്ത്രിതല ചര്‍ച്ച ഈയാഴ്ച നടക്കും. അടുത്തയാഴ്ച ട്രംപ് - ഷി ചര്‍ച്ചയ്ക്കു മുമ്പായി ചില ധാരണകള്‍ ഇതില്‍ ഉണ്ടാകാം.

ഗാസയില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമല്ല. യുക്രെയ്ന്‍ കാര്യത്തില്‍ ട്രംപ് - പുടിന്‍ കൂടിക്കാഴ്ച കഴിഞ്ഞേ എന്തെങ്കിലും പ്രതീക്ഷിക്കാനുള്ളു.

240 ഇന്ത്യന്‍ കമ്പനികളുടെ രണ്ടാം പാദ റിസല്‍ട്ട് പുറത്തുവന്നത് വിറ്റുവരവും ലാഭവും മെച്ചപ്പെട്ടതായി കാണിക്കുന്നുണ്ട്. ചില്ലറ വിലക്കയറ്റം ഒക്ടോബറില്‍ കുറയും എന്ന സൂചനയും വിപണിയെ സഹായിക്കും.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,917.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,985.50 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് നഷ്ടത്തില്‍

യൂറോപ്യന്‍ ഓഹരികള്‍ വെള്ളിയാഴ്ച നഷ്ടത്തിലായി. മിക്ക സൂചികകളും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്കുകളെ സംബന്ധിച്ച ആശങ്കകളാണു കാരണം. അമേരിക്കയില്‍ ചില കമ്പനികള്‍ പാപ്പരായത് ചില പ്രാദേശിക ബാങ്കുകളെയും നിക്ഷേപ ബാങ്കായ ജെഫറീസിനെയും യൂറോപ്യന്‍ ബാങ്ക് യുബിഎസിനെയും കുഴപ്പത്തിലാക്കി. അതില്‍ നിന്നു വ്യത്യസ്തമായ ആശങ്കകള്‍ യൂറോപ്പിലെ വലിയ ബാങ്കുകളെപ്പറ്റി ഉയരുന്നുണ്ട്. ഈയാഴ്ച പ്രമുഖ ബാങ്കുകളുടെ റിസല്‍ട്ട് പുറത്തുവരുമ്പോള്‍ ദൗര്‍ബല്യങ്ങളിലേക്കു വെളിച്ചം വീശാവുന്ന വിവരങ്ങള്‍ ലഭ്യമായേക്കാം.

യുഎസില്‍ കയറ്റം

ബാങ്ക് പ്രശ്‌നങ്ങള്‍ ഗുരുതരമല്ലെന്ന വിലയിരുത്തലും യുഎസ് - ചൈന ചര്‍ച്ചയ്ക്കു വഴി തെളിഞ്ഞതും വെള്ളിയാഴ്ച യുഎസ് ഓഹരികളെ ഉയര്‍ത്തി. മുഖ്യ സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നു. തട്ടിപ്പ്, പാപ്പര്‍ വിഷയങ്ങളുടെ പേരില്‍ വ്യാഴാഴ്ച പത്തു ശതമാനത്തിലധികം ഇടിഞ്ഞ ബാങ്ക് ഓഹരികള്‍ വെള്ളിയാഴ്ച ആറു ശതമാനത്തിലധികം തിരിച്ചു കയറി.

ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 238.37 പോയിന്റ് (0.52%) ഉയര്‍ന്ന് 46,190.61 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 34.94 പോയിന്റ് (0.53%) നേട്ടത്തോടെ 6664.01 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 117.43 പോയിന്റ് (0.52%) കയറി 22,679.98 ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി കയറ്റത്തിലാണ്. ഡൗ 0.15 ഉം എസ് ആന്‍ഡ് പി 0.24 ഉം നാസ്ഡാക് 0.31 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.

ബാങ്ക് പ്രശ്‌നം ഉയര്‍ന്നപ്പോള്‍ ജെപി മോര്‍ഗന്റെ മേധാവി ജേയ്മീ ഡിമണ്‍ പറഞ്ഞത് ''ഒരു പാറ്റയെ കണ്ടെങ്കില്‍ കൂടുതല്‍ പാറ്റകള്‍ ഉണ്ടാകും'' എന്നാണ്. കൂടുതല്‍ പാറ്റകള്‍ ഉണ്ടോ എന്നു രണ്ടാം നിര യുഎസ് ബാങ്കുകളുടെ റിസല്‍ട്ട് ഈയാഴ്ച വന്നു തുടങ്ങുമ്പോള്‍ അറിയാം. പ്രമുഖ യൂറോപ്യന്‍ ബാങ്കുകളുടെ റിസല്‍ട്ടും ഈയാഴ്ച ഉണ്ടാകും.

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ 2.75 ശതമാനത്തിലധികം കയറി. ദക്ഷിണ കൊറിയന്‍ സൂചിക 0.70 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ വിപണി തുടക്കത്തില്‍ താഴ്ന്നു. . ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകളും ഉയര്‍ന്നു. ചൈനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് മാറ്റിയില്ല. ഇന്നു ചൈനയുടെ മൂന്നാം പാദ ജിഡിപി കണക്ക് വരും. 4.8 ശതമാനം വളര്‍ച്ചയാണു പ്രതീക്ഷ. രണ്ടാം പാദത്തില്‍ 5.2 ശതമാനം വളര്‍ന്നതാണ്.

നിഫ്റ്റി ഒരു വര്‍ഷത്തെ ഉയരത്തില്‍

അമേരിക്കന്‍ പ്രാദേശിക ബാങ്ക് വിഷയം വലുതാകും എന്ന ആശങ്കയോടെ വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി പിന്നീടു കുതിച്ചു കയറി. എങ്കിലും പിന്നീടു കുറേ നേട്ടത്തില്‍ കുറേ ഭാഗം നഷ്ടപ്പെടുത്തി ക്ലോസ് ചെയ്തു. 84,000 നു മുകളില്‍ കയറിയ സെന്‍സെക്‌സ് അതു നിലനിര്‍ത്തിയില്ല. നിഫ്റ്റിയാകട്ടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. മുഖ്യ സൂചികകള്‍ അര ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ താഴ്ന്നു.

എഫ്എംസിജി, ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, സ്വകാര്യ ബാങ്ക്, ധനകാര്യ മേഖലകളാണു കുതിപ്പിനു നേതൃത്വം നല്‍കിയത്. ഐടി, മീഡിയ, മെറ്റല്‍, പൊതു മേഖലാ ബാങ്ക് മേഖലകള്‍ ഗണ്യമായി താഴ്ന്നു.

വെള്ളിയാഴ്ച നിഫ്റ്റി 124.55 പോയിന്റ് (0.49%) ഉയര്‍ന്ന് 25,709.85 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 484.53 പോയിന്റ് (0.58%) കയറി 83,467.66 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 290.80 പോയിന്റ് (0.51%) നേട്ടത്തോടെ 57,713.35 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 338.90 പോയിന്റ് (0.57%) താഴ്ന്ന് 58,902.25 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 9.45 പോയിന്റ് (0.05%) കുറഞ്ഞ് 18,122.40 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1,641 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,527 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1,200 എണ്ണം. താഴ്ന്നത് 1,871 ഓഹരികള്‍.

എന്‍എസ്ഇയില്‍ 81 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 86 എണ്ണമാണ്. 82 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 51 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

നിക്ഷേപം ഇങ്ങനെ

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 308.98 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 1526.61 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. കഴിഞ്ഞ ആഴ്ച വിദേശികള്‍ 374 കോടിയില്‍പരം രൂപയുടെ ഓഹരികള്‍ വാങ്ങി. ഈ മാസം ഇതു വരെ അവര്‍ 587 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ കഴിഞ്ഞ ആഴ്ച 5,688 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം ഇതുവരെ സ്വദേശി ഫണ്ടുകള്‍ 28,044 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

നിഫ്റ്റി 25,700 നു മുകളില്‍ ക്ലോസ് ചെയ്തതാേടെ ബുള്ളുകള്‍ ഇന്നു വിപണിയില്‍ ദീപാവലിയുടെ പ്രഭാപൂരം ഉണ്ടാകും എന്ന ആവേശത്തിലാണ്. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 25,669 കടന്നാണു വിപണി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു നിഫ്റ്റിക്ക് 25,565 ലും 25,500 ലും പിന്തുണ ലഭിക്കും. 25,830 ലും 25,940 ലും തടസങ്ങള്‍ ഉണ്ടാകും.

ആദ്യഫലങ്ങള്‍ പ്രതീക്ഷ

കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നു തുടങ്ങി. ആദ്യം പ്രസിദ്ധീകരിച്ച 240 കമ്പനികളുടെ ഫലം പ്രതീക്ഷ നല്‍കുന്നതാണ്. കുറേക്കൂടി കമ്പനികളുടെ റിസല്‍ട്ട് വന്ന ശേഷമേ പ്രവണത വ്യക്തമാകൂ.

240 കമ്പനികളുടെ വിറ്റുവരവില്‍ 8.4 ശതമാനം വളര്‍ച്ച ഉള്ളപ്പോള്‍ അറ്റാദായം 9.5 ശതമാനം വര്‍ധിച്ചു. ഒന്നാം പാദത്തില്‍ വിറ്റുവരവ് 6.4 ഉം അറ്റാദായം10.5 ഉം ശതമാനമാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ വിറ്റുവരവ് 8.3 ഉം അറ്റാദായം 7.1ഉം ശതമാനം വര്‍ധിച്ചിരുന്നു.

ബാങ്ക് -ധനകാര്യ ഓഹരികള്‍ ഒഴിവാക്കിയുള്ള കണക്കില്‍ വിറ്റുവരവ് 10.2 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 13.5 ശതമാനം വര്‍ധിച്ചു. റിലയന്‍സ്, അള്‍ട്രാ ടെക് കമ്പനികളുടെ ലാഭ വര്‍ധനയാണ് ഇതിനു സഹായിച്ചത്.

ആര്‍ബിഎല്‍ എമിറേറ്റ്‌സിന്റെ കൈയിലേക്ക്

ആര്‍ബിഎല്‍ ബാങ്കിനെ ഗള്‍ഫ് ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി സ്വന്തമാക്കുന്നു. 26,833 കോടി രൂപ മുടക്കി അവര്‍ 60 ശതമാനം ഓഹരി എടുക്കും എന്നതു തീരുമാനമായി. ഓഹരി ഒന്നിന് 280 രൂപ വില നിശ്ചയിച്ചു. ഇതിനായി പ്രിഫറന്‍ഷ്യല്‍ ഇഷ്യു നടത്തും. ഓഹരി മൂലധനം 1000 കോടിയില്‍ നിന്ന് 1800 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ആര്‍ബിഎല്‍ ബോര്‍ഡ് തീരുമാനിച്ചു.

ഓഹരി ഉടമകളും റിസര്‍വ് ബാങ്കും സെബിയും ഒക്കെ ഇത് അംഗീകരിക്കേണ്ടതുണ്ട്. ഓഹരി ഉടമകളുടെ പ്രത്യേക യോഗം നവംബര്‍ 12 നു ചേരും. 2026 ഏപ്രില്‍ ഒന്നിനാണ് ഏറ്റെടുക്കല്‍ നടപ്പാക്കുക.

ആര്‍ബിഎല്‍ ബാങ്ക് രണ്ടാം പാദ അറ്റാദായം 20 ശതമാനം കുറഞ്ഞ് 178.5 കോടി രൂപയായി ജിഎന്‍പിഎ 2.32% ആയി കുറഞ്ഞപ്പോള്‍ അറ്റ എന്‍പിഎ 0.57 ശതമാനമായി കൂടി.

കമ്പനികള്‍, വാര്‍ത്തകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ രണ്ടാം പാദ റിസല്‍ട്ട് നിഗമനങ്ങളേക്കാള്‍ മെച്ചമായി. റീട്ടെയില്‍ ആണു കാര്യമായ വളര്‍ച്ച കാണിച്ചത്. കമ്പനിയുടെ വിറ്റുവരവ് 10 ശതമാനം കൂടി 2.55 ലക്ഷം കോടി രൂപയും അറ്റാദായം 10 ശതമാനം വര്‍ധിച്ച് 18,165 കോടി രൂപയും ആയി. പ്രവര്‍ത്തന ലാഭമാര്‍ജിന്‍ 16.6 ല്‍ നിന്നു 17.7 ശതമാനമായി വര്‍ധിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 10.8 ശതമാനം വര്‍ധിച്ച് 18,641.3 കോടി രൂപയില്‍ എത്തി. അറ്റ പലിശവരുമാനം 31,551.5 കോടി രൂപയായി മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 1.24 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) 0.42 ശതമാനവും ആയി കുറഞ്ഞു.

ഐസിഐസിഐ ബാങ്ക് രണ്ടാം പാദത്തില്‍ അറ്റാദായം 5.2 ശതമാനം വര്‍ധിപ്പിച്ച് 12,358.9 കോടി രൂപയാക്കി. അറ്റ പലിശവരുമാനം 7.4 ശതമാനം കൂടി 21,529.5 കോടി രൂപയായി. ജിഎന്‍പിഎ 1.58 ഉം എന്‍എന്‍പിഎ 0.39 ഉം ശതമാനമായി താഴ്ന്നു.

മൈക്രോ ഫിനാന്‍സ് വായ്പകളിലെ നഷ്ടങ്ങള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെ രണ്ടാം പാദത്തില്‍ 445 കോടി രൂപയുടെ നഷ്ടത്തിലാക്കി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 1,325 കോടി രൂപ അറ്റാദായം ഉണ്ടായിരുന്നു. ഒന്നാം പാദത്തില്‍ മാനേജ്മെന്റ് വീഴ്ചകള്‍ മൂലം വന്‍ നഷ്ടം രേഖപ്പെടുത്തിയതാണ്. അതിനു ശേഷം ബാങ്ക് മാനേജ്‌മെന്റില്‍ വലിയ മാറ്റങ്ങള്‍ വന്നു. രാജീവ് ആനന്ദാണു പുതിയ എംഡി - സിഇഒ.

പഞ്ചാബ് നാഷണല്‍ ബാങ്ക് അറ്റാദായം 14 ശതമാനം വര്‍ധിപ്പിച്ച് 4,904 കോടി രൂപയില്‍ എത്തിച്ചു. അറ്റ പലിശ വരുമാനം നാമമാത്രമായി കുറഞ്ഞ് 10,400 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞു.

ഫെഡറല്‍ ബാങ്ക് അറ്റാദായം 9.6 ശതമാനം കുറഞ്ഞ് 955.3 കോടി രൂപയില്‍ എത്തി. എന്നാല്‍ അനലിസ്റ്റ് നിഗമനങ്ങളുടെ ശരാശരിയായ 895 കോടിയേക്കാള്‍ ഗണ്യമായി കൂടുതലാണിത്. അറ്റ പലിശ വരുമാനം 5.4 ശതമാനം വര്‍ധിച്ചു. ജിഎന്‍പിഎ 1.83 ശതമാനമായി കുറഞ്ഞു. എന്‍എന്‍പിഎ 0.48 ശതമാനമാണ്.

സ്വര്‍ണം ചരിത്രം തിരുത്തുമോ?

ബുള്‍ തരംഗത്തിന്റെ അവസാന ലാപ്പ് പോലെ കഴിഞ്ഞയാഴ്ച കുതിച്ചുകയറിയ സ്വര്‍ണവില വെള്ളിയാഴ്ച തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചു. 4,380.10 ഡോളര്‍ വരെ വില എത്തിയ ശേഷം 4.45 ശതമാനം ഇടിഞ്ഞ് 4,186.50 ഡോളറില്‍ എത്തി. പിന്നീടു കയറി 4,252.80 ല്‍ ക്ലോസ് ചെയ്തു. തലേന്നത്തേക്കാള്‍ 1.72 ശതമാനം കുറവ്. എന്നാല്‍ കഴിഞ്ഞ ആഴ്ച മൊത്തം നോക്കുമ്പോള്‍ ആറു ശതമാനം ഉയര്‍ന്നാണു സ്വര്‍ണം ക്ലോസ് ചെയ്തത്.

തുടര്‍ച്ചയായ ഒന്‍പതാമത്തെ ആഴ്ചയാണ് സ്വര്‍ണം ഉയരുന്നത്. 1970 നു ശേഷം അഞ്ചു തവണയേ സ്വര്‍ണം തുടര്‍ച്ചയായ ഒന്‍പത് ആഴ്ച കയറിയിട്ടുള്ളത്. പത്താഴ്ച തുടര്‍ച്ചയായി കയറിയിട്ടില്ല. ഇത്തവണ ചരിത്രം തിരുത്തുമോ എന്ന് എല്ലാവരും ഉറ്റു നോക്കുന്നു.

തുടര്‍ച്ചയായ ഏഴ് ആഴ്ച ഉയര്‍ന്നാല്‍ ഒരു മാസത്തിനുള്ളില്‍ വില ഗണ്യമായി ഇടിയുന്നതാണ് 1983 നു ശേഷമുള്ള ചരിത്രം. അതു കൊണ്ടാണു വിപണി നിരീക്ഷകര്‍ സ്വര്‍ണം ഇനി താഴ്ചയിലേക്കാണ് എന്ന മുന്നറിയിപ്പ് നല്‍കുന്നത്.

2020 ജൂണ്‍- ഓഗസ്റ്റിലാണ് ഇതിനു മുന്‍പ് തുടര്‍ച്ചയായ ഒന്‍പത് ആഴ്ച സ്വര്‍ണവില ഉയരുന്നത്. അന്നാണ് ആദ്യമായ ആദ്യമായി വില 2,000 ഡോളര്‍ കടന്നത്. പിന്നീടു നീണ്ട തകര്‍ച്ച 2021 മാര്‍ച്ചില്‍ ഔണ്‍സിന് 1,677 ഡോളറില്‍ എത്തുന്നതു വരെ തുടര്‍ന്നു. പിന്നീട് ഒന്നരവര്‍ഷത്തിനു ശേഷം 2022 ഒക്ടോബറില്‍ 1,600 ഡോളറിനു തൊട്ടുമുകളില്‍ വില എത്തി. അതിനു ശേഷമുള്ള കുതിപ്പാണ് ഇപ്പോള്‍ 4,400 നു തൊട്ടടുത്ത് എത്തിയിട്ടു പിന്‍വാങ്ങിയത്.

ഇപ്പോള്‍ നിക്ഷേപബാങ്കുകള്‍ വില അടുത്ത വര്‍ഷം പകുതിയോടെ 5,000 ഡോളറില്‍ എത്തും എന്നാണ് വിലയിരുത്തുന്നത്.

ചൈനയ്‌ക്കെതിരേ പ്രഖ്യാപിച്ച 100 ശതമാനം തീരുവ നടപ്പാക്കില്ലെന്നും ഒരാഴ്ചയ്ക്കകം ചൈനയുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടക്കുമെന്നും താനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു മാറ്റമില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതാണു വെള്ളിയാഴ്ച സ്വര്‍ണം അടക്കമുള്ള വിശിഷ്ട ലോഹങ്ങളുടെ വില താഴാന്‍ കാരണമായത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്ന സാഹചര്യം ഉണ്ടായാലും സ്വര്‍ണവില താഴാം.

അമേരിക്കന്‍ സര്‍ക്കാര്‍ സ്തംഭനം നീണ്ടു പോകുന്നത് വിലകയറാന്‍ അനുകൂലഘടകമാണ്. യുഎസ്- ചൈന ചര്‍ച്ച ഫലപ്രദമാകാതെ വരികയും തീരുവയുദ്ധം രൂക്ഷമാകുകയും ചെയ്യുന്നതും വില വര്‍ധിപ്പിക്കും.

ഇന്നു രാവിലെ സ്വര്‍ണം 4,218 - 4,268 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയിട്ട് 4,264-ല്‍ നില്‍ക്കുന്നു.

സ്വര്‍ണം അവധിവില 4,392 ഡോളര്‍ വരെ ഉയര്‍ന്നിട്ടു താഴ്ന്നു 4,267.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4,276 ഡോളറിലാണ്.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില വെള്ളിയാഴ്ച 2,440 രൂപ ഉയര്‍ന്ന് 97,360 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. ശനിയാഴ്ച വില 1,400 രൂപ താഴ്ന്ന് 95,960 രൂപയില്‍ എത്തി.

വെള്ളിയുടെ വില കുറയാം

വെള്ളിവില വെള്ളിയാഴ്ച ഔണ്‍സിന് 54.52 വരെ എത്തിയ ശേഷം അഞ്ചു ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 51.98 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 52.07 ഡോളറിലാണ്. അവധിവില 50.75 ഡോളറിലായി.

ഇന്ത്യയില്‍ മൂന്നു പ്രമുഖ വെള്ളി ഇടിഎഫുകള്‍ (എസ്ബിഐ, യുടിഐ) യൂണിറ്റ് വില്‍പന നിര്‍ത്തി വച്ചു. ഇന്ത്യയിലും ഇവിടേക്കു വെള്ളി വരുന്ന ലണ്ടനിലും വെള്ളിക്കു ദൗര്‍ലഭ്യം വന്നതാണു കാരണം. കൂടുതല്‍ പേര്‍ നിക്ഷേപിക്കുന്ന പണത്തിനനുസരിച്ചു വെള്ളി വിപണിയില്‍ കിട്ടാതെ വന്നു.

അമേരിക്കന്‍ തീരുവ ഭയന്നു മുന്‍ മാസങ്ങളില്‍ ലണ്ടനിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും നിന്നു വെള്ളി ബാറുകളുടെ സ്റ്റോക്ക് വന്‍തോതില്‍ അമേരിക്കയിലേക്കു മാറ്റിയതാണു ക്ഷാമത്തിലേക്കു നയിച്ചത്. ഇതു മൂലം ഏതാനും ആഴ്ചകളായി വെള്ളിയുടെ സ്‌പോട്ട് വിലയേക്കാള്‍ താഴെയായി അവധിവില. ബായ്ക്ക് വേര്‍ഡേഷന്‍ എന്ന ഈ വിപണി പ്രതിഭാസം മാറുന്നതിന് തുടക്കമിടുന്നതായി കഴിഞ്ഞ വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ ഉണ്ടായ വലിയ വിലയിടിവ്. ഇന്ത്യയില്‍ ബുധനാഴ്ച മുതല്‍ വെള്ളിവില താഴ്ന്നു പോന്നു. ഈയാഴ്ച അവസാനത്തോടെ ക്ഷാമം പരിഹരിച്ചു വില താഴും എന്നു പ്രതീക്ഷയുണ്ട്.

വെള്ളിയാഴ്ച പ്ലാറ്റിനം, പല്ലാഡിയം എന്നിവ താഴ്ന്നപ്പോള്‍ റോഡിയം കയറ്റം തുടര്‍ന്നു.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

ചെമ്പ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ച താഴ്ന്നു. ചെമ്പ് 0.31 ശതമാനം ഉയര്‍ന്നു ടണ്ണിന് 10,527.50 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.39 ശതമാനം കുറഞ്ഞ് 2777.50 ഡോളറില്‍ എത്തി. ലെഡും നിക്കലും .സിങ്കും ടിന്നും താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.52 ശതമാനം താഴ്ന്ന് കിലോഗ്രാമിന് 171.30 സെന്റ് ആയി. കൊക്കോ 1.60 ശതമാനം താഴ്ന്ന് ടണ്ണിന് 5895.00 ഡോളറില്‍ എത്തി. കാപ്പി 0.79 ശതമാനം താഴ്ന്നപ്പോള്‍ തേയില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. പാം ഓയില്‍ വില 0.09 ശതമാനം കയറി.

ഡോളര്‍ സൂചിക കയറി

ഡോളര്‍ സൂചിക വെള്ളിയാഴ്ച ഉയര്‍ന്ന് 98.43 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.51 ലേക്കു കയറി.

കറന്‍സി വിപണിയില്‍ ഡോളര്‍ കരുത്തു കാണിച്ചു. യൂറോ 1.661 ഡോളറിലേക്കും പൗണ്ട് 1.3426 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 151.09 യെന്‍ എന്ന നിരക്കിലേക്ക് താണു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.02 ശതമാനത്തിലേക്കു കയറി.

രൂപ വീണ്ടും താഴ്ന്നു

റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടായിട്ടും വെളളിയാഴ്ച രൂപ താഴ്ന്നു. ഡോളര്‍ 15 പൈസ കയറി 87.97 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് തലേദിവസങ്ങളെ അപേക്ഷിച്ചു ദുര്‍ബലമായ ഇടപെടലേ നടത്തിയുള്ളൂ.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയില്‍ താഴുന്നു

യുഎസ്- ചൈന വ്യാപാരയുദ്ധ ഭീതി കുറഞ്ഞത് വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വിലയെ അല്‍പം ഉയര്‍ത്തി. ബ്രെന്റ് ഇനം 61.29 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 61.08 ഡോളറിലായി. ഡബ്‌ള്യുടിഐ 57.34 ഡോളറിലും മര്‍ബന്‍ ക്രൂഡ് 63.47 ഡോളറിലും ആണ്. പ്രകൃതി വാതക വില അഞ്ചു ശതമാനം കയറി. യുക്രെയ്‌നിലെ വാതക പൈപ്പ് ലൈനുകള്‍ക്കു നേരേ ആക്രമണം ഉണ്ടായതാണു കാരണം.

യുദ്ധ ഭീതി അവസാനിച്ചെന്ന നിലയിലാണ് ക്രൂഡ് വിപണിയുടെ നീക്കം. നടക്കാനിരിക്കുന്ന ട്രംപ് - പുടിന്‍ ചര്‍ച്ച യുക്രെയ്‌നില്‍ സന്ധിയിലേക്ക് എത്തുകയില്ല. എങ്കിലും സമാധാനം അകലെയല്ല എന്നു വിപണികരുതുന്നു. പശ്ചിമേഷ്യന്‍ പ്രശ്‌നവും ശാന്തമായി വരികയാണ്. ഹമാസിനു മറ്റു രാജ്യങ്ങള്‍ നല്‍കിയിരുന്ന അഭയവും സഹായവും അവസാനിച്ചു വരികയാണ്. ഇതോടെ യുദ്ധത്തിന്റെ പേരില്‍ ഉണ്ടായിരുന്ന പ്രീമിയമത്രയും ക്രൂഡ് വിപണി നഷ്ടമാക്കി. ഇനി 50 ഡോളറിലേക്കു ക്രൂഡ് വില നീങ്ങും എന്നാണു വിലയിരുത്തല്‍.

ക്രിപ്‌റ്റോകള്‍ താഴ്ചയില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ കുത്തനേ താഴ്ന്നിട്ട് അല്‍പം കയറി. വെള്ളിയാഴ്ച 1,03,500 ഡോളര്‍ വരെ ബിറ്റ് കോയിന്‍ ഇടിഞ്ഞു. ഒരാഴ്ച മുന്‍പ് 1,25,000 ഡോളറിനു മുകളില്‍ എത്തിയതാണു ബിറ്റ് കോയിന്‍. ഇന്നു രാവിലെ 1,08,200ഡോളറില്‍ എത്തി. ഈഥര്‍ 3686 ഡോളറിലേക്കു താഴ്ന്നിട്ട് 3950 ലേക്കു കയറി. സൊലാന 176 ഡോളര്‍ വരെ ഇടിഞ്ഞിട്ട് 187 ല്‍ എത്തി.

വിപണിസൂചനകള്‍

(2025 ഒക്ടോബര്‍ 17, വെള്ളി :)

സെന്‍സെക്‌സ്30 83,952. 19 +0.58%

നിഫ്റ്റി50 25,709.85 +0.49%

ബാങ്ക് നിഫ്റ്റി 57,713.35 +0.51%

മിഡ് ക്യാപ്100 58,902.25 -0.57%

സ്‌മോള്‍ക്യാപ്100 18,122.40 -0.05%

ഡൗജോണ്‍സ് 46,190.60 +0.52%

എസ്ആന്‍ഡ്പി 6664.01 +0.53%

നാസ്ഡാക് 22,680.00 +0.52%

ഡോളര്‍($) ?87.97 +?0.15

സ്വര്‍ണം(ഔണ്‍സ്) $4252.80 -$74.50

സ്വര്‍ണം(പവന്‍) ₹97,360 +₹2440

ശനി ₹95,960 -₹1400

ക്രൂഡ്(ബ്രെന്റ്)ഓയില്‍ $61.29 +$0.27

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com