വിപണികളില്‍ ആശങ്ക മാറുന്നില്ല; ക്രൂഡ് ഓയില്‍ ഇടിയുന്നു

ക്രെഡിറ്റ് സ്വീസ് ബാങ്കിന്റെ പ്രതിസന്ധി യൂറോപ്യന്‍ ഓഹരി വിപണികളില്‍ ചോരപ്പുഴ ഒഴുക്കി. അമേരിക്കന്‍ വിപണിയും നഷ്ടത്തിലായി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും നഷ്ടത്തില്‍. അതിനിടെ കിട്ടുന്ന ചെറിയ ആശ്വാസ വാര്‍ത്തകളില്‍ പിടിച്ചു തിരിച്ചു കയറാനാണ് ഇന്ത്യന്‍ വിപണിയുടെ ശ്രമം. അത് എത്രമാത്രം വിജയിക്കും എന്നതു ക്രെഡിറ്റ് സ്വീസിന്റെ തുടര്‍ഗതിയെ ആശ്രയിച്ചിരിക്കുന്നു.

രാവിലെ വലിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ ഏഷ്യന്‍ വിപണികള്‍ പിന്നീടു നഷ്ടം കുറച്ചു. എസ് ജി എക്‌സ് നിഫ്റ്റിയും നഷ്ടത്തില്‍ നിന്നു നല്ല നേട്ടത്തിലേക്കു കയറി. ഇത് ഇന്ന് ഇന്ത്യന്‍ വിപണിയെ സഹായിക്കും.

ക്രെഡിറ്റ് സ്വീസിന് സ്വിസ് നാഷണല്‍ ബാങ്ക് അടിയന്തര വായ്പ നല്‍കും എന്ന വാര്‍ത്തയാണു കയറ്റത്തിനു കാരണം. ഇതു തല്‍ക്കാലം ബാങ്കിനെ പിടിച്ചു നിര്‍ത്തും. എന്നാല്‍ ബാങ്ക് സമഗ്രമായ അഴിച്ചുപണി നടത്തേണ്ടിവരും എന്നാണു റിപ്പോര്‍ട്ടുകള്‍. ബാങ്ക് ഇന്നത്തേതിലും വളരെ ചെറുതായാലേ പിടിച്ചു നില്‍ക്കാനാകൂ.

യൂറാേപ്യന്‍ കേന്ദ്ര ബാങ്ക് പണനയ പ്രഖ്യാപനം

ഇന്നു യൂറാേപ്യന്‍ കേന്ദ്ര ബാങ്ക് പണനയം പ്രഖ്യാപിക്കും. പലിശ 50 ബേസിസ് പോയിന്റ് കൂട്ടും എന്നു നേരത്തേ കരുതിയത് ഇപ്പോള്‍ പലരും തിരുത്തി. ബാങ്കിംഗ് പ്രതിസന്ധി മൂലം പലിശ വര്‍ധന ഒഴിവാക്കിയേക്കും എന്നാണു പുതിയ ധാരണ. ഇന്ത്യയുടെ ഫെബ്രുവരിയിലെ കയറ്റുമതി എട്ടു ശതമാനം കുറഞ്ഞത് ആശങ്ക വളര്‍ത്തും. വിദേശത്തെ വളര്‍ച്ചക്കുറവ് നമ്മുടെ കയറ്റുമതിയെ സാരമായി ബാധിച്ചു തുടങ്ങി. മറ്റു പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇത് അധികം ശ്രദ്ധിക്കപ്പെടില്ല.

ബുധനാഴ്ച ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായിരുന്നു. എന്നാല്‍ യൂറോപ്പില്‍ സൂചികകള്‍ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്ക് ഓഹരികളാണ് ചോരപ്പുഴയ്ക്കു കാരണം. പല ബാങ്ക് ഓഹരികളുടെയും വ്യാപാരം ഇടയ്ക്കു പലവട്ടം നിറുത്തി വച്ചു.

വിപണികൾ

യുഎസ് വിപണികള്‍ താഴ്ന്നു തുടങ്ങി, കൂടുതല്‍ താഴ്ന്നു, ഒടുവില്‍ ചെറിയ താഴ്ചയില്‍ അവസാനിച്ചു. ക്രെഡിറ്റ് സ്വീസിന് ആവശ്യമായ ധനസഹായം നല്‍കുമെന്നു സ്വിസ് നാഷണല്‍ ബാങ്കും അവിടത്തെ ധനകാര്യ അഥോറിറ്റിയും പ്രസ്താവിച്ച ശേഷമാണ് യുഎസ് വിപണി വലിയ താഴ്ചയില്‍ നിന്നു കുറേ കയറിയത്.

റേറ്റിംഗ് ഏജന്‍സികളായ എസ് ആന്‍ഡ് പിയും ഫിച്ചും ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ റേറ്റിംഗ് കുറച്ചു. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഈ ബാങ്കിനു പുറമേ അര ഡസന്‍ ബാങ്കുകള്‍ കൂടി റേറ്റിംഗ് താഴ്ത്തല്‍ ഭീഷണിയിലാണ്. വമ്പന്‍ ബാങ്കുകളുടെ ഓഹരികളും വീഴ്ചയിലാണ്. ഒരവസരത്തില്‍ രണ്ടര ശതമാനം തകര്‍ച്ചയിലായിരുന്ന ഡൗ ജോണ്‍സ് 0.87 ശതമാനം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 0.7 ശതമാനം താഴ്ന്നു. ആദ്യം വലിയ താഴ്ചയിലായിരുന്ന നാസ്ഡാക് സൂചിക ഒടുവില്‍ 0.052 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആപ്പിള്‍ ചെലവു ചുരുക്കലിലേക്കു നീങ്ങുന്നു എന്നതാണു ടെക് മേഖലയിലെ ഏറ്റവും പുതിയ വാര്‍ത്ത.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.27ശതമാനം കയറി. എസ് ആന്‍ഡ് പി 0.40 ശതമാനവും നാസ്ഡാക് 0.35 ഒരുശതമാനവും നേട്ടത്തിലാണ്.


ഏഷ്യന്‍ വിപണികള്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ വലിയ നഷ്ടത്തിലായി. ജാപ്പനീസ് വിപണി തുടക്കത്തില്‍ ഒന്നര ശതമാനം താഴ്ന്നു. കൊറിയന്‍ വിപണി ഒന്നര ശതമാനം ഉയര്‍ന്നു. തായ് വാനീസ് വിപണിയും ഉണര്‍വിലാണ്. ഓസ്‌ട്രേലിയന്‍ വിപണി 30 മിനിറ്റു കൊണ്ട് 2.2 ശതമാനം ഇടിഞ്ഞു.

ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക അര ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. ഷാങ്ഹായ് സൂചിക 0.4 ശതമാനം നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി ബുധനാഴ്ച ഒന്നാം സെഷനില്‍ 16,974 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 16,839 ലേക്കു വീണ ശേഷം 16,925-ല്‍ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 17,029 വരെ കയറി. ഇന്ത്യന്‍ വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങുമെന്നാണു സൂചന.

ബുധനാഴ്ച ഇന്ത്യന്‍ വിപണി നല്ല തുടക്കത്തിനു ശേഷം ഇടിവിലായി. ഉച്ചയ്ക്കു ശേഷം കുത്തനേ താഴ്ന്നു. രാവിലെ 17,211 വരെ കയറിയ നിഫ്റ്റി 16,938.9 വരെയും 58,474 വരെ ഉയര്‍ന്ന സെന്‍സെക്‌സ് 57,455.67 വരെയും ഇടിഞ്ഞു. സെന്‍സെക്‌സ് 344.29 പോയിന്റ് (0.59%) താഴ്ന്ന് 57,555.9ലും നിഫ്റ്റി 71.15 പോയിന്റ് (0.42%) താഴ്ന്ന് 16,972.15ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.07ഉം സ്‌മോള്‍ ക്യാപ് സൂചിക 0.41 ഉം ശതമാനം ഉയര്‍ന്നാണ് അവസാനിച്ചത്.

മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മേഖലകള്‍ മാത്രം ഉയര്‍ന്നു. ബാങ്ക്, ധനകാര്യ, വാഹന, എഫ്എംസിജി, മീഡിയ, റിയല്‍റ്റി, ഓയില്‍ ഗ്യാസ് തുടങ്ങിയവ നഷ്ടത്തിലായിരുന്നു.

അദാനി ഗ്രൂപ്പിലെ കമ്പനികള്‍ രാവിലെ നഷ്ടത്തിലായിരുന്നിട്ട് ഉച്ച കഴിഞ്ഞു കയറി. അദാനി എന്റര്‍പ്രൈസസ് 5.74 ശതമാനം ഉയര്‍ന്നു. പവര്‍, ടോട്ടല്‍ ഗ്യാസ്, എസിസി എന്നിവ നഷ്ടത്തിലായി.

വിപണി കൂടുതല്‍ ബെയറിഷ് ആയി. 200 ദിന മൂവിംഗ് ആവരേജുകള്‍ക്കു താഴെയാണ് നിഫ്റ്റി. വിപണിക്കു ഹ്രസ്വകാല ദൗര്‍ബല്യമാണു വിശകലന വിദഗ്ധര്‍ കാണുന്നത്. ഇന്നു നിഫ്റ്റിക്ക് 16,935 ലും 16,770 ലും ആണു സപ്പോര്‍ട്ട്. 17,145 ലും 17,315 ലും തടസങ്ങള്‍ ഉണ്ടാകാം.

വിദേശനിക്ഷേപകര്‍ ഇന്നലെ 1271.25 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 1823.94 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡിന്റെ വില 3.7 ശതമാനം താഴ്ന്ന് 73.8 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 74.67 ഡോളറിലേക്കു കയറി. വെള്ളിയാഴ്ച 83 ഡോളറിലായിരുന്ന വിലയാണ് ഇപ്പോള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു നില്‍ക്കുന്നത്. റഷ്യ കൂടുതല്‍ ക്രൂഡ് വിപണിയില്‍ ഇറക്കുന്നുണ്ടെന്ന് പാശ്ചാത്യര്‍ കരുതുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ ഇറാന്‍ സൗദി അറേബ്യയുമായി സൗഹൃദത്തിലായത് എണ്ണ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴി തെളിക്കും.

വ്യാവസായിക ലോഹങ്ങളുടെ വില കുത്തനേ ഇടിഞ്ഞു. ചൈനീസ് ഡിമാന്‍ഡ് വര്‍ധിക്കും എന്നു പ്രതീക്ഷിച്ച സ്ഥാനത്ത് മാന്ദ്യഭീതി ശക്തമായി. ബാങ്ക് മേഖലയുടെ ക്ഷീണം വായ്പാവര്‍ധന കുറയ്ക്കും. അതു വളര്‍ച്ചയെ ബാധിക്കും എന്നാണു ഭയം. ചെമ്പ് 3.25 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8522 ഡോളറിലായി. അലൂമിനിയം 3.15 ശതമാനം താഴ്ന്ന് 2276 ഡോളര്‍ ആയി. സിങ്ക്, നിക്കല്‍ എന്നിവ ഒരു ശതമാനം വരെ താഴ്ന്നു.

സ്വർണം

സ്വര്‍ണവില 1900 ഡോളറിനു മുകളില്‍ തുടരുന്നു. ഇന്നലെ 1885 ഡാേളര്‍ വരെ താഴ്ന്നിട്ട് യുഎസ് മാര്‍ക്കറ്റില്‍ 1939 വരെ കുതിച്ചു കയറിയതാണു സ്വര്‍ണം. പിന്നീടു താണ് 1910-1912 ഡോളറിലാണ് ഇന്നു രാവിലെ സ്വര്‍ണവ്യാപാരം.

കേരളത്തില്‍ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 42,440 രൂപയായി. ക്രിപ്‌റ്റോ കറന്‍സികള്‍ അല്‍പം താഴ്ന്നു. ബിറ്റ് കോയിന്‍ 24,000 ഡോളറിലേക്കു താണു. രൂപ ഇന്നലെയും ദുര്‍ബലമായി. ഡോളറിന് 11 പൈസ കൂടി 82.60 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ഇന്നു രാവിലെ 104.62 ലാണ്.



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it