യുഎസ് ബാങ്കിംഗില്‍ അശാന്തി തുടരുന്നു; ഫെഡ് തീരുമാനം നിര്‍ണായകം; അദാനി പിവിസി പദ്ധതി മരവിപ്പിച്ചു
ക്രെഡിറ്റ് സ്വീസ് പ്രതിസന്ധി പരിഹരിച്ചതിന്റെ ആവേശത്തിലാകും വിപണികള്‍ എന്നായിരുന്നു പ്രതീക്ഷ. പക്ഷേ യുഎസ് ബാങ്കിംഗ് പ്രതിസന്ധി തുടരുന്നതിനാല്‍ ആവേശം കാണുന്നില്ല. ബുധനാഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള ആശങ്കയും പുതിയ ആഴ്ചയില്‍ വിപണികളുടെ ഗതി നിര്‍ണയിക്കും. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ഞായറാഴ്ച രാത്രി 0.60 ശതമാനം വരെ ഉയര്‍ന്നതു വിപണിയില്‍ ഉണര്‍വിന്റെ സൂചനയായി കാണാം. പക്ഷേ ഏഷ്യന്‍ വിപണികള്‍ താഴ്ചയിലാണ്.
ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ബാങ്ക് ആയ യുബിഎസ് ഏറ്റെടുത്തതു വിപണികള്‍ക്കു തുടക്കത്തില്‍ വലിയ ആശ്വാസമായി. ഡോളര്‍ താഴുകയും മറ്റു കറന്‍സികള്‍ ഉയരുകയും ചെയ്തു. സ്വര്‍ണം താഴ്ന്നു.
അമേരിക്കന്‍ ബാങ്കിംഗ് പ്രതിസന്ധി തുടരുകയാണ്. സിലിക്കണ്‍വാലി ബാങ്ക് വാങ്ങാന്‍ ആരെയും കിട്ടിയില്ല. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മറ്റു ബാങ്കുകള്‍ 3000 കോടി ഡോളര്‍ നിക്ഷേപിക്കുന്നതു പ്രശ്‌നം പരിഹരിക്കില്ലെന്നാണു വിലയിരുത്തല്‍.
പലിശയെ നോക്കി വിപണി
യുഎസ് ഫെഡ് പലിശ കൂട്ടുമോ ഇല്ലയോ എന്നാണു വിപണി ഉറ്റുനോക്കുന്നത്. ഭൂരിപക്ഷം പേര്‍ 0.25 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. മൂന്നിലൊരു ഭാഗം പലിശ കൂട്ടുകയില്ല എന്നു കരുതുന്നു. പ്രതീക്ഷ പോലെ വന്നില്ലെങ്കില്‍ വിപണിയില്‍ വിപരീത ചലനം ഉണ്ടാകും.
വെള്ളിയാഴ്ച ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു. ഇന്ത്യയിലും ജപ്പാനിലും ചൈനയിലും സൂചികകള്‍ ഉയര്‍ന്നു. എന്നാല്‍ ബാങ്കിംഗ് ഭീതി വീണ്ടും ശക്തിപ്പെട്ടതിനാല്‍ യൂറോപ്പില്‍ സൂചികകള്‍ ഒന്നര-രണ്ട് ശതമാനം ഇടിഞ്ഞു ക്ലോസ് ചെയ്തു.
യുഎസ് വിപണികള്‍ താഴ്ന്നു തുടങ്ങിയിട്ടു കൂടുതല്‍ നഷ്ടത്തില്‍ അവസാനിച്ചു. ഡൗ ജോണ്‍സ് 1.19 ശതമാനം താഴ്ന്നു. എസ് ആന്‍ഡ് പി 1.17 ശതമാനവും നാസ്ഡാക് 0.74 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.17 ഉം എസ് ആന്‍ഡ് പി 0.11 ഉം നാസ്ഡാക് 0.05 ശതമാനവും താണു. ഇന്നു രാവിലെ ഇവയുടെ ഫ്യൂച്ചേഴ്‌സ് 0.4 - 0.5 ശതമാനം മാത്രം നേട്ടത്തിലാണ്.
പ്രധാന വിപണികള്‍
ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നഷ്ടത്തിലാണ്. ജാപ്പനീസ് വിപണി തുടക്കത്തില്‍ അര ശതമാനം താഴ്ന്നു. കൊറിയന്‍ വിപണിയും താഴ്ചയിലായി. ഓസ്‌ട്രേലിയന്‍ വിപണി മാറ്റമില്ലാതെ തുടങ്ങിയിട്ട് 0.7 ശതമാനം താഴ്ന്നു.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.7 ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. എന്നാല്‍ ഷാങ്ഹായ് സൂചിക നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വെള്ളിയാഴ്ച ഒന്നാം സെഷനില്‍ 17,162 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,045-ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ സൂചിക 17,100 വരെ കയറിയിട്ട് അല്‍പം താണു. ഇന്ത്യന്‍ വിപണി ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി ഉയരത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം താഴ്ന്നു. പക്ഷേ വീണ്ടും കയറി നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 355.06 പോയിന്റ് (0.62%) ഉയര്‍ന്ന് 57, 989.90ലും നിഫ്റ്റി 1 114.45 പോയിന്റ് (0.67%) കയറി 17,100.05ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.32 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.69 ശതമാനമാണു കയറിയത്.
വിപണി തിരിച്ചുകയറ്റ സൂചന നല്‍കുന്ന ഡോജി മെഴുകുതിരികള്‍ രണ്ടു ദിവസം രൂപപ്പെടുത്തിയതായി സാങ്കേതിക വിശകലനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റിക്ക് 16,995 ലും 16,880 ലും ആണു സപ്പോര്‍ട്ട്. 17,145 ലും 17,255 ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയിലും സ്വര്‍ണവും
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച 1766.53 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 1817.14 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ക്രൂഡ് ഓയില്‍ വില താഴ്ചയില്‍ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 73.23 ഡോളറിലാണ് വാരാന്ത്യത്തില്‍ നിന്നത്. വ്യാവസായിക ലോഹങ്ങളുടെ വില വെള്ളിയാഴ്ച തിരിച്ചു കയറി. ചെമ്പ് 8620 ഡോളറിലും അലൂമിനിയം 2276 ഡോളറിലും എത്തി. സിങ്ക്, നിക്കല്‍, ടിന്‍, ലെഡ് എന്നിവ ഒന്നു മുതല്‍ രണ്ടര ശതമാനം വരെ ഉയര്‍ന്നു.
സ്വര്‍ണവില 1970 ഡോളറിനു താഴെ വന്നിട്ട് അല്‍പം കയറി. വാരാന്ത്യത്തില്‍ 1926 ഡോളറില്‍ നിന്നു കുതിച്ച് 1990 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം സ്വിസ് ബാങ്ക് പ്രതിസന്ധി തീര്‍ന്നതോടെ താഴാേട്ടായി. ഇന്നു രാവിലെ വില 1989 ല്‍ നിന്ന് 1968 വരെ താഴ്ന്നിട്ട് 1971 -1973 ഡോളറിലായി.
കേരളത്തില്‍ ശനിയാഴ്ച പവന് 1200 രൂപ വര്‍ധിച്ച് 44,240 രൂപയായി. തലേന്നത്തെ റെക്കോഡ് വില മറി കടന്നാണു പുതിയ ഉയരത്തിലെത്തിയത്. ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തില്‍ വലിയ നേട്ടത്തിലായി. ബിറ്റ് കോയിന്‍ 28,700 ഡോളറിലേക്കു കയറി. ഇന്നു രാവിലെ 28,000 ഡോളറിനു താഴെയായി. രൂപ വെള്ളിയാഴ്ച മെച്ചപ്പെട്ടു. ഡോളറിന് 18 പൈസ കുറഞ്ഞ് 82.55 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ഇന്നു രാവിലെ 103.8 ലേക്കു താഴ്ന്നു.
മാന്ദ്യത്തിനു ശേഷം
2008 -ലെ ആഗോളമാന്ദ്യത്തിനു ശേഷം ഇത്ര വലിയ ഒരു ബാങ്കിനെ മറ്റൊന്നില്‍ ലയിപ്പിക്കേണ്ടി വരുന്നത് ഇതാദ്യമാണ്. തകരാന്‍ പാടില്ലാത്തത്ര വലുപ്പമുള്ള 30 ആഗോള ബാങ്കുകളുടെ പട്ടികയില്‍ ഉള്ളതാണ് രണ്ടും. ഏതാനും വര്‍ഷമായി പലവിധ ആരോപണങ്ങളില്‍ പെട്ട് ദുര്‍ബലമായി വരികയായിരുന്നു ക്രെഡിറ്റ് സ്വീസ്. മൂന്നു വര്‍ഷം കൊണ്ടു ബാങ്കിന്റെ വിപണിമൂല്യം നാലിലൊന്നായി കുറഞ്ഞു. ചില യൂണിറ്റുകള്‍ വില്‍ക്കുന്നതടക്കമുള്ള അഴിച്ചു പണിക്ക് ഒരുങ്ങുന്നതിനിടയിലാണ് പുതിയ കുഴപ്പങ്ങള്‍. സംയുക്ത ബാങ്കിന് അഞ്ചു ലക്ഷം കോടി ഡോളറിലധികം ആസ്തി ഉണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്ക് നിക്ഷേപങ്ങളുടെയും വായ്പകളുടെയും 30 ശതമാനം ഇതിലാണ്.
കല്‍ക്കരിയില്‍ നിന്നു പിവിസി പദ്ധതി അദാനി മരവിപ്പിച്ചു
കല്‍ക്കരിയില്‍ നിന്നു പിവിസി ഉണ്ടാക്കാനുള്ള വമ്പന്‍ പ്രോജക്ട് അദാനി ഗ്രൂപ്പ് മരവിപ്പിച്ചു. ഗുജറാത്തിലെ കച്ചില്‍ അദാനി സ്‌പെഷല്‍ ഇക്കണാേമിക് സോണില്‍ തുടങ്ങാനിരുന്നതാണു പദ്ധതി. 35,000 കോടി രൂപയുടെ പദ്ധതിക്കു 14,000 കോടിയുടെ വായ്പ ക്രമീകരിക്കുന്നതിനിടെയാണു മരവിപ്പിക്കല്‍.
മുകേഷ് അംബാനിയുടെ റിലയന്‍സുമായി നേരിട്ടു മത്സരത്തിന് അരങ്ങൊരുക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തെ പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) ഉല്‍പാദനത്തില്‍ പകുതി റിലയന്‍സിന്റേതാണ്. കെംപ്ലാസ്റ്റാണ് അടുത്ത വലിയ നിര്‍മാതാവ്. രാജ്യത്തു പ്രതിവര്‍ഷ ആവശ്യം 35 ലക്ഷം ടണ്‍ പിവിസി ആണ്.
20 ലക്ഷം ടണ്‍ ഉല്‍പാദന ശേഷിയാണ് അദാനി ലക്ഷ്യമിട്ടത്. കല്‍ക്കരിയില്‍ നിന്നുള്ള പിവിസി ഉല്‍പാദനം ക്രൂഡ് ഓയിലില്‍ നിന്നുള്ളതിലും ചെലവ് കുറഞ്ഞതാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് മാറ്റി വയ്ക്കുന്ന പദ്ധതികളില്‍ ഏറ്റവും വലുതാണ് ഇത്.