വിപണികള്‍ ഉണര്‍വില്‍, ബാങ്കിംഗില്‍ ആശ്വാസം; ഫെഡ് തീരുമാനം നിര്‍ണായകം

സ്വിസ് ബാങ്കിംഗ് പ്രതിസന്ധിക്കു പരിഹാരമായതോടെ വിപണികള്‍ ഉയര്‍ന്നു. യൂറോപ്പിലും അമേരിക്കയിലും വിപണികള്‍ ഇന്നലെ നല്ല നേട്ടത്തില്‍ അവസാനിച്ചു. ഇന്ന് ഏഷ്യന്‍-ഓസ്‌ട്രേലിയന്‍ വിപണികള്‍ നല്ല ഉയര്‍ച്ചയിലാണു വ്യാപാരം തുടങ്ങിയത്. ഇന്ത്യന്‍ വിപണിയും നല്ല പ്രതീക്ഷയിലാണ്. നാളെ യുഎസ് ഫെഡ് പലിശ കാര്യത്തില്‍ എന്തു തീരുമാനിക്കും എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.

തിങ്കളാഴ്ച ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തില്‍ അവസാനിച്ചു. ഇന്ത്യയിലും ജപ്പാനിലും ചൈനയിലും സൂചികകള്‍ താഴ്ന്നു. എന്നാല്‍ ബാങ്കിംഗ് ഭീതി ശമിച്ചതോടെ യൂറോപ്പില്‍ സൂചികകള്‍ ഒന്നര-രണ്ട് ശതമാനം ഉയര്‍ന്നു ക്ലോസ് ചെയ്തു.

ബാങ്കിംഗിലെ ആശങ്ക നീക്കി

യുഎസ് വിപണികള്‍ നേരിയ നേട്ടത്തില്‍ തുടങ്ങിയിട്ടു കൂടുതല്‍ ഉയര്‍ന്നു ക്ലോസ് ചെയ്തു. ഡൗ ജോണ്‍സ് 1.2 ശതമാനവും. എസ് ആന്‍ഡ് പി 0.89 ശതമാനവും നാസ്ഡാക് 0.39 ശതമാനവും ഉയര്‍ന്നു. ബാങ്ക് മേഖലയിലെ ആശ്വാസം ഡൗ സൂചികയ്ക്കു കരുത്തായി. ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തതും തകര്‍ന്ന സിഗ്‌നേച്ചര്‍ ബാങ്കിന്റെ ഭാഗങ്ങള്‍ ന്യൂയോര്‍ക്ക് കമ്യൂണിറ്റി ബാങ്ക് വാങ്ങിയതും ബാങ്കിംഗിലെ വലിയ ആശങ്ക നീക്കി.

നാസ്ഡാക് താഴ്ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടങ്ങള്‍ക്കു ശേഷമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈയിടെ ടെക് ഓഹരികളില്‍ ഉണ്ടായ കയറ്റത്തില്‍ ലാഭമെടുക്കാന്‍ പലരും ഉത്സാഹിച്ചതാണു നാസ്ഡാകിനെ ഇടയ്ക്കു താഴ്ത്തിയത്. ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.19 ഉം എസ് ആന്‍ഡ് പി 0.25 ഉം നാസ്ഡാക് 0.22 ഉം ശതമാനം ഉയര്‍ന്നിട്ടുണ്ട്..

ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ കയറ്റത്തിലാണ്. ജാപ്പനീസ് വിപണി ഇന്ന് അവധിയാണ്. കൊറിയന്‍ വിപണി അര ശതമാനം ഉയര്‍ന്നു തുടങ്ങി. ഓസ്‌ട്രേലിയന്‍ വിപണി ഒരു ശതമാനം നേട്ടത്തിലേക്കു കുതിച്ചു കയറിയാണു വ്യാപാരം തുടങ്ങിയത്. ഹോങ്‌കോങ്ങിലെ ഹാങ് സെങ് സൂചിക 0.5 ശതമാനവും ഷാങ്ഹായ് സൂചിക 0.2 ശതമാനവും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വെള്ളിയാഴ്ച ഒന്നാം സെഷനില്‍ 17,025 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,107-ലേക്ക് കയറി. ഇന്നു രാവിലെ സൂചിക 17,112 വരെ കയറിയിട്ട് 17,070 ലേക്കു താണു.

ഇന്ത്യന്‍ വിപണി ഇന്ന്

ഇന്ത്യന്‍ വിപണി നേട്ടത്തില്‍ വ്യാപാരം തുടങ്ങുമെന്നാണു സൂചന. തിങ്കളാഴ്ച ഇന്ത്യന്‍ വിപണി ഗണ്യമായി താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. വീണ്ടും കൂടുതല്‍ താഴ്ന്നു. സെന്‍സെക്‌സ് ഒരവസരത്തില്‍ 900 പോയിന്റിലധികം താഴ്ചയിലായിരുന്നു. യൂറോപ്യന്‍ ഓഹരികളും യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ന്നപ്പോഴായിരുന്നു അത്. പിന്നീടു യൂറോപ്യന്‍ വിപണികളും യുഎസ് ഫ്യൂച്ചേഴ്‌സും ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിപണി തിരിച്ചു കയറി രാവിലത്തെ നിലവാരത്തില്‍ എത്തി.

സെന്‍സെക്‌സ് 360.95 പോയിന്റ് (0.62%) താഴ്ന്ന് 57,628.95 ലും നിഫ്റ്റി 111.65 പോയിന്റ് (0.65%) ഇടിഞ്ഞ് 16,988.05ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.03 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.98 ശതമാനവും ഇടിഞ്ഞാണു വ്യാപാരം അവസാനിച്ചത്.

വിപണി ഹ്രസ്വകാല തിരിച്ചുകയറ്റ സൂചന നല്‍കുന്ന കാന്‍ഡില്‍ മൂന്നാം ദിവസവും രൂപപ്പെടുത്തിയതായി സാങ്കേതിക വിശകലനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 16,800 അടിത്തറയാക്കി ഉള്ള തിരിച്ചു കയറ്റമാണു നടക്കുക. നിഫ്റ്റിക്ക് 16,870 ലും 16,725 ലും ആണു സപ്പോര്‍ട്ട്. 17,050 ലും 17,200 ലും തടസങ്ങള്‍ ഉണ്ടാകാം. വിദേശനിക്ഷേപകര്‍ ഇന്നലെ 2545.87 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 2876.64 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡ് ഓയിലും ലോഹങ്ങളും

ക്രൂഡ് ഓയില്‍ വില താഴ്ചയില്‍ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഒരവസരത്തില്‍ 71 ഡോളറിലേക്കു താണു. പിന്നീടു കയറി 73.79 ഡോളറിലാണ് നിന്നത്. ഇന്നു രാവിലെ 73.44 ലേക്കു താണു.

ക്രൂഡ് ഓയില്‍ വില ഈ വര്‍ഷം രണ്ടാം പകുതിയില്‍ വീപ്പയ്ക്കു 100 ഡോളര്‍ ആകും എന്ന പ്രവചനത്തില്‍ നിന്നു ഗോള്‍ഡ്മാന്‍ സാക്‌സ് പിന്മാറി. മാന്ദ്യ സാധ്യതയുടെ പശ്ചാത്തലത്തിലാണ് ഇത്. ഇപ്പോഴത്തെ നിഗമനം 94 ഡോളറാണ്. 2024 ലേക്ക് ശരാശരി വില 97 ഡോളര്‍ പ്രതീക്ഷിക്കുന്നു.

വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളില്‍ നീങ്ങി. ചെമ്പ് ഒരു ശതമാനം കയറി 8701 ഡോളറില്‍ എത്തി. അലൂമിനിയം നാമമാത്രമായി താഴ്ന്ന് 2274 ഡോളറിലായി. സിങ്കും നിക്കലും അല്‍പം താഴ്ന്നപ്പോള്‍ ടിന്‍ 1.3 ഉം ലെഡ് 3.26 ഉം ശതമാനം ഉയര്‍ന്നു.

സ്വര്‍ണവിലയും രൂപയും

സ്വര്‍ണവില ഇന്നലെ വലിയ ചാഞ്ചാട്ടത്തിലായിരുന്നു. രാവിലെ താഴ്ന്ന നിന്ന വില യൂറോപ്യന്‍ വിപണികള്‍ തുടങ്ങിയപ്പോള്‍ കുതിച്ചു കയറി. ഓഹരികള്‍ ഇടിഞ്ഞതായിരുന്നു കാരണം. സ്വര്‍ണം 2012 ഡോളര്‍ വരെ എത്തി. 12 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു അത്. പക്ഷേ അതു നിലനിന്നില്ല. ഓഹരിവിപണി ശാന്തമായപ്പോള്‍ സ്വര്‍ണം 1965 ഡോളറിലേക്കു താഴ്ന്നു. പിന്നീട് ഉയര്‍ന്ന് ഇന്നു രാവിലെ 1980-1982 ഡോളറില്‍ വ്യാപാരം നടക്കുന്നു. കേരളത്തില്‍ ഇന്നലെ പവന് 400 രൂപ കുറഞ്ഞ് 43, 840 രൂപയായി.

ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. ബിറ്റ് കോയിന്‍ 28,000 ഡോളറിനു താഴെയായി. രൂപ ഇന്നലെ ചാഞ്ചാടി. ഡോളര്‍ രാവിലെ 82.46 രൂപ വരെ താഴ്ന്നിട്ട് പിന്നീടു കയറി 82.6 നു മുകളിലെത്തി. ഒടുവില്‍ 82.56 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ഇന്നലെ കയറ്റിറക്കങ്ങള്‍ക്കു ശേഷം 103.28 ല്‍ അവസാനിച്ചു. ഇന്നു രാവിലെ 103.34 ലേക്കു കയറി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it