പുതിയ വർഷത്തിലേക്ക് ആവേശത്തോടെ; ജി.ഡി.പി വളർച്ചപ്രതീക്ഷ വിപണിയെ സഹായിക്കും; യു.എസ് ഫ്യൂച്ചേഴ്സിൽ മുന്നേറ്റം; ഏഷ്യയിലും കയറ്റം; കയറിക്കയറി സ്വർണം

പുതിയ ധനകാര്യ വർഷത്തിലേക്ക് ആവേശത്തോടെയാണ് ഓഹരിവിപണി പ്രവേശിക്കുന്നത്. തിളക്കമാർന്ന നേട്ടവുമായി 2023-24 ധനകാര്യ വർഷം അവസാനിച്ചപ്പോൾ പുതിയ വർഷത്തെപ്പറ്റി കൂടുതൽ വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. പൊതു തെരഞ്ഞെടുപ്പിൻ്റെ അനിശ്ചിതത്വങ്ങൾ ഒന്നും അലട്ടാതെയാണു വിപണി മുന്നോട്ടു നീങ്ങുന്നത്. കടന്നുപോയ വർഷം ജി.ഡി.പി വളർച്ച എട്ടു ശതമാനമായിരുന്നു എന്ന ധാരണയും ഈ വർഷം ഏഴു ശതമാനത്തിലധികം ഉയരും എന്ന പ്രതീക്ഷയും പലിശ കുറയുന്നതിലെ ആശ്വാസവും വിപണിക്കു കരുത്താണ്.

റിസർവ് ബാങ്കിൻ്റെ പണനയ അവലോകനം ബുധനാഴ്ച തുടങ്ങും. വെള്ളിയാഴ്ച രാവിലെ തീരുമാനം അറിയിക്കും. നിരക്കുകളിലാേ സമീപനത്തിലോ മാറ്റം പ്രതീക്ഷിക്കുന്നില്ല.

ആഗാേള വിപണികൾ ആസന്നമായ പലിശ കുറയ്ക്കലിൻ്റെയും അമേരിക്കയുടെ പ്രതീക്ഷയിൽ കവിഞ്ഞ വളർച്ചയുടെയും ആവേശമാണു കാണിക്കുന്നത്. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങുകയും ചെയ്തു.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,524ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,535ലെത്തി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ സൂചികകൾ ഒന്നാം പാദത്തിൽ 6.8 ശതമാനം ഉയർന്നു. വെള്ളിയാഴ്ച അവധിയായിരുന്ന യൂറോപ്പിൽ ഇന്നും വ്യാപാരം ഇല്ല. നാളെയാണു വിപണികൾ തുറക്കുക. യു.കെ സമ്പദ്ഘടന 2023ൻ്റെ അവസാന പാദത്തിൽ 0.3 ശതമാനം കുറഞ്ഞു. ഇതോടെ യു.കെ മാന്ദ്യത്തിലായി എന്നു സ്ഥിരീകരിച്ചു. ജെഡി സ്പോർട്സ് ഫാഷൻ വിറ്റുവരവും ലാഭവും ഗണ്യമായി വർധിപ്പിച്ചതുമൂലം ഓഹരിവില 16 ശതമാനം കുതിച്ചു.

യു.എസ് വിപണി വ്യാഴാഴ്ച ഭിന്ന ദിശകളിലാണ് അവസാനിച്ചത്. ഡൗ ജോൺസ് സൂചിക 47.29 പോയിൻ്റ് (0.12%) കയറി 39,807.37ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.86 പോയിൻ്റ് (0.11%) ഉയർന്ന് 5254.35ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 20.06 പോയിൻ്റ് (0.12%) താഴ്ന്ന് 16,379.46 ൽ എത്തി.

2024ൻ്റെ ഒന്നാം പാദത്തിൽ യു.എസ് സൂചികകൾ വലിയ കയറ്റത്തിലാണു ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 10.2ഉം നാസ്‌ഡാക് 9.1ഉം ഡൗ 5.6ഉം ശതമാനം നേട്ടം ഉണ്ടാക്കി. എൻവിഡിയ ഓഹരി ഈ പാദത്തിൽ 82.5 ശതമാനം കുതിച്ചു. യു.എസ് ഫെഡ് നിരക്കുനിർണയത്തിന് ആധാരമാക്കുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പി.സി.ഇ) ഫെബ്രുവരിയിൽ 2.8 ശതമാനം കയറി. കാതൽ പി.സി.ഇ 2.5 ശതമാനം കൂടി. പ്രതീക്ഷയ്ക്കൊത്ത കയറ്റമാണിത്.

യു.എസ് സമ്പദ്ഘടന 2023-ൽ 2.5 ശതമാനം വർധിച്ചതായി മൂന്നാമത്തെ ജി.ഡി.പി എസ്റ്റിമേറ്റ് കാണിച്ചു. 2022-ൽ 1.9 ശതമാനമായിരുന്നു വളർച്ച. 2023 ലെ മൂന്നാം പാദത്തിൽ 4.9ഉം നാലാം പാദത്തിൽ 3.4 ഉം ശതമാനം വളർന്നതായിട്ടാണു പുതിയ എസ്റ്റിമേറ്റ്. ഇതോടെ 2024ലെ ജി.ഡി.പി വളർച്ച പ്രതീക്ഷ 1.4 ശതമാനത്തിൽ നിന്നു 2.1 ശതമാനമായി ഉയർത്തി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നല്ല കയറ്റത്തിലായി. ഡൗ 0.34ഉം എസ് ആൻഡ് പി 0.39ഉം നാസ്ഡാക് 0.63ഉം ശതമാനം ഉയർന്നു നിൽക്കുന്നു. രണ്ടാം പാദത്തിലേക്കു കൂടുതൽ വളർച്ചപ്രതീക്ഷ വിപണികൾ പുലർത്തുന്നതായി വിലയിരുത്തപ്പെടുന്നു.

ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച നേട്ടത്തിലായിരുന്നു. ജാപ്പനീസ് നിക്കൈ അര ശതമാനം കയറി. ചെെനീസ് വിപണി ഒരു ശതമാനം ഉയർന്നു. ഇന്നു ജപ്പാനിലൊഴികെ ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ കുതിച്ചു. ബിസിനസ് ആത്മവിശ്വാസം കുറവാണെന്ന സർവേ ഫലത്തെ തുടർന്നു ജപ്പാനിൽ നിക്കെെ അൽപം താഴ്ന്നു.

ഇന്ത്യൻ വിപണി

വ്യാഴാഴ്ച ഇന്ത്യൻ വിപണി മികച്ച കുതിപ്പ് നടത്തി. സെൻസെക്സ് 74,190 വരെയും നിഫ്റ്റി 22,516 വരെയും ഉയർന്ന ശേഷം താഴ്ന്ന് അവസാനിച്ചു. സെൻസെക്സ് 655.04 പോയിന്റ് (0.90%) കുതിച്ച് 73,651.35ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 203.25 പോയിന്റ് (0.92%) ഉയർന്ന് 22,326.90ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 338.65 പോയിന്റ് (0.72%) കയറി 47,124.60ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.50 ശതമാനം ഉയർന്ന് 48,075.75ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.04 ശതമാനം കയറി 15,270.45ൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 188.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2691.52 കോടി രൂപയുടെ ഓഹരികളും വാങ്ങി.

പുതിയ ധനകാര്യ വർഷവും വലിയ വളർച്ച പ്രതീക്ഷിച്ചാണ് ഓഹരി വിപണി നീങ്ങുന്നത്. ഇന്ന് 22,300നു മുകളിൽ നിഫ്റ്റി തുടർന്നാൽ പുതിയ റെക്കോർഡിനുള്ള സാധ്യത തെളിയും. നിഫ്റ്റിക്ക് 22,200ലും 21,990ലും പിന്തുണ ഉണ്ട്. 22,360ലും 22,550ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

ഓഹരിവിപണി കുതിച്ച വർഷം

2023-24 ധനകാര്യ വർഷം നിഫ്റ്റി 24.85ഉം സെൻസെക്സ് 28.61ഉം ശതമാനം നേട്ടം ഉണ്ടാക്കി. നിഫ്റ്റി 50യിലെ 48 ഓഹരികളും നേട്ടത്തിലാണു വർഷം പിന്നിട്ടത്. ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ സമ്പാദ്യം ഈ വർഷം 133 ട്രില്യൺ (ലക്ഷം കോടി) രൂപ കണ്ട് വർധിച്ചു. സെൻസെക്സിൻ്റെ വാർഷിക നേട്ടം 14,659.83 പോയിൻ്റും നിഫ്റ്റി 50 യുടേത് 4967.15 പോയിൻ്റുമാണ്. സമീപ കാലത്തൊന്നും മുഖ്യ സൂചികകൾ ഇത്രയും വലിയ നേട്ടം കൈവരിച്ചിട്ടില്ല.

നിഫ്റ്റി 50യിൽ ബജാജ് ഓട്ടോ 142.52ഉം ടാറ്റാ മോട്ടോഴ്സ് 136.67ഉം കോൾ ഇന്ത്യ 118.73ഉം അദാനി പോർട്സ് 113.76ഉം ഹീറോ മോട്ടോ കോർപ് 107.91 ഉം എൻ.ടി.പി.സി 97.67 ഉം ശ്രീറാം ഫിനാൻസ് 92.76ഉം ഒ.എൻ.ജി.സിയും ബി.പി.സി.എല്ലും 85.99 വീതവും അദാനി എൻ്റർപ്രൈസസ് 82.74ഉം ശതമാനം നേട്ടം ഉണ്ടാക്കി.

മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളാണ് വലിയ കുതിപ്പ് നടത്തിയത്. ഈയിടത്തെ തിരുത്തലിനു ശേഷവും നിഫ്റ്റി മിഡ് ക്യാപ് സൂചിക 60 ശതമാനവും സ്മോൾ ക്യാപ് സൂചിക 70 ശതമാനവും നേട്ടം നൽകി. റിയൽറ്റിയാണ് വലിയ കയറ്റം കാണിച്ച മേഖല. നിഫ്റ്റി റിയൽറ്റി സൂചിക 132 ശതമാനം നേട്ടം ഉണ്ടാക്കി.

ഇൻഫിക്കു നേട്ടം, ബാങ്ക് ഓഫ് ഇന്ത്യക്കു ക്ഷീണം

ഇൻഫോസിസ് ടെക്നോളജീസിന് മുൻവർഷങ്ങളിലെ നികുതി റീഫണ്ട് ആയി 6329 കോടി രൂപ ലഭിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. വേറൊരു 2763 കോടി രൂപയുടെ നികുതി അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2007-08 മുതൽ 2018-19 വർഷം വരെയുള്ള നികുതി കണക്കുകളുടെ പരിശോധനയിലാണ് ഈ തീരുമാനം. മാർച്ച് 31-നവസാനിച്ച പാദത്തിലെ കണക്കിൽ ഇവ പെടുത്തും. ഏപ്രിൽ 18 നാണു പാദഫലം പ്രസിദ്ധീകരിക്കുക. കഴിഞ്ഞ ദിവസം 0.77 ശതമാനം ഉയർന്ന് 1495.25 രൂപയിലാണ് ഇൻഫോസിസ് ഓഹരി അവസാനിച്ചത്. ഓഹരി ഇന്ന് ഉയർന്നേക്കാം.

ബാങ്ക് ഓഫ് ഇന്ത്യക്ക് 2016-17 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ1128 കോടി രൂപയുടെ നികുതി കൂടി ആദായനികുതി വകപ്പ് ആവശ്യപ്പെട്ടു. ബാങ്ക് ഇതിനെതിരേ അപ്പീൽ നൽകും എന്ന് അറിയിച്ചു. നികുതിബാധ്യത വരില്ലെന്നാണു ബാങ്കിൻ്റെ പ്രതീക്ഷ. എങ്കിലും ബാങ്ക് ഓഹരിക്ക് ഇന്നു ക്ഷീണമുണ്ടാകാം. വ്യാഴാഴ്ച 3.9 ശതമാനം ഉയർന്ന് 137.05 രൂപയിലാണു ബാങ്ക് ഓഫ് ഇന്ത്യ ഓഹരി ക്ലോസ് ചെയ്തത്.

ഹിന്ദുജ ഗ്രൂപ്പിലെ ജി.ഒ.സി.എൽ കോർപറേഷൻ വ്യാഴാഴ്ച 20 ശതമാനം കുതിച്ചു കയറി 454.60 രൂപയിലെത്തി. കമ്പനി ഹൈദരാബാദിലെ 264.5 ഏക്കർ സ്ഥലം ഡവലപ് ചെയ്തു വിൽക്കാൻ ഒരു ബിൽഡർ ഗ്രൂപ്പുമായി കരാർ ഉണ്ടാക്കിയതാണു കാരണം. ഇതുവഴി 3402 കോടി രൂപ കമ്പനിക്കു ലഭിക്കും. ഗൾഫ് ഓയിൽ കോർപറേഷൻ എന്ന പേര് 2015 ൽ ജിഒസിഎൽ കോർപറേഷൻ എന്നാക്കി മാറ്റിയ കമ്പനി രാജ്യത്തു സ്ഫോടകവസ്തുക്കളുടെ നിർമാണത്തിലെ മുൻനിര കമ്പനിയാണ്.

റിസർവ് ബാങ്കിൻ്റെയും സെബിയുടെയും സൂക്ഷ്മ ഓഡിറ്റിംഗിനു വിധേയമാകുന്ന ജെഎം ഫിനാൻഷ്യലിൻ്റെ മാനേജിംഗ് ഡയറക്ടറായി ആദി പട്ടേലിനെ നിയമിച്ചു. ഇതുവരെ പട്ടേൽ ജോയിൻ്റ് എം.ഡി ആയിരുന്നു. അതുൽ മെഹ്‌റ ജനുവരി 20 നു രാജിവച്ച ഒഴിവിലാണു നിയമനം.

സ്വർണം വീണ്ടും കുതിപ്പിൽ

സ്വർണവില കുതിപ്പു തുടരുകയാണ്. വ്യാഴാഴ്ച സ്പാേട്ട് വില ഔൺസിന് 2244 ഡോളർ വരെ കയറിയിട്ട് 2234 ഡോളർ എന്ന റെക്കാേർഡിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 104 നു മുകളിലായിട്ടും സ്വർണം ഉയർന്നു പോകുന്നതു സ്വർണക്കുതിപ്പ് തുടരും എന്ന സൂചനയാണു നൽകുന്നത്. ഇന്നു രാവിലെ സ്വർണം ഒരു ശതമാനത്തിലധികം ഉയർന്ന് 2259 ഡോളറിലേക്കു കയറി.

കേരളത്തിൽ വ്യാഴാഴ്ച സ്വർണം പവന് 280 രൂപ വർധിച്ച് 49,360 രൂപയായി വെള്ളിയാഴ്ച 1040 രൂപ കൂടി 50,400 രൂപയിൽ റെക്കോർഡ് കുറിച്ചു. ശനിയാഴ്ച വില 200 രൂപ കുറഞ്ഞ് 50,200 രൂപയായി. ഇന്നു വില വീണ്ടും കൂടും.

ഡോളർ സൂചിക ഉയർന്നു തുടരുന്നു. വ്യാഴാഴ്ച 104.55 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.49 ലേക്കു താഴ്ന്നു. രൂപ വ്യാഴാഴ്ചയും ദുർബലമായി. ഡോളർ 83.40 രൂപയിൽ ക്ലാേസ് ചെയ്തു. ഡോളർ നിരക്ക് 83.40 നു പരിസരത്തു നിലനിർത്താൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതായാണു സൂചന. ഇതിനിടെ ചൈനീസ് യുവാൻ 11.55 രൂപയിലേക്കു താഴ്ന്നു. യുവാൻ്റെ താഴ്ച ഇന്ത്യയുടെ വിദേശ വ്യാപാരത്തിനു ഭീഷണിയാണ്.

ക്രൂഡ് ഓയിൽ ഇറങ്ങിക്കയറി

ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടത്തിനു ശേഷം ഉയർന്നു ക്ലോസ് ചെയ്തു. ബ്രെൻ്റ് ഇനം ക്രൂഡ് 87.07 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 87.01ലും ഡബ്ള്യു.ടി.ഐ ഇനം 83.23ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 87.33 ഡോളറിലും ആണ്.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോകറൻസികൾ ചാഞ്ചാടുകയാണ്. ബിറ്റ്കോയിൻ വാരാന്ത്യത്തിൽ 70,000 ഡോളറിനു താഴെയായി. ഇന്നു രാവിലെ 71,200 ഡോളറിനു മുകളിലായി. ഈഥർ അടക്കം മറ്റു ക്രിപ്റ്റോകളും ചാഞ്ചാടി.

വിപണിസൂചനകൾ (2024 മാർച്ച് 28, വ്യാഴം)

സെൻസെക്സ്30 73,651.35 +0.90%

നിഫ്റ്റി50 22,326.90 +0.92%

ബാങ്ക് നിഫ്റ്റി 47,124.60 +0.72%

മിഡ് ക്യാപ് 100 48,075.75 +0.50%

സ്മോൾ ക്യാപ് 100 15,270.45 +0.04%

ഡൗ ജോൺസ് 30 39,807.37 +0.12%

എസ് ആൻഡ് പി 500 5254.35 +0.11%

നാസ്ഡാക് 16,379.46 -0.12%

ഡോളർ ($) ₹83.40 +₹0.03

ഡോളർ സൂചിക 104.55 +0.20

സ്വർണം (ഔൺസ്) $2234.00 +$42.20

സ്വർണം (പവൻ)

28 വ്യാഴം ₹49,360 +₹280.00

29 വെള്ളി ₹50,400 +₹1040.00

30 ശനി ₹50,200 -₹200.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $87.07 +$0.98

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it