എഫ്പിഒ റദ്ദാക്കല്‍ അപ്രതീക്ഷിതം; അദാനിയില്‍ തട്ടി വിപണി; ബജറ്റിന്റെ വിശകലനം ആവേശം പകര്‍ന്നില്ല; റെക്കോര്‍ഡിട്ടു സ്വര്‍ണം

ശരാശരിയില്‍ അല്‍പം മെച്ചമെന്നു പറയാവുന്ന പൊതുബജറ്റ്, പ്രതീക്ഷിച്ച തരം ഫെഡ് തീരുമാനം, അദാനി ഗ്രൂപ്പിന്റെ അപ്രതീക്ഷിത പിന്മാറ്റം. ഓഹരി വിപണിക്ക് ഇന്നു വിശകലനത്തിനു വിഷയങ്ങള്‍ ധാരാളം. വിശകലന ഫലമനുസരിച്ച് വിപണിയില്‍ ചലനങ്ങള്‍ പ്രതീക്ഷിക്കാം. അഡാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി ചോദ്യമായി ഉയരുന്നുണ്ട്. ഇന്നലെ ഇന്ത്യന്‍ വിപണി സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് ചെറിയ നേട്ടം കാണിച്ചപ്പാേള്‍ നിഫ്റ്റി ചെറിയ നഷ്ടത്തിലായി. യുഎസ് ഫെഡ് തീരുമാനത്തെ തുടര്‍ന്ന് യുഎസ് വിപണി നേട്ടത്തില്‍ അവസാനിച്ചു. ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ച്ചയിലാണ്.

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കൈ തുടക്കം കാല്‍ ശതമാനം ഉയര്‍ന്നാണ്. കൊറിയന്‍ വിപണി ഒന്നേകാല്‍ ശതമാനം കുതിച്ചു. ഇന്നലെ നഷ്ടത്തില്‍ തുടങ്ങി നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്ത ചൈനീസ് വിപണി ഇന്നു തുടക്കത്തില്‍ ഉയര്‍ന്നു. പിന്നീടു നഷ്ടത്തിലായി.

സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജി എക്‌സ് നിഫ്റ്റി ഇന്നലെ 17,700 വരെ ഉയര്‍ന്നു ക്ലോസ് ചെയ്തു. എന്നാല്‍ രണ്ടാം സെഷനില്‍ 17,616 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ സൂചിക 17,600 ല്‍ ആയി. ഇന്ത്യന്‍ വിപണി താഴ്ചയോടെ തുടങ്ങുമെന്നാണ് സൂചന.

സെന്‍സെക്‌സ് ഇന്നലെ 158.18 പോയിന്റ് (0.27%) ഉയര്‍ന്ന് 59,708.08 ല്‍ ക്ലോസ് ചെയ്തു. അതേ സമയം നിഫ്റ്റി 45.85 പോയിന്റ് (0.26%) താഴ്ന്ന് 17,616.3-ല്‍ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.94 ശതമാനവും സ്മാേള്‍ ക്യാപ് സൂചിക 1.15 ഉം ശതമാനം ഇടിഞ്ഞു. ഐടിയും എഫ്എംസിജിയും ഒഴികെയുള്ള ഒരു മേഖലയും നേട്ടമുണ്ടാക്കിയില്ല. അദാനിബന്ധം പൊതുമേഖലാ ബാങ്ക് സൂചികയെ 5.68 ശതമാനം വലിച്ചു താഴ്ത്തി. മെറ്റല്‍ സൂചിക 4.5 ശതമാനം ഇടിഞ്ഞു.

വിദേശ നിക്ഷേപകര്‍ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ വാങ്ങലുകാരായി. അവര്‍ 1785.21 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകള്‍ 529.47 കോടിയുടെ വാങ്ങല്‍ നടത്തി. വിപണി ബെയറിഷ് സൂചനകള്‍ നല്‍കുന്നു. നിഫ്റ്റിക്ക് 17,410 ലും 17,270 ലും പിന്തുണ ഉണ്ട്. ഉയര്‍ന്നാല്‍ 17,880 ലും 18,025 ലും തടസം നേരിടാം.

ക്രൂഡ് ഓയില്‍ വിപണി പ്രതീക്ഷിച്ച ഡിമാന്‍ഡ് വര്‍ധന ചൈനയില്‍ നിന്ന് ഉണ്ടാകാത്തതും യുഎസ് സ്റ്റാേക്ക് നില കൂടിയതും ക്രൂഡ് വില താഴ്ത്തി. ഇന്നലെ ബ്രെന്റ് ഇനം 82.84 ഡോളറിലേക്കു താണു. പക്ഷേ ഇന്നു രാവിലെ 83.54 ഡോളര്‍ വരെ ഉയര്‍ന്നു. വ്യാവസായിക ലോഹങ്ങള്‍ പാെതുവേ ഉയര്‍ന്നു. ചെമ്പ് 1.08 ഉം അലൂമിനിയം 1.34 ഉം ശതമാനം കയറി. ലെഡ്, നിക്കല്‍, സിങ്ക്, ടിന്‍ തുടങ്ങിയവയും ഉയര്‍ന്നു.

സ്വര്‍ണം കുതിപ്പില്‍, ഔണ്‍സിന് 1950 കടന്നു

സ്വര്‍ണം വലിയ കുതിപ്പിലാണ്. യുഎസ് ഫെഡ് തീരുമാനത്തിനു പിന്നാലെ സ്വര്‍ണം ഔണ്‍സിന് 1925 ഡോളറില്‍ നിന്ന് 1955 ലേക്ക് കയറി. പലിശ നിരക്കില്‍ ഇനി അധികം വര്‍ധന ഉണ്ടാവുകയില്ലെന്ന നിഗമനമാണു കാരണം. പലിശ അഞ്ചു ശതമാനത്തില്‍ ഒതുക്കി നിര്‍ത്താമെന്നു ഫെഡ് ചെയര്‍മാന്‍ പറഞ്ഞതാണു സ്വര്‍ണത്തിനു തുണയായത്. ഒരു മാസം കൊണ്ട് ഏഴു ശതമാനം കയറ്റമാണു സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഇന്നു രാവിലെ സ്വര്‍ണം 1954-1956 ഡോളറിലാണ്.

കേരളത്തില്‍ ഇന്നലെ സ്വര്‍ണം പവന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ച് 42,400 രൂപയായി. ഇന്നു വീണ്ടും വില കയറും എന്നാണു സൂചന. രൂപ ഇന്നലെ ചാഞ്ചാടിയെങ്കിലും ഒടുവില്‍ പഴയ നിലയില്‍ (ഡോളറിന് 81.92 രൂപ) നിന്നു. ഡോളര്‍ സൂചിക ഫെഡ് തീരുമാനത്തെ തുടര്‍ന്ന് 101 നു താഴെയായി. ഇന്നു രാവിലെ 100.82 വരെ താണു.


നികുതി നിര്‍ദേശങ്ങള്‍ രസിപ്പിച്ചില്ല


ബജറ്റിന്റെ പ്രാരംഭ വിലയിരുത്തല്‍ ഇന്നലെ കഴിഞ്ഞതാണ്. തുടക്കത്തില്‍ നല്ല അഭിപ്രായമായിരുന്നത് പിന്നീടു മാറി. ധനകമ്മി കുറയ്ക്കാനുള്ള തീരുമാനം ധനകാര്യ വിവേകം കൈവിടുന്നില്ല എന്നു കാണിച്ചു. രാജ്യത്തു കാര്യങ്ങള്‍ ഭദ്രമാണെന്നും വളര്‍ച്ച സുഗമമാണെന്നും വരുത്താന്‍ നിര്‍മല സീതാരാമന്‍ പ്രസംഗത്തില്‍ ഉടനീളം ശ്രമിച്ചു. മൂലധന നിക്ഷേപത്തിന് 10 ലക്ഷം കോടി രൂപ വകയിരുത്തിയതടക്കമുള്ള പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു. പക്ഷേ നികുതി കാര്യത്തില്‍ ആ സമീപനമല്ല കണ്ടത്.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ കൊണ്ടുവന്ന നികുതി നിര്‍ദേശത്തോടു വിപണി രൂക്ഷമായാണു പ്രതികരിച്ചത്. ആദായനികുതിയുടെ പുതിയ സ്‌കീം സ്വീകാര്യമാക്കാന്‍ നികുതിയുടെ നിരക്കിലും ഒഴിവു പരിധിയിലും (അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴു ലക്ഷം രൂപയിലേക്ക്) വരുത്തിയ മാറ്റം ആദ്യം സന്തോഷിപ്പിച്ചെങ്കിലും പിന്നീടു വിപണിക്ക് അത്ര രസിച്ചതായി കണ്ടില്ല. പഴയ സ്‌കീം തുടരുന്നവര്‍ക്ക് ആശ്വാസമൊന്നും ഇല്ല. പഴയ സ്‌കീം ഇല്ലാതാക്കാനാണു നീക്കമെന്നു ജനങ്ങള്‍ക്കു ബോധ്യമായി.

ഇതെല്ലാമാണെങ്കിലും വിപണി ബജറ്റിനെ തള്ളിപ്പറഞ്ഞില്ല. ആദ്യത്തെ വലിയ കയറ്റത്തില്‍ നിന്ന് ഏറെ താഴ്ന്നിട്ടാണെങ്കിലും സെന്‍സെക്‌സ് ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തത് വിപണി ഒടുവില്‍ ബജറ്റിനു 'പാസ് മാര്‍ക്ക് ' നല്‍കിയതിന്റെ സൂചനയാണ്.

നിഫ്റ്റി താഴ്ന്നത് അദാനി മൂലം


അതേസമയം നിഫ്റ്റി നെഗറ്റീവ് ആയി. അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്‌സും നിഫ്റ്റി സൂചികയില്‍ ഉണ്ടായതാണു കാരണം. സെന്‍സെക്‌സ് പട്ടികയില്‍ ഇവ ഇല്ല. അദാനി ഗ്രൂപ്പ് ഇന്നലെ ഉച്ചയ്ക്കു ശേഷം വലിയ തകര്‍ച്ചയിലായിരുന്നു. എഫ്പിഒ നടത്തിയ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവില 28 ശതമാനം ഇടിഞ്ഞാണു ക്ലോസ് ചെയ്തത്. എഫ്പിഒ വിലയില്‍ നിന്ന് ആയിരത്തോളം രൂപ (ഏകദേശം മൂന്നിലൊന്ന്)കുറവായി. മറ്റു ഗ്രൂപ്പ് കമ്പനികളും കുത്തനേ ഇടിഞ്ഞു. അദാനി പോര്‍ട്‌സിന്റെയും മറ്റും കടപ്പത്രങ്ങള്‍ പണയമായി സ്വീകരിക്കാന്‍ പറ്റില്ലെന്നു ക്രെഡിറ്റ് സ്വീസ് പ്രഖ്യാപിച്ചതാണ് ഇന്നലെ വിപണിയെ കോളിളക്കത്തിലാക്കിയത്.

എന്താണു സംഭവിക്കുന്നത് എന്ന് നിക്ഷേപക സമൂഹം ആശങ്കയോടെ കാത്തിരുന്നപ്പാേള്‍ രാത്രി വൈകി അദാനി ഗ്രൂപ്പ് തങ്ങള്‍ എഫ്പിഒ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. നിക്ഷേപകരുടെ പണം തിരിച്ചു നല്‍കും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കാതെയാണ് ഗൗതം അദാനി പിന്മാറ്റ പ്രസ്താവന ഇറക്കിയത്. ജനുവരി 24-നു നഥേന്‍ ആന്‍ഡേഴ്‌സന്‍ വിവാദ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം അദാനിയുടേതായി വന്ന ആദ്യ പ്രസ്താവനയാണ് പിന്മാറ്റത്തിന്റേത്.

അദാനിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നികുതിരഹിത രാജ്യങ്ങളില്‍ ഉണ്ടാക്കിയ കടലാസ് കമ്പനികള്‍ ഉപയോഗിച്ചു തിരിമറി നടത്തി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഉയര്‍ത്തി നിര്‍ത്തുകയും നിക്ഷേപകരെ വഞ്ചിക്കുകയുമാണെന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ കാതല്‍. റിപ്പോര്‍ട്ടിനെ അടിസ്ഥാനരഹിതം, ദുരുദ്ദേശ്യപരം, പഴയ ആരാേപണങ്ങളുടെ ആവര്‍ത്തനം എന്നെല്ലാം ആക്ഷേപിച്ചതല്ലാതെ ആരോപണങ്ങള്‍ക്കു ഗ്രൂപ്പ് കൃത്യമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല.


പ്രതീക്ഷ പാേലെ ഫെഡ് തീരുമാനം

യുഎസ് ഫെഡിന്റെ പലിശ തീരുമാനം (കുറഞ്ഞ നിരക്ക് 4.25 -4.50 ല്‍ നിന്ന് 4.5 - 4.75 ശതമാനം ആക്കി) പ്രതീക്ഷിച്ചതു തന്നെ ആയി. 2023-ല്‍ പലിശ കുറയുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞതു തീര്‍ത്തും അപ്രതീക്ഷിതമല്ല. വിലക്കുറവിന്റെ പ്രവണത കണ്ടു തുടങ്ങി എന്ന് പവല്‍ സൂചിപ്പിച്ചത് പ്രതീക്ഷയെ മറികടന്നു.

മാന്ദ്യത്തിലേക്കു വീഴാതെ തന്നെ വിലക്കയറ്റം വരുതിയിലാക്കാം എന്നു പവല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതും വിപണിയെ ആശ്വസിപ്പിച്ചു. യുഎസ് വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തത് ഈ സാഹചര്യത്തിലാണ്. ഡൗ ജോണ്‍സ് സൂചിക നാമമാത്രമായ 0.02 ശതമാനമേ ഉയര്‍ന്നുള്ളൂ. എസ് ആന്‍ഡ് പി 1.05 - ഉം നാസ്ഡാക് രണ്ടും ശതമാനം ഉയര്‍ന്നു. ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സും നേട്ടത്തിലാണ്. ഫെഡ് തീരുമാനം ഡോളര്‍ നിരക്ക് താഴത്തി. യൂറോ 1.10 ഡോളറിലും പൗണ്ട് 1.24 ഡോളറിലും എത്തി.



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it