ബി.ജെ.പി വിജയത്തിൽ വിപണി വലിയ കുതിപ്പിലേക്ക്; ആശങ്കകൾ അകന്നു; റെക്കോഡ് തകര്‍ത്ത് സ്വർണം

പലിശ കൂട്ടില്ലെന്ന ഉറപ്പ് ഉള്ളതായി പവലിന്റെ പ്രസംഗം; ഓഹരികളെ കയറ്റി, കടപ്പത്രവില ഉയർത്തി
ബി.ജെ.പി വിജയത്തിൽ വിപണി വലിയ കുതിപ്പിലേക്ക്; ആശങ്കകൾ അകന്നു; റെക്കോഡ് തകര്‍ത്ത് സ്വർണം
Published on

നിയമസഭ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വൻവിജയം വിപണികളെ ഇന്ന് വലിയ കുതിപ്പിലേക്കു നയിക്കും. ഈ ബുൾ തരംഗം നീണ്ടു നിൽക്കുന്നതാകും എന്നാണ് നിരീക്ഷകർ കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ഇനി ആശങ്ക വേണ്ടെന്ന ബോധ്യം നൽകുന്നതായി നിയമസഭാ തെരഞ്ഞെടുപ്പു ഫലം.

ഈയാഴ്ച അവസാനം ചേരുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി (എം.പി.സി) റീപോ നിരക്ക് കൂട്ടുകയാേ കുറയ്ക്കുകയോ ചെയ്യില്ലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ എം.പി.സി തീരുമാനം പരസ്യമാക്കും.

ആഗാേള സൂചനകൾ വിപണിയുടെ കുതിപ്പിനു തടസമല്ല. ക്രൂഡ് ഓയിൽ വില 80 ഡോളറിനു താഴെയാണ്. സ്വർണം 2147 ഡോളർ വരെ കയറിയിട്ട് 2,092 ലേക്കു താഴ്ന്നു നിൽക്കുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വെള്ളി രാത്രി ഗിഫ്റ്റ് നിഫ്റ്റി 20,490-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,650 വരെ കയറി. ഇന്ത്യൻ വിപണി ഇന്ന് കുതിച്ചു കയറി വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ ഫാക്ടറി ഉൽപാദന സൂചിക തുടർച്ചയായ 17-ാമത്തെ മാസവും 50 -നു താഴെയായി. യൂറോപ്യൻ കേന്ദ്രബാങ്ക് 2024 ആദ്യം പലിശ കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾ ബാങ്ക് അധികൃതർ തള്ളിക്കളഞ്ഞു.

യു.എസ് വിപണിയും വെള്ളിയാഴ്ച നേട്ടം കൈവരിച്ചു. ഡൗ ജോൺസ് 294.61 പോയിന്റ് (0.82%) ഉയർന്ന് 36,245.50 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 26.83 പോയിന്റ് (0.59%) കയറി 4594.63 ലും നാസ്ഡാക് 78.81 പോയിന്റ് (0.55%) താണ് 14,305 ലും അവസാനിച്ചു.

ഡൗ തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയും നേട്ടം കുറിച്ചു. കഴിഞ്ഞയാഴ്ച 2.42 ശതമാനം ഉയർന്നപ്പോൾ അഞ്ചാഴ്ച കൊണ്ട് 11 ശതമാനം കയറ്റമുണ്ടായി. ഡൗവും എസ് ആൻഡ് പി യും 2023 ലെ ഏറ്റവും ഉയർന്ന ക്ലോസിംഗ് നിലയിലാണ്.

വെള്ളിയാഴ്ച യു.എസ് ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തിയ പ്രസംഗത്തിൽ പലിശ ഉടനെ കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നു വ്യക്തമാക്കി. വിലക്കയറ്റം ഉദ്ദേശിച്ച രീതിയിൽ കുറയുന്നുണ്ടെങ്കിലും നിരക്ക് ഉടനേ കുറയ്ക്കും എന്ന ധാരണ അടിസ്ഥാനരഹിതമാണ് എന്നു പവൽ പറഞ്ഞു. എന്നാൽ ഇനി പലിശ കൂട്ടുകയില്ലെന്ന ഉറപ്പ് പ്രസംഗത്തിൽ ഉള്ളതായി വിപണി വിലയിരുത്തി.

പവലിന്റെ പ്രസംഗം ഓഹരികളെ കയറ്റി. കടപ്പത്രവില ഉയർത്തി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.21 ശതമാനമായി കുറച്ചു. സ്വർണവില ഉയർത്തി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.05 ശതമാനം കയറി. എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ന്നു..

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. താഴ്ന്നാണു തുടങ്ങിയത്. ഓസ്ട്രേലിയൻ, കൊറിയൻ, ചൈനീസ് വിപണികൾ ഉയർന്നു നീങ്ങുന്നു. ജാപ്പനീസ് വിപണി താഴ്ചയിലാണ്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വെള്ളിയാഴ്ച തുടക്കം മുതൽ നേട്ടത്തിലായിരുന്നു. വ്യാപാരാരംഭത്തിൽ തന്നെ നിഫ്റ്റി റെക്കാേർഡ് തിരുത്തി. സെപ്റ്റംബർ 15-ന് എത്തിയ 20,222.45 മറികടന്നു. വ്യാപാരത്തിനിടെ നിഫ്റ്റി 20,291.55 വരെ കയറി. പിന്നീട് അൽപം താഴ്ന്നു ക്ലാേസ് ചെയ്തു

സെൻസെക്സ് 492.75 പോയിന്റ് (0.74%) ഉയർന്ന് 67,481.19 ലും നിഫ്റ്റി 134.75 പോയിന്റ് (0.67%) കയറി 20,267.90 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 332.45 പോയിന്റ് (0.75%) ഉയർന്ന് 44,814.20 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.1 ശതമാനം ഉയർന്ന് 43,382.4 ലും സ്മോൾ ക്യാപ് സൂചിക 0.48 ശതമാനം കയറി 14,239.3 ലും അവസാനിച്ചു.

റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, എഫ്.എം.സി.ജി, ബാങ്ക്, ധനകാര്യ സേവനം, മീഡിയ, മെറ്റൽ എന്നിവ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1589.61 കാേടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1448.08 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്ക് ഇന്ന് 20,205 ലും 20,140 ലും പിന്തുണ ഉണ്ട്. 20,290 ഉം 20,355 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച വലിയ കുതിപ്പിലായിരുന്നു. ചൈനയിൽ ഫാക്ടറി പ്രവർത്തനം മെച്ചപ്പെട്ടതായി പിഎംഐ സർവേയിൽ കണ്ടതു വിപണിയെ സഹായിച്ചു. അലൂമിനിയം 0.27 ശതമാനം കയറി ടണ്ണിന് 2201.65 ഡോളറിലായി. ചെമ്പ് 1.49 ശതമാനം കുതിച്ച് ടണ്ണിന് 8455.65 ഡോളറിലെത്തി. ലെഡ് 0.61-ഉം സിങ്ക് 0.51 ഉം ശതമാനം താഴ്ന്നു. നിക്കൽ 1.96 ഉം ടിൻ 1.4 ഉം ശതമാനം ഉയർന്നു

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ഒപെക് പ്ലസ് രാജ്യങ്ങൾ സ്വമേധയാ ഉൽപാദനം കുറയ്ക്കൽ പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ ലഭ്യത കാര്യമായി മാറ്റം ഉണ്ടാകുമെന്നു വ്യാപാരികൾ കരുതുന്നില്ല. പ്രതിദിനം 21.84 ലക്ഷം വീപ്പയുടെ കുറവാണു പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ രണ്ടര ശതമാനം ഇടിഞ്ഞ് 78.88 ഡോളറിലും ഡബ്ള്യുടിഐ ഇനം 74.07 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 79.18 ഡോളർ ആയി കയറി. യുഎഇയുടെ മർബൻ ക്രൂഡ് 79.9 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണവില വെള്ളിയാഴ്ച കുതിച്ചു കയറി. ഔൺസിന് 2036.7 ഡോളറിൽ നിന്ന് 2076.10 ഡോളർ വരെ കയറി. പിന്നീട് അൽപം താണ് 2072 ഡോളറിൽ ക്ലാേസ് ചെയ്തു. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞതോടെ സ്വർണത്തിലേക്കു ഫണ്ടുകളും അതിസമ്പന്നരും തിരിഞ്ഞതാണ് റെക്കാേർഡ് നിലയിലേക്കു സ്വർണത്തെ കയറ്റിയത്. മാർച്ച് കഴിയുന്നതാേടെ യുഎസ് ഫെഡ് പലിശ കുറച്ചു തുടങ്ങും എന്നു വാതു വയ്ക്കുന്നവരാണു സ്വർണവില ഉയർത്തുന്നത്.

തിങ്കളാഴ്ച രാവിലെ സ്വർണം വീണ്ടും കുതിച്ചു കയറി 2147.4 ഡോളർ വരെ എത്തി പുതിയ റെക്കോർഡ് കുറിച്ചു. പിന്നീടു താഴ്ന്ന് 2092 ഡോളറിൽ നിൽക്കുന്നു. ഇന്നു രാവിലെ മാത്രം 1.1 ശതമാനം കയറ്റം ഉണ്ട്.

കേരളത്തിൽ പവൻവില വെള്ളിയാഴ്ച 46,160 രൂപയിലേക്കു താഴ്ന്നു. ശനിയാഴ്ച ലോകവിപണിയിലെ കയറ്റത്തിന്റെ ചുവടുപിടിച്ചു വില കയറി 46,760 രൂപ എന്ന പുതിയ റെക്കാേർഡ് കുറിച്ചു. ഇന്നു രാവിലത്തെ അന്താരാഷ്ട നിലവാരത്തിലേക്കു കേരളത്തിലെ വില മാറിയാൽ 47,000 രൂപയ്ക്കു മുകളിലാകും പവൻ വില.

ഡോളർ ലോകവിപണിയിൽ വീണ്ടും താഴ്ന്നു. ഡോളർ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 103.27 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.29 ലേക്കു കയറി. വെള്ളിയാഴ്ച ഡോളർ താഴ്ന്ന് 83.29 രൂപയിൽ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറൻസികൾ വീണ്ടും കയറ്റത്തിലായി. ബിറ്റ്കോയിൻ വെള്ളിയാഴ്ച 39,400 ഡോളറിനു മുകളിലായി. തിങ്കളാഴ്ച വില 40,200 ഡോളറിലെത്തി. 2022 മേയ്ക്കു ശേഷം ആദ്യമാണു ബിറ്റ് കോയിൻ 40,000 കടന്നത്. വില ഒരു ലക്ഷം വരെ കയറുമെന്നു ക്രിപ്റ്റോ ബുള്ളുകൾ പറയുന്നു. 

വിപണിസൂചനകൾ

(2023 ഡിസംബർ 01, വെള്ളി.) 

സെൻസെക്സ്30 67,481.19 +0.74%

നിഫ്റ്റി50 20,267.90 +0.67%

ബാങ്ക് നിഫ്റ്റി 44,814.20 +0.75%

മിഡ് ക്യാപ് 100 43,382.40 +1.1%

സ്മോൾ ക്യാപ് 100 14,239.30 +0.48%

ഡൗ ജോൺസ് 30 36,245.50 +0.82%

എസ് ആൻഡ് പി 500 4594.63 +0.59%

നാസ്ഡാക് 14,305.03 +0.55%

ഡോളർ ($) ₹83.29 -₹0.11

ഡോളർ സൂചിക 103.27 -0.20

സ്വർണം (ഔൺസ്) $2072.00 +$35.30

സ്വർണം (പവൻ) ₹46,760 +₹280.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.88 -$1.95

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com