വിദേശ സൂചനകള്‍ പോസിറ്റീവ്; ആവേശം കുറഞ്ഞ വ്യാപാരവാരം തുടങ്ങുന്നു; ലാഭമെടുക്കല്‍ തുടരും; ക്രൂഡ് വിലക്കയറ്റം ശ്രദ്ധാവിഷയം

ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചയുടെ ആവേശത്തില്‍ കുതിച്ചു കയറിയ ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ വിപണി ഇന്നു നീളം കുറഞ്ഞ ഒരു വ്യാപാരവാരത്തിനാണു തുടക്കമിടുന്നത്. ശിവരാത്രി പ്രമാണിച്ചു വെള്ളിയാഴ്ച വിപണിക്ക് അവധിയാണ്. വിപണിയില്‍ വലിയ കുതിപ്പിനോ തളര്‍ച്ചയ്‌ക്കോ തക്ക വിഷയങ്ങള്‍ ഇപ്പോള്‍ ഇല്ല. ആവേശം കുറഞ്ഞ വ്യാപാരവും ലാഭമെടുക്കലുമാണു പ്രതീക്ഷിക്കുന്നത്.

വലിയ സാമ്പത്തിക സൂചകങ്ങള്‍ പുറത്തുവരാനില്ലാത്ത ആഴ്ചയാണിത്. യു.എസില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ കോണ്‍ഗ്രസില്‍ നല്‍കുന്ന മൊഴിയില്‍ എന്തു പറയും എന്നതും യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ കാര്യത്തില്‍ എന്തു തീരുമാനിക്കും എന്നതുമാണ് വിപണി ശ്രദ്ധിക്കുന്ന പ്രധാനകാര്യങ്ങള്‍. ഉല്‍പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നതും വിപണിയെ സ്വാധീനിക്കും.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,523 വരെ കയറിയിട്ട് 22,500 വരെ താണു. പിന്നീടു കയറി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. അടുത്ത വ്യാഴാഴ്ച യൂറോപ്യന്‍ കേന്ദ്രബാങ്ക് പണനയ അവലോകനം നടത്തുന്നുണ്ട്.

യു.എസ് വിപണി വെള്ളിയാഴ്ച മിതമായ നേട്ടം കുറിച്ചു. യു.എസ് ജി.ഡി.പി വളര്‍ച്ച നാലാം പാദത്തില്‍ 3.2 ശതമാനം വളര്‍ന്നു. ഇതോടെ 2023ലെ വളര്‍ച്ച 2.5 ശതമാനമായി. 2022 ല്‍ 1.9 ശതമാനമായിരുന്നു. തന്നാണ്ടു വിലയില്‍ 27.36 ലക്ഷം കോടി ഡോളര്‍ ആണു 2023ലെ യു.എസ് ജി.ഡി.പി. വളര്‍ച്ച മികച്ച നിലവാരം പുലര്‍ത്തുന്നത് പലിശനിരക്ക് ഉടനെ കുറയ്‌ക്കേണ്ടതില്ല എന്ന നിഗമനത്തിലേക്ക് യു.എസ് ഫെഡിനെ നയിക്കും എന്നാണു കരുതപ്പെടുന്നത്.

ഡൗ ജോണ്‍സ് സൂചിക 90.99 പോയിന്റ് (0.23%) ഉയര്‍ന്ന് 39,087.38ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 40.81 പോയിന്റ് (0.80%) കയറി 5137.08ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതു റെക്കോര്‍ഡ് ക്ലോസിംഗ് ആണ്. നാസ്ഡാക് 183.02 പോയിന്റ് (1.14%) കുതിച്ച് 16,274.94ല്‍ എത്തി. ഇതും റെക്കോഡ് നിലയാണ്. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.197 ശതമാനമായി ഉയര്‍ന്നു.

ജപ്പാനിലെ നിക്കൈ സൂചിക ഇന്നു രാവിലെ ഒരു ശതമാനം കുതിച്ച് 40,000 എന്ന നാഴികക്കല്ല് പിന്നിട്ടു. ചൈനയില്‍ പാര്‍ലമെന്റിന്റെയും കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിന്റെയും സമ്മേളനങ്ങള്‍ ആരംഭിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ ഈ യോഗങ്ങള്‍ എന്തു ചെയ്യും എന്ന് എല്ലാവരും ശ്രദ്ധിക്കുന്നു. ചൈനീസ് വിപണി ഉയര്‍ന്നു തുടങ്ങിയിട്ടു താഴ്ചയിലായി.

ഇന്ത്യന്‍ വിപണി

ശനിയാഴ്ച പ്രത്യേക വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണി തുടക്കത്തിലെ നിലയിലും താഴെയാണു ക്ലോസ് ചെയ്തത്. ഇതു ബെയറിഷ് കാന്‍ഡില്‍ രൂപീകരിച്ചെങ്കിലും വിപണി മനോഭാവം ബുള്ളിഷ് ആയി തുടരുന്നു എന്നാണു വിലയിരുത്തല്‍.

സെന്‍സെക്‌സ് 60.80 പോയിന്റ് (0.08%) കുതിച്ച് 73,806.15ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 39.65 പോയിന്റ് (0.18%) ഉയര്‍ന്ന് 22,378.40ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 10.60 പോയിന്റ് (0.02%) കയറി 47,297.50ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.94 ശതമാനം കയറി 48,790.60ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.52 ശതമാനം ഉയര്‍ന്ന് 16,058.95ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ശനിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 81.87 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 44.71 കോടി രൂപയുടെ ഓഹരികളും വിറ്റു. നിഫ്റ്റിക്ക് ഇന്ന് 22,365ലും 22,335ലും പിന്തുണ ഉണ്ട്. 22,385ലും 22,440ലും തടസങ്ങള്‍ ഉണ്ടാകാം.

ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സികള്‍

ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. വാരാന്ത്യത്തിലെ ഒപെക് പ്ലസ് യോഗം ക്രൂഡ് ഓയില്‍ ഉല്‍പാദന നിയന്ത്രണം ജൂണ്‍ വരെ തുടരാന്‍ തീരുമാനിച്ചു. ഇതു വിപണി പ്രതീക്ഷിച്ച തീരുമാനമാണ്. എങ്കിലും ക്രൂഡ് വില ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 83.92 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം ഉയര്‍ന്ന് 80.26 ഡോളര്‍ ആയി. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 83.56 ഡോളറിലേക്കു കയറി.

അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയാഴ്ച കുതിച്ചു കയറിയ സ്വര്‍ണം ഇന്നു രാവിലെ അല്‍പം താണു. ഔണ്‍സിന് 2,081 ഡോളറിലാണ് സ്വര്‍ണം. കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണം പവന് 680 രൂപ കൂടി 47,000 രൂപയായി.

ഡോളര്‍ സൂചിക വെള്ളിയാഴ്ച 103.89ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.85ലാണ്.ഡോളര്‍ വെള്ളിയാഴ്ച 82.90 രൂപയിലേക്കു താണു ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു പോകുകയാണ്. ബിറ്റ് കാേയിന്‍ 64,000 ഡോളര്‍ വരെ എത്തിയ ശേഷ ഇന്നു രാവിലെ 63,800 ഡോളറിലാണ്.

വിപണിസൂചനകൾ

(2024 മാർച്ച് 02, ശനി)

സെൻസെക്സ് 30 73,806.15 +0.08%

നിഫ്റ്റി50 22,378.40 +0.18%

ബാങ്ക് നിഫ്റ്റി 47,297.50 +0.02%

മിഡ് ക്യാപ് 100 49,153.05 +0.74%

സ്മോൾ ക്യാപ് 100 16,170.15 +0.69%

ഡൗ ജോൺസ് 30 39,087.38 +0.23%

എസ് ആൻഡ് പി 500 5137.08 +0.80%

നാസ്ഡാക് 16,274.94 +1.14%

ഡോളർ ($) ₹82.90 -₹0.01

ഡോളർ സൂചിക 103.89 -0.26

സ്വർണം (ഔൺസ്) $2083.80 +$40.10

സ്വർണം (പവൻ) ₹47,000 ₹ 680.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $83.55 +$0.06

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it