വിപണികൾ ചുവപ്പിൽ; ഓഹരികൾ തിരുത്തൽ തുടരും; കേരളത്തിലെ ബാങ്കുകള്‍ നേട്ടത്തില്‍

വിപണികൾ എല്ലാം ചുവപ്പിലാണ്. ഇന്നലെ താഴ്ന്ന ഇന്ത്യൻ വിപണി ഇന്നും താഴ്ചയാണു മുന്നിൽ കാണുന്നത്. വിൽപന സമ്മർദം വർധിക്കുകയാണ്. കടപ്പത്ര വിലകൾ ഇടിയുകയും ഡോളർ ഉയരുകയും ചെയ്യുന്നു. വിദേശ നിക്ഷേപകർ പണം പിൻവലിക്കാൻ തക്ക അന്തരീക്ഷമാണു നിലനിൽക്കുന്നത്. യൂറോപ്പിലും യുഎസിലും ഇന്നലെ ഓഹരികൾ ഒരു ശതമാനത്തിലധികം തകർച്ചയിലായി. ഇന്ന് ഏഷ്യൻ വിപണികൾ വലിയ താഴ്ചയിലാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വ രാത്രി 19,450.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,430 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസിൽ കടപ്പത്ര വില ഇടിഞ്ഞതാണു പ്രധാന വിഷയം.

പലിശനിരക്ക് ഉയരും എന്നാണ് താഴുന്ന കടപ്പത്രവില കാണിക്കുന്നത്. യുഎസിൽ 10 വർഷ സർക്കാർ കടപ്പത്രവില നിക്ഷേപത്തിന് 4.8 ശതമാനം ആദായം കിട്ടുന്ന നിലയിലേക്കു താണു. 2006-നു ശേഷമുള്ള ഏറ്റവും താണ നിരക്കിലാണു വില. ഇതു യുഎസ് വിപണിയെ വലിച്ചു താഴ്ത്തി.

ചൊവ്വാഴ്ച ഡൗ ജോൺസ് 430.97 പോയിന്റ് (1.29%) ഇടിഞ്ഞ് 33,002.38 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 58.94 പോയിന്റ് (1.37%) കുറഞ്ഞ് 4229.45 ൽ അവസാനിച്ചു. നാസ്ഡാക് 248.31 പോയിന്റ് (1.87%) വീണ് 13,059.47 ലും ക്ലോസ് ചെയ്തു.

ഇന്നലത്തെ താഴ്ചയോടെ ഡൗ ഈ വർഷം 0.4 ശതമാനം നഷ്ടത്തിലായി. ഓഗസ്റ്റിൽ യു.എസിലെ തൊഴിലവസരങ്ങൾ 96 ലക്ഷമായി വർധിച്ചെന്ന കണക്കു പുറത്തുവന്നതും പലിശപ്പേടി കൂട്ടി. ഇത്രയും പലിശ കൂട്ടിയിട്ടും തൊഴിൽ മേഖലയിൽ ദൗർബല്യം ഇല്ല എന്നാണു കണക്ക് കാണിച്ചത്.

ചൊവ്വാഴ്ച ഏഷ്യൻ വിപണികൾ വലിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ ഓസ്ട്രേലിയയിലെ എഎസ്എക്സ് അരശതമാനവും ജപ്പാനിലെ നിക്കെെ സൂചിക 1.4 ശതമാനവും കൊറിയൻ വിപണി 1.75 ശതമാനവും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം കൂടി.

ചൊവ്വാഴ്ച ഇന്ത്യൻ വിപണി വലിയ താഴ്ചയിൽ എത്തിയിട്ടു കുറേ തിരിച്ചു കയറി അരശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 65,344 വരെയും നിഫ്റ്റി 19,479 വരെയും താഴ്ന്നതായിരുന്നു. ഒടുവിൽ സെൻസെക്സ് 316.31 പോയിന്റ് (0.48%) താഴ്ന്ന് 65,512.1 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 109.55 പോയിന്റ് (0.56%) കുറഞ്ഞ് 19,528.75 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 185.5 പോയിന്റ് (0.42%) താഴ്ന്ന് 44,399.05 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.18 ശതമാനം കയറി 40,608.85 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.53 ശതമാനം ഉയർന്നു 12,816.2 ൽ അവസാനിച്ചു.

ചൊവ്വാഴ്ചയും വിദേശനിക്ഷേപകർ വിൽപന തുടർന്നു. അവർ 2034.14 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1361.02 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. പി എസ് യു ബാങ്ക് സൂചിക 2.38 ശതമാനം കയറി. മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി എന്നിവയും നേട്ടം ഉണ്ടാക്കി. ഓട്ടാേ, ഓയിൽ - ഗ്യാസ്, ഫാർമ, മെറ്റൽ, എഫ്എംസിജി, ബാങ്ക്, ധനകാര്യ, ഹെൽത്ത് കെയർ ഓഹരികൾ ഇടിഞ്ഞു.

നിഫ്റ്റി 19,500-നു താഴെ പോയാൽ വലിയ തിരുത്തലിലേക്കു വിപണി പോകും എന്നാണു വിലയിരുത്തൽ.

ഇന്നു നിഫ്റ്റിക്ക് 19,485 ലും 19,400 ലും പിന്തുണ ഉണ്ട്. 19,600 ഉം 19,690 ഉം തടസങ്ങളാകും.

വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ചയും ഇടിവിലായി. ഉയർന്ന പലിശനിരക്ക് വ്യാവസായിക ആവശ്യം താഴാൻ കാരണമാകും എന്നാണ് ആശങ്ക.

അലൂമിനിയം 1.43 ശതമാനം താണ് ടണ്ണിന് 2294.15 ഡോളറിലായി. ചെമ്പ് 1.75 ശതമാനം ഇടിഞ്ഞ് ടണ്ണിന് 7958.8 ഡോളറിലെത്തി. മാസങ്ങൾക്കു ശേഷമാണു ചെമ്പ് 8000 ഡോളറിനു താഴെയാകുന്നത്.

ടിൻ 0.63 ശതമാനം ഉയർന്നു. നിക്കൽ 0.56 ശതമാനവും ലെഡ് 2.53 ശതമാനവും സിങ്ക് 2.68 ശതമാനവും ഇടിഞ്ഞു.

ഒപെക് തീരുമാനം കാക്കുന്ന എണ്ണവിപണി കാര്യമായ മാറ്റമില്ലാതെ തുടരുന്നു.

ബ്രെന്റ് ഇനം ക്രൂഡ് 91.1 ഡോളറിലും ഡബ്ള്യുടിഐ ഇനം 89.41 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 92.88 ഡോളറിലാണ്.

സ്വർണവില താഴ്ന്നു നിൽക്കുന്നു. ചൊവ്വാഴ്ച സ്വർണം ഔൺസിന് 1823.6 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1824 ഡോളറിലേക്കു കയറി.

കേരളത്തിൽ ഇന്നലെ പവൻവില 480 രൂപ കുറഞ്ഞ് 42,080 രൂപയിലെത്തി.

രൂപ ചൊവ്വാഴ്ച സമ്മർദ്ദത്തിലായി. ഡോളർ 17 പൈസ കൂടി 83.21 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഉയർന്നു പോകുകയാണ്. ഇന്നു രാവിലെ 107.13 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 27,400 ലാണ്.

സംസ്ഥാന ബാങ്കുകൾ നേട്ടത്തിൽ

കേരളത്തിൽ നിന്നുള്ള ഷെഡ്യൂൾഡ് ബാങ്കുകൾക്കു ചൊവ്വാഴ്ച നല്ല ദിവസമായിരുന്നു. ഫെഡറൽ ബാങ്ക് മൂന്നര ശതമാനം ഉയർന്ന് 152.3 രൂപയിൽ എത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയാണത്. ബാങ്കിലെ നിക്ഷേപങ്ങൾ 23 ശതമാനവും വായ്പകൾ 20 ശതമാനവും ഉയർന്നതായ കണക്കാണ് കയറ്റത്തിനു സഹായിച്ചത്. പിന്നീട് അൽപം താഴ്ന്ന നിലയിൽ ക്ലാേസ് ചെയ്തു. ധനലക്ഷ്മി ബാങ്കിലെ നിക്ഷേപങ്ങൾ 8.2 ശതമാനവും വായ്പകൾ 13.2 ശതമാനവും വർധിച്ചത് ഓഹരിയെ 12 ശതമാനം ഉയർത്തി 32.2 രൂപ വരെ എത്തിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയായ 27.5 രൂപ വരെ എത്തി. ബാങ്കിൽ പുതിയ എംഡി ചാർജെടുത്തു. സിഎസ്ബി ബാങ്ക് 6.2 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ കൂടിയ വിലയായ 358.4 രൂപ വരെ എത്തി.

പി.എം.ഐ താഴെ

സെപ്റംബറിലെ ഫാക്ടറി ഉൽപാദനം സംബന്ധിച്ച പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ (57.5) എത്തി. തലേ മാസം 58.6 ആയിരുന്നു. കയറ്റുമതി മേഖലയിൽ നിന്ന് അടക്കം പുതിയ ഓർഡറുകൾ കുറഞ്ഞതാണു കാരണം. ഉൽപന്ന വില കൂടുന്നതു വിൽപനയെ ബാധിക്കുമെന്നു സർവേ നടത്തിയ എസ് ആൻഡ് പി അഭിപ്രായപ്പെട്ടു.

വിപണി സൂചനകൾ

(2023 ഒക്ടോബർ 3, ചൊവ്വ)


സെൻസെക്സ് 30 65,512.10 -0.48%

നിഫ്റ്റി 50 19,528.75 -0.56%

ബാങ്ക് നിഫ്റ്റി 44,399.05 -0.42%

മിഡ് ക്യാപ് 100 40,608.85 +0.18%

സ്മോൾ ക്യാപ് 100 12,816.2 +0.53%

ഡൗ ജോൺസ് 30 33,002.40 -1.29%

എസ് ആൻഡ് പി 500 4229.45 -1.37%

നാസ്ഡാക് 13,059.50 -1.87%

ഡോളർ ($) ₹83.21 +₹0.17

ഡോളർ സൂചിക 107.00 +00.10

സ്വർണം(ഔൺസ്) $1823.60 -$05.10

സ്വർണം(പവൻ) ₹40,080 -₹48.0.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $90.92 +$0.21


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it