വിപണിക്ക് അനുകൂല കാറ്റ് വീശുന്നു; ഇനി ശ്രദ്ധ റിസര്‍വ് ബാങ്കിന്റെ പണനയത്തില്‍
എതിര്‍ കാറ്റുകള്‍ അടങ്ങി. അനുകൂല കാറ്റ് വീശിത്തുടങ്ങി. ഓഹരി വിപണികള്‍ പുതിയ ആഴ്ചയില്‍ ആവേശകരമായ തുടക്കത്തിലാണ്. വിദേശവിപണികള്‍ നല്‍കുന്നതും നല്ല സൂചനകളാണ്. വ്യാഴാഴ്ച റിസര്‍വ് ബാങ്കിന്റെ പണനയ തീരുമാനത്തെയാണു വിപണി ഉറ്റു നോക്കുന്നത്. റീപോ നിരക്കില്‍ മാറ്റം വരുത്താതെയാകും റിസര്‍വ് ബാങ്ക് മുന്നോട്ടു പോകുക എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) യും അവരുടെ മിത്ര രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒപെക് പ്ലസും ഉല്‍പാദനം നിലവിലെ തോതില്‍ തുടരാന്‍ പ്രതിമാസ യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ പ്രതിദിന ഉല്‍പാദനത്തില്‍ പത്തു ലക്ഷം വീപ്പ കുറയ്ക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇത് ക്രൂഡ് ഓയില്‍ വില നാലു ശതമാനത്തിലധികം ഉയരാന്‍ വഴിതെളിച്ചു. എങ്കിലും വിലക്കയറ്റം നീണ്ടു നില്‍ക്കാനിടയില്ല.
കാലവർഷം വൈകിയേക്കും
ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന കാലവര്‍ഷത്തിന്റെ തുടക്കം പ്രവചിക്കപ്പെട്ട തീയതിയില്‍ ഉണ്ടായില്ല. ഈയാഴ്ച പകുതിയോടെയാകും മഴ തുടങ്ങുക. കാലവര്‍ഷം കുറവാകും എന്ന ചില ഏജന്‍സികളുടെ പ്രവചനം പോലെയാകുമോ കാര്യങ്ങള്‍ എന്ന ആശങ്ക ഉയരുന്നുണ്ട്. എങ്കിലും വിപണി ഇപ്പോള്‍ ആശങ്ക ഏറ്റെടുക്കുന്നില്ല. ഒഡീഷയിലെ ട്രെയിന്‍ ദുരന്തം റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തിനു വഴിതെളിക്കും.
മറ്റ് വിപണികൾ
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വെള്ളി രാത്രി ഒന്നാം സെഷനില്‍ 18,629 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 18,717.5 ലേക്കു കയറി. ഇന്നു രാവിലെ 18,730 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ ഒന്നേകാല്‍ മുതല്‍ രണ്ടു വരെ ശതമാനം ഉയര്‍ന്നാണു വെളളിയാഴ്ച ക്ലോസ് ചെയ്തത്. യൂറോപ്പിലെ ചില്ലറ വിലക്കയറ്റം 6.1 ശതമാനമായി കുറഞ്ഞെങ്കിലും അതു തൃപ്തികരമല്ലെന്നു യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദ് പറഞ്ഞതു വിപണിയുടെ ആവേശം കെടുത്തി. ഈ മാസവും ഇസിബി പലിശനിരക്ക് കൂട്ടും എന്നാണു വിപണി കണക്കാക്കുന്നത്. ധനകാര്യ പ്രതിസന്ധിയിലായ സ്വീഡിഷ് പ്രോപ്പര്‍ട്ടി കമ്പനി എസ്.ബി.ബിയില്‍ ചില ഹെഡ്ജ് ഫണ്ടുകള്‍ നിക്ഷേപത്തിനു സന്നദ്ധരായി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആ ഓഹരി 30 ശതമാനം കയറി.
യുഎസ് വിപണി നേട്ടത്തോടെ തുടങ്ങി നല്ല കയറ്റത്തില്‍ ക്ലോസ് ചെയ്തു. മേയ് മാസത്തിലെ യു.എസ് തൊഴില്‍ കണക്കുകള്‍ വിപണി പ്രതീക്ഷിച്ചതിലും വളരെ മികച്ചതായി.1.9 ലക്ഷം കാര്‍ഷികേതര തൊഴിലുകള്‍ പ്രതീക്ഷിച്ച സ്ഥാനത്തു 3.39 ലക്ഷം തൊഴിലുകള്‍ ഉണ്ടായി. തുടര്‍ച്ചയായി 29-ാം മാസമാണു തൊഴില്‍ വര്‍ധിച്ചത്. തൊഴില്‍ വര്‍ധന പലിശ നിരക്ക് ഇനിയും കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഡൗ ജോണ്‍സ് വെളളിയാഴ്ച 701.19 പോയിന്റ് (2.12%) ഉയര്‍ന്ന് 33,762.76 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 61.35 പോയിന്റ് (1.45%) കയറി. നാസ്ഡാക് 139.78 പോയിന്റ് (1.07%) കുതിച്ചു 13,240.77 -ലായി.
യുഎസ് ഫ്യൂച്ചേഴ്‌സ് നാമമാത്രമായി ഉയര്‍ന്നു. ഡൗ 0.06 ശതമാനം കയറിയപ്പോള്‍ നാസ്ഡാക് 0.30 ശതമാനവും എസ് ആന്‍ഡ് പി 0.10 ശതമാനവും താണു.ഏഷ്യന്‍ സൂചികകള്‍ ഇന്നു രാവിലെ മികച്ച നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക ഒന്നര ശതമാനം നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഓസ്‌ട്രേലിയന്‍, കൊറിയന്‍ വിപണികളും ഉയര്‍ന്നു. ചൈനീസ്, ഹോങ്കോങ് വിപണികളും നേട്ടത്തിലാണ്.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച നേട്ടത്തില്‍ തുടങ്ങി കൂടുതല്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 62,720 വരെയും നിഫ്റ്റി 18,574 വരെയും കയറിയിട്ട് അല്‍പം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 118.57 പോയിന്റ് (0.19%) ഉയര്‍ന്ന് 62,547.11 ലും നിഫ്റ്റി 46.35 പോയിന്റ് (0.25%) കയറി 18,534.10 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.46 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.50 ശതമാനവും ഉയര്‍ന്നു.
ഐടിയും ഓയില്‍-ഗ്യാസും ഒഴികെ എല്ലാ മേഖലകളും നേട്ടം കാണിച്ചു. റിയല്‍റ്റി, മെറ്റല്‍, ഓട്ടാേ മേഖലകള്‍ നേട്ടത്തിനു മുന്നില്‍ നിന്നു.രണ്ടു ദിവസം ബെയറിഷ് ആയിരുന്ന വിപണി വെള്ളിയാഴ്ചത്തെ മാറ്റത്തോടെ കയറ്റത്തിനു സജ്ജമായി എന്നു പലരും കരുതുന്നു. നിഫ്റ്റിക്കു 18,490 ലും 18,435 ലും സപ്പോര്‍ട്ട് ഉണ്ട്. 18,565 ലും 18,625 ലും തടസങ്ങള്‍ നേരിടാം.
വിദേശനിക്ഷേപകര്‍ വെളളിയാഴ്ചയും ക്യാഷ് വിപണിയില്‍ വില്‍പനക്കാരായി. സ്വദേശി ഫണ്ടുകള്‍ വാങ്ങല്‍ തുടര്‍ന്നു. വിദേശികള്‍ വെളളിയാഴ്ച 658.88 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 581.85 കോടിയുടെ ഓഹരികള്‍ വാങ്ങി. ക്യാഷ് വിപണിക്കു പുറമേ നടത്തിയ ഇടപാടുകള്‍ ചേര്‍ത്താല്‍ ജൂണിലെ ആദ്യ രണ്ടു ദിവസം കൊണ്ടു വിദേശികള്‍ 6490 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചതായി കാണാം.
ലോഹവിപണിയില്‍ കുതിപ്പു തുടരുന്നു. അലൂമിനിയം നാമമാത്രമായി കയറി ടണ്ണിന് 2280.85 ഡോളറില്‍ എത്തി. ചെമ്പ് 1.54 ശതമാനം കുതിച്ച് 8337 ഡോളര്‍ ആയി. നിക്കലും സിങ്കും ടിന്നും ലെഡും ഒന്നു മുതല്‍ മൂന്നുവരെ ശതമാനം ഉയര്‍ന്നു. ഇരുമ്പയിര് രണ്ടു ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയില്‍ വില വീണ്ടും കയറ്റത്തിലായി. സൗദി അറേബ്യ സ്വമേധയാ ഉല്‍പാദനം 10 ലക്ഷം വീപ്പ കുറയ്ക്കുമെന്ന പ്രഖ്യാപനം വില അഞ്ചു ശതമാനം ഉയര്‍ത്തി. ബ്രെന്റ് ഇനം ക്രൂഡ് 78.07 ഡോളറില്‍ എത്തിയിട്ട് 76.95 ലേക്കു താണു. ഡബ്‌ള്യുടിഐ ഇനം 73.63 ഡോളര്‍ വരെ കയറിയിട്ട് 72.61 ലേക്കു താണു.
സ്വര്‍ണവില താഴ്ന്നു. വെള്ളിയാഴ്ച 1984 ഡോളര്‍ വരെ കയറിയ സ്വര്‍ണം ഇടിഞ്ഞ് 1947.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1946-1948 ഡോളറിലാണു വ്യാപാരം. യുഎസില്‍ തൊഴില്‍ വര്‍ധന പ്രതീക്ഷയിലും കൂടുതലായത് ഡോളറിനെ കയറ്റുകയും സ്വര്‍ണത്തെ താഴ്ത്തുകയും ചെയ്തു.
കേരളത്തില്‍ പവന്‍വില വെള്ളിയാഴ്ച 240 രൂപ വര്‍ധിച്ച് 44,800 രൂപയിലെത്തി. ശനിയാഴ്ച ലോകവിപണിയെ പിഞ്ചെന്ന് 560 രൂപ കുറഞ്ഞ് പവന് 44,240 രൂപ ആയി.ക്രിപ്‌റ്റോ കറന്‍സികള്‍ കയറിയിറങ്ങി. ബിറ്റ്‌കോയിന്‍ 27,250 ലേക്കു കയറി. ഡോളര്‍ ഒരു പൈസ താഴ്ന്ന് 82.40 രൂപ ആയി. രാജ്യാന്തര തലത്തില്‍ ഡോളര്‍ സൂചിക 104.04 ലേക്കു കയറി. ഇന്നു രാവിലെ 104.12 ലാണ്.
റിക്കോര്‍ഡ് നിക്ഷേപവുമായി വിദേശികള്‍
മേയ് മാസത്തില്‍ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ 43,838 കോടി രൂപ നിക്ഷേപിച്ചു. ഒന്‍പതു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
ഏപ്രിലില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7936 കോടി രൂപയുമാണ് അവര്‍ നിക്ഷേപിച്ചത്. 2022 ഓഗസ്റ്റിലെ 51,204 കോടി രൂപ നിക്ഷേപം കഴിഞ്ഞാലുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
മേയില്‍ വിദേശികള്‍ ചൈനയില്‍ നിന്നു പണം പിന്‍വലിക്കുകയായിരുന്നു.വിദേശനിക്ഷേപത്തിന്റെ ബലത്തില്‍ മേയ് മാസത്തില്‍ സെന്‍സെക്‌സ് 1510 പോയിന്റും നിഫ്റ്റി 485 പോയിന്റും നേട്ടമുണ്ടാക്കി.സ്വദേശി ഫണ്ടുകള്‍ മേയില്‍ 3306 കോടി രൂപയുടെ ഓഹരികള്‍ വിറ്റു ലാഭമെടുത്തു
പണനയ കമ്മിറ്റി എന്തു തീരുമാനിക്കും?
റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) നാളെ യോഗമാരംഭിക്കും. വ്യാഴാഴ്ച രാവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കും. റീപോ നിരക്കില്‍ മാറ്റം വരുത്തുകയില്ലെന്നാണ് ധനകാര്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏപ്രിലിലെ യോഗവും നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
അമേരിക്കന്‍ ഫെഡ് അടുത്തയാഴ്ച നിരക്കു വര്‍ധിപ്പിക്കും എന്നാണു സൂചന. അവിടെ വിലക്കയറ്റ നിരക്ക് സാവധാനമാണു കുറയുന്നത്. തൊഴില്‍ വിപണിയില്‍ ഒട്ടും ക്ഷീണം ഉണ്ടായിട്ടുമില്ല. ആ സാഹചര്യമല്ല ഇന്ത്യയില്‍. വിലക്കയറ്റം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മേയിലെ വിലക്കയറ്റം അഞ്ചു ശതമാനത്തിനു താഴെയാകും എന്നാണു നിഗമനം.
കഴിഞ്ഞ പാദത്തിലെ ജിഡിപി വളര്‍ച്ച തൃപ്തികരമാണെങ്കിലും കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ച നിരക്ക് സാധിക്കാന്‍ നിരക്കുകള്‍ താഴ്ന്നു നിന്നേ മതിയാകൂ എന്നു പൊതുവേ കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു ശേഷം റീപോ നിരക്ക് പല തവണയായി നാലില്‍ നിന്ന് 6.5 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.
വാണിജ്യബാങ്കുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ പണയമായി നല്‍കി റിസര്‍വ് ബാങ്കില്‍ നിന്നു പണം വായ്പയെടുക്കുമ്പോള്‍ നല്‍കുന്ന പലിശയാണു റീപോ നിരക്ക്. അടിയന്തരഘട്ടത്തില്‍ എടുക്കുന്ന ഈ ഏകദിന വായ്പയുടെ നിരക്ക് വിപണിയിലെ പലിശ നിരക്കുകളെയെല്ലാം ക്രമീകരിക്കുന്ന അടിസ്ഥാന നിരക്കായി കരുതപ്പെടുന്നു.
വിപണി സൂചനകള്‍
(2023 ജൂണ്‍ 02, വെള്ളി)
സെന്‍സെക്‌സ് 30 62,547.11 +0.19%
നിഫ്റ്റി 50 18,534.10 +0.25%
ബാങ്ക് നിഫ്റ്റി 43,937.80 +0.34%
മിഡ് ക്യാപ് 100 33,966.80 +0.46%
സ്‌മോള്‍ക്യാപ് 100 10,321.60 +0.50%
ഡൗ ജോണ്‍സ് 30 33,762.80 + 2.12%
എസ് ആന്‍ഡ് പി 500 4282.37 +1.45%
നാസ്ഡാക് 13,240.80 +1.07%
ഡോളര്‍ ($) ?82.40 - 0.01പൈസ
ഡോളര്‍ സൂചിക 104.04 +0.48
സ്വര്‍ണം(ഔണ്‍സ്) $1948.50 -$27.10
സ്വര്‍ണം(പവന്‍ ) ?44,240 -?560.00
ക്രൂഡ് (ബ്രെന്റ്)ഓയില്‍ $76.13 +$1.75