വിപണിക്കു പുതിയ വെല്ലുവിളികള്‍; ടാറ്റാ മോട്ടോഴ്‌സ് വിഭജിക്കുന്നു, ഐ.ടി മേഖലയെ തരം താഴ്ത്തി, സ്വര്‍ണവും ബിറ്റ്കോയിനും റെക്കോര്‍ഡിലേക്ക്

ഇന്ത്യന്‍ വിപണിക്കു തിരക്കേറിയ ദിവസമാകും ഇന്ന്. ടാറ്റാ മോട്ടോഴ്‌സ് വിഭജിക്കുന്നതടക്കമുളള സംഭവങ്ങള്‍ ഇന്നു വിപണിയെ സ്വാധീനിക്കും. വിദേശ ബ്രോക്കറേജ് സി.എല്‍.എസ്.എ ഇന്നലെ രാത്രി ടി.സി.എസ് അടക്കം ഐ.ടി മേഖലയെ തരംതാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയതും വിപണിയെ ബാധിക്കും. പലിശ കുറയും എന്ന അഭ്യൂഹത്തില്‍ സ്വര്‍ണവില റെക്കോര്‍ഡിലേക്കു കുതിക്കുന്നതും ക്രിപ്‌റ്റോ കറന്‍സികള്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതും വിപണി മനോഭാവത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ രാത്രി ഗിഫ്റ്റ് നിഫ്റ്റി 22,515ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,495 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണികള്‍
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. വ്യാഴാഴ്ച യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ കാര്യത്തില്‍ എന്തു പറയും എന്നാണു വിപണി കാതോര്‍ക്കുന്നത്. വിലക്കയറ്റം കുറഞ്ഞു വരുന്നെങ്കിലും തല്‍ക്കാലം നിരക്കുകളില്‍ മാറ്റം വരുത്തുകയില്ലെന്നാണു നിഗമനം.
യു.എസ് വിപണി തിങ്കളാഴ്ച താഴ്ചയിലായി. കാറുകള്‍ക്കു ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച ടെസ്‌ല ഓഹരി ഏഴും യൂറോപ്പില്‍ 200 കോടി ഡോളറിന്റെ പിഴശിക്ഷ കിട്ടിയ ആപ്പിള്‍ രണ്ടരയും ശതമാനവും ഇടിഞ്ഞു. എന്‍വിഡിയ മൂന്നും സൂപ്പര്‍ മൈക്രോ കംപ്യൂട്ടര്‍ 18 ശതമാനവും ഉയര്‍ന്നു.
ഡൗ ജോണ്‍സ് സൂചിക 97.55 പോയിന്റ് (0.25%) താഴ്ന്ന് 38,989.80 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 6.13 പോയിന്റ് (0.12%) കുറഞ്ഞ് 5130.95 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
നാസ്ഡാക് 67.43 പോയിന്റ് (0.41%) താഴ്ന്ന് 16,207.50 ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് താഴ്ചയിലാണ്. ഡൗ 0.15 ശതമാനവുംം എസ് ആന്‍ഡ് പി 0.18 ശതമാനവും നാസ്ഡാക് 0.31 ശതമാനവും ശതമാനം താണു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.217 ശതമാനമായി ഉയര്‍ന്നു.
ചൈന 2024ലെ സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യം അഞ്ചു ശതമാനത്തിനടുത്ത് സൂചിപ്പിക്കും എന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക അറിയിപ്പ് വന്നില്ല. നിരീക്ഷകര്‍ 4.6 ശതമാനം വളര്‍ച്ചയാണു പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5.2 ശതമാനമായിരുന്നു വളര്‍ച്ച. അഞ്ചു ശതമാനം സാധിക്കണമെങ്കില്‍ വലിയ ഉത്തേജന പദ്ധതികള്‍ വേണ്ടി വരും. ഏതായാലും വിപണികള്‍ ഈ ലക്ഷ്യത്തില്‍ വിശ്വാസം പ്രകടിപ്പിച്ചില്ല. ചൈനയിലടക്കം ഏഷ്യയില്‍ എങ്ങും വിപണികള്‍ താഴ്ചയിലായി.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം തുടങ്ങിയിട്ട് കുറേ താഴ്ന്നാണു ക്ലോസ് ചെയ്തത്. ഉയര്‍ന്ന വിലയില്‍ ലാഭമെടുത്തു മാറാനുളള സമ്മര്‍ദം തുടരുകയാണ്. എങ്കിലും തുടര്‍ച്ചയായ മൂന്നാം ദിവസവും തലേന്നത്തേക്കാള്‍ ഉയര്‍ന്ന് റെക്കോഡ് ക്ലോസിംഗ് സാധിച്ചു.
സെന്‍സെക്‌സ് 66.14 പോയിന്റ് (0.09%) ഉയര്‍ന്ന് 73,872.29ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 27.20 പോയിന്റ് (0.12%) കയറി 22,405.60 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 158.60 പോയിന്റ് (0.34%) ഉയര്‍ന്ന് 47,456.10 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.20 ശതമാനം കയറി 49,248.90 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.51 ശതമാനം താഴ്ന്ന് 16,087.25 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 564.06 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3542.87 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റിക്ക് ഇന്ന് 22,370ലും 22,320ലും പിന്തുണയുണ്ട്. 22,415ലും 22,485ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 82.80 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 78.53 ഡോളറിലേക്കു താണു. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.78 ഡോളറിലേക്കു താഴ്ന്നു.
ടാറ്റാ മോട്ടോഴ്‌സ് വിഭജിക്കുന്നു
ടാറ്റാ മോട്ടാേഴ്‌സ് കമ്പനി വിഭജിച്ചു രണ്ടു കമ്പനികളായി ലിസ്റ്റ് ചെയ്യും. വാണിജ്യ വാഹന ബിസിനസ് ടാറ്റാ മോട്ടോഴ്‌സ് എന്ന പേരില്‍ തുടരും. യാത്രാവാഹന ബിസിനസ് മറ്റൊരു പേരില്‍ ലിസ്റ്റ് ചെയ്യും. ടാറ്റാ മോട്ടോഴ്‌സിലെ ഓഹരി ഉടമകള്‍ക്കു രണ്ടു കമ്പനികളുടെയും തുല്യ സംഖ്യ ഓഹരികള്‍ ലഭിക്കും.
നിലവില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ 1.11 ലക്ഷം കോടി രൂപയുടെ ത്രൈമാസ വരുമാനത്തില്‍ 18 ശതമാനം മാത്രമാണു വാണിജ്യ വാഹനങ്ങള്‍ നല്‍കുന്നത്. 70 ശതമാനം ജഗ്വാര്‍ ലാന്‍ഡ് റോവറും 12 ശതമാനം മറ്റു യാത്രാവാഹനങ്ങളുമാണ് നല്‍കുന്നത്. വിഭജനം കാര്‍ ബിസിനസിന്റെ, പ്രത്യേകിച്ച് ഇലക്ട്രിക് കാറുകളുടെ നേട്ടങ്ങള്‍ മുതലാക്കാന്‍ സഹായിക്കും. വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ നിലവിലെ വലിയ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ അവസരം ലഭിക്കും എന്നാണു പ്രതീക്ഷ. വിഭജന-ലിസ്റ്റിംഗ് പ്രക്രിയ 15 മാസത്തോളം എടുക്കും.
ടാറ്റാ മോട്ടോഴ്‌സ് ഓഹരി ഇന്നലെ 995 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയ ശേഷം 988.90 രൂപയില്‍ ക്ലോസ് ചെയ്തു. ഒരു വര്‍ഷം കൊണ്ട് 125 ശതമാനം ഉയര്‍ന്ന ഓഹരി 2024ല്‍ 25 ശതമാനം കയറി.
റിലയന്‍സ് റെക്കോഡില്‍
റിലയന്‍സ് ഓഹരി ഇന്നലെ ആദ്യമായി 3,000 രൂപയ്ക്കു മുകളില്‍ കയറി. 3024.90 രൂപവരെ എത്തിയിട്ട് 3,009ല്‍ ക്ലോസ് ചെയ്തു. ഒരു വര്‍ഷം കൊണ്ട് 37 ശതമാനവും 2024ല്‍ 16 ശതമാനവും നേട്ടം ഓഹരിക്ക് ഉണ്ടായി. മോട്ടിലാല്‍ ഓസ്വാള്‍ 3,210 രൂപയും ജെഫെറീസ് 3,140 രൂപയും എലാറ സെക്യൂരിറ്റീസ് 3,354 രൂപയും മോര്‍ഗന്‍ സ്റ്റാന്‍ലി 3,046 രൂപയുമാണു റിലയന്‍സിനു വച്ചിട്ടുള്ള ലക്ഷ്യവില.
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിനു റിസര്‍വ് ബാങ്ക് വിലക്ക്
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന്റെ സ്വര്‍ണപ്പണയ ബിസിനസ് റിസര്‍വ് ബാങ്ക് വിലക്കി. നിബന്ധനകള്‍ പാലിക്കാത്തതിനാണ് ഉടന്‍ പ്രാബല്യത്തില്‍ വന്ന വിലക്ക്. അനുവദനീയമായതില്‍ കൂടുതല്‍ തുക വായ്പ നല്‍കുന്നതാണ് പ്രധാന ചട്ടലംഘനം എന്നാണു സൂചന. കമ്പനിയുടെ വായ്പകളില്‍ 32 ശതമാനം സ്വര്‍ണപ്പണയത്തിലാണ്. ഡിസംബറിലെ കണക്കനുസരിച്ച് 25,000 കോടി രൂപ സ്വര്‍ണപ്പണയ വായ്പയായി നല്‍കിയിട്ടുണ്ട്.
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന് എതിരായ നടപടിയുടെ പേരില്‍ മറ്റു സ്വര്‍ണപ്പണയ കമ്പനികളുടെ ഓഹരികളിലും ചില ചലനങ്ങള്‍ ഉണ്ടാകാം.
സ്വര്‍ണം വലിയ കുതിപ്പില്‍
സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചു കയറുകയാണ്. ഇന്നലെ ഔണ്‍സിന് 2,100 ഡോളര്‍ കടന്ന സ്വര്‍ണം ഇന്നു രാവിലെ 2,114 ഡോളറിലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മേയിലും എത്തിയ 2,155 ഡോളര്‍ വരെ യു.എസ് ഫ്യൂച്ചേഴ്‌സ് വില എത്തുമോ എന്നാണ് എല്ലാവരും നോക്കുന്നത്.
യു.എസ് ഫെഡ് താമസിയാതെ പലിശ കുറയ്ക്കും എന്ന അഭ്യൂഹമാണു വിപണിയുടെ കുതിപ്പിനു പിന്നില്‍. കഴിഞ്ഞ വെള്ളിയാഴ്ച യു.എസ് ഫാക്ടറി ഉല്‍പാദന സര്‍വേ ഉല്‍പാദനം 16-ാമത്തെ മാസവും കുറഞ്ഞു എന്നു കാണിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ നടത്തിയ കണ്‍സ്യൂമര്‍ സര്‍വേ ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയുന്നതായും കാണിച്ചു. സമ്പദ്ഘടന മാന്ദ്യത്തിലേക്കു പോകാതിരിക്കണമെങ്കില്‍ പലിശ കുറയ്ക്കല്‍ പോലുള്ള ഉത്തേജകങ്ങള്‍ അവതരിപ്പിക്കേണ്ട സമയം ഇതാണെന്നു കുറേപ്പേര്‍ വിലയിരുത്തി. ഇതാണു വെള്ളിയാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ണവിലയെ വല്ലാതെ കയറ്റിയത്.
നാളെയും വ്യാഴാഴ്ചയും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ യു.എസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കുന്നുണ്ട്. അദ്ദേഹം പലിശയെപ്പറ്റി പറയുന്നതിനെ വ്യാഖ്യാനിച്ച് വിപണി ഉയരുകയോ ഇടിയുകയോ ചെയ്യാം.
കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ പവന് 47,000 രൂപയില്‍ തുടര്‍ന്നു. ഇന്നു വില ഗണ്യമായി കൂടും.
ഡോളര്‍ സൂചിക തിങ്കളാഴ്ച 103.82 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.85 ലാണ്.
ഡോളര്‍ തിങ്കളാഴ്ച ഒരു പൈസ കുറഞ്ഞ് 82.89 രൂപയില്‍ ക്ലോസ് ചെയ്തു.
ബിറ്റ്‌കോയിന്‍ റെക്കോഡ് വിലയിലേക്ക്
ക്രിപ്‌റ്റോ കറന്‍സികള്‍ കുതിച്ചു കയറുകയാണ്. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 68,000 ഡോളറിനു മുകളില്‍ എത്തി. 2021ല്‍ 69,000 സ്പര്‍ശിച്ച ബിറ്റ്‌കോയിന്‍ പുതിയ റെക്കോഡ് സ്ഥാപിക്കും എന്നാണു വിപണിയിലെ സംസാരം. കഴിഞ്ഞ ഒരു മാസം കൊണ്ട് ബിറ്റ്‌കോയിന്‍ വില 50 ശതമാനം വര്‍ധിച്ചു. ഒരു വര്‍ഷം കൊണ്ട് 206 ശതമാനമായിരുന്നു വര്‍ധന.
ക്രിപ്‌റ്റോ ഇ.ടി.എഫുകള്‍ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) അനുവദിച്ച ശേഷം ക്രിപ്‌റ്റോകളിലേക്കു നിക്ഷേപക താല്‍പര്യം വര്‍ധിച്ചു. ഈ വര്‍ഷം ആദ്യം തുടങ്ങിയ ഇ.ടി.എഫുകള്‍ ഇതിനകം 5,000 കോടി ഡോളര്‍ നിക്ഷേപം സമാഹരിച്ചു കഴിഞ്ഞു. ഈ ഇ.ടി.എഫുകളാണ് ഇപ്പോള്‍ വിപണിയിലുള്ള ബിറ്റ് കോയിനിന്റെ നാലു ശതമാനം കൈവശം വയ്ക്കുന്നത്.
തിങ്കളാഴ്ചത്തെ വില വച്ച് ബിറ്റ് കോയിന്‍ വിപണിമൂല്യം 1.29 ലക്ഷം കോടി ഡോളര്‍ ആണെന്നു കോയിന്‍ ഗെക്കോ എന്ന ക്രിപ്‌റ്റോ ഡാറ്റാ കേന്ദ്രം കണക്കാക്കുന്നു. ക്രിപ്‌റ്റോകളുടെ മൊത്തം വിപണിമൂല്യം മൂന്നു ലക്ഷം കോടി ഡോളര്‍ കടന്നു. പുതിയ നിക്ഷേപകര്‍ ക്രിപ്‌റ്റോകളിലേക്കു ധാരാളമായി വന്നു ചേരുന്നുണ്ട്.
ബിറ്റ് കോയിന്‍ ഇന്നു രാവിലെ 10 ശതമാനം ഉയര്‍ന്ന് 68,850 ഡോളര്‍ ആയി. ഇനിയും കയറും എന്നാണു സൂചന. ഈഥര്‍ അടക്കം മറ്റു ക്രിപ്‌റ്റോകളും കയറുകയാണ്.

വിപണിസൂചനകള്‍ (2024 മാര്‍ച്ച് 04, തിങ്കള്‍)

സെന്‍സെക്‌സ്30 73,872.29 +0.09%
നിഫ്റ്റി50 22,405.60 +0.12%
ബാങ്ക് നിഫ്റ്റി 47,456.10 +0.34%
മിഡ് ക്യാപ് 100 49,248.90 +0.20%
സ്‌മോള്‍ ക്യാപ് 100 16,087.25 -0.51%
ഡൗ ജോണ്‍സ് 30 38,989.80 -0.25%
എസ് ആന്‍ഡ് പി 500 5130.95 -0.12%
നാസ്ഡാക് 16,207.50 -0.41%
ഡോളര്‍ ($) ₹82.89 -₹0.01
ഡോളര്‍ സൂചിക 103.82 -0.04
സ്വര്‍ണം (ഔണ്‍സ്) $2115.50 +$31.70
സ്വര്‍ണം (പവന്‍) ₹47,000 ? 00.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.80 -$0.75
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it