ആവേശത്തോടെ വിദേശ ഫണ്ടുകളും ഇന്ത്യയിലേക്ക്; മുഖ്യ സൂചികകൾ പ്രധാന നാഴികക്കല്ല് മറികടക്കാൻ ഒരുങ്ങുന്നു
വിദേശനിക്ഷേപകർ ആവേശപൂർവം ഇന്ത്യൻ വിപണിയിലേക്കു തിരിച്ച് വരുന്നു. ബി.ജെ.പി വിജയത്തിനു പിന്നാലെ വിദേശ പണ പ്രവാഹം വിപണിയെ ഇനിയും ഉയരങ്ങളിലേക്കു നയിക്കും. ഈ വിശ്വാസം ഇന്നും വിപണികളെ നല്ല കയറ്റത്തിനു സഹായിക്കും. നിഫ്റ്റി 21,000 പോയിന്റും സെൻസെക്സ് 70,000 പോയിന്റും കീഴടക്കുന്ന ദിവസമായി ഇന്നു മാറിയാൽ അത്ഭുതം വേണ്ട. ലാഭത്തിൽ വിറ്റു മാറാൻ ആഗ്രഹിക്കുന്നവരുടെ വിൽപന സമ്മർദം തുടരും. എന്നാൽ ഇനിയും അവസരം കിട്ടില്ലെന്നു കരുതി ഓടിയെത്തി വാങ്ങുന്ന വിദേശ നിക്ഷേപ ഫണ്ടുകളും റീട്ടെയിൽ നിക്ഷേപകരും കൂടി വിപണിയെ ഉയർത്തുകയാണ്. ബിഗ് ക്യാപ് ഓഹരികളിലാണു കൂടുതൽ വാങ്ങൽ. മിഡ് ക്യാപ്പിലും സ്മോൾ ക്യാപ്പിലും വിൽപനക്കാരാണു കൂടുതൽ.
പശ്ചാത്യ വിപണികൾ നഷ്ടത്തിൽ അവസാനിച്ചു. എന്നാൽ ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ആവേശത്തോടെ ഉയർന്നു വ്യാപാരം തുടങ്ങി. അതും ഇന്ത്യൻ വിപണിയെ കയറ്റും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ തിങ്കൾ രാത്രി ഗിഫ്റ്റ് നിഫ്റ്റി 20,999.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,040 വരെ കയറി. ഇന്ത്യൻ വിപണി ഇന്നും ഉയർച്ചയോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. അമേരിക്കയിൽ എടി ആൻഡ് ടിയുടെ പുതിയ ടെലികോം ശൃംഖല സ്ഥാപിക്കാനുള്ള കോൺട്രാക്റ്റ് കിട്ടാതെ പോയത് നോകിയ ഓഹരിയെ എട്ടര ശതമാനം താഴ്ത്തി. കരാർ ലഭിച്ച എറിക്സൺ നാലര ശതമാനം ഉയർന്നു.
യു.എസ് വിപണി തുടർച്ചയായ രണ്ടാം ദിവസവും താഴ്ന്നു. ഡൗ ജോൺസ് 79.88 പോയിന്റ് (0.22%) താഴ്ന്ന് 36,124.56ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 2.60 പോയിന്റ് (0.06%) കുറഞ്ഞ് 4567.18 ൽ അവസാനിച്ചു. നാസ്ഡാക് 44.42 പോയിന്റ് (0.31%) കയറി 14,229.91 ലും അവസാനിച്ചു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.167 ശതമാനമായി താഴ്ന്നു. സെപ്റ്റംബറിനു ശേഷം ഇതാദ്യമാണു 4.2 നു താഴെയാകുന്നത്.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.19 ഉം എസ് ആൻഡ് പി 0.27 ഉം നാസ്ഡാക് 0.42 ഉം ശതമാനം കയറി നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു നല്ല നേട്ടത്തിലാണ്. ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ വിപണികൾ എല്ലാം അര ശതമാനത്തിലധികം ഉയർന്നു. ജപ്പാനിൽ നിക്കൈ 1.6 ശതമാനം കുതിച്ചു. ചൈനീസ് മാർക്കറ്റ് താഴ്ചയിലാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി
ബി.ജെ.പി വിജയത്തിന്റെ ആവേശം ഇന്നലെയും ഇന്ത്യൻ വിപണിയെ ഉയർത്തി. എന്നാൽ ലാഭമെടുക്കലിനുള്ള വിൽപനസമ്മർദം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളെ താഴ്ത്തി.
രാജ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഇന്നലെ 346.47 ലക്ഷം കോടി (ട്രില്യൺ) രൂപയായി. കഴിഞ്ഞ ആറു വ്യാപാര ദിനം കൊണ്ട് വിപണി മൂല്യത്തിൽ 20 ലക്ഷം കോടിയുടെ വർധന ഉണ്ടായി.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെയും വലിയ മുന്നേറ്റം നടത്തി. ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പാേർട്ട് അപ്രസക്തമാണെന്ന് യു.എസ് സർക്കാർ ഏജൻസിയായ ഇന്റർനാഷണൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ കണ്ടെത്തിയിരുന്നു എന്ന റിപ്പോർട്ടാണ് ഗ്രൂപ്പ് ഓഹരികൾ കുതിച്ചു കയറാൻ കാരണം. ഇതോടെ ഗ്രൂപ്പിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപയുടെ അടുത്തായി.
ഹിൻഡൻബർഗ് റിപ്പോർട്ട് വരും മുമ്പ് 19.2 ലക്ഷം കോടി രൂപ വിപണിമൂല്യം ഉണ്ടായിരുന്നു ഗ്രൂപ്പിന്. ഇന്നലെ ചില ഗ്രൂപ്പ് കമ്പനികൾ 20 ശതമാനം വരെ കയറി. അദാനി ഗ്രൂപ്പിൽ 400 കോടി ഡോളർ നിക്ഷേപിച്ച് ഗ്രൂപ്പിനെ താങ്ങി നിർത്തിയ ജി.ക്യു.ജി ഗ്രൂപ്പിന്റെ നിക്ഷേപം 600 കോടി ഡോളറിലേക്കു വളർന്നു.
സെൻസെക്സ് ചാെവ്വാഴ്ച 431.02 പോയിന്റ് (0.63%) ഉയർന്ന് 69,296.14 ലും നിഫ്റ്റി 168.30 പോയിന്റ് (0.81%) കയറി 20,855.10 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 580.85 പോയിന്റ് (1.25%) ഉയർന്ന് 47,012.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.47 ശതമാനം ഉയർന്ന് 44,122.90 ലും സ്മോൾ ക്യാപ് സൂചിക 0.11 ശതമാനം കയറി 14,453.55 ലും അവസാനിച്ചു.
ഐ.ടി, മീഡിയ, റിയൽറ്റി, എഫ്.എം.സി.ജി, ഹെൽത്ത് കെയർ മേഖലകൾ ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. മെറ്റൽ സൂചിക ഇന്നലെ 3.07 ശതമാനം ഉയർന്നു. ബാങ്ക്, ധനകാര്യ സേവന, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹന മേഖലകൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ ചാെവ്വാഴ്ച സമീപകാലത്തെ ഏറ്റവും വലിയ നിക്ഷേപമാണ് ഇന്ത്യൻ ഓഹരികളിൽ നടത്തിയത്. അവർ ക്യാഷ് വിപണിയിൽ 5223.51 കാേടിയുടെ ഓഹരികൾ വാങ്ങി. ഈ മാസം മൂന്നു ദിവസവും വിദേശികൾ വാങ്ങലുകാരായിരുന്നു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1399.18 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി ബുള്ളിഷ് ആക്കം തുടരുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ ആറു ദിവസം വിപണി പുതിയ ഉയരം താണ്ടി. ഓരോ ദിവസവും നിരന്തരം ഉയർന്ന ക്ലോസിംഗ് നിലയും ഇൻട്രാ ഡേയിലെ ഉയർന്ന നിലയും കാണിക്കുന്നു. റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ് പോലുള്ള സൂചകങ്ങൾ ഇനിയും കയറാനുള്ള കരുത്ത് കാണിക്കുന്നതായി അവർ പറയുന്നു. അതേസമയം മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ ഇന്നലെ ദുർബലമായ കയറ്റം കാഴ്ച വച്ചത് ആശങ്ക പകരുന്ന കാര്യമാണ്.
നിഫ്റ്റിക്ക് ഇന്ന് 20,755 ലും 20,655 ലും പിന്തുണ ഉണ്ട്. 20,870 ഉം 20,965 ഉം തടസങ്ങളാകാം. ടിൻ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ചാെവ്വാഴ്ച വലിയ ഇടിവിലായി. അലൂമിനിയം 0.83 ശതമാനം താണ് ടണ്ണിന് 2166.15 ഡോളറിലായി. ചെമ്പ് 1.94 ശതമാനം ഇടിഞ്ഞു ടണ്ണിന് 8252.95 ഡോളറിലെത്തി. ലെഡ് 2.40-ഉം നിക്കൽ 1.71 ഉം സിങ്ക് 2.02 ഉം ശതമാനം താഴ്ന്നു. ടിൻ 0.42 ശതമാനം ഉയർന്നു
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ചാെവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ ഒരു ശതമാനം താണ് 77.02 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 72.32 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 77.20 ഡോളർ ആയി കയറി. യു.എ.ഇയുടെ മർബൻ ക്രൂഡ് 77.24 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണവില ഉയർന്ന നിലവാരത്തിൽ ചാഞ്ചാടുകയാണ്.ചാെവ്വാഴ്ച ഔൺസിന് 2040 ഡോളർ വരെ കയറിയിട്ടു താണ് 2019.80 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 2021.50 ഡോളർ ആയി.
കേരളത്തിൽ പവൻവില ചാെവ്വാഴ്ച കുത്തനെ ഇടിഞ്ഞു. 800 രൂപ കുറഞ്ഞ് 46,080 രൂപയായി പവന്. ഇന്നും വില കുറയാം.
ഡോളർ ഇന്നലെ ലോകവിപണിയിൽ ഉയർന്നു. ഡോളർ സൂചിക 104.05 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.92 ലേക്കു താണു.
ചാെവ്വാഴ്ചയും ഡോളർ താഴ്ന്നു തുടങ്ങിയെങ്കിലും ഒടുവിൽ ഒരു പൈസ കയറി 83.38 രൂപയിൽ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറൻസികൾ കയറ്റം തുടരുകയാണ്. ബിറ്റ്കോയിൻ ചാെവ്വാഴ്ച 44,000 ഡോളറിന് മുകളിലായി. ഇന്നു രാവിലെ 44,260 ലാണ്. അടുത്ത ലക്ഷ്യം 48,000 എന്നു കണക്കാക്കി ക്രിപ്റ്റോകളിലേക്കു കൂടുതൽ നിക്ഷേപകർ എത്തുന്നുണ്ട്. ക്രിപ്റ്റോ ഇടിഎഫുകൾക്കു യുഎസിൽ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷ പടർന്നിട്ടുണ്ട്.
സേവനമേഖലയുടെ വളർച്ച ദുർബലം
നവംബറിലെ സർവീസസ് പി.എം.ഐ 56.9 ആയി കുറഞ്ഞു. തലേ മാസം 58.4 ആയിരുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന സൂചികയാണിത്. സേവന മേഖലയിലെ വളർച്ച തുടരുന്നുണ്ടെങ്കിലും വളർച്ചയുടെ ആക്കം കുറഞ്ഞു എന്നാണ് സൂചികയിലെ വലിയ ഇടിവ് കാണിക്കുന്നത്. സേവന മേഖലയിലെ കയറ്റുമതി ഓർഡറുകൾ ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
ഫാക്ടറി ഉൽപാദന പി.എം.ഐ കൂടി ചേർത്തുള്ള സംയുക്ത പി.എം.ഐ നവംബറിൽ 57.4 ലേക്കു താഴ്ന്നു. ഒക്ടോബറിൽ 58.4 ആയിരുന്നു.
ചൈനയുടെ വളർച്ച കുറയും; റേറ്റിംഗ് താഴ്ത്തി മൂഡീസ്
ചൈനയുടെ സാമ്പത്തിക വളർച്ച താഴോട്ടു നീങ്ങുന്നതു ശരിവച്ചു കൊണ്ട് റേറ്റിംഗ് ഏജൻസി മൂഡീസ് ചൈനീസ് സർക്കാർ കടങ്ങളുടെ റേറ്റിംഗ് എ വൺ നെഗറ്റീവ് (A1- ) ആക്കി. ചെെനീസ് റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയും പ്രാദേശിക ഭരണകൂടങ്ങളുടെ കടക്കെണിയും ആണ് ഇതിലേക്കു നയിച്ചത്. ഇതുവരെ എ വൺ ഭദ്രം (സ്റ്റേബിൾ) എന്നായിരുന്നു റേറ്റിംഗ്.
കടക്കെണിയിലായ പ്രാദേശിക ഭരണകൂടങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും രക്ഷിക്കാൻ ദേശീയ ഭരണകൂടം ഇറങ്ങേണ്ടി വരും. അതോടെ ഗവണ്മെന്റിന്റെ ധനനില അപകടാവസ്ഥയിലാകും : മൂഡീസ് വിലയിരുത്തി.
ചൈനീസ് ജി.ഡി.പി വളർച്ച 2024-ലും 2025ലും നാലു ശതമാനം മാത്രമായിരിക്കുമെന്നു മൂഡീസ് കണക്കാക്കി. 2026-29 കാലയളവിൽ പ്രതിവർഷ വളർച്ച 3.8 ശതമാനമായി കുറയും. 2030 -ൽ വളർച്ച 3.5 ശതമാനമായിരിക്കും. ഇക്കൊല്ലം അഞ്ചു ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്.
വിപണിസൂചനകൾ (2023 ഡിസംബർ 05, ചാെവ്വ)
സെൻസെക്സ്30 69,296.14 +0.63%
നിഫ്റ്റി50 20,855.10 +0.81%
ബാങ്ക് നിഫ്റ്റി 47,012.25 +1.25%
മിഡ് ക്യാപ് 100 44,122.90 +0.47%
സ്മോൾ ക്യാപ് 100 14,453.55 +0.11%
ഡൗ ജോൺസ് 30 36,124.60 -0.22%
എസ് ആൻഡ് പി 500 4567.18 -0.06%
നാസ്ഡാക് 14,229.90 +0.30%
ഡോളർ ($) ₹83.38 +₹0.01
ഡോളർ സൂചിക 104.05 +0.34
സ്വർണം (ഔൺസ്) $2019.80 -$10.30
സ്വർണം (പവൻ) ₹46,280 -₹800.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $77.02 -$1.01