നാലാം പാദ ഫലങ്ങൾ നിർണായകം; വിദേശസൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ വില താഴുന്നു; വിപ്രോ സി.ഇ.ഒ മാറി

വിദേശ സൂചനകൾ പോസിറ്റീവായി. ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനം ഇടിഞ്ഞു. ഇന്ന് ഇന്ത്യൻ വിപണിക്കു കയറ്റത്തിനു തക്ക സാഹചര്യം ഉണ്ട്. വെള്ളിയാഴ്ച താഴ്ചയിൽ നിന്നു കയറി ഫ്ലാറ്റ് ആയി ക്ലോസ് ചെയ്ത വിപണിക്ക് ഇന്നു നേട്ടം പ്രതീക്ഷിച്ചാണ് നിക്ഷേപകർ വ്യാപാരത്തിനു വരുന്നത്. ഈയാഴ്ച വന്നു തുടങ്ങുന്ന നാലാം പാദ ഫലങ്ങളും യു.എസ് ചില്ലറ വിലക്കയറ്റവും ആണു വിപണിഗതിയെ നിയന്ത്രിക്കുക.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,674ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,660ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം താഴ്ന്നു ക്ലോസ് ചെയ്തു. റീട്ടെയിൽ കമ്പനികൾക്കാണു വലിയ താഴ്ച.

യു.എസ് വിപണി വെള്ളിയാഴ്ച ഒരു ശതമാനം ഉയർന്നെങ്കിലും ആഴ്ചയിൽ രണ്ടു ശതമാനത്തിലധികം താണു. മാർച്ചിലെ യു.എസ് തൊഴിൽ നേട്ടം വിപണിക്കു കരുത്തായി. മാർച്ചിൽ കാർഷികേതര തൊഴിൽ സംഖ്യയിൽ 3.03 ലക്ഷത്തിൻ്റെ വർധനയുണ്ട്. രണ്ടു ലക്ഷമാണു പ്രതീക്ഷിച്ചിരുന്നത്. ശരാശരി വേതനത്തിൽ 4.1 ശതമാനം വാർഷിക വർധന ഉണ്ട്. തൊഴിലും വേതനവും കൂടുന്നതു സമ്പദ്ഘടന കരുത്തോടെ മുന്നേറും എന്നു കാണിക്കുന്നു. ഇതു കമ്പനികളുടെ ലാഭം വർധിപ്പിക്കും ഉപഭോക്താക്കളെ കൂടുതൽ ചെലവു ചെയ്യാൻ പ്രേരിപ്പിക്കും. ഈ വ്യാഖ്യാനമാണ് ഓഹരികളെ കയറ്റിയത്.

ബുധനാഴ്ച വരുന്ന ചില്ലറ വിലക്കയറ്റം 3.5 ശതമാനം വർധന കാണിക്കും എന്നാണു പ്രതീക്ഷ. ഫെബ്രുവരിയിലെ 0.4 ശതമാനം പ്രതിമാസ വർധന മാർച്ചിൽ 0.2 ശതമാനമായി കുറയും എന്നാണ് കണക്കാക്കുന്നത്. പത്തു വർഷ യു.എസ് കടപ്പത്ര വില താഴ്ന്ന് നിക്ഷേപനേട്ടം 4.4 ശതമാനമാകുന്ന നിലയിൽ എത്തി.

ഡൗ ജോൺസ് സൂചിക 307.06 പോയിൻ്റ് (0.80%) ഉയർന്ന് 38,904.04ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 57.13 പോയിൻ്റ് (1.11%) കയറി 5204. 34ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 199.44 പോയിൻ്റ് (1.24%) കുതിച്ച് 16,248.52ൽ എത്തി. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.16 ശതമാനവും എസ് ആൻഡ് പി 0.11 ശതമാനവും നാസ്ഡാക് 0.10 ശതമാനം കയറി നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.4 ശതമാനം കയറി 39,500നു മുകളിലായി. ചൈനയിൽ കേന്ദ്രബാങ്ക് ടെക് കമ്പനികൾക്കു വലിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വിപണി താഴ്ചയിലാണ്.

ഇന്ത്യൻ വിപണി

വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ടു കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. റിസർവ് ബാങ്കിൻ്റെ പണനയം തികച്ചും പ്രതീക്ഷിച്ച രീതിയിലായിരുന്നു. നിരക്കുകളിലും സമീപനത്തിലും മാറ്റം വേണ്ട എന്ന് പണനയ കമ്മിറ്റി തീരുമാനിച്ചു. ഒന്നിനെതിരേ അഞ്ചു വോട്ടിനാണു തീരുമാനം. റീപോ നിരക്ക് (വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശ) 6.5 ശതമാനത്തിൽ തുടരും. മറ്റു താക്കോൽ നിരക്കുകളിലും മാറ്റമില്ല. തുടർച്ചയായ ഏഴാം തവണയാണു റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റമില്ലാതെ നയം പ്രഖ്യാപിച്ചത്.

2024-25 വർഷം ജി.ഡി.പി വളർച്ച എഴു ശതമാനമാകും എന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു. ഒന്നാം പാദത്തിൽ 7.1 (നേരത്തേ കണക്കാക്കിയത് 7.2), രണ്ടാം പാദത്തിൽ 7.1(72), മൂന്നാം പാദത്തിൽ 7.0 (7.0), നാലാം പാദത്തിൽ 7.0(6.9) എന്നിങ്ങനെയാകും വളർച്ച. ഈ ധനകാര്യ വർഷം ചില്ലറ വിലക്കയറ്റം 4.5 ശതമാനമാകുമെന്നാണ് നിഗമനം. നാലു ശതമാനം എന്ന ലക്ഷ്യം ഇക്കൊല്ലവും സാധിക്കില്ല. നയപ്രഖ്യാപനത്തിനു ശേഷം മുഖ്യ സൂചികകൾ നഷ്ടം നികത്തി. രൂപയും കുറേ ദിവസങ്ങൾക്കു ശേഷം നേട്ടം ഉണ്ടാക്കി.

സെൻസെക്സ് 20.59 പോയിന്റ് (0.03%) ഉയർന്ന് 74,248.22ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 0.95 പോയിന്റ് (0.00%) താഴ്ന്നു 22,513.70ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 432.05 പോയിന്റ് (0.90%) കയറി 48,493.05ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.56 ശതമാനം ഉയർന്ന് 50,022.85 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.84 ശതമാനം കയറി 16,355.35ൽ വ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1659.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3370.42 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ഏപ്രിലിൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 325 കോടി രൂപ പിൻവലിച്ചു. മാർച്ചിൽ 35,000 കോടിയിൽപരം രൂപ നിക്ഷേപിച്ച ശേഷമാണിത്. അതേസമയം വിദേശികൾ ഏപ്രിലിലെ അഞ്ചു വ്യാപാരദിനം കൊണ്ട് കടപ്പത്രങ്ങളിൽ 1215 കോടി രൂപ നിക്ഷേപിച്ചു.

നിഫ്റ്റി 22,500നു മുകളിൽ ക്ലോസ് ചെയ്തത് കുതിപ്പ് തുടരാൻ സാഹചര്യം ഒരുക്കുന്നു എന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്ന് 22,450ലും 22,380ലും പിന്തുണ ഉണ്ട്. 22,525ലും 22,605ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

വിപ്രോ വിദേശി സി.ഇ.ഒ മാറി; ശ്രീനിവാസ് പിള്ള പിൻഗാമി

വിപ്രോയുടെ സി.ഇ.ഒ തിയറി ഡിലാപോർട്ട് രാജിവച്ചു. കാലാവധിക്ക് ഒരു വർഷം മുൻപാണ് രാജി. കമ്പനിയുടെ അമേരിക്കാ വിഭാഗം സി.ഇ.ഒ ആയിരുന്ന ശ്രീനിവാസ് പിള്ളയെ പിൻഗാമിയായി നിയമിച്ചു.

ഫ്രഞ്ചുകാരനായ ഡിലാപോർട്ട് പാരീസിൽ ഇരുന്നാണു കാര്യങ്ങൾ നടത്തിയിരുന്നത്. കമ്പനിയുടെ ഓഹരിവില അദ്ദേഹത്തിൻ്റെ കാലത്ത് 116 ശതമാനം വർധിച്ചു. ഇതേ കാലത്തു ടി.സി.എസ് 81 ശതമാനവും ഇൻഫോസിസ് 94 ശതമാനവും കോഗ്നിസൻ്റ് 27 ശതമാനവും നേട്ടമാണ് ഓഹരി വിലയിൽ ഉണ്ടാക്കിയത്. എന്നാൽ വരുമാനവും ലാഭമാർജിനും വർധിപ്പിക്കുന്നതിൽ ഡിലാപോർട്ട് വിജയമായില്ല. ചുമതലയേറ്റ ആദ്യ വർഷം കാപ്കോയെ ഏറ്റെടുത്തും കൂടുതൽ കരാറുകൾ നേടിയെടുത്തും വരുമാനം 27 ശതമാനം വർധിപ്പിച്ച അദ്ദേഹത്തിനു പിന്നീട് നേട്ടം നിലനിർത്താനായില്ല.

കമ്പനിയിലെ നിരവധി സീനിയർ മാനേജർമാർ രാജിവച്ചു പോയി. ഡിലാപോർട്ട് കൊണ്ടുവന്ന പുതിയ മാനേജർമാർ അധികകാലം തുടർന്നുമില്ല. ഇതെല്ലാം വിപ്രോയുടെ ആദ്യത്തെ വിദേശി സി.ഇ.ഒ എന്നാണു പോകുക എന്ന ചോദ്യത്തിലേക്കാണു നയിച്ചത്. പുതിയ സാരഥി ശ്രീനിവാസ് പിള്ള 32 വർഷമായി വിപ്രോയിൽ പ്രവർത്തിക്കുന്നു. യു.എസിലെ ന്യൂ ജേഴ്സിയിലാകും പിള്ളയുടെ ഓഫീസ്.

സ്വർണം ചാഞ്ചാടുന്നു

കഴിഞ്ഞ വെള്ളിയാഴ്ച സ്വർണം റെക്കോർഡ് കുറിച്ച് ഔൺസിന് 2330.20 ഡോളറിലാണു ക്ലോസ് ചെയ്തത്. തലേന്നത്തേക്കാൾ 1.3 ശതമാനം കുതിപ്പ്. എന്നാൽ ഇന്നു രാവിലെ സ്വർണവില കുത്തനേ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു. രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണം 1.2 ശതമാനം ഇടിഞ്ഞ് 2302 ഡോളറിൽ എത്തി. പിന്നീടു കയറി 2321 ഡോളർ ആയി.

അമേരിക്കയിൽ സർക്കാർ കടപ്പത്രങ്ങളുടെ വിലയിടിഞ്ഞ് അവയിലെ നിക്ഷേപനേട്ടം 4.42 ശതമാനത്തിലേക്ക് കയറി. യു.എസിലെ തൊഴിൽ സംഖ്യയും വേതനവും പ്രതീക്ഷയിലധികം വർധിച്ചത് പലിശകുറയ്ക്കൽ വൈകിക്കും എന്ന ആശങ്കയാണു തിങ്കളാഴ്ച രാവിലെ സ്വർണവിപണിയുടെ മലക്കം മറിച്ചിലിനു കാരണം.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണം പവന് 360 രൂപ കുറഞ്ഞ് 51,320 രൂപയായി. ശനിയാഴ്ച 960 രൂപകൂടി 52,280 രൂപ എന്ന റെക്കോർഡ് കുറിച്ചു.

ഡോളർ സൂചിക വെള്ളിയാഴ്ച 104.30ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.42 വരെ കയറിയിട്ടു 104.35 ലേക്കു താഴ്ന്നു. വെള്ളിയാഴ്ച രൂപ ഉയർന്നു. ഡോളർ 83.44 രൂപയിൽ നിന്ന് 83.30 രൂപയിലേക്കു താഴ്ന്നു.

വിദേശനാണ്യ ഡെറിവേറ്റീവ് വ്യാപാരത്തിനു റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ നിയന്ത്രണം നടപ്പാക്ക മേയ് മൂന്നു വരെ നീട്ടിയതാണു രൂപയെ സഹായിച്ചത്. യുഎസ് ഡോളർ വീണ്ടും കരുത്തു കാണിക്കുന്നതും യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കയറുന്നതും രൂപയ്ക്കു തിരിച്ചടിയാകാം.

ക്രൂഡ് ഓയിൽ താഴോട്ട്

91 ഡോളറിനു മുകളിൽ എത്തിയ ക്രൂഡ് ഓയിൽ വെള്ളിയാഴ്ചയും ഇന്നും ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ട് അഞ്ചു ശതമാനത്തിലധികം താഴ്ചയായി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 88.95 ലും ഡബ്ള്യു.ടി.ഐ ഇനം 84.96 ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.10 ഡോളറിലും ആണ്. ക്രിപ്റ്റോകറൻസികൾ വാരാന്ത്യത്തിൽ നില മെച്ചപ്പെടുത്തി. ബിറ്റ്കോയിൻ 69,400 ഡോളറിനു മുകളിലായി.

വിപണിസൂചനകൾ (2024 ഏപ്രിൽ 05, വെള്ളി)

സെൻസെക്സ്30 74,248.22 +0.03%

നിഫ്റ്റി50 22,513.70 -0.00%

ബാങ്ക് നിഫ്റ്റി 48,493.05 +0.90%

മിഡ് ക്യാപ് 100 50,022.85 +0.56%

സ്മോൾ ക്യാപ് 100 16,355.35 +0.84%

ഡൗ ജോൺസ് 30 38,904.04 +0.80%

എസ് ആൻഡ് പി 500 5204.34 +1.11%

നാസ്ഡാക് 16,248.52 +1.24%

ഡോളർ ($) ₹83.30 -₹0.14

ഡോളർ സൂചിക 104.30 +0.17

സ്വർണം (ഔൺസ്) $2330.20 +$38.50

സ്വർണം (പവൻ) ₹52,280 +₹960.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $90.22 -$00.87

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it