വിപണി ഉറ്റു നോക്കുന്നത് വിലക്കയറ്റവും ഫെഡ് നയവും; ചാഞ്ചാട്ടം പ്രതീക്ഷിച്ചു വിപണി; ക്രൂഡ് ഓയില്‍ 82 ഡോളര്‍ കടന്നു; ഡോളര്‍ കരുത്തില്‍ രൂപ താഴുന്നു

നിര്‍ണായക പ്രാധാന്യമുള്ള കണക്കുകളും നയവും പ്രഖ്യാപിക്കുന്ന ദിവസമാണ് ഇന്ന്
വിപണി ഉറ്റു നോക്കുന്നത് വിലക്കയറ്റവും ഫെഡ് നയവും; ചാഞ്ചാട്ടം പ്രതീക്ഷിച്ചു വിപണി; ക്രൂഡ് ഓയില്‍ 82 ഡോളര്‍ കടന്നു; ഡോളര്‍ കരുത്തില്‍ രൂപ താഴുന്നു
Published on

ഇന്ത്യയും ചൈനയും യുഎസുമടക്കം വിവിധ രാജ്യങ്ങളിലെ വിലക്കയറ്റം, ഫെഡ് നയപ്രഖ്യാപനം, ഇന്ത്യയുടെ കയറ്റുമതി, വ്യവസായ ഉല്‍പാദനം - നിര്‍ണായക പ്രാധാന്യമുള്ള കണക്കുകളും നയവും പ്രഖ്യാപിക്കുന്ന ദിവസമാണ് ഇന്ന്. അതിനെ ചൊല്ലിയുള്ള ആകാംക്ഷയും ആശങ്കയും എല്ലാ വിപണികളിലും പ്രകടമാണ്. ഇന്ത്യന്‍ വിപണിയിലും അതിന്റെ അനിശ്ചിതത്വം ഇന്നു കാണും. ഇന്നത്തെ വിപണിസമയം കഴിഞ്ഞ ശേഷമാണ് പ്രധാനകണക്കുകളും നയപ്രഖ്യാപനവും വരിക. അവയുടെ പ്രതികരണം നാളത്തെ വ്യാപാരത്തില്‍ കാണാം.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,318 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,309 ആയി. ഇന്ത്യന്‍ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും താഴ്ന്നു. അമേരിക്കന്‍ ഫെഡ് തീരുമാനവും സമീപനവും കാത്തിരിക്കുകയാണു വിപണി. ബാങ്ക് മേഖല രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

യുഎസ് വിപണികള്‍ ചൊവ്വാഴ്ച ഭിന്ന ദിശകളിലായി. ഡൗ ജോണ്‍സ് ചെറിയ താഴ്ചയില്‍ അവസാനിച്ചപ്പോള്‍ എസ് ആന്‍ഡ് പിയും നാസ്ഡാകും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇന്നു ചില്ലറ വിലക്കയറ്റ കണക്കും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനവും വരുന്നുണ്ട്. ചില്ലറവിലക്കയറ്റം 3.4% ലും ഇന്ധന - ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുളള കാതല്‍ വിലക്കയറ്റം 3.5%ലും നില്‍ക്കും എന്നാണു വിപണിയുടെ കണക്കുകൂട്ടല്‍. ഫെഡ് പലിശ കുറയ്ക്കല്‍ നവംബറിലേ തുടങ്ങൂ എന്നാണു വിപണി ഇപ്പോള്‍ കരുതുന്നത്.

ഡൗ ജോണ്‍സ് സൂചിക 120.62 പോയിന്റ് (0.31%) താഴ്ന്നു 38,747.42 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 14.53 പോയിന്റ് (0.27%) ഉയര്‍ന്ന് 5375.32 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 15102 പോയിന്റ് (0.88%) കയറി 17,343.55 ല്‍ ക്ലോസ് ചെയ്തു.

നിര്‍മിതബുദ്ധി മേഖലയില്‍ വലിയ നിക്ഷേപം പ്രഖ്യാപിച്ച ആപ്പിള്‍ ഇന്നലെ 7.26 ശതമാനം കുതിച്ച് 207.15 ഡോളര്‍ എന്ന റെക്കോര്‍ഡ് കുറിച്ചു. ആപ്പിളിന്റെ നിലവിലെ വിപണി മൂല്യം 3.18 ട്രില്യന്‍ ഡോളറാണ്. നാസ്ഡാകും എസ് ആന്‍ഡ് പിയും പുതിയ ഉയരങ്ങളില്‍ എത്തിയത് ഇതേ തുടര്‍ന്നാണ്. വ്യാപാര സമയത്തിനു ശേഷം റിസല്‍ട്ട് പ്രഖ്യാപിച്ച ഓറക്കിള്‍ ക്ലൗഡ് കംപ്യൂട്ടിംഗിലേക്കു വലിയ പ്രവേശനം പ്രഖ്യാപിച്ചതു വിപണിയെ ആകര്‍ഷിച്ചു. ഓഹരി 8.8 ശതമാനം കുതിച്ചു.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.06 ശതമാനം താണു. എസ് ആന്‍ഡ് പി 0.02 ഉം നാസ്ഡാക് 0.06 ഉം ശതമാനം ഉയര്‍ന്നു.

പത്തു വര്‍ഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.402 ശതമാനമായി കുറഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ താഴ്ചയിലാണ് ജപ്പാനിലും ഓസ്‌ട്രേലിയയിലും സൂചികകള്‍ അര ശതമാനം താഴ്ന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച ഉയര്‍ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിനു ശേഷം കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് താഴ്ന്നും നിഫ്റ്റി ഉയര്‍ന്നും അവസാനിച്ചു. രണ്ടു സൂചികകളും തലേന്നു കുറിച്ച റെക്കോര്‍ഡില്‍ നിന്നു തുലോം താഴ്ന്ന നിലവരെയേ ഇന്‍ട്രാ ഡേയില്‍ കയറിയുള്ളു. ലാഭമെടുക്കലിന്റെ ഫലമായി സെന്‍സെക്‌സ് ദിവസത്തിലെ ഉയര്‍ന്ന നിലയില്‍ നിന്ന് 550 പോയിന്റ് താഴ്ന്നു.

ഇന്ത്യയിലെയും യുഎസിലെയും ചില്ലറ വിലക്കയറ്റം, യുഎസ് ഫെഡ് തീരുമാനം എന്നിവ അറിവായ ശേഷമേ വിപണി ദിശാബോധം വീണ്ടെടുക്കൂ. ഇവയില്‍ അപ്രതീക്ഷിത മാറ്റം വന്നാല്‍ വലിയ ചാഞ്ചാട്ടമോ ഇടിവോ ഉണ്ടാകാം.

സെന്‍സെക്‌സ് 33.49 പോയിന്റ് (0.044%) നഷ്ടത്തില്‍ 76,456.59 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 5.65 പോയിന്റ് (0.02%) കയറി 23,264.85 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.15% കുറഞ്ഞ് 49,705.75 ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.81 ശതമാനം ഉയര്‍ന്ന് 53,666.50 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.55% കയറി 17,571.60 ല്‍ അവസാനിച്ചു.

വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച വീണ്ടും വില്‍പനക്കാരായി. ക്യാഷ് വിപണിയില്‍ അവര്‍ 111.04 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3193.29 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഐടി കമ്പനികള്‍ ഇന്നലെ രാവിലെ ഗണ്യമായി ഉയര്‍ന്നിട്ടു ക്ലോസിംഗില്‍ ദുര്‍ബലമായി. നിഫ്റ്റി ഐടി 0.02 ശതമാനം മാത്രം കയറി. രാത്രി യുഎസില്‍ ഇന്‍ഫോസിസിന്റെ എഡിആര്‍ ഒന്നും വിപ്രോ എഡിആര്‍ രണ്ടരയും ശതമാനം താണു. ബാങ്ക് , ധനകാര്യ മേഖലകള്‍ ഇന്നലെ താഴ്ന്നു. ഓയില്‍ - ഗ്യാസ്, റിയല്‍റ്റി, വാഹന മേഖലകള്‍ ഉയര്‍ന്നു.

വോഡഫോണ്‍ ഐഡിയ ഡയറക്ടര്‍ ബോര്‍ഡ് നാളെ ചേരുന്നുണ്ട്. നോകിയ, എറിക്‌സണ്‍ എന്നീ കമ്പനികള്‍ക്കു കൊടുക്കാനുളള പണത്തിനു പകരം ഓഹരി നല്‍കാനാണു യോഗം ചേരുന്നത്.

നിഫ്റ്റിക്ക് ഇന്ന് 23,185 ലും 23,115 ലും പിന്തുണ ഉണ്ട്. 23,370ഉം 23,485 ഉം തടസങ്ങളാകും.

സ്വര്‍ണം ചാഞ്ചാടുന്നു

പലിശക്കാര്യത്തിലെ അനിശ്ചിതത്വം മൂലം സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്.

ഇന്നലെ അല്‍പം ഉയര്‍ന്ന് ഔണ്‍സിന് (31.1 ഗ്രാം) 2317.20 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2313 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ ഇന്നലെ സ്വര്‍ണവില 120 രൂപ കൂടി 52,680 രൂപയായി.

വെള്ളിവില ഔണ്‍സിന് 29.24 ഡോളറായി. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 95,000 രൂപയായി കുറഞ്ഞു.

ഡോളര്‍ കയറുന്നു

ഡോളര്‍ സൂചിക ചൊവ്വാഴ്ച ഉയര്‍ന്ന് 105.23 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.29 ലാണ്. ഫെഡ് നയപ്രഖ്യാപനം കഴിയുമ്പോള്‍ ഡോളര്‍ അല്‍പം താഴുമെന്നു പ്രതീക്ഷിക്കുന്നവര്‍ ഉണ്ട്.

രൂപ ചൊവ്വാഴ്ചയും താഴ്ന്നു. ഡോളര്‍ എട്ടു പൈസ കൂടി 83.57 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് ആണ് ഇത്.

ക്രൂഡ് ഓയില്‍ 82 ഡോളര്‍ കടന്നു

ക്രൂഡ് ഓയില്‍ കയറ്റം തുടരുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 81.92 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയര്‍ന്ന് 82.10 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 78.17 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.17 ഡോളറിലുമാണ്.

വ്യാവസായിക ലോഹങ്ങള്‍ ഇടിവ് തുടരുന്നു. ചെമ്പ് 1.32 ശതമാനം താണു ടണ്ണിന് 9566.75 ഡോളറില്‍ എത്തി. അലൂമിനിയം 1.33 ശതമാനം ഇടിഞ്ഞ് 2537.72 ഡോളറായി. സിങ്ക് 2.85 ശതമാനം താഴ്ന്ന് 2709.38 ഡോളറില്‍ എത്തി.

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 3.5 ശതമാനം താണ് 67,000 ഡോളറിലായി. ഈഥര്‍ അഞ്ചു ശതമാനം ഇടിഞ്ഞ് 3500 ഡോളറിനു താഴെയായി. ഫെഡ് നയം വന്ന ശേഷമേ വിപണി ഇനി ദിശ കണ്ടെത്തൂ.

വിപണിസൂചനകള്‍

(2024 ജൂണ്‍ 11, ചാെവ്വ)

സെന്‍സെക്‌സ് 30 76,456.59 -0.044%

നിഫ്റ്റി50 23,264.85 +0.024%

ബാങ്ക് നിഫ്റ്റി 49,705.75 -0.15%

മിഡ് ക്യാപ് 100 53,666.50 +0.81%

സ്‌മോള്‍ ക്യാപ് 100 17,571.60 +0.55%

ഡൗ ജോണ്‍സ് 30 38,747.40 -0.31%

എസ് ആന്‍ഡ് പി 500 5375. 32 +0.27%

നാസ്ഡാക് 17,343.60 +0.88%

ഡോളര്‍($) ₹83.50 +?0.13

ഡോളര്‍ സൂചിക 105.23 +0.08

സ്വര്‍ണം (ഔണ്‍സ്) $2317.20 +$06.00

സ്വര്‍ണം (പവന്‍) ₹52,680 ?120

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.92 +$0.29

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com