ഏഷ്യൻ വിപണികൾ ചുവപ്പിൽ; ഇൻഫോസിസ് എ.ഡി.ആർ ഇടിഞ്ഞു; വീണ്ടും പലിശപ്പേടി; ചില്ലറ വിലക്കയറ്റത്തിൽ വലിയ ആശ്വാസം
അമേരിക്കയിലെ ചില്ലറ വിലക്കയറ്റം കുറയാതിരുന്നതു വീണ്ടും പലിശപ്പേടി വളർത്തി. യുഎസ് വിപണിക്കു പിന്നാലെ ഇന്നു രാവിലെ ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലായി.
ഐടി കമ്പനികളുടെ ഇടിവ് വരുത്തിയ ആഘാതത്തിൽ ഇന്നലെ അൽപം താഴ്ന്ന ഇന്ത്യൻ വിപണി ഇന്നു വീണ്ടും ആശങ്കയിലാണ്. ഇൻഫോസിസിന്റെ അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ് ആറര ശതമാനം ഇടിഞ്ഞിരുന്നു. വിപ്രോയുടേത് 3.6 ശതമാനം താണു.
ഇന്ത്യയുടെ ചില്ലറ വിലക്കയറ്റത്തിലെ വലിയ ഇടിവും വ്യവസായ ഉൽപാദനത്തിലെ വലിയ കുതിച്ചുചാട്ടവും വിപണിക്ക് ഉണർവായി മാറുമോ എന്ന് ആരും ഉറപ്പു പറയുന്നില്ല.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,675 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,700 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെയും ഭിന്നദിശകളിൽ നീങ്ങി. സ്റ്റോക്സും എഫ്ടിഎസ്ഇയും കയറി. ജർമൻ, ഫ്രഞ്ച് സൂചികകൾ താണു. യുകെയുടെ ഓഗസ്റ്റിലെ ജിഡിപി 0.2 ശതമാനം പ്രതിമാസ വളർച്ച കാണിച്ചു. എണ്ണവില ഉയരുമെന്നു വിപണി കരുതുന്നു.
ചില്ലറ വിലക്കയറ്റം ഉയർന്നു നിന്ന സാഹചര്യത്തിൽ യുഎസ് വിപണി വ്യാഴാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 173.73 പോയിന്റ് (0.51%) താണ് 33,631.14 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 27.34 പോയിന്റ് (0.62%) താഴ്ന്ന് 4349.61 ൽ അവസാനിച്ചു. നാസ്ഡാക് 85.46 പോയിന്റ് (0.63%) ഇടിവിൽ 13,544.22ലും ക്ലോസ് ചെയ്തു.
വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായതോടെ കടപ്പത്രവില താഴ്ന്നു നിക്ഷേപനേട്ടം ഉയർന്നു. പലിശക്കാര്യത്തിൽ വീണ്ടും ആശങ്കയായി. യുഎസ് 10 വർഷ കടപ്പത്രങ്ങൾ 4.7 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിലേക്കു താണു. ഡോളർ സൂചിക കുതിച്ചു കയറി.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ താഴ്ന്നു തുടങ്ങിയിട്ടു നഷ്ടം കുറച്ചു. കൊറിയൻ വിപണി മുക്കാൽ ശതമാനത്തോളം താണു.
ചെെനയിലും ഓഹരികൾ താഴ്ന്നു. ചൈനയിൽ സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റം നാമമാത്രമായിരുന്നു. വിപണി പ്രതീക്ഷിച്ചതിലും കുറവായി അത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു താഴ്ചയിലേക്കു മാറി. ഐടി കമ്പനികളുടെ ഇടിവാണു മുഖ്യസൂചികകളെ താഴ്ത്തിയത്. എന്നാൽ വിശാലവിപണി നേട്ടത്തിലായിരുന്നു. ഐടി ഭീമന്മാരുടെ ഇടിവു മൂലം സെൻസെക്സിൽ 175 പോയിന്റാണു കുറഞ്ഞത്. സെൻസെക്സ് 64.66 പോയിന്റ് (0.10%) താഴ്ന്ന് 66,408.39 ൽ അവസാനിച്ചു. നിഫ്റ്റി 17.35 പോയിന്റ് (0.09%) കുറഞ്ഞ് 19,794 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 82.3 പോയിന്റ് (0.18%) കയറി 44,599.2 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.17 ശതമാനം ഉയർന്ന് 40,555.5 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.65 ശതമാനം കയറി 12,950.95-ൽ അവസാനിച്ചു.
വിദേശ നിക്ഷേപകർ വിൽപന തുടർന്നു. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 1862.57 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1532.08 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നലെ ഐടി സൂചിക 1.67 ശതമാനം തകർച്ചയിലായി. ഇൻഫോസിസ് 2.8 ടിസിഎസ് 1.85 ഉം എച്ച്സിഎൽ 1.78 ഉം ശതമാനം താഴ്ന്നു. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും നഷ്ടത്തിലായിരുന്നു. ഓട്ടോ, മെറ്റൽ, മീഡിയ, ഓയിൽ - ഗ്യാസ് തുടങ്ങിയവ നല്ല നേട്ടമുണ്ടാക്കി.
ഇന്ത്യൻ വിപണി കുതിപ്പ് തുടരും എന്ന വിശ്വാസം പല ബ്രോക്കറേജുകളും പ്രകടിപ്പിക്കുന്നു. ഇന്നു നിഫ്റ്റിക്ക് 19,775 ലും 19,730 ലും പിന്തുണ ഉണ്ട്. 19,830 ഉം 19,875 ഉം തടസങ്ങളാകും.
അലൂമിനിയവും ലെഡും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. അലൂമിനിയം 0.79 ശതമാനം താണു ടണ്ണിന് 2199.85 ഡോളറിലായി. ചെമ്പ് 0.64 ശതമാനം ഉയർന്നു ടണ്ണിന് 7994.65 ഡോളറിലെത്തി. ലെഡ് 1.27 ശതമാനം താണു. സിങ്ക് 0.19 ഉം ടിൻ 1.06 ഉം നിക്കൽ 0.97 ഉം ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെന്റ് ഇനം ക്രൂഡ് 86 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.43 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 86.35 ഡോളറിലേക്കു കയറി. യുഎഇയുടെ മർബൻ ക്രൂഡ് 88.08 ഡോളറിൽ വ്യാപാരം നടക്കുന്നു.
പലിശഭീഷണി വീണ്ടും തല പൊക്കിയത് സ്വർണവിലയെ അൽപം താഴ്ത്തി. വ്യാഴാഴ്ച 1869.9 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1874 ലേക്ക് കയറി.
കേരളത്തിൽ ഇന്നലെ പവൻവില 280 രൂപ ഉയർന്ന് 43,200 രൂപയിൽ എത്തി.
ഡോളർ വ്യാഴാഴ്ച അഞ്ചു പെെസ കൂടി 83.24 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 106.60 ലേക്ക് ഉയർന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.49 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 26,820 നു സമീപമാണ്.
വരുമാനപ്രതീക്ഷ താഴ്ത്തി ഇൻഫിയും എച്ച്സിഎലും
ഇൻഫോസിസ് ടെക്നോളജീസും എച്ച്സിഎൽ ടെക്നോളജീസും ഇന്നലെ പ്രസിസീകരിച്ച രണ്ടാം പാദ റിസൽട്ടുകൾ ടിസിഎസിന്റെ പാതയിൽ തന്നെയാണു വന്നത്. വരുമാന പ്രതീക്ഷ താഴ്ത്തി. ജോലിക്കാരുടെ എണ്ണം കുറച്ചു.
ഇൻഫോസിസിന്റെ മൊത്തലാഭ മാർജിൻ 21.2 ഉം എച്ച്സിഎലിന്റേത് 18.5 ഉം ശതമാനമാണ്. ടിസിഎസിന്റേത് 24.3 ശതമാനം. വരുമാന വളർച്ച ഇൻഫിക്ക് 2.5 ഉം എച്ച്സിഎലിന് 3.4 ഉം ശതമാനമാണ്. ഇൻഫിക്ക് 770 കോടി ഡോളറിന്റെ കരാറുകൾ ലഭിച്ചു.
ഇൻഫോസിസ് ഈ വർഷം വരുമാനവർധനയുടെ പ്രതീക്ഷ 3.5 ൽ നിന്നു 2.5 ശതമാനമായി കുറച്ചു. ഇൻഫോസിസ് എ.ഡി.ആർ ഇന്നലെ യു.എസ് വിപണിയിൽ 6.53 ശതമാനം ഇടിഞ്ഞു. പിന്നീട് അനൗപചാരിക വ്യാപാരത്തിൽ ഒരു ശതമാനം കയറി.
ചില്ലറ വിലക്കയറ്റം ഇടിഞ്ഞു, വ്യവസായ ഉൽപാദനം കുതിച്ചു
ചില്ലറ വിലക്കയറ്റം സെപ്റ്റംബറിൽ കുത്തനേ ഇടിഞ്ഞു. തലേ മാസത്തെ 6.83ൽ നിന്ന് 5.02 ശതമാനമായിട്ടാണു താഴ്ച. ജൂലൈയിൽ 7.41 ശതമാനമായിരുന്നു.
ഭക്ഷ്യവില വർധന 9.94 ൽ നിന്ന് 6.56 ശതമാനമായി താണു. പച്ചക്കറികളുടെ വിലവർധന 26.1 ശതമാനത്തിൽ നിന്നു 3.4 ശതമാനത്തിലേക്കു വീണു. ഇന്ധന- വൈദ്യുതി വിലകൾ 4.31 ശതമാനം കയറ്റത്തിൽ നിന്ന് 0.11 ശതമാനം കുറവിലേക്ക് ഇടിഞ്ഞു.
ചില്ലറവിലയിലെ ഈ ആശ്വാസം വരുന്ന മാസങ്ങളിൽ തുടരാനിടയില്ല എന്നു റിസർവ് ബാങ്ക് സൂചിപിച്ചിരുന്നു. ഓഗസ്റ്റിലെ വ്യവസായ ഉൽപാദന സൂചിക 10.3 ശതമാനം വർധിച്ചു. ജൂലൈയിൽ ആറു ശതമാനമായിരുന്നു വളർച്ച.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉൽപാദനം 0.7 ശതമാനം കുറഞ്ഞതു മൂലമുള്ള കണക്കുകൂട്ടൽ നേട്ടവും ഇത്തവണ ലഭിച്ചു. ഉത്സവ സീസണിലേക്കുള്ള ഉൽപാദനം ആണ് ഓഗസ്റ്റിൽ ഫക്ടറി പ്രവർത്തനം വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ഉൽപാദനം കുറഞ്ഞ മേഖലകൾ ഇത്തവണ തിരിച്ചു കയറി.
വിപണി സൂചനകൾ
(2023 ഒക്ടോബർ 12, വ്യാഴം)
സെൻസെക്സ് 30 66,408. 39 -0.10%
നിഫ്റ്റി 50 19,794.00 -0.09%
ബാങ്ക് നിഫ്റ്റി 44,599.9 +0.18%
മിഡ് ക്യാപ് 100 40,555.50 +0.17%
സ്മോൾ ക്യാപ് 100 12,950.95 +0.65%
ഡൗ ജോൺസ് 30 33,631.14 -0.51%
എസ് ആൻഡ് പി 500 4349.61 -0.62%
നാസ്ഡാക് 13,574.22 -0.63%
ഡോളർ ($) ₹83.19 -₹0.06
ഡോളർ സൂചിക 106.60 +00.78
സ്വർണം(ഔൺസ്) $1869.90 -$05.40
സ്വർണം(പവൻ) ₹43,200 +₹280.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $86.00 +$0.18