വീണ്ടും ബുൾ ആവേശം; കുതിപ്പു പ്രതീക്ഷിച്ചു നിക്ഷേപകർ; ഏഷ്യൻ വിപണികൾ ഉയരുന്നു; പലിശഭീഷണി അകലെ
മിഡ്, സ്മോൾ ക്യാപ് ഓഹരികൾ തിരികെക്കയറി ആശ്വാസം പകർന്നു. നിഫ്റ്റി 20,000 നു മുകളിൽ ക്ലോസ് ചെയ്തു ചരിത്രമെഴുതി. സെൻസെക്സ് റെക്കോർഡിനു 142 പോയിന്റ് അടുക്കലായി. യുഎസ് ചില്ലറ വിലക്കയറ്റം കൂടുതലാണെങ്കിലും പലിശകൂട്ടൽ ഭീഷണി ഇല്ലെന്നു വിലയിരുത്തൽ. ഏഷ്യൻ വിപണികൾ നല്ല കയറ്റത്തിൽ. വിപണിയിൽ ആവേശത്തുടർച്ചയ്ക്കു പറ്റിയ അന്തരീക്ഷം. ഇന്ത്യൻ വിപണിയിൽ ഇന്നു കുതിപ്പ് പ്രതീക്ഷിച്ചാണു നിക്ഷേപകർ നീങ്ങുന്നത്. ഒപ്പം ലാഭമെടുക്കൽ സമ്മർദവും ഉണ്ടാകും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 20,146-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,185 നു മുകളിലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ബുധനാഴ്ചയും ഇടിവിലായിരുന്നു. യുഎസ് ചില്ലറ വിലക്കയറ്റം വർധിച്ചത് ആശങ്ക കൂട്ടി. ചെെന അനധികൃത സബ്സിഡി നൽകുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെപ്പറ്റി യൂറോപ്യൻ യൂണിയൻ അന്വേഷണം പ്രഖ്യാപിച്ചത് വാഹന കമ്പനികളുടെ വിലയിടിച്ചു.
യുഎസ് വിപണികൾ ഇന്നലെ ഭിന്നദിശകളിലായിരുന്നു. ഡൗ ജോൺസ് 70.46 പോയിന്റ് (0.20%) താണ് 34,575.5 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.54 പോയിന്റ് (0.12%) കയറി 4467.44 ലും നാസ്ഡാക് 39.97 പോയിന്റ് (0.29%) ഉയർന്ന് 13,813.6 ലും ക്ലോസ് ചെയ്തു.
ആപ്പിളിന്റെ ഐഫോൺ 15 വിലപ്രഖ്യാപനവും വിപണിയെ രസിപ്പിച്ചില്ല ആപ്പിൾ ഓഹരി രണ്ടാം ദിവസവും ഒന്നര ശതമാനം താഴ്ന്നു.
യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.02 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഇന്ന് ഓഗസ്റ്റിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കുകൾ പുറത്തുവരും. ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 4.3 ശതമാനം ആയിരിക്കുമെന്നാണു നിഗമനം. ജൂലൈയിൽ 4.7 ശതമാനമായിരുന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ കയറ്റത്തിലായി. ജാപ്പനീസ്, കൊറിയൻ വിപണികൾ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി
ഇന്നു ഷാങ്ഹായ് വിപണി നേരിയകയറ്റത്തിലാണ് വ്യാപാരം തുടങ്ങിയത്. ഹോങ് കോങ് വിപണി കാൽ ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി
ചൊവ്വാഴ്ച മിഡ്, സ്മോൾ ക്യാപ് ഓഹരികളിലുണ്ടായ കൂട്ടത്തകർച്ച തുടരുമെന്ന പ്രതീതി ജനിപ്പിച്ചാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. എന്നാൽ ഒന്നര മണിക്കൂറിനു ശേഷം കാറ്റു മാറി. മിഡ് ക്യാപ് സൂചിക 39,603 വരെ താഴ്ന്ന ശേഷം 642 പോയിന്റ് (1.6 ശതമാനം) തിരിച്ചു കയറി. സ്മോൾ ക്യാപ് സൂചിക താഴ്ചയിൽ നിന്നു 2.28 ശതമാനം ഉയർന്നാണു വ്യാപാരം അവസാനിപ്പിച്ചത്. ഒന്നര ദിവസത്തെ നഷ്ടങ്ങൾ നികത്തിയിലെങ്കിലും നിക്ഷേപകരെ ആശ്വസിപ്പിക്കുന്നതായി ഈ തിരിച്ചു കയറ്റം.
റെയിൽവേ, പ്രതിരോധ, കപ്പൽ നിർമാണ ഓഹരികൾ ഇപ്പോഴും താഴ്ന്നാണു നിൽക്കുന്നത്. ബാങ്കുകൾ ശക്തമായി തിരിച്ചു കയറി.
മിഡ്, സ്മോൾ ക്യാപ് ഓഹരികളുടെ തിരിച്ചുവരവ് വിപണി വീണ്ടും ബുള്ളിഷ് ആകാൻ സഹായിച്ചു. തലേന്നത്തേത് ഉയർന്ന വിലയിലെ സാധാരണ ലാഭമെടുക്കൽ മാത്രമാണെന്ന വ്യാഖ്യാനവും പ്രചരിച്ചു. മുഖ്യ സൂചികകൾ മികച്ച നേട്ടത്തിലായി. നിഫ്റ്റി ആദ്യമായി 20,000 നു മുകളിൽ ക്ലോസ് ചെയ്തു ചരിത്രം കുറിച്ചു.
സെൻസെക്സ് 245.86 പോയിന്റ് (0.37%) ഉയർന്ന് 67,466.99ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 76.80 പോയിന്റ് (0.38%) കയറി 20,070.00ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 398.1 പോയിന്റ് (0.87%) ഉയർന്ന് 45,909.45 ൽ ക്ലോസ് ചെയ്തു.
വിശാലവിപണി നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ് സൂചിക 0.19 ശതമാനം കയറി 40,245.10 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.02 ശതമാനം ഉയർന്ന് 12,576.65 ൽ അവസാനിച്ചു.
വിദേശഫണ്ടുകൾ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1631.63 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 849.86 കോടിയുടെ ഓഹരികളാണു വാങ്ങിയത്.
വിപണി ബുള്ളിഷ് കരുത്ത് വീണ്ടെടുത്തെന്നും 20,150 ലെ പ്രതിരോധം ശക്തമായി കടക്കാനായാൽ മുന്നേറ്റം നീണ്ടു നിൽക്കുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്നു 19,980 ലും 19,890 ലും പിന്തുണ ഉണ്ട്. 20,100 ഉം 20, 190 ഉം തടസങ്ങളാകാം.
ഐടിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സൂചിക 4.23 ശതമാനം ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ചയും ഭിന്നദിശകളിൽ നീങ്ങി.അലൂമിനിയം 0.96 ശതമാനം കയറി ടണ്ണിന് 2217.35 ഡോളറിലായി. ചെമ്പ് 0.19 ശതമാനം ഉയർന്ന് ടണ്ണിന് 8353 ഡോളറിൽ എത്തി. ലെഡ് 1.22 ശതമാനവും ടിൻ 0.02 ശതമാനവും നിക്കൽ 1.72 ശതമാനവും താണു. സിങ്ക് 0.16 ശതമാനം ഉയർന്നു.
ക്രൂഡ് ഓയിൽ, സ്വർണം
ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലായി. ഇന്നലെ 82.8 ഡോളർ വരെ കയറിയ ബ്രെന്റ് ഇനം ക്രൂഡ് പിന്നീടു താണ് 91.88 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെന്റ് ഇനം 92.25 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.90 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 94.39 ഡോളറിലാണ്.
സ്വർണവില താഴ്ന്ന് ഔൺസിന് 1908.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 191.60 ഡോളറിലേക്കു കയറി.
കേരളത്തിൽ പവൻവില 280 രൂപ കുറഞ്ഞ് 43,600 രൂപയിൽ എത്തി. ഇന്നും വില കുറഞ്ഞേക്കാം.
രൂപ ബുധനാഴ്ച ദുർബലമായി. ഡോളർ ആറു പൈസ കൂടി 82.99 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ബുധനാഴ്ച നാമമാത്രമായി ഉയർന്നു 104.77 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.67 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 26,300 ഡോളറിനു മുകളിലാണ്.
യു.എസ് വിലക്കയറ്റം കൂടി
ഓഗസ്റ്റിലെ യുഎസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിലും കൂടുതലായി. ജൂലെെയിലെ 3.2 ശതമാനത്തിൽ നിന്നു 3.7 ശതമാനത്തിലേക്കു വാർഷിക വിലക്കയറ്റം കൂടി. പ്രതിമാസ കയറ്റം 0.6 ശതമാനമായി ഉയർന്നു. പെട്രോൾ വിലക്കയറ്റമാണ് പ്രധാന കാരണം. ഒരു ഗാലന് 3.984 ഡോളർ വരെ എത്തി പെട്രോൾ വില.
ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാർഷികവളർച്ച (4.3 ശതമാനം) കാണിച്ചു. തലേ മാസം 4.7 ആയിരുന്നു. പ്രതിമാസ വളർച്ച 0.3 ശതമാനമാണ്. ഫെഡിന്റെ സഹന പരിധിയായ നാലുശതമാനത്തിനു മുകളിലാണ് കാതൽ വിലക്കയറ്റം.
ഇതോടെ ഈ മാസത്തെ ഫെഡ് യോഗം പലിശ കൂട്ടുന്ന തീരുമാനം എടുക്കില്ലെന്ന നിഗമനം ബലപ്പെട്ടു. എന്നാൽ നവംബറിൽ നിരക്കു കൂട്ടുന്നതു തീർച്ചയായെന്നും വിശകലനമുണ്ട്. ഇന്നു യുഎസിലെ മൊത്തവില സൂചിക പുറത്തുവരും. പ്രൊഡ്യൂസർ
പ്രൈസ് ഇൻഡെക്സ് വിലക്കയറ്റ പ്രവണതയിലേക്കു വെളിച്ചം വീശുന്നു എന്ന അടിസ്ഥാനത്തിൽ പ്രധാനമാണ്.
കോഫീ ഡേ കുതിക്കുന്നു
കോഫീ ഡേ ഗ്ലോബലിന് എതിരായ പാപ്പർ ഹർജി ഇൻഡസ് ഇൻഡ് ബാങ്ക് പിൻവലിച്ചു. പണം സംബന്ധിച്ചു കമ്പനിയും ബാങ്കും ധാരണയിലായി. ഇതോടെ കമ്പനി നിയമ ട്രൈബ്യൂണൽ നടപടികൾ അവസാനിപ്പിച്ചു. കോഫീ ഡേയുടെ മാതൃകമ്പനിയായ കോഫീ ഡേ എന്റർപ്രൈസസിന്റെ ഓഹരി വില 20 ശതമാനം കുതിച്ച് 51.30 രൂപയിലെത്തി. കഫേ കോഫീ ഡേ പ്രസ്ഥാനം ഈ കമ്പനിയുടേതാണ്.
7000 കോടി രൂപയുടെ ഭീമമായ കടബാധ്യതയെ തുടർന്നു 2019 ൽ പുഴയിൽ ചാടി മരിച്ച സ്ഥാപകൻ വി.ജി. സിദ്ധാർഥിനു ശേഷം വിധവ മാളവികയാണു കമ്പനിയെ നയിക്കുന്നത്. കമ്പനി ഇപ്പോൾ ചെറിയ പ്രവർത്തന ലാഭത്തിലാണ്. ഓഹരി വില ബുക്ക് വാല്യുവിന്റെ 30 ശതമാനം മാത്രമേ ഉള്ളൂ.
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ പുത്രിയാണു മാളവിക. ഇവരുടെ മകൻ അമർത്യ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ആണു വിവാഹം കഴിച്ചിരിക്കുന്നത്.
ഐ.ഒ.എലും എൻ.ഐ.ഐ.ടിയും
രാസവസ്തുക്കളും പ്രചാരമുള്ള ഔഷധങ്ങളുടെ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സും (എപിഐ) നിർമിച്ചു കയറ്റുമതി ചെയ്യുന്ന ഐഒഎൽ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഇന്നലെ 20 ശതമാനം ഉയർന്ന് 526 രൂപയ്ക്കു മുകളിൽ എത്തി. പാരസെറ്റമോൾ, ഇബുപ്രാേഫെൻ, മെറ്റ്ഫോർമിൻ തുടങ്ങിയവയുടെ എപിഐകൾ കമ്പനിയുടെ ഉൽപന്നനിരയിൽ ഉണ്ട്. ഇബുപ്രാേഫെൻ നിർമാണത്തിൽ ആഗോള ഒന്നാം സ്ഥാനത്താണു കമ്പനി. അടുത്ത മാസം യുഎസിൽ വില വർധിപ്പിക്കുന്നതോടെ കമ്പനിയുടെ വരുമാനം കുത്തനേ കൂടുമെന്നാണു റിപ്പോർട്ടുകൾ.
കപ്യൂട്ടർ വിദ്യാഭ്യാസ -പരിശീലന സ്ഥാപനമായിരുന്ന എൻഐഐടി പുതിയ നെെപുണ്യ പരിശീലന പരിപാടിയിലേക്കു മാറുന്നതായി സ്ഥാപക - സിഇഒ രാജേന്ദ്ര പവാർ കഴിഞ്ഞ ദിവസം പറഞ്ഞു. തുടർന്നു മൂന്നു ദിവസം കൊണ്ട് ഓഹരിവില 70 ശതമാനം കയറി 140 രൂപയ്ക്കു മുകളിലായി. ഇന്നലെ ഓഹരി 20 ശതമാനം ഉയർന്നു.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 13, ബുധൻ)
സെൻസെക്സ് 30 67,466.99 +0.37%
നിഫ്റ്റി 50 20,070.00 +0.38%
ബാങ്ക് നിഫ്റ്റി 45,909.45 +0.87%
മിഡ് ക്യാപ് 100 40,245.10 +0.19%
സ്മോൾ ക്യാപ് 100 12,576.65 +1.02%
ഡൗ ജോൺസ് 30 34,525.50 -0.20%
എസ് ആൻഡ് പി 500 4467.44 +0.12%
നാസ്ഡാക് 13,813.60 +0. 29%
ഡോളർ ($) ₹82.99 +0.06
ഡോളർ സൂചിക 104.77 +00.06
സ്വർണം(ഔൺസ്) $1908.90 -$04.90
സ്വർണം(പവൻ) ₹43,600 -₹280.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $91.88 -$0.18