വിപണി കയറ്റം തുടരുന്നു, രാഷ്ട്രീയ ആശങ്ക ഇല്ലെന്നു കാണിക്കാന്‍ ഉത്സാഹം; വിദേശികള്‍ വില്‍പന നീക്കത്തില്‍, വിദേശ സൂചനകള്‍ പോസിറ്റീവ്

രാഷ്ട്രീയ ആശങ്കകള്‍ ഇല്ലെന്നു കാണിക്കാന്‍ രണ്ടാം ദിവസവും വിപണി ഉയര്‍ന്നു. യു.എസ് വിപണി ഉയര്‍ന്നതും ഏഷ്യന്‍ വിപണികളിലെ കയറ്റവും ഇന്ന് ഇന്ത്യന്‍ വിപണിയെ കയറ്റം തുടരാന്‍ സഹായിക്കുമെന്നാണു പ്രതീക്ഷ. യു.എസില്‍ ഇന്നു രാത്രി അറിവാകുന്ന ചില്ലറവിലക്കയറ്റ കണക്ക് ആഗോള വിപണികളുടെ ഗതി നിര്‍ണയിക്കും.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,372.5 ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,405 ആയി. ഇന്ത്യന്‍ വിപണി ഇന്നും ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും സമ്മിശ്രമായിരുന്നു. ജര്‍മന്‍ ഡാക് നാമമാത്രമായി താണു. സ്റ്റോക്‌സ് 600ഉം മറ്റു സൂചികകളും നാമമാത്രമായി ഉയര്‍ന്നു.
യു.എസ് വിപണി ചൊവ്വാഴ്ച തരക്കേടില്ലാത്ത ഉയര്‍ച്ച നേടി. മൊത്തവിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായെങ്കിലും വിപണി വിപരീതമായി പ്രതികരിച്ചില്ല. ഇന്നു വരുന്ന ചില്ലറവിലക്കയറ്റ കണക്കിലാണു വിപണിയുടെ ശ്രദ്ധയത്രയും. മാര്‍ച്ചില്‍ 3.5 ആയിരുന്ന വിലക്കയറ്റം 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ടാകും എന്നാണു പ്രതീക്ഷ. പ്രതിമാസ വര്‍ധന 0.4 ശതമാനം ആയേക്കാം.
2023ല്‍ വിലക്കയറ്റം പ്രതീക്ഷ പോലെ കുറഞ്ഞെങ്കിലും '24ല്‍ വിലക്കയറ്റം വഴങ്ങിയിട്ടില്ലെന്ന് യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ഇന്നലെ പറഞ്ഞു. ഈ വര്‍ഷം നിരക്കു കുറയ്ക്കാനുള്ള സാധ്യത തള്ളിക്കളയുകയാണ് പവല്‍ ചെയ്തത്.
ഡൗ ജോണ്‍സ് സൂചിക 126.60 പോയിന്റ് (0.32%) ഉയര്‍ന്നു 39,558.10ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 25.26 പോയിന്റ് (0.48%) കയറി 5246.68ല്‍ അവസാനിച്ചു. നാസ്ഡാക് 122.94 പോയിന്റ് (0.75%) കയറി 16,511.20ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.06 ശതമാനവും എസ് ആന്‍ഡ് പി 0.07 ശതമാനവും നാസ്ഡാക് 0.05 ശതമാനവും ഉയര്‍ന്നു നില്‍ക്കുന്നു.
പത്തു വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.445 ശതമാനമായി കുറഞ്ഞു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം ഉയര്‍ന്നിട്ടു താണു. ചൈനീസ് വിപണികള്‍ താഴ്ചയിലായി.
ഇന്ത്യന്‍ വിപണി
ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു തുടങ്ങിയിട്ടു കുറേ സമയം ചാഞ്ചാടിയെങ്കിലും തിരിച്ചുകയറി തരക്കേടില്ലാത്ത നേട്ടത്തില്‍ ക്ലോസ് ചെയ്തു.
വിപണിയെ ഉത്തേജിപ്പിച്ച പ്രധാനഘടകം അമിത് ഷായും എസ്. ജയശങ്കറും നടത്തിയ പ്രസ്താവനകളാണ്. ബി.ജെ.പി ജയിച്ചു കയറുകയാണെന്ന് ആവര്‍ത്തിച്ചു പറയുകയാണ് അവര്‍ ചെയ്തത്. ഇതു വിപണിയുടെ താഴോട്ടുള്ള യാത്ര പിടിച്ചു നിര്‍ത്തി. ഈ പുതിയ മനോഭാവം തുടരുമോ എന്ന് ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. വിദേശനിക്ഷേപകര്‍ നിലപാടു മാറ്റിയിട്ടില്ലെന്നാണു വ്യാപാര കണക്കുകള്‍ കാണിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ഇന്നലെ മികച്ച നേട്ടമുണ്ടായി.
ചൊവ്വാഴ്ച സെന്‍സെക്‌സ് 328.48 പോയിന്റ് (0.45%) ഉയര്‍ന്ന് 73,100.61ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 113.80 പോയിന്റ് (0.51%) കയറി 22,217.85ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 105.35 പോയിന്റ് (0.22%) ഉയര്‍ന്ന് 47,859.45ല്‍ ക്ലോസ് ചെയ്തു.
വിശാല വിപണി നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.98 ശതമാനം കയറി 50,225.20ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 2.03 ശതമാനം കുതിച്ച് 16,363.15ല്‍ അവസാനിച്ചു.
വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച ക്യാഷ് വിപണിയില്‍ 4065.52 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3527.86 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
22,300ന് സമീപമെത്തിയ നിഫ്റ്റി 22,200ന് മുകളില്‍ ക്ലോസ് ചെയ്തത് ബുള്ളുകള്‍ക്കു സന്തോഷം പകരുന്നു. 22,300ലെ തടസം മറികടക്കാന്‍ കഴിയും എന്ന് അവര്‍ കരുതുന്നു. ഇന്നു നിഫ്റ്റിക്ക് 22,120ലും 22,075ലും പിന്തുണയുണ്ട്. 22,260 ഉം 22,310 ഉം തടസങ്ങള്‍ ആകാം.
ഓഹരികളുടെ പ്രകടനം
കപ്പല്‍ നിര്‍മാണ കമ്പനികള്‍ ഇന്നലെ വലിയ കുതിപ്പ് നടത്തി. യൂറോപ്പില്‍ നിന്ന് ആയിരം കോടി രൂപയുടെ കരാര്‍ ലഭിച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി 13 ശതമാനം ഉയര്‍ന്ന് 1,355 രൂപവരെ എത്തി. മസഗോണ്‍ ഡോക് 11 ശതമാവും ഗാര്‍ഡന്‍ റീച്ച് ഒന്‍പതു ശതമാനവും കയറി.
മെറ്റല്‍ ഓഹരികള്‍ വലിയ നേട്ടം ഉണ്ടാക്കി. നിഫ്റ്റി മെറ്റല്‍ സൂചിക 2.77 ശതമാനം കയറി.
റെയില്‍വേ ഓഹരികള്‍ ഇന്നലെ നല്ല നേട്ടത്തിലായി. ഇര്‍കോണ്‍, ഐ.ആര്‍.എഫ്.സി, ആര്‍.വി.എന്‍.എല്‍, റെയില്‍ടെല്‍ തുടങ്ങിയവ 10 ശതമാനം വരെ ഉയര്‍ന്നു.
ഇന്നലെ ഇന്ത്യയുടെ മൊത്തവിലക്കയറ്റ കണക്ക് പുറത്തുവന്നു. 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1.26 ശതമാനമാണ് വിലക്കയറ്റം. ഇന്ന് ഇന്ത്യയുടെ കയറ്റിറക്കുമതി കണക്കുകള്‍ അറിയാം.
ഭാരതി എയര്‍ടെല്‍ അറ്റാദായം ഒന്നാം പാദത്തില്‍ 31 ശതമാനം കുറഞ്ഞു. നൈജീരിയന്‍ കറന്‍സിയുടെ വിലയിടിവാണ് ആഫ്രിക്കയില്‍ വലിയ ബിസിനസുള്ള കമ്പനിക്കു ക്ഷീണമായത്
സ്വര്‍ണം കയറുന്നു
ഒരാഴ്ചയിലേറെയായി വലിയ കയറ്റിറക്കങ്ങള്‍ കണ്ട സ്വര്‍ണം ഇന്നലെ തിരിച്ചു കയറി. ഒരു ശതമാനം നേട്ടത്തോടെ ഔണ്‍സിന് 2358.60 ഡോളറിലാണു ചൊവ്വാഴ്ച സ്വര്‍ണം ക്ലോസ് ചെയ്തത്. ഇന്നു ചില്ലറ വിലക്കയറ്റ കണക്ക് പ്രതീക്ഷയില്‍ നിന്നു വ്യത്യസ്തമായിരുന്നാല്‍ സ്വര്‍ണം വലിയ വ്യതിയാനത്തിലാകാം. സ്വര്‍ണം ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ 2356.60 ഡോളറിലേക്കു താഴ്ന്നിട്ടു കയറി.
കേരളത്തില്‍ സ്വര്‍ണം പവന് ഇന്നലെ 320 രൂപ കുറഞ്ഞ് 53,400 രൂപ ആയി. ഇന്നു വില ഗണ്യമായി കയറും.
രൂപ ഇന്നലെ അല്‍പം കയറി. ഡോളര്‍ രണ്ടു പൈസ നഷ്ടത്തോടെ 83.51 രൂപയില്‍ ക്ലോസ് ചെയ്തു.
ഡോളര്‍ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 105.01ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.05ലേക്കു കയറി.
ക്രൂഡ് ഓയില്‍ താഴ്ന്നു. ബ്രെന്റ് ഇനം ഇന്നലെ 82.38 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 83.70 ഡോളറിലും ഡബ്‌ള്യു.ടി.ഐ 78.39 ഡോളറിലും മര്‍ബന്‍ 83.15 ഡോളറിലുമാണ്.
ചെമ്പ് 10,000 ഡോളറിനു മുകളില്‍ രണ്ടാം ദിവസവും ക്ലോസ് ചെയ്തു. ചെമ്പ് ഒഴികെ മറ്റു ലോഹങ്ങള്‍ ഇന്നലെ കയറി. അലൂമിനിയം 0.12 ശതമാനം കയറി 2,551 ഡോളര്‍ ആയി. ചെമ്പ് 0.81 ശതമാനം താണ് 10,008.71 ല്‍ ക്ലോസ് ചെയ്തു. ടിന്‍, സിങ്ക്, നിക്കല്‍, ലെഡ് തുടങ്ങിയവ ഉയര്‍ന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ചയിലാണ്. ബിറ്റ് കോയിന്‍ 2.5 ശതമാനം താഴ്ന്ന് 61,600 ഡോളര്‍ ആയി. ഈഥര്‍ 2,900 ഡോളറിനു താഴേക്കു വീണു.
വിപണിസൂചനകള്‍
(2024 മേയ് 14, ചൊവ്വ)
സെന്‍സെക്‌സ്30 73,104.61 +0.45%
നിഫ്റ്റി50 22,217.85 +0.51%
ബാങ്ക് നിഫ്റ്റി 47,859.45 +0.22%
മിഡ് ക്യാപ് 100 50,225.20 +0.98%
സ്‌മോള്‍ ക്യാപ് 100 16,363.15 +2.03%
ഡൗ ജോണ്‍സ് 30 39,558.10 +0.32%
എസ് ആന്‍ഡ് പി 500 5246.68 +0.48%
നാസ്ഡാക് 16,511.20 +0.75%
ഡോളര്‍($) ₹83.51 +₹0.02
ഡോളര്‍ സൂചിക 105.01 -0.21
സ്വര്‍ണം (ഔണ്‍സ്) $2358.60 +$21.90
സ്വര്‍ണം (പവന്‍) ₹53,400 -₹320
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.19 -$0.66
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it