അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ പൊതുവേ നേട്ടത്തിലായിരുന്നു. ഛത്തീസ്ഗഢിലെ ഡിബി പവർ പ്ലാന്റ് വാങ്ങുന്നതിൽ നിന്നു പിന്മാറിയ അദാനി പവർ ഓഹരി അഞ്ചു ശതമാനം ഉയർന്നു. അദാനി ഗ്യാസും ട്രാൻസ്മിഷനും താഴ്ച തുടർന്നു. മറ്റു കമ്പനികൾ അൽപം ഉയർന്നു. പരിസ്ഥിതി മാനദണ്ഡങ്ങൾ പ്രകാരം അദാനി കമ്പനികളെ വിലയിരുത്തുന്നതു മേയ് മാസത്തിലേയ്ക്കു നീട്ടിവയ്ക്കാൻ മോർഗൻ സ്റ്റാൻലിയും എസ് ആൻഡ് പിയും തീരുമാനിച്ചതാണ് ഇന്നലെ ഗ്രൂപ്പിനെ സഹായിച്ചത്.
ഗ്രൂപ്പിന്റെ കടങ്ങൾ കുറയ്ക്കാൻ നടപടി തുടങ്ങി എന്നു ചെയർമാൻ ഗൗതം അദാനി പ്രസ്താവിച്ചത് ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ വില അൽപം ഉയർത്തി. സ്വന്തം പണവും പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപവും ഉപയോഗിച്ചു കടങ്ങൾ കുറയ്ക്കാനാണ് അദാനി ഉദ്ദേശിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ. പ്രൈവറ്റ് ഇക്വിറ്റികളും ഹെഡ്ജ് ഫണ്ടുകളും വയ്ക്കുന്ന ഉപാധികൾ ഗ്രൂപ്പിന് എത്ര കണ്ടു സ്വീകാര്യമാകും എന്നതാണു പ്രധാന വിഷയം.
200 കോടി ഡോളറിന്റെ കടങ്ങൾ നേരത്തേ അടയ്ക്കാനാണ് അദാനി ഉദ്ദേശിക്കുന്നത്. ഇതാേടൊപ്പം ഗ്രൂപ്പ് പുതിയ പദ്ധതികളും നിക്ഷേപങ്ങളും മരവിപ്പിച്ചു. നിലവിലുള്ള പദ്ധതികൾ തീർക്കുന്നതിനാണു മുൻഗണന.
വിപണികൾ
വിപണികൾ വീണ്ടും പലിശപ്പേടിയിൽ താഴാേട്ടു നീങ്ങുന്നു. ഡോളർ ഉയരുന്നു. ഇന്ത്യൻ വിപണിയും ഈ തളർച്ചയിലേക്കു നീങ്ങുകയാണ്. യുഎസ് സാമ്പത്തിക സൂചകങ്ങൾ ഉയർന്ന നിരക്കിൽ പലിശ കൂട്ടാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ.
യുഎസ് വിപണി ഇന്നലെ വലിയ ഇടിവിലായിരുന്നു. ഇന്നു രാവിലെ ഓസ്ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും ഓഹരികൾ താഴ്ചയിലായി. അതിന്റെ സ്വാധീനം ഇന്ത്യൻ വിപണിയിലും ഉണ്ടാകും.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടം മാത്രമേ കാണിച്ചുള്ളു. തുടക്കത്തിലെ കയറ്റത്തിൽ നിന്ന് പിൻവാങ്ങിയായിരുന്നു ക്ലോസിംഗ്.
യു എസ് വിപണി
യുഎസ് വിപണി തുടക്കം മുതൽ താഴ്ന്നു നിന്നിട്ട് അവസാന മണിക്കൂറിൽ വീണ്ടും ഇടിഞ്ഞു. ഡൗ ജോൺസ് സൂചിക 1.26 ശതമാനവും എസ് ആൻഡ് പി 1.38 ശതമാനവും നാസ്ഡാക് 1.78 ശതമാനവും താഴ്ന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വീണ്ടും താഴ്ചയിലാണ് . ഡൗ 0.12 ശതമാനവും നാസ്ഡാക് 0.30 ശതമാനവും താഴ്ന്നു. ഏഷ്യൻ വിപണികളും ഇന്നു രാവിലെ നഷ്ടത്തിലാണ്. യുഎസ് ഓഹരികൾ ഇടിഞ്ഞതിനാെപ്പം ഡോളർ കയറിയതും വിപണിക്കു പ്രശ്നമായി.
ജപ്പാനിലെ നിക്കെെ 0.9 ശതമാനം താഴ്ന്നു. കൊറിയയിലെ കോസ്പിയും വീണു. ഓസ്ട്രേലിയൻ വിപണി അര ശതമാനം ഇടിഞ്ഞു. എന്നാൽ ചൈനീസ് വിപണികൾ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
നിഫ്റ്റി
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,068 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,950 -ലേക്കു വീണിട്ട് 17,999-ൽ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 17, 980ലേക്കു താണു.. ഇന്ത്യൻ വിപണി ഇന്നു താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
ഇന്ത്യൻ വിപണി ഇന്നലെ നല്ല കയറ്റത്തിൽ വ്യാപാരം ആരംഭിച്ചിട്ടു ക്രമമായി താഴ്ന്നു ചെറിയ നേട്ടത്തിൽ അവസാനിച്ചു. അവസാന മണിക്കൂറിൽ നഷ്ടത്തിലേക്കു നീങ്ങിയിട്ടു തിരിച്ചു കയറുകയായിരുന്നു. സെൻസെക്സ് 44.42 പോയിന്റ് (0.07%) കയറി 61,319.51 ലും നിഫ്റ്റി 20 പോയിന്റ് (0.11%) കയറി 18,035.85 ലും ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.99 ശതമാനവും ഉയർന്നു ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 18,005 ലും 17,925 ലും സപ്പോർട്ട് ഉണ്ട്. 18,110 ലും 18,190 ലും തടസങ്ങൾ നേരിടാം.
ക്രൂഡ് ഓയിലും സ്വർണവും
വിദേശനിക്ഷേപകർ അഞ്ചാം ദിവസവും വാങ്ങലുകാരായി. ഇന്നലെ 1570.62 കോടിയുടെ ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകൾ 1577.27 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ഇന്നലെ 84.67 ഡോളറിലാണു ബ്രെന്റ് ഇനം ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ വില 85.14 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ കയറ്റത്തിലായി. മുക്കാൽ ശതമാനം വീതം ഉയർന്ന് ചെമ്പ് ടണ്ണിന് 8891 ഡോളറിലും അലൂമിനിയം 2407 ഡോളറിലും ക്ലോസ് ചെയ്തു. ടിൻ, നിക്കൽ എന്നിവയും ഉയർന്നു. സിങ്കും ലെഡും അൽപം താണു.
സ്വർണം ഇന്നലെ താഴ്ന്ന നിലയിൽ തുടർന്നു. ഇടയ്ക്ക് 1846 ഡോളർ വരെ കയറിയെങ്കിലും നിലനിന്നില്ല. ഇന്നു രാവിലെ 1831-1833 ഡോളറിലാണു സ്വർണം. കേരളത്തിൽ ഇന്നലെ പവന് 320 രൂപ കുറഞ്ഞ് 41,600 രൂപ ആയി. വെള്ളിവില 22 ഡോളറിനു താഴെ തുടരുന്നു.
രൂപ
രൂപയ്ക്ക് ഇന്നലെ നേട്ടമായി. ഡോളറിനു 12 പൈസ കുറഞ്ഞ് 82.66 രൂപയായി. ഡോളർ സൂചിക കുതിച്ചു കയറുന്നതു രൂപയെ ഇന്നു താഴ്ത്തിയേക്കും. ഡോളർ സൂചിക ഇന്നലെ 103.92 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 104.30 ലെത്തി. യൂറോ, പൗണ്ട്, യെൻ തുടങ്ങിയവ താഴ്ന്നു. യുഎസ് പലിശ നിരക്ക് ഉയർന്നു പോകും എന്ന നിഗമനമാണു ഡോളറിനെ കയറ്റുന്നത്.
യുഎസ് സാമ്പത്തിക സൂചകങ്ങൾ
യുഎസിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം പ്രതീക്ഷയിലും കുറവായതും മൊത്തവിലക്കയറ്റം നിഗമനങ്ങളേക്കാൾ കൂടിയതും ഫെഡ് അംഗങ്ങളുടെ കമന്റുകളും വിപണിയെ സ്വാധീനിച്ചു. വിലക്കയറ്റം മയപ്പെട്ടിട്ടില്ല എന്നു കണക്കുകൾ കാണിച്ചു. അതിനാൽ പലിശകൂട്ടൽ തുടരും. ഉയർന്ന പലിശ കൂടുതൽ കാലം തുടരുകയും ചെയ്യും എന്നായി പുതിയ നിഗമനം.
ഫെഡ് നേരത്തേ സൂചിപ്പിച്ചതിലും ഉയർന്ന നിരക്കിലേക്കു പലിശ എത്തുമെന്ന് ഇപ്പോൾ പലരും കരുതുന്നു. 10 വർഷ യുഎസ് ബോണ്ടുകൾ 3.86 ശതമാനം നേട്ടം കിട്ടാവുന്ന നിലയിലേക്കു താണു. അടുത്ത തവണ നിരക്കു വർധന 50 ബേസിസ് പോയിന്റ് ആക്കണമെന്ന അഭിപ്രായം ഫെഡ് അംഗം ലാെേറേറ്റാ മെസ്റ്റർ പ്രകടിപ്പിച്ചതും വിപണിയെ താഴ്ത്തിയ ഘടകമാണ്. മെസ്റ്റർ പറഞ്ഞതിന് അടിവരയിടുന്ന പ്രതികരണം മറ്റൊരംഗമായ ജയിംസ് ബള്ളാർഡിൽ നിന്ന് ഉണ്ടാവുകയും ചെയ്തു.