അപ്രതീക്ഷിത വ്യാപാരത്തില്‍ നേട്ടം കാത്ത് നിക്ഷേപകര്‍; യു.എസ് വിപണി റെക്കോഡില്‍

അപ്രതീക്ഷിതമായാണ് ഇന്നു രാജ്യത്തെ ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നു സാധാരണ പ്രവൃത്തിദിനമായിരിക്കുമെന്നും തിങ്കളാഴ്ച അവധി ദിനമാകുമെന്നും ഇന്നലെ വൈകുന്നേരമാണ് പ്രഖ്യാപിച്ചത്.

എക്‌സ്‌ചേഞ്ചുകളിലെ സിസ്റ്റത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ ഇന്നു രണ്ടു തവണ പരീക്ഷണ വ്യാപാരം നടത്തും എന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതു മാറ്റിയാണ് അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി തിങ്കളാഴ്ച അവധി നല്‍കുന്നത്.

ഇന്നത്തെ വ്യാപാരത്തില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം കുറവാകും എന്ന് ആശങ്കയുണ്ട്.

ഇന്നലെ യു.എസ് വിപണി റെക്കോര്‍ഡ് കുതിപ്പ് നടത്തിയത് ഇന്ന് ഇന്ത്യന്‍ വിപണിയെ ഉത്തേജിപ്പിക്കും. റിലയന്‍സ്, അള്‍ട്രാടെക്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ തുടങ്ങിയവയുടെ റിസല്‍ട്ട് ഇന്നത്തെ വ്യാപാരത്തെ സ്വാധീനിക്കും.

വെള്ളിയാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,697.5 ല്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

യൂറോപ്യന്‍ വിപണികള്‍ ഇന്നലെ നഷ്ടത്തില്‍ അവസാനിച്ചു. യു.എസ് വിപണി ഇന്നലെ മികച്ച കയറ്റം നടത്തി. എസ് ആന്‍ഡ് പി 500 സൂചിക പുതിയ റെക്കോര്‍ഡ് കുറിച്ചാണ് ഇന്നലെ ക്ലോസ് ചെയ്തത്. 2022-ല്‍ 19 ശതമാനം ഇടിഞ്ഞ സൂചിക 2023 ല്‍ 24 ശതമാനം കുതിച്ചു.

ഡൗ ജോണ്‍സ് ഇന്നലെ 395.19 പോയിന്റ് (1.05%) കയറി 37,863.80ല്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 58.87 പോയിന്റ് (1.23%) കുതിച്ച് 4839.81 ല്‍ അവസാനിച്ചു. നാസ്ഡാക് 255.32 പോയിന്റ് (1.70%) ഉയര്‍ന്ന് 15,310.97 ല്‍ക്ലോസ് ചെയ്തു.

ഇന്ത്യന്‍ വിപണി

മൂന്നു ദിവസത്തെ താഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ വിപണി ഇന്നലെ ശക്തമായ തിരിച്ചുകയറ്റം നടത്തി. സെന്‍സെക്‌സ് 496.37 പോയിന്റ് (0.70%) കയറി 71,683.23 ലും നിഫ്റ്റി 160.15 പോയിന്റ് (0.75%) താഴ്ന്ന് 21,622.40 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 12.40 പോയിന്റ് (0.03%) കുറഞ്ഞ് 45,701.15 ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 716.10 പോയിന്റ് (1.58 ശതമാനം) കയറി 47,815.95 ലും സ്‌മോള്‍ ക്യാപ് സൂചിക 1.09 ശതമാനം ഉയര്‍ന്ന് 15,487.45 ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശ നിക്ഷേപ ഫണ്ടുകള്‍ ഇന്നലെയും ക്യാഷ് വിപണിയില്‍ വലിയ വില്‍പനക്കാരായി. അവര്‍ ഇന്നലെ 3689.68 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2638.46 കോടിയുടെ ഓഹരികള്‍ വാങ്ങി. നിഫ്റ്റിക്ക് ഇന്ന് 21,585 ലും 21,525 ലും പിന്തുണ ഉണ്ട്. 21,630 ഉം 21,720 ഉം തടസങ്ങളാകാം.

ക്രൂഡ് ഓയിലും സ്വര്‍ണവും

ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 78.56 ഡോളര്‍ ആയി. ഡബ്‌ള്യു.ടി.ഐ ഇനം 73.41ല്‍ എത്തി. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 78.78 ലേക്ക് കയറി.

സ്വര്‍ണം ഇന്നലെയും കയറി. ഔണ്‍സിന് 2023.40 ഡോളറില്‍ നിന്ന് 2030.20 ലേക്കു വില കയറി.

വെള്ളിയാഴ്ച കേരളത്തില്‍ പവന്‍വില 240 രൂപ വര്‍ധിച്ച് 46,160 രൂപയായി.

ഡോളര്‍ സൂചിക ഇന്നു രാവിലെ 103.24 ലേക്കു താണു.

രൂപ ഇന്നലെ നേട്ടം ഉണ്ടാക്കി. ഡോളര്‍ വിനിമയ നിരക്ക് 83.06 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു തുടരുന്നു. ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 41,450 ഡോളറിലാണ്.


കമ്പനികള്‍, റിസള്‍ട്ടുകള്‍


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ നാല് ശതമാനം വരുമാനവര്‍ച്ചയും 11ശതമാനം അറ്റാദായ വളര്‍ച്ചയും ഉള്ള മൂന്നാം പാദ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. ഓയില്‍ ടു കെമിക്കല്‍ ബിസിനസിലാണു ദൗര്‍ബല്യം. അതില്‍ വരുമാനം 2.4 ശതമാനം കുറഞ്ഞു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണു കാരണം. ജിയോ പ്ലാറ്റ്‌ഫോംസ് റവന്യു 11.4 ശതമാനം ഉയര്‍ന്നു. റീട്ടെയില്‍ വിഭാഗം വരുമാനം 22.8 ശതമാനവും അറ്റാദായം 31.9 ശതമാനവും കൂടി.

അള്‍ട്രാടെക് സിമന്റ് 7.76 ശതമാനം വിറ്റുവരവ് വളര്‍ച്ചയില്‍ അറ്റാദായ 68 ശതമാനം വര്‍ധിപ്പിച്ചു. സിമന്റ് വിലയിലെ വര്‍ധനയും അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവുമാണു സഹായമായത്.

ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ വിറ്റുവരവ് കുറഞ്ഞു, അറ്റാദായം നാമമാത്ര വര്‍ധനയില്‍ ഒതുങ്ങി. കോവിഡ് ലോക്ക് ഡൗണ്‍ കാലത്തിനു ശേഷം ആദ്യമായാണ് വില്‍പന കുറഞ്ഞത്. 14,928 കോടി രൂപ വിറ്റുവരവില്‍ 2519 കോടിയാണ് അറ്റാദായം.

വിപണിസൂചനകള്‍ (2024 ജനുവരി 19, വെള്ളി)


സെന്‍സെക്‌സ്30 71,683.23 +0.70%

നിഫ്റ്റി50 21,622.40 +0.75%

ബാങ്ക് നിഫ്റ്റി 45,701.15 -0.03%

മിഡ് ക്യാപ് 100 47,815.95 +1.52%

സ്‌മോള്‍ ക്യാപ് 100 15,487.45 +1.09%

ഡൗ ജോണ്‍സ് 30 37,863.80 +1.05%

എസ് ആന്‍ഡ് പി 500 4839.81 +1.23%

നാസ്ഡാക് 15,310.97 - +1.7%

ഡോളര്‍ ($) ₹83.06 -?0.08

ഡോളര്‍ സൂചിക 103.24 -0.30

സ്വര്‍ണം (ഔണ്‍സ്) $2030.20 +$06.80

സ്വര്‍ണം (പവന്‍) ₹46,160 +₹240.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $78.56 -$0.54

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it