രാഷ്ട്രീയ ആശങ്കകള്‍ക്ക് അവധി, വിപണി പുതിയ ഉയരങ്ങളില്‍; വിദേശ സൂചനകള്‍ പോസിറ്റീവ്

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടന്നതോടെ വിപണി പുതിയ ഉയരങ്ങളിലേക്കു കയറുകയാണ്. രാഷ്ട്രീയ ആശങ്കകള്‍ക്കു വിപണി അവധി കൊടുത്തിരിക്കുന്നു. ഇനി എക്‌സിറ്റ് പോള്‍ വരുമ്പോഴാകും വലിയ ചലനങ്ങള്‍.
ആഗോള വിപണികളും മുന്നേറ്റത്തിലാണ്. യുദ്ധഭീതി മാറി നില്‍ക്കുന്നു. സെപ്റ്റംബറില്‍ പലിശ കുറച്ചു തുടങ്ങും എന്ന പ്രതീക്ഷയിലാണ് യു.എസ് വിപണി ഇപ്പോള്‍. അതു മറ്റിടങ്ങളിലും വിപണികളെ ഉയര്‍ത്തുന്നു. ഇന്നലെ യു.എസില്‍ ടെക് ഓഹരികള്‍ കുതിച്ചതും വിപണിക്കു പ്രചോദനമാകും.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ശനിയാഴ്ച രാത്രി 22,632ല്‍ ക്ലോസ് ചെയ്തു. തിങ്കള്‍ രാത്രി 22,601.5 ആയി. ഇന്നു രാവിലെ 22,595 ല്‍ എത്തിയിട്ടു കയറി 22,609 ആയി. ഇന്ത്യന്‍ വിപണി ഇന്നും ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ ഒന്‍പതു ദിവസത്തെ കയറ്റത്തിനു ശേഷം വെള്ളിയാഴ്ച നഷ്ടത്തിലായി. എന്നാല്‍ തിങ്കളാഴ്ച ചെറിയ നേട്ടത്തില്‍ അവസാനിച്ചു.
യു.എസ് വിപണി
യു.എസ് വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിലായിരുന്നു. ഡൗ ജോണ്‍സ് സൂചിക ആദ്യമായി 40,000 കടന്നു ക്ലോസ് ചെയ്തു. ഡൗ ജോണ്‍സ് സൂചിക 134.21 പോയിന്റ് (0.34%) ഉയര്‍ന്ന് 40,003.59ല്‍ ക്ലോസ് ചെയ്തു. എസ്.ആന്‍ഡ്.പി 6.17 പോയിന്റ് (0.12%) കയറി 5,303.27ല്‍ അവസാനിച്ചു. നാസ്ഡാക് 12.35 പോയിന്റ് (0.07%) താഴ്ന്ന് 16,685.97ല്‍ ക്ലോസ് ചെയ്തു.
തിങ്കളാഴ്ച യു.എസ് വിപണികള്‍ ഭിന്ന ദിശകളിലായി. ഡൗ ഇരുനൂറോളം പോയിന്റ് താണപ്പോള്‍ നാസ്ഡാക് റെക്കോഡ് കുറിച്ചു ക്ലോസ് ചെയ്തു. സി.ഇ.ഒ ജേമീ ഡൈമണ്‍ നേരത്തേ വിരമിക്കും എന്നു സൂചിപ്പിച്ചത് ജെ.പി മോര്‍ഗന്‍ ചേയ്‌സിന്റെ വില നാലര ശതമാനം താഴ്ത്തിയതാണു ഡൗ ഇടിയാന്‍ കാരണം. എന്‍വിഡിയ ഓഹരിയുടെ കുതിപ്പിലാണ് നാസ്ഡാക് കയറിയത്.
ഡൗ ജോണ്‍സ് സൂചിക 196.82 പോയിന്റ് (0.49%) താഴ്ന്ന് 39,806.77ല്‍ അവസാനിച്ചു. എസ്.ആന്‍ഡ്.പി 4.86 പോയിന്റ് (0.09%) കയറി 5,308.13ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് സൂചിക 108.91 പോയിന്റ് (0.65%) ഉയര്‍ന്ന് 16,794.87 ല്‍ അവസാനിച്ചു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡൗ 0.06, എസ്.ആന്‍ഡ്.പി 0.03 നാസ്ഡാക് 0.10 ശതമാനം എന്നിങ്ങനെ താഴ്ന്നു നില്‍ക്കുന്നു.
പത്തു വര്‍ഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.447 ശതമാനമായി ഉയര്‍ന്നു.
ഏഷ്യയിലും ഉയര്‍ച്ച
ഏഷ്യന്‍ വിപണികള്‍ ഇന്നലെ ഉയര്‍ന്നു. ഇന്നു രാവിലെ മിക്ക സൂചികകളും കയറ്റത്തിലാണ്.
ശനിയാഴ്ച പരീക്ഷണ വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 74,000നും നിഫ്റ്റി 22,500നും മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 88.91 പോയിന്റ് (0.12%) ഉയര്‍ന്ന് 74,005.94ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 35.90 പോയിന്റ് (0.16%) ഉയര്‍ന്ന് 22,502.00ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 289.60 പോയിന്റ് (0.61%) കയറി 47,977.05ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയും നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.88% കയറി 51,153.30ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.84 ശതമാനം ഉയര്‍ന്ന് 16,596.40ല്‍ അവസാനിച്ചു.
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1342 പോയിന്റും (1.85) നിഫ്റ്റി 447 പോയിന്റും (2.00) ഉയര്‍ന്നു. അതേസമയം മിഡ് ക്യാപ് 4.7 സ്‌മോള്‍ ക്യാപ് 5.6 ശതമാനം കുതിച്ചു.
വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 1,616.79 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1556.25 കോടി രൂപയുടെ ഓഹരികളും വാങ്ങി. ശനിയാഴ്ച വിദേശികള്‍ 92.95 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 152.87 കോടിയുടെ ഓഹരികള്‍ വിറ്റു. മേയ് മാസത്തില്‍ ഇതുവരെ വിദേശികള്‍ 28,242 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചു.
വിപണി ആവേശത്തിലാണ് അവസാനിച്ചത്. നിഫ്റ്റി 22,600 -22,800 നിലവാരത്തിലേക്കു കയറും എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 22,480ലും 22,450ലും പിന്തുണ ഉണ്ട്. 22,510 -ഉം 22,550 ഉം തടസങ്ങള്‍ ആകാം.
സ്വര്‍ണം 2500 ഡോളറിലേക്ക്
സ്വര്‍ണം തിങ്കളാഴ്ച വലിയ ചാഞ്ചാട്ടത്തിലായി. വെള്ളിയാഴ്ച 36.90 ഡോളര്‍ നേട്ടത്തില്‍ 2,415.40ല്‍ ക്ലാേസ് ചെയ്ത സ്വര്‍ണം ഇറാന്‍ പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്ന് 2,449.50 ഡോളര്‍ വരെ കയറി. പിന്നീട് ഇടിഞ്ഞു 2,426.90ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയര്‍ന്ന് 2,432 ഡോളറിലായി. ഈയാഴ്ച സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ എത്തുമെന്നാണു വിപണിയിലെ സംസാരം.
വെള്ളിയും കയറ്റത്തിലാണ്. രാജ്യാന്തര വില 32.30 ഡോളര്‍ എന്ന പുതിയ റെക്കോഡില്‍ എത്തി. കേരളത്തില്‍ ഇന്നലെ വെള്ളി കിലോഗ്രാമിനു 97,000 രൂപ കടന്നു.
കേരളത്തില്‍ സ്വര്‍ണം പവന് വെള്ളിയാഴ്ച 200 രൂപ കുറഞ്ഞ് 54,080 രൂപ ആയി. ശനിയാഴ്ച 640 രൂപ വര്‍ധിച്ച് 54,720 രൂപയില്‍ എത്തി. ഇന്നലെ 400 രൂപ കയറി 55,120 രൂപയായി പവന്‍ വില. ഇന്നും വില കയറാം.
രൂപ വെള്ളിയാഴ്ച വലിയ നേട്ടം ഉണ്ടാക്കി. ഡോളര്‍ 17 പൈസ കുറഞ്ഞ് 83.33 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക തിങ്കളാഴ്ച 104.57ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.63 ലേക്കു കയറി.
ക്രൂഡ് താണു, ചെമ്പ് കയറി
ക്രൂഡ് ഓയില്‍ കയറിയിറങ്ങി. തിങ്കളാഴ്ച ബ്രെന്റ് ഇനം 84. 40 ഡോളര്‍ വരെ കയറിയിട്ട് 83.71 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 83.65 ലേക്കു താണു. ഡബ്‌ള്യു.ടി.ഐ 79.65ഉം മര്‍ബന്‍ 85.05ഉം ഡോളറിലാണ്.
ചെമ്പ് തിങ്കളാഴ്ചയും കുതിപ്പ് തുടര്‍ന്നു. 2.45 ശതമാനം കയറി വില ടണ്ണിന് 10,857 ഡോളറില്‍ എത്തി. മറ്റു ലോഹങ്ങളും കയറ്റത്തിലായിരുന്നു. അലൂമിനിയം 0.21 ശതമാനം കയറി 2625.60 ഡോളര്‍ ആയി. ടിന്‍, നിക്കല്‍, ലെഡ്, സിങ്ക് തുടങ്ങിയവയും ഉയര്‍ന്നു. നിക്കല്‍ 21,000 ഡോളറിനു മുകളിലായി.
ക്രിപ്‌റ്റോകള്‍ കുതിപ്പില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കുതിച്ചു. ബിറ്റ് കോയിന്‍ എട്ടു ശതമാനം കയറി 71,400 ഡോളറില്‍ എത്തി. ഈഥര്‍ 19 ശതമാനം കുതിച്ച് 3,655 ഡോളറിലായി. ക്രിപ്‌റ്റോ ഇ.ടി.എഫുകളിലേക്കു ധാരാളം നിക്ഷേപം എത്തുന്നതാണു കാരണം.
ഒ.എന്‍.ജി.സി, ഓയില്‍ ലാഭം കൂടി, സെയില്‍ ലാഭം കുറഞ്ഞു
ഒ.എന്‍.ജി.സി നാലാം പാദ റിസല്‍ട്ട് അനാലിസ്റ്റുകളുടെ നിഗമനങ്ങളെ തെറ്റിച്ചു. വരുമാനവും ലാഭവും കുറയുമെന്നായിരുന്നു നിഗമനം. അറ്റാദായത്തില്‍ 78 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ട്. വരുമാനം നാമമാത്രമായി കൂടി. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനവും ലാഭവും നാമമാത്രമായ വളര്‍ച്ച കാണിച്ചു. പ്രവര്‍ത്തനലാഭം 67 ശതമാനം കൂടി.
ഓയില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന പാദലാഭം കാണിക്കുന്ന റിസല്‍ട്ട് പുറത്തിറക്കി. വിറ്റുവരവ് 16 ശതമാനവും അറ്റാദായം 13.5 ശതമാനവും കൂടി. സെയിലിനു നാലാം പാദത്തില്‍ അറ്റാദായം രണ്ടു ശതമാനം കുറഞ്ഞു. വിറ്റുവരവില്‍ അഞ്ചു ശതമാനം താഴ്ചയുണ്ട്.
ബാങ്കുകള്‍ക്കു മുന്നറിയിപ്പ്
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്നു വായ്പ നല്‍കുന്ന (കോലെന്‍ഡിംഗ്) ബാങ്കുകളോടു കൂടുതല്‍ ജാഗ്രത പാലിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വായ്പ എടുത്തവരെ മോണിറ്റര്‍ ചെയ്യാനും തിരിച്ചടവ് നിരീക്ഷിക്കാനും സംവിധാനം വേണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടക ബാങ്കും ക്ലിക്‌സ് കാപ്പിറ്റലും തമ്മിലും ഐ.ഒ.ബിയും ഐ.ആര്‍.ഇ.ഡി.എയും തമ്മിലും ഉള്ളതാണ് ഈ രംഗത്തെ അവസാന കരാറുകള്‍. വര്‍ഷങ്ങളായി നിരവധി ബാങ്കുകള്‍ കോലെന്‍ഡിംഗ് സഖ്യങ്ങള്‍ തുടരുന്നുണ്ട്.
വിപണിസൂചനകള്‍
(2024 മേയ് 18, ശനി)
സെന്‍സെക്‌സ്30 74,005.94 +0.12%
നിഫ്റ്റി50 22,502.00 +0.16%
ബാങ്ക് നിഫ്റ്റി 48,199.50 +0.17%
മിഡ് ക്യാപ് 100 51,869.25 +0.51%
സ്‌മോള്‍ ക്യാപ് 100 17,009. 60 +0.82%
ഡൗ ജോണ്‍സ് 30 40,003.59 +0.34%
എസ് ആന്‍ഡ് പി 500 5303.27 +0.12%
നാസ്ഡാക് 16,685.97 -0.07%
ഡോളര്‍($) 83.33 -0.17
ഡോളര്‍ സൂചിക 104.45 -0.01
സ്വര്‍ണം (ഔണ്‍സ്) $2415.40 +$36.90
സ്വര്‍ണം (പവന്‍)
54,720 +640
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $84.00 +$0.73

(മേയ് 20, തിങ്കള്‍)
ഡൗ ജോണ്‍സ് 30 39,806.77 -0.49%
എസ്.ആന്‍ഡ്.പി 500 5308.13 +0.09%
നാസ്ഡാക് 16,794.87 +0.65%
ഡോളര്‍ സൂചിക 104.57 +0.12
സ്വര്‍ണം (ഔണ്‍സ്) $2426.90 +$11.50
സ്വര്‍ണം (പവന്‍) 55,120 +400
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.71 -$0.29
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it