റെക്കോർഡിനു ശേഷം ലാഭമെടുക്കൽ, പിന്നെ കയറ്റം; വിദേശസൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ താഴുന്നു

മുഖ്യ സൂചികകൾ കുതിച്ചു കയറി റെക്കോർഡ് കുറിച്ച ദിവസത്തിനു ശേഷം ചെറിയ പിൻവാങ്ങൽ പ്രതീക്ഷിച്ചാണ് ഇന്നു വിപണി തുടങ്ങുന്നത്. എന്നാൽ ലാഭമെടുക്കലിനു ശേഷം വീണ്ടും മുന്നോട്ടു കുതിക്കാനുള്ള കരുത്ത് വിപണിക്കുെണ്ടെന്നു നിക്ഷേപ വിദഗ്ധർ കരുതുന്നു.
യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക തലേന്നത്തെ നേട്ടവും അതിലധികവും നഷ്ടപ്പെടുത്തി. നിർമിതബുദ്ധി ഭീമൻ എൻവിഡിയയുടെ തിരിച്ചു കയറ്റത്തിൽ മറ്റു സൂചികകൾ ഉയരുകയും ചെയ്തു. ഏഷ്യൻ വിപണികൾ ഇന്ന് ഭിന്ന ദിശകളിലാണ്.
ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം താണ് ബ്രെൻ്റ് ഇനം 85 ഡോളറിനു താഴെയായി. തലേ ദിവസം താഴ്ന്ന ഡോളർ സൂചിക ഇന്നലെ കയറി. സ്വർണം വീണ്ടും താഴ്ചയിലായി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 23,684.5 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 23,720 ആയി. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച താഴ്ന്നു. 2024-ൽ നേരത്തേ പറഞ്ഞിരുന്ന ലാഭവും വിറ്റുവരവും ഉണ്ടായില്ലെന്ന് അറിയിച്ച എയർബസിൻ്റെ ഓഹരി 9.4 ശതമാനം ഇടിഞ്ഞു. പ്രതീക്ഷിച്ചത്ര വിമാനങ്ങൾ ഈ വർഷം നൽകാൻ പറ്റാത്തതാണു കാരണം.
ശരീരഭാരം കുറയ്ക്കാനുള്ള വീഗോവീ ചികിത്സയ്ക്കു ചെെന അംഗീകാരം നൽകിയതിനെ തുടർന്ന് നോവോ നോർഡിസ്ക് നാലു ശതമാനം ഉയർന്നു. ഇതിനു ബദൽ ഔഷധം നിർമിക്കുന്ന സീലാൻഡ് ഫാർമ 8.8 ശതമാനം കുതിച്ചു.
യുഎസ് വിപണിയിൽ നിർമിതബുദ്ധി ചിപ്പ് ഭീമൻ എൻവിഡിയയുടെ തിരിച്ചു കയറ്റം നാസ്ഡാക്, എസ് ആൻഡ് പി സൂചികകളെ തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിൽ നിന്ന് ഉയർത്തി. ഡൗ ജോൺസ് സൂചിക തലേ ദിവസത്തെ നേട്ടം നഷ്ടമാക്കി. എൻവിഡിയ ഓഹരി ഇന്നലെ 6.7 ശതമാനം ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ റെക്കോർഡിൽ നിന്നു 13 ശതമാനം താഴ്ചയിലായിരുന്നു തിങ്കളാഴ്ച എൻവിഡിയ ക്ലാേസ് ചെയ്തത്.
ഡൗ ജോൺസ് സൂചിക 299.05 പോയിൻ്റ് (0.76%) താഴ്ന്ന് 39,112.16ൽ അവസാനിച്ചു. എസ് ആൻഡ് പി 21.43 പോയിൻ്റ് (0.39%) ഉയർന്ന് 5469.30 ലും നാസ്ഡാക് 220.84 പോയിൻ്റ് (1.26%) കയറി 17,717.65 ലും ക്ലോസ് ചെയ്തു.
യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.248 ശതമാനത്തിലേക്കു കയറി.
ഫോക്സ് വാഗൺ കമ്പനി 500 കോടി ഡോളർ നിക്ഷേപം ഇലക്ട്രിക് വാഹന സ്റ്റാർട്ടപ് ആയ റിവിയനിൽ നടത്തുമെന്നു പ്രഖ്യാപിച്ചു. വിപണിക്കു ശേഷമുള്ള വ്യാപാരത്തിൽ റിവിയൻ ഓഹരി 50 ശതമാനം ഉയർന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഭിന്നദിശകളിലാണു നീങ്ങുന്നത്. ഡൗ 0.03 ശതമാനം താണു. നാസ്ഡാക് 0.12 ഉം എസ് ആൻഡ് പി 0.06 ഉം ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനും കാെറിയയും കയറി. ചെെന താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചാെവ്വാഴ്ച രാവിലെ അൽപം ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ക്രമമായി കയറി മികച്ച നേട്ടത്തിൽ റെക്കോർഡ് ഉയരത്തിൽ എത്തി. സെൻസെക്സ് 78,164.71 വരെയും നിഫ്റ്റി 23,562 വരെയും ഉയർന്നിട്ടാണു ക്ലാേസ് ചെയ്തത്.
സെൻസെക്സ് 712.44 പോയിൻ്റ് (0.92%) കയറി 78,053.52 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 183.45 പോയിൻ്റ് (0.78%) ഉയർന്ന് 23,721.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.74% (902.05 പോയിൻ്റ്) കുതിച്ച് 52,606.00 ൽ ക്ലോസ് ചെയ്തു
തുടക്കത്തിൽ കുതിപ്പിലായിരുന്ന മിഡ് ക്യാപ് സൂചിക 0.38 ശതമാനം ഇടിഞ്ഞ് 55,368.55 ൽ ക്ലാേസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.14% കയറി 18,242.05 ൽ അവസാനിച്ചു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1175.91 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 149.45 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 23,677 എന്ന റെക്കോർഡ് ഭേദിച്ച് 23,700 നു മുകളിൽ ക്ലോസ് ചെയ്തത് വരും ദിവസങ്ങളിൽ 24,000 ലക്ഷ്യമിടാൻ സൂചികയെ പ്രാപ്തമാക്കും എന്നാണു ബുള്ളുകൾ കരുതുന്നത്. ഇന്നു സൂചികയ്ക്ക് 23,610 ലും 23,550 ലും പിന്തുണ ഉണ്ട്. 23,750 ലും 23,800 ലും തടസം ഉണ്ടാകാം.
ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഇന്നലെ വിപണിയെ കയറ്റിയത്. ഐടി 0.81 ശതമാനം ഉയർന്നു. റിയൽറ്റി 1.75 ശതമാനം താഴ്ന്നു. മെറ്റൽ, ഓയിൽ ഗ്യാസ്, എഫ്എംസിജി എന്നിവയും താണു
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ലിഥിയം അയോൺ ബാറ്ററി ടെക്നോളജിക്കു ചെെനീസ് യൂറോപ്യൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയ അമരരാജാ എനർജി 20 ശതമാനം കുതിച്ചു. തെലുങ്കു ദേശം പാർലമെൻ്ററി പാർട്ടി നേതാവ് ഗല്ല ജയദേവാണ് കമ്പനിയുടെ എംഡി. ആറുമാസം കൊണ്ട് ഓഹരി 115 ശതമാനം ഉയർന്നിട്ടുണ്ട്.
വിദേശസാങ്കേതിക വിദ്യക്കു കരാർ ഉറപ്പിച്ച ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ ഓഹരി 12.2 ശതമാനം കയറി.
പ്രൊമോട്ടർ അശോക് സൂട്ട ഗണ്യമായ ഓഹരി വിറ്റതിനെ തുടർന്ന് ഹാപ്പിയെസ്റ്റ് മെെൻഡ്സ് ഓഹരി 10 ശതമാനം ഇടിഞ്ഞു.
ചാഞ്ചാട്ടം തുടർന്ന് സ്വർണം
സ്വർണം ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഔൺസിന് 2335 ഡോളറിൽ നിന്നു സ്വർണം താണ് ഔൺസിന് 2320.50 ഡാേളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 2314.70 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റമില്ലാതെ 53,000 രൂപയിൽ തുടർന്നു. ഇന്നു വില കുറയാം.
വെള്ളിവില ഔൺസിന് 28.81 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 95,000 രൂപ ആണ്.
ഡോളർ സൂചിക ഇന്നലെ ഉയർന്ന് 105.61 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ105.68 ലേക്കു കയറി.
രൂപ ഇന്നലെയും ഉയർന്നു. ഡോളർ മൂന്നു പൈസ കുറഞ്ഞ് 83.43 രൂപയിൽ ക്ലോസ് ചെയ്തു.
തിരിച്ചിറങ്ങി ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ തിരിച്ചിറങ്ങി. ബ്രെൻ്റ് ഇനം ചാെവ്വാഴ്ച ഒരു ശതമാനത്തിലധികം താഴ്ന്ന് 85.01 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 84.90 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 80.76 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 84.36 ഡോളറിലുമാണ്.
പ്രധാന വ്യാവസായിക ലോഹങ്ങൾ താഴ്ച തുടരുന്നു. ചെമ്പ് 0.38 ശതമാനം താഴ്ന്ന് ടണ്ണിന് 9491.60 ഡോളറിൽ എത്തി. അലൂമിനിയം 0.55 ശതമാനം താണു ടണ്ണിന് 2501.40 ഡോളറായി.
ക്രിപ്റ്റോ കറൻസികൾ ഇന്നലെ കയറി. ബിറ്റ്കോയിൻ 62,000 ഡോളറിനു മുകളിൽ എത്തിയിട്ട് അൽപം താഴ്ന്നു. ഈഥർ 3390 ഡോളറിലേക്കു കയറി.
വിപണിസൂചനകൾ
(2024 ജൂൺ 25, ചാെവ്വ)
സെൻസെക്സ് 30 78,053.52 +0.92%
നിഫ്റ്റി50 23,721.30 +0.78%
ബാങ്ക് നിഫ്റ്റി 52,606.00 +1.74%
മിഡ് ക്യാപ് 100 55,368.55 -0.38%
സ്മോൾ ക്യാപ് 100 18,242.05 +0.14%
ഡൗ ജോൺസ് 30 39,112.16 -0.76%
എസ് ആൻഡ് പി 500 5469.30 +0.39%
നാസ്ഡാക് 17,717.65 +1.26%
ഡോളർ($) ₹83.43 -₹0.03
ഡോളർ സൂചിക 105.61 +0.16
സ്വർണം (ഔൺസ്) $2320.50 -$14.80
സ്വർണം (പവൻ) ₹53,000 ₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $85.01 -$1.10
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it