വീണ്ടും ബുള്ളുകൾ; പ്രതീക്ഷയോടെ ഓഹരി വിപണി
യുഎസ് കടപരിധി സംബന്ധിച്ച ചർച്ച ധാരണയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഏഷ്യൻ വിപണികൾ വ്യാപാരമാരംഭിച്ചത്. ഇന്ത്യൻ വിപണിയും പ്രതീക്ഷയിലാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴം രാത്രി ഒന്നാം സെഷനിൽ 18,466-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,423 ലേക്കു താണു. ഇന്നു രാവിലെ 18,400 വരെ എത്തി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെയും നഷ്ടത്തിലായി. യുഎസ് കടപരിധി ചർച്ചയിലെ തടസങ്ങളാണു കാരണം. പ്രധാന സൂചികകൾ അര ശതമാനത്താേളം ഇടിഞ്ഞു. ജർമൻ ജിഡിപി തുടർച്ചയായ രണ്ടാം പാദത്തിലും കുറഞ്ഞു. ഇതോടെ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ഘടന മാന്ദ്യത്തിലായി. ഡിസംബർ പാദത്തിൽ 0.5 ഉം മാർച്ച് പാദത്തിൽ 0.3 ഉം ശതമാനം വീതം ജിഡിപി കുറഞ്ഞു. ഇപ്പോഴത്തെ പാദത്തിൽ തളർച്ച പ്രതീക്ഷിക്കുന്നില്ല.
യുഎസ് വിപണി രണ്ടു ദിശകളിൽ നീങ്ങി.ഡൗ ജോൺസ് സൂചിക യുഎസ് കടപരിധി ചർച്ചയിൽ ശ്രദ്ധിച്ച് പരമ്പരാഗത കമ്പനികളുടെ ഓഹരി നീക്കത്തെ പ്രതിഫലിപ്പിച്ചു. അത് ചെറിയ താഴ്ചയിൽ അവസാനിച്ചു.
നാസ്ഡാകും എസ് ആൻഡ് പിയും കംപ്യൂട്ടർ ചിപ്പ് ഡിസൈനർ കമ്പനിയായ എൻവിഡിയയുടെ ആവേശകരമായ റിസൽട്ടിനെ പിഞ്ചെന്ന് വലിയ കുതിപ്പ് നടത്തി. എസ് ആൻഡ് പി 0.88 ശതമാനവും നാസ്ഡാക് 1.71 ശതമാനവും ഉയർന്നു. ഡൗ ജോൺസ് ഇന്നലെ 35.27 പോയിന്റ് താഴ്ന്നു. എസ് ആൻഡ് പി 36.04 പോയിന്റും നാസ്ഡാക് 213.93 പോയിന്റും കുതിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്.. ഡൗ ജോൺസ് 0.18 ശതമാനം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.23 ശതമാനം കുറഞ്ഞു. നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.22 ശതമാനം താഴെയാണ്.
ഏഷ്യൻ സൂചികകൾ ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി നാമമാത്രമായി താഴ്ന്നു. ജപ്പാനിൽ 0.80 ശതമാനം കയറ്റത്തിലായി. കൊറിയൻ ഓഹരികൾ നേരിയ കയറ്റത്തിലാണ്. ചെെനീസ് വിപണി തുടക്കത്തിൽ 0.4 ശതമാനം താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് രണ്ടു മൂന്നുതവണ ഉയരാൻ ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. ഉച്ചയ്ക്കു ശേഷം കാറ്റു മാറി. സൂചികകൾ ഉയർന്നു. നേട്ടത്തിൽ അവസാനിക്കുകയും ചെയ്തു.
സെൻസെക്സ് 98.84 പോയിന്റ് (0.16%) കയറി 61,872.62 ലും നിഫ്റ്റി 35.75 പോയിന്റ് (0.20%) ഉയർന്ന് 18,321.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.38 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.09 ശതമാനം മാത്രം കയറി.
ബാങ്ക് - ധനകാര്യ ഓഹരികൾ ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. റിയൽറ്റി,എഫ്എംസിജി, മെറ്റൽ, ഓട്ടോ മേഖലകൾ നേട്ടമുണ്ടാക്കി. ഫെഡറൽ ബാങ്ക് 4000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നതായ റിപ്പോർട്ട് ഓഹരി വില 123 രൂപയിലേക്കു താഴാൻ കാരണമായി. 2017 ലും ബാങ്ക് മൂലധന സമാഹരണം നടത്തിയതാണ്. പ്രതിവർഷം 18-20 ശതമാനം ബിസിനസ് വളർച്ച പ്രതീക്ഷിക്കുന്ന ബാങ്കിന് അതനുസരിച്ചു മൂലധനം കൂട്ടേണ്ടതുണ്ട്.
അദാനി ഓഹരികൾ
അദാനി ഗ്രൂപ്പ് ഓഹരികൾ സമ്മിശ്രമായിരുന്നു. ഭൂരിപക്ഷം ഓഹരികൾ ഉയർന്നു. നിഫ്റ്റി 18,202 വരെ താഴ്ന്ന ശേഷം ഗണ്യമായി ഉയർന്നു ക്ലോസ് ചെയ്തത് ബുള്ളുകൾ വീണ്ടും വിപണിയിൽ കരുത്തുകാണിക്കുന്നതിന്റെ തെളിവായി പല നിക്ഷേപ വിദഗ്ധരും എടുത്തു പറയുന്നു. 18,400 ലെ സമ്മർദമേഖല മറികടന്നാൽ നിഫ്റ്റിക്കു കുതിക്കാം എന്നാണ് അവരുടെ വിലയിരുത്തൽ. നിഫ്റ്റിക്കു 18,235 ലും 18,150 ലും സപ്പോർട്ട് ഉണ്ട്. 18,340 ലും 18,425 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും ഇന്നലെ വാങ്ങലുകാരായിരുന്നു. വിദേശികൾ 589.10 കോടി രൂപയുടെയും സ്വദേശി ഫണ്ടുകൾ 338.44 കോടിയുടെയും ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 76.26 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.77 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 78.32 ലേക്കും ഡബ്ള്യുടിഐ 74.22 ലേക്കും നീങ്ങി.
സ്വർണം വീണ്ടും ഇടിഞ്ഞു. യുഎസ് വളർച്ച പ്രതീക്ഷയിലും മെച്ചമായതാണു കാരണം. ഇന്നലെ 1966 ഡോളർ വരെ ഉയർന്ന സ്വർണം 1942.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1939-1941 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില ഇന്നലെ 360 രൂപ താഴ്ന്ന് 44,640 രൂപയിലെത്തി. ഇന്നു വില വീണ്ടും കുറയാം. വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിൽ നീങ്ങി. അലൂമിനിയം 0.28 ശതമാനം ഉയർന്നു ടണ്ണിന് 2214.15 ഡോളറിലായി. ചെമ്പ് 0.06 ശതമാനം കയറി ടണ്ണിന് 7914.60 ഡോളർ ആയി. ടിൻ 0.71 ശതമാനം ഉയർന്നപ്പോൾ സിങ്ക് 3.58 ശതമാനവും ലെഡ് 1.19 ശതമാനവും താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 26,500 ഡോളറിലായി. ഡോളർ നാലു പൈസ കയറി 82.72 രൂപ ആയി. ഡോളർ സൂചിക ഉയർന്ന് കയറി 104.25 ൽ എത്തി. ഇന്നു രാവിലെ 104.12 ലാണ്.
എൻവിഡിയയിലും നിർമിതബുദ്ധിയിലും വലിയ പ്രതീക്ഷ
നിർമിത ബുദ്ധി ഉപയോഗിക്കുന്ന യന്ത്രങ്ങൾക്കു വേണ്ട കംപ്യൂട്ടർ ചിപ്പുകൾ ഡിസൈൻ ചെയ്തു നിർമിക്കുന്ന എൻവിഡിയയുടെ വിപണിമൂല്യം ഇന്നലെ 26 ശതമാനം വർധിച്ച് 97,500 കോടി ഡോളറിലത്തി. ആപ്പിൾ, മെെക്രാേസാേഫ്റ്റ്, ആൽഫബെറ്റ്, ആമസാേൺ എന്നിവ പോലെ ലക്ഷം കോടി (ട്രില്യൺ) ഡോളർ വിപണിമൂല്യമുള്ള കമ്പനിയായി ഇതു മാറുന്ന ദിവസം അകലെയല്ല. 2023 ൽ എൻവിഡിയയുടെ ഓഹരി വില ഇരട്ടിച്ചിട്ടുണ്ട്. കംപ്യൂട്ടർ ചിപ് മേഖലയിൽ നിന്ന് ട്രില്യൺ ഡോളർ ക്ലബിലേക്കു വരുന്ന ആദ്യ കമ്പനിയാകും ഇത്. ജയിംസ് ഹുവാംഗ് സിഇഒ ആയ കമ്പനി ഇപ്പോൾ യുഎസിലെ അഞ്ചാമത്തെ വിപണിമൂല്യമുള്ള കമ്പനിയാണ്.
നിർമിതബുദ്ധി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളുടെയും റോബട്ടുകളുടെയും മറ്റും ഉൽപാദനം അസാധാരണ തോതിൽ വർധിക്കുകയാണെന്ന് എൻവിഡിയ വെളിപ്പെടുത്തി. കമ്പനി കഴിഞ്ഞ പാദത്തിൽ പ്രതീക്ഷയെ മറികടന്ന വളർച്ചയും ലാഭ വർധനയും നേടി.അടുത്ത പാദത്തിൽ വളർച്ച പ്രതീക്ഷ ഇരട്ടിയാക്കി. നിർമിതബുദ്ധിയുടെ ത്വരിതവളർച്ച കണക്കാക്കിയതിലും മുൻപേ ആകുമെന്ന് ഇതു സൂചിപ്പിക്കുന്നതായാണു വിശകലനം.
ഏതാനും വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി ഡോളറിന്റെ ഇലക്ട്രാേണിക് സാമഗ്രികൾ മാറ്റി നിർമിതബുദ്ധി ചിപ്പുകൾ പിടിപ്പിച്ച ഉപകരണങ്ങൾ വേണ്ടി വരുമെന്നു കമ്പനി വിലയിരുത്തുന്നു. എൻവിഡിയ കുതിച്ചപ്പോൾ പഴയ ചിപ് ഭീമൻ ഇന്റൽ താഴോട്ടു പോയി. ക്ലൗഡ് സേവന തുറയിലെ സ്നോ ഫ്ലേക്‌സും ഇന്നലെ ഇടിഞ്ഞു.
യുഎസ് ചർച്ചയും ജിഡിപി വളർച്ചയും
റേറ്റിംഗ് ഏജൻസി ഫിച്ച് യുഎസ് കടപ്പത്ര റേറ്റിംഗ് നെഗറ്റീവ് നിരീക്ഷണത്തിലാക്കി. യുഎസ് കോൺഗ്രസ് (പാർലമെൻ്റ്) ഇന്നലെ ഒരാഴ്ചത്തെ അവധിക്കു പിരിഞ്ഞ ശേഷവും കടപരിധി കൂട്ടുന്നതിനെപ്പറ്റി ചർച്ച തുടരുകയാണ്. ധാരണ ആയാൽ കോൺഗ്രസിനെ തിരികെ വിളിച്ച് നിയമ ഭേദഗതി പാസാക്കും.
യുഎസ് ഒന്നാം പാദ ജിഡിപി വളർച്ച നേരത്തേ കണക്കാക്കിയ 1.1 ശതമാനത്തിൽ നിന്ന് 1.3 ശതമാനത്തിലേക്ക് ഉയർത്തി. ഇതു പ്രതീക്ഷയിലും കൂടുതലായി. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകൾ പ്രതീക്ഷയോളം കൂടാത്തത് തൊഴിൽ വിപണി ഇപ്പോഴും കരുത്തുറ്റതാണെന്നു കാണിക്കുന്നു. തൊഴിലില്ലാത്ത ഒരാൾക്ക് 1.6 അവസരങ്ങൾ എന്ന തോതിലാണു തൊഴിൽ വിപണി. ഇതെല്ലാം മാന്ദ്യത്തിനുള്ള സാധ്യത അകലെയാണെന്നു കാണിക്കുന്നു.
വിപണി സൂചനകൾ
(2023 മേയ് 25, വ്യാഴം)
സെൻസെക്സ് 30 61,872.62 +0.16%
നിഫ്റ്റി 50 18,321.15 +0.20%
ബാങ്ക് നിഫ്റ്റി 43,681.40 -0.01%
മിഡ് ക്യാപ് 100 33,157.10 +0.38%
സ്മോൾക്യാപ് 100 9957.95 +0.09%
ഡൗ ജോൺസ്30 32,764.65 -0.11%
എസ് ആൻഡ് പി500 4151.28 +0.88%
നാസ്ഡാക് 12,698.09 +1.71%
ഡോളർ ($) ₹82.72 +04 പൈസ
ഡോളർ സൂചിക 104.25 +0.36
സ്വർണം(ഔൺസ്) $1942.10 -$16.40
സ്വർണം(പവൻ ) ₹44,640 -₹360.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.26 -$2.12