പലിശ വീണ്ടും ആശങ്കാവിഷയം; കടപ്പത്രവിലകൾ താഴുന്നു; യു.എസ് ബജറ്റ് പ്രതിസന്ധിയിലും ഭയം; ഡോളർ ഉയരുന്നു

കടപ്പത്ര വിപണികൾ ഓഹരി വിപണികളെ നയിക്കുന്ന നിലയിലേക്കു കാര്യങ്ങൾ മാറുന്നു. യു.എസിലും യൂറാേപ്പിലും കടപ്പത്ര വിലയിലെ ഇടിവ് ഓഹരികളെ താഴ്ത്തുകയാണ്. ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്ത യു.എസ് വിപണിയുടെ ഫ്യൂച്ചേഴ്സിൽ വലിയ ഇടിവ് വന്നു. ഡൗ ജോൺസ് ഫ്യൂച്ചേഴ്സിൽ 120 പോയിന്റ് താണു. കടപ്പത്ര വില താഴുന്നതു പലിശ കൂടും എന്ന് ഉറപ്പുള്ളപ്പോഴാണ്. ഏഴു ശതമാനം വരെ ഫെഡറൽ റിസർവ് നിരക്ക് ഉയർത്താം എന്നു ജെ.പി മോർഗൻ തലവൻ ജേമീ ഡിമൺ പറഞ്ഞതും വിപണിയെ ആശങ്കയിലാക്കുന്നു. യു.എസ് ബജറ്റ് പ്രതിസന്ധി തുടരുന്നതു പ്രശ്നമാകുമെന്ന മൂഡീസിന്റെ മുന്നറിയിപ്പും വിപണിയുടെ കുതിപ്പിനു തടസമാകും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,728.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,654 വരെ താണു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച നഷ്ടത്തിൽ അവസാനിച്ചു. ജർമൻ സർക്കാർ ബോണ്ടുകളുടെ വില താഴ്ന്നതാണു കാരണം. പലിശനിരക്ക് ഇനിയും കൂടും എന്നാണു ബോണ്ട് വിപണി കാണിക്കുന്നത്.
യു.എസ് വിപണികൾ തുടർച്ചയായ നാലു ദിവസത്തെ ഇടിവിനു ശേഷം ഇന്നലെ കയറി. പലിശനിരക്ക് ഉയർന്ന നിലയിൽ കൂടുതൽ കാലത്തേക്കു തുടരുമെന്ന ആശങ്ക വർധിപ്പിച്ചു കൊണ്ട് പത്തുവർഷ യുഎസ് കടപ്പത്രങ്ങളുടെ വില നിക്ഷേപത്തിന് 4.56 ശതമാനം ആദായം കിട്ടത്തക്ക നിലയിലേക്കു താഴ്ന്നു.
ഡൗ ജോൺസ് 43.04 പോയിന്റ് (0.13%) കയറി 34,006.9 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 17.38 പോയിന്റ് (0.40%) ഉയർന്ന് 4337.44 ലും നാസ്ഡാക് 59.51 പോയിന്റ് (0.45%) കയറി 13,271.3 ലും ക്ലോസ് ചെയ്തു.
യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് വളരെ താഴ്ന്നാണു നിൽക്കുന്നത്. ഡൗ 0.31 ഉം എസ് ആൻഡ് പി 0.38 ഉം നാസ്ഡാക് 0.52 ഉം ശതമാനം താണു.
തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലായിരുന്നു. ജപ്പാനിൽ നിക്കെെ ഉയർന്നു. ചെെനയിൽ സൂചികകൾ ഇടിഞ്ഞു. ഇന്നു രാവിലെ ജപ്പാനിലും കൊറിയയിലും സൂചികകൾ ഒരു ശതമാനം താഴ്ന്നു. ചൈനീസ് സൂചികകളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തിങ്കളാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്ര നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നാമമാത്രമായി കയറി വ്യാപാരം തുടങ്ങി, പിന്നീടു താഴ്ന്നും കയറിയും നീങ്ങി. സെൻസെക്സ് 65,764 മുതൽ 66,225 വരെയും നിഫ്റ്റി 19,601 മുതൽ 19,734 വരെയും കയറിയിറങ്ങി. സെൻസെക്സ് 14.54 പോയിന്റ് (0.02%) കയറി 66,023.69 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 0.3 പോയിന്റ് (0.00%) ഉയർന്ന് 19,674.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 154.05 പോയിന്റ് (0.35%) കയറി 44,766.1 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.66 ശതമാനം ഉയർന്ന് 40,405.7 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.04 ശതമാനം ഉയർന്ന് 12,481.55 ൽ അവസാനിച്ചു.
റിയൽറ്റി കമ്പനികളും ബാങ്കുകളും ധനകാര്യ കമ്പനികളും ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ഐടിയും മീഡിയയും ഫാർമയും ഇടിഞ്ഞു. പഞ്ചസാര മിൽ കമ്പനികൾ അഞ്ചു മുതൽ എട്ടു വരെ ശതമാനം ഉയർന്നു.

റെലിഗേര്‍ എന്റർപ്രൈസസിനെ സ്വന്തമാക്കാൻ ബർമൻ കുടുംബം ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. 235 രൂപയ്ക്ക് ഓഹരി വാങ്ങാനാണ് ഓഫർ. 26 ശതമാനം ഓഹരിക്കു 2116 കോടി രൂപ മുടക്കു വരും. റെലിഗാർ ഓഹരി ഏഴു ശതമാനം താണ് 253 രൂപയായി.

കൊച്ചിൻ ഷിപ്പ് യാർഡ്, മസഗോൺ ഡോക്ക്, ഗാർഡൻ റീച്ച് എന്നീ കപ്പൽ നിർമാണ കമ്പനികൾ ഇന്നലെ രണ്ടു മുതൽ മൂന്നു വരെ ശതമാനം താഴ്ന്നു.
വിദേശഫണ്ടുകൾ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 2333.03 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1579.28 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിയിലെ വിൽപനസമ്മർദം കുറഞ്ഞു എന്നാണ് ചിലരുടെ വിലയിരുത്തൽ. 20,000 ലക്ഷമിട്ടുള്ള കുതിപ്പ് പുനരാരംഭിക്കും എന്നു ബുള്ളുകൾ പ്രതീക്ഷിക്കുന്നു. പക്ഷേ, അതിനു തക്ക സാഹചര്യം തെളിഞ്ഞു വന്നിട്ടില്ല. ആഗാേള സൂചനകളും അനുകൂലമല്ല.
ഇന്നു നിഫ്റ്റിക്ക് 19,620 ലും 19,535 ലും പിന്തുണ ഉണ്ട്. 19,720 ഉം 19,800ഉം തടസങ്ങളാകും.
വ്യാവസായിക ലോഹങ്ങൾക്കു സമ്മിശ്ര ദിനമായിരുന്നു തിങ്കളാഴ്ച. അലൂമിനിയം 0.46 ശതമാനം താഴ്ന്നു ടണ്ണിന് 2230.95 ഡോളറിലായി. ചെമ്പ് 0.70 ശതമാനം കുറഞ്ഞ് ടണ്ണിന് 8104.65 ഡോളറിൽ എത്തി. ടിൻ മൂന്നു ശതമാനം ഉയർന്നു, ലെഡ് 1.09 ശതമാനവും. നിക്കൽ 0.95 ശതമാനവും സിങ്ക് 1.13 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ നാമമാത്രമായി ഉയർന്നു, പിന്നീടു താണു. തിങ്കളാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 93.41 ഡോളറിലാണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ ബ്രെന്റ് ഇനം താഴ്ന്ന് 93.08 ഡോളറിലും ഡബ്ള്യുടിഐ ഇനം 89.56 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 94.34 ഡോളറിലാണ്.
സ്വർണവില ഇടിഞ്ഞു. തിങ്കളാഴ്ച 1916.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1915 ഡോളറിനടുത്തേക്കു താഴ്ന്നു.
കേരളത്തിൽ പവൻവില മാറ്റമില്ലാതെ 43,960 രൂപയിൽ തുടർന്നു.
രൂപ ദുർബലമായി. ഡോളർ 22 പൈസ കയറി 83.15 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഉയർന്ന് 106 ലെത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.05 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 26,300 നു താഴെയാണ്.

കാസിനോ കമ്പനി നികുതിക്കുരുക്കിൽ

കാസിനോകൾ നടത്തുന്ന ഡെൽറ്റാ കോർപ് ലിമിറ്റഡിന് 16,800 കോടി രൂപയുടെ ജി.എസ്.ടി കുടിശിക നോട്ടീസ് ഓഹരിവില 20 ശതമാനം ഇടിയാൻ കാരണമായി. അഞ്ചു വർഷത്തെ നികുതി കുടിശികയാണിത്. കഴിഞ്ഞ വർഷം ആയിരം കോടി രൂപ വിറ്റുവരവ് ഉള്ള കമ്പനിയുടെ വിപണിമൂല്യത്തിന്റെ നാലുമടങ്ങാണു നികുതി ഡിമാൻഡ്.
കാസിനോകൾക്കും ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും നികുതി 18ൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചിരുന്നു. നികുതി നിരക്ക് കൂട്ടിയതിനു ശേഷം കമ്പനിയുടെ ഓഹരി 4 ശതമാനം താഴ്ന്നു.
നികുതി ഡിമാൻഡ് നിയമവിരുദ്ധമാണെന്നു കമ്പനി വാദിക്കുന്നു. മുഴുവൻ പന്തയത്തുകയ്ക്കും 28 ശതമാനം ജിഎസ്ടി ചുമത്തി. കമ്പനിയുടെ വാദം പന്തയത്തിൽ നിന്നുള്ള വരുമാനത്തിനു മാത്രം നികുതി ചുമത്താനാണു നിയമം പറയുന്നത് എന്നാണ്.
നിയമ പോരാട്ടത്തിലൂടെ ഈ തർക്കം പരിഹരിക്കാൻ ഏറെക്കാലം എടുക്കും എന്നാണു വിദഗ്ധർ പറയുന്നത്. അല്ലെങ്കിൽ ജിഎസ്ടി കൗൺസിൽ കമ്പനിക്ക് അനുകൂലമായി ചട്ടം തിരുത്തണം. ഗോവയിലും സിക്കിമിലും ചില കേന്ദ്രഭരണ പ്രദേശങ്ങളിലും കാസിനോകൾ നടത്തുന്ന കമ്പനി ഓൺലൈൻ ഗെയിമിംഗിലും ഉണ്ട്. ജവഹർ മോദിയാണു കമ്പനിയുടെ പ്രാെമോട്ടർ. ഇദ്ദേഹത്തിന്റെ ഭാര്യ സിയ മോദി രാജ്യത്തെ പ്രമുഖ കോർപറേറ്റ് അഭിഭാഷകയാണ്. ഓൺലൈൻ ഗെയിമിംഗിൽ ഉള്ള നാസറ ടെക്‌നോളജീസിന്റെ ഓഹരി ഇന്നലെ മൂന്നു ശതമാനം താഴ്ന്നു.

ചൈനയിൽ വീണ്ടും റിയൽറ്റി തകർച്ച

ചൈനയിൽ റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെ വീണ്ടും തകർച്ചയിലേക്കു നീങ്ങുകയാണ്. കമ്പനിയുടെ മുൻസാരഥികളെയും ഭൂമി ഇടപാടുകളെയും പറ്റി പുതിയ അന്വേഷണം തുടങ്ങി. ഇതോടെ പുതിയ കടപ്പത്രം ഇറക്കി പഴയ കടങ്ങൾ കുറയ്ക്കാനുള്ള നീക്കം നടക്കില്ലെന്നായി.
കമ്പനി വായ്പാദാതാക്കളുമായുള്ള ചർച്ച നീട്ടിവച്ചു. പാപ്പർ നടപടി ഇനി വേഗത്തിലാകും എന്നാണു സൂചന. മുൻ സി.ഇ.ഒ ഇന്നലെ അറസ്റ്റിലായി.
എവർഗ്രാൻഡെ ഓഹരികൾ ഇന്നലെ 25 ശതമാനം ഇടിഞ്ഞു. ഗവണ്മെന്റ് രക്ഷയ്ക്കെത്തുന്നില്ലെങ്കിൽ കമ്പനിയുടെ നിലനിൽപ് അസാധ്യമാണെന്ന നിലയായി. മറ്റു റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളും ഇടിവിലാണ്.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 25, തിങ്കൾ)

സെൻസെക്സ് 30 66,023.69 -0.02%

നിഫ്റ്റി 50 19,674.55 0.00%

ബാങ്ക് നിഫ്റ്റി 44,766.10 +0.35%

മിഡ് ക്യാപ് 100 40,405.70 +0.66%

സ്മോൾ ക്യാപ് 100 12,481.55 +0.04%

ഡൗ ജോൺസ് 30 34,006.90 +0.13%
എസ് ആൻഡ് പി 500 4337.44 +0.44%

നാസ്ഡാക് 13,271.30 +0.45%

ഡോളർ ($) ₹83.15 + ₹0.22

ഡോളർ സൂചിക 106.00 +00.42

സ്വർണം(ഔൺസ്) $1916.10 -$09.70

സ്വർണം(പവൻ) ₹43,960 ₹00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $93.41 +$0.14



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it