പ്രശ്‌നങ്ങള്‍ തുടരുമ്പോഴും ബാങ്കിംഗില്‍ ആശ്വാസ പ്രതീക്ഷ; പാശ്ചാത്യ സൂചന പോസിറ്റീവ്; ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം
ബാങ്കിംഗ് പ്രതിസന്ധി അവസാനിച്ചില്ലെങ്കിലും ആസന്ന ഭീഷണി ഇല്ലെന്ന നിഗമനത്തിലാണു വിപണി. ജര്‍മന്‍ ബാങ്ക് ഡോയിച്ച് ബാങ്കിന്റെ ഓഹരി വെള്ളിയാഴ്ച ചാഞ്ചാട്ടത്തിനു ശേഷം ചെറിയ താഴ്ചയിലാണ് അവസാനിച്ചത്. അമേരിക്കയിലെ ഇടത്തരം ബാങ്കുകളുടെ പ്രശ്‌നം പരിഹൃതമാകുമെന്നാണു റിപ്പോര്‍ട്ടുക. ഇതെല്ലാം ഇന്ന് വിപണികളെ ഉയര്‍ന്നു വ്യാപാരം തുടങ്ങാന്‍ പ്രേരിപ്പിക്കേണ്ടതാണ്. എന്നാല്‍ വെറും ശുഭപ്രതീക്ഷ വിപണിയെ എത്രമാത്രം കയറ്റുമെന്നു കണ്ടറിയണം.
വെള്ളിയാഴ്ച ഏഷ്യയിലും യൂറോപ്പിലും ചോരപ്പുഴ ഒഴുകിയെങ്കിലും യുഎസ് വിപണിയുടെ സൂചികകള്‍ നല്ല നേട്ടത്തിലാണവസാനിച്ചത്. അവ ചെറിയ താഴ്ചയില്‍ തുടങ്ങിയിട്ടു കയറി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഡൗ ജോണ്‍സ് 0.41 ശതമാനവും. എസ് ആന്‍ഡ് പി 0.56 ശതമാനവും നാസ്ഡാക് 0.31 ശതമാനവും കയറി. പ്രതിവാര കണക്കില്‍ ഡൗ 1.2%, എസ് ആന്‍ഡ് പി 1.4%, നാസ്ഡാക് 1.7% എന്നിങ്ങനെ ഉയര്‍ന്നു.
ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സും നല്ല ഉയരത്തിലാണ്. ഡൗ 0.45 ഉം എസ് ആന്‍ഡ് പി 0.49 ഉം നാസ്ഡാക് 0.37 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.
വിപണികള്‍
ഓസ്‌ട്രേലിയന്‍ വിപണി ഇന്നു 0.3 ശതമാനം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും വിപണികള്‍ ദുര്‍ബല നിലയില്‍ വ്യാപാരമാരംഭിച്ചു. ജാപ്പനീസ് വിപണി സൂചിക 100 പോയിന്റ് ഉയര്‍ന്നു തുടങ്ങിയിട്ടു പിന്നീടു നഷ്ടത്തിനു തൊട്ടടുത്തായി. കൊറിയന്‍ വിപണി തുടക്കത്തില്‍ തന്നെ അര ശതമാനം താഴ്ന്നു.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 1.5 ശതമാനവും ഷാങ്ഹായ് സൂചിക 0.45 ശതമാനവും താഴ്ന്നാണു വ്യാപാരം ആരംഭിച്ചത്. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വെള്ളിയാഴ്ച ആദ്യ സെഷനില്‍ 16,919 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,037 ലേക്ക് കയറി. ഇന്നു രാവിലെ സൂചിക 17,042 ലേക്കു കയറിയിട്ട് അല്‍പം താണു. ഇന്ത്യന്‍ വിപണി ഉയര്‍ന്ന നിലയില്‍ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച അല്‍പം താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് കൂടുതല്‍ താഴ്ന്നു ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 398.18 പോയിന്റ് (0.69%) ഇടിഞ്ഞ് 57,527.10 ലും നിഫ്റ്റി 131.88 പോയിന്റ് (0.77%) താഴ്ന്ന് 16,945.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.25 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.37 ശതമാനവും താഴ്ന്നാണു വ്യാപാരം അവസാനിച്ചത്.
റിയല്‍റ്റി (4.78%), മെറ്റല്‍ (4.14%), പിഎസ് യു (3.56%), ഐടി (2.81%) എന്നീ മേഖലകളാണു കഴിഞ്ഞയാഴ്ച ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. വിപണി പിന്തുണനിലവാരം കൂടുതല്‍ താഴ്ത്തി. നിഫ്റ്റിക്ക് 16,915 ലും 16,800 ലും ആണു സപ്പോര്‍ട്ട്. 17,065 ലും 17,185 ലും തടസങ്ങള്‍ ഉണ്ടാകാം.
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച 1720.44 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 2555.53 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. കഴിഞ്ഞയാഴ്ച വിദേശികള്‍ 51.6 കോടി ഡോളര്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു. മാര്‍ച്ചില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 88.12 കോടി ഡോളര്‍ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിലും സ്വര്‍ണവും
ക്രൂഡ് ഓയില്‍ വില അല്‍പം താണു. ബ്രെന്റ് ഇനം ക്രൂഡ് 75.62 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 74.98 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളില്‍ നീങ്ങി. എങ്കിലും പ്രധാന ലോഹങ്ങള്‍ ഉയരത്തിലാണ്. ചെമ്പ് 0.12 ശതമാനം കയറി 8927 ഡോളറില്‍ എത്തി. അലൂമിനിയം 0.36 ശതമാനം ഉയര്‍ന്ന് 2337 ഡോളറിലായി. നിക്കലും സിങ്കും ടിന്നും ഉയര്‍ന്നപ്പോള്‍ ലെഡ് താഴ്ന്നു.
സ്വര്‍ണവില വെള്ളിയാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. 1969 ല്‍ നിന്ന് കയറി 1981 ഡോളറില്‍ എത്തിയ ശേഷം അല്‍പം താണു. ഇന്നു രാവിലെ 1973-1975 ഡോളറില്‍ വ്യാപാരം നടക്കുന്നു. വെള്ളി 23 ഡോളറിനു മുകളില്‍ തുടര്‍ന്നു.
കേരളത്തില്‍ വെള്ളിയാഴ്ച 44,000 രൂപയിലേക്കു കയറിയ പവനു ശനിയാഴ്ച 120 രൂപ കുറഞ്ഞ് 43,880 രൂപയായി. ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നിട്ടു കയറി. ബിറ്റ് കോയിന്‍ 28,000 ഡോളറിനു തൊട്ടു താഴെയാണ്. ഡോളര്‍ സൂചിക കയറ്റിറക്കങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച 103.12ല്‍ അവസാനിച്ചു. ഇന്ന് 103.01ലാണ്.
ഡോയിച്ച് ബാങ്കിലെ ആശങ്ക ശമിക്കുന്നു
ജര്‍മനിയിലെ ഡോയിച്ച് ബാങ്ക് വെള്ളിയാഴ്ച വിപണികളെ ആശങ്കയിലാഴ്ത്തി. ബാങ്കിന്റെ ഓഹരികള്‍ 15 ശതമാനം വരെ ഇടിഞ്ഞു. ബാങ്ക് ഇറക്കിയ കടപ്പത്രങ്ങളുടെ വില കുത്തനേ താണു. കുഴപ്പത്തിലായ ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്ത യുബിഎസിന്റെ ഓഹരി എട്ടു ശതമാനം വരെ താണു. ക്രെഡിറ്റ് സ്വീസ് ഏഴു ശതമാനം ഇടിവിലായി. ജര്‍മനിയിലെ കൊമേഴ്‌സ് ബാങ്ക് ഒന്‍പതു ശതമാനം ഇടിഞ്ഞിട്ടു നഷ്ടം കുറച്ചു.
ഡോയിച്ച് ഭദ്രമാണെന്നും നല്ല ലാഭം ഉണ്ടാക്കുന്നുണ്ടെന്നും ജര്‍മന്‍ ചാന്‍സലര്‍ തന്നെ പരസ്യ പ്രസ്താവന നടത്തിയ ശേഷമാണു വിപണി ശാന്തമായത്. യൂറോപ്പില്‍ ബാങ്ക് ഓഹരി എട്ടര ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. എന്നാല്‍ അമേരിക്കയില്‍ 3.11 ശതമാനം താഴ്ചയില്‍ ഒതുങ്ങി. വിപണി അടച്ച ശേഷമുള്ള വ്യാപാരത്തില്‍ ഡോയിച്ച് ബാങ്ക് 0.53 ശതമാനം ഉയര്‍ന്നു.
ഡാേയിച്ച് ബാങ്ക് നാലഞ്ചു വര്‍ഷങ്ങളായി പ്രശ്‌നങ്ങളിലാണ്. നാലു വര്‍ഷം നീണ്ട ചെലവുചുരുക്കലും അഴിച്ചു പണിയും കഴിഞ്ഞ ഡിസംബറിലാണു തീര്‍ന്നത്. തുടര്‍ച്ചയായ പത്തു
ത്രൈമാസങ്ങളില്‍ ബാങ്ക് ലാഭമുണ്ടാക്കി. 2022 ല്‍ ലാഭം തലേ വര്‍ഷത്തേതിന്റെ ഇരട്ടിയിലധികമായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസിന്റെ 30 മടങ്ങ് വിപണിമൂല്യം (1.8 ലക്ഷം കോടി ഡോളര്‍) ഡോയിച്ചിനുണ്ട്.
ബാങ്ക് വിറ്റ കടപ്പത്രങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നിരക്ക് (ക്രെഡിറ്റ് ഡിഫോള്‍ട്ട് സ്വാപ്) പെട്ടെന്നു കുതിച്ചുയര്‍ന്നതാണ് ഓഹരിവില തകരാന്‍ വഴി തെളിച്ചത്. അധികം വിപണനം നടക്കാത്ത ആ സ്വാപ്പുകളില്‍ ഒന്നാേ രണ്ടോ വ്യാപാരത്തില്‍ തന്നെ വലിയ വിലമാറ്റം വരുത്താം.
ഡോയിച്ചിന്റെ പ്രധാന ദുര്‍ബലവശം യുഎസ് റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപങ്ങളാണ്. പക്ഷേ ബാങ്കിന്റെ ലാഭത്താേതുമായി തട്ടിച്ചു നോക്കുമ്പോള്‍ അതത്ര വലുതല്ലെന്നു വിശകലനക്കാര്‍ പറയുന്നു. ഏതായാലും ഡോയിച്ച് ആശങ്ക അധികം തുടരാനിടയില്ലെന്നാണു നിഗമനം. സ്വാപ് വ്യാപാരം ഇന്ന് ഏതു ദിശയില്‍ നീങ്ങും എന്നതനുസരിച്ചാകും വിപണിയുടെ ഗതി.
അമേരിക്കന്‍ ബാങ്കിംഗ് പ്രശ്‌നങ്ങള്‍ തീരുന്നില്ല
അമേരിക്കയിലെ ഇടത്തരം ബാങ്കുകളുടെ കാര്യത്തില്‍ ആശങ്ക അകന്നിട്ടില്ല.ഫസ്റ്റ് റിപ്പബ്ലിക്, പാക് വെസ്റ്റ്, സയണ്‍സ് തുടങ്ങി അര ഡസനോളം ഇടത്തരം ബാങ്കുകള്‍ ഫെഡറല്‍ റിസര്‍വില്‍ നിന്ന് ലഭിക്കുന്ന അടിയന്തര വായ്പകള്‍ പരമാവധി ഉപയോഗിച്ചാണ് മുന്നോട്ടു പോകുന്നത്. ഇവയുടെ ഓഹരികള്‍ വെള്ളിയാഴ്ചയും ഇടിഞ്ഞു.
തകര്‍ന്ന സിലിക്കണ്‍വാലി ബാങ്കിനെ സിറ്റിസണ്‍സ് ബാങ്ക് ഷെയേഴ്‌സ് എന്ന ബാങ്ക് ഏറ്റെടുക്കുമെന്നാണു റിപ്പോര്‍ട്ട്. ഫസ്റ്റ് റിപ്പബ്ലിക്കിനുള്ള രക്ഷാപാക്കേജും തയാറായി വരുന്നു. സുരക്ഷിതമെന്നു കണക്കാക്കി സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നടത്തിയ വലിയ നിക്ഷേപമാണ് ഇവയ്ക്കു വിനയായിരിക്കുന്നത്. കടപ്പത്രങ്ങള്‍ വാങ്ങിയപ്പോള്‍ പലിശ കുറവായിരുന്നു. പലിശ കുറവെങ്കില്‍ കടപ്പത്ര വില ഉയര്‍ന്നു നില്‍ക്കും. പലിശ കൂടുമ്പോള്‍ വില കുറയും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ പലിശ വര്‍ധിക്കുകയാണ്, ഒപ്പം കടപ്പത്രവില ഇടിയുകയും ചെയ്യുന്നു. വിലയില്‍ 10 ശതമാനത്തിലധികം ഇടിവുണ്ട്. കടപ്പത്രം വിറ്റാല്‍ ഈ നഷ്ടം സഹിക്കണം. പല ബാങ്കുകളുടെയും മൂലധനത്തേക്കാള്‍ കൂടുതലാകും നഷ്ടം.