മനോഭാവം ബുള്ളിഷ്, വില്‍പന സമ്മര്‍ദത്തില്‍ ആശങ്ക, വിദേശ സൂചനകള്‍ പോസിറ്റീവ്; രാഷ്ട്രീയം വീണ്ടും ചിന്താവിഷയം

കാര്യമായ മാറ്റമില്ലാതെ കഴിഞ്ഞ വെള്ളിയാഴ്ച വിപണികള്‍ അവസാനിച്ചെങ്കിലും ബുള്ളിഷ് മനോഭാവമാണു വിപണിക്ക്. ഇന്ന് 23,000 നു മുകളില്‍ നല്ല മുന്നേറ്റം ബുള്ളുകള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കനത്ത വില്‍പന സമ്മര്‍ദം മറികടക്കാന്‍ പറ്റുമോ എന്നതാണു പ്രധാന ചോദ്യം. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ ആയതോടെ ഫലത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ വിപണിയെ വീണ്ടും ഉലയ്ക്കുന്നുണ്ട്. ഈയാഴ്ച വിപണിയില്‍ വലിയ കയറ്റിറക്കങ്ങളും ചാഞ്ചാട്ടങ്ങളും പ്രതീക്ഷിക്കണം.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,031ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,035 എത്തിയിട്ട് 23,023 ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്ന് ഫ്‌ളാറ്റ് ആയി വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. പലിശക്കാര്യത്തില്‍ ആശങ്ക വളരുന്നതാണു കാരണം. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ജൂണില്‍ നിരക്കു കുറച്ചു തുടങ്ങും എന്നാണു പ്രതീക്ഷ. എന്നാല്‍ വിലക്കയറ്റം കൂടുന്നു എന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം വൈകാന്‍ കാരണമായേക്കും.

യു.എസ് വിപണിയില്‍ നാസ്ഡാക് സൂചിക വെള്ളിയാഴ്ച മികച്ച കയറ്റം കാഴ്ചവച്ചു. എന്‍വിഡിയയുടെ തിളങ്ങുന്ന റിസല്‍ട്ടും നിര്‍മിതബുദ്ധി കമ്പനികളെപ്പറ്റിയുളള പുതിയ വിലയിരുത്തലുമാണു നാസ്ഡാക് സൂചികയെ ഉയര്‍ത്തിയത്. ഡൗ നാമമാത്ര നേട്ടമേ കാഴ്ചവച്ചുള്ളൂ.

ഡൗ ജോണ്‍സ് സൂചിക 4.33 പോയിന്റ് (0.01%) കയറി 39,069.59ല്‍ ക്ലോസ് ചെയ്തു. എസ്.ആന്‍ഡ്.പി 36.88 പോയിന്റ് (0.70%) ഉയര്‍ന്ന് 5304.72ല്‍ അവസാനിച്ചു. നാസ്ഡാക് 184.76 പോയിന്റ് (1.10%) കയറി റെക്കോര്‍ഡ് കുറിച്ച് 16,920.79ല്‍ ക്ലോസ് ചെയ്തു. ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്.

പലിശ കൂടുമെന്ന പ്രതീക്ഷയെ തുടര്‍ന്ന് പത്തു വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.467 ശതമാനമായി കൂടി.

ഏഷ്യന്‍ വിപണികള്‍ ഇന്നു ചെറിയ കയറ്റത്തിലാണ്. ചൈനീസ് വിപണിയുടെ തുടക്കം താഴ്ചയിലായിരുന്നു, പിന്നീടു കയറി.
ഇന്ത്യന്‍ വിപണി
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി രാവിലത്തെ കയറ്റിറക്കങ്ങള്‍ക്കു ശേഷം നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 75,636.50 വരെയും നിഫ്റ്റി 23,026.40 വരെയും എത്തിയ ശേഷം അല്‍പം താഴ്ന്നു ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 7.65 പോയിന്റ് (0.01%) താണ് 75,410.39ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 10.55 പോയിന്റ് (0.05%) താഴ്ന്ന് 22,957.10ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 203.05 പോയിന്റ് (0.42%) ഉയര്‍ന്ന് 48,971.65ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.01% കയറി 52,424.45ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.17 ശതമാനം താഴ്‌സ് 16,883.00ല്‍ അവസാനിച്ചു.

വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ വീണ്ടും വില്‍പനക്കാരായി. അവര്‍ 944.83 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2320.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മേയ് മാസത്തില്‍ ഇതുവരെ വിദേശികള്‍ 22,046 കോടി രൂപ ഓഹരികളില്‍ നിന്നു പിന്‍വലിച്ചു.

വിപണിയില്‍ ബുള്ളുകള്‍ മേല്‍ക്കൈ നിലനിര്‍ത്തി. നിഫ്റ്റി 50 സൂചിക 23,000 കടന്നു കയറിയെങ്കിലും അവിടെ നില്‍ക്കാനായില്ല. ലാഭമെടുക്കാനുള്ള വില്‍പനസമ്മര്‍ദം ആയിരുന്നു കാരണം. ഇന്നു നിഫ്റ്റിക്ക് 22,920ലും 22,890ലും പിന്തുണ ഉണ്ട്. 23,010 23,085 എന്നീ നേട്ടങ്ങള്‍ തടസങ്ങള്‍ ആകാം.

സ്വര്‍ണം കയറുന്നു

ലാഭമെടുക്കലിനെ തുടര്‍ന്നു താഴ്ചയില്‍ ആയിരുന്ന സ്വര്‍ണം വെള്ളിയാഴ്ച കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. തലേദിവസത്തെ ക്ലോസിംഗില്‍ നിന്നു 4.10 ഡോളര്‍ കയറി 2,334.30ല്‍ വില ക്ലോസ് ചെയ്തു.ഇന്നു രാവിലെ 2336 ഡോളറിലേക്കു കയറി.

കേരളത്തില്‍ സ്വര്‍ണം പവന് വെള്ളിയാഴ്ച 720 രൂപ ഇടിഞ്ഞ് 53,120 രൂപ ആയി. ശനിയാഴ്ച വില മാറിയില്ല. വെള്ളിയും താണു. രാജ്യാന്തര വില 30.31 ഡോളറിലായി. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 96,000 രൂപയിലേക്കു താഴ്ന്നു.

ഡോളര്‍ സൂചിക താഴുകയാണ്. വെള്ളിയാഴ്ച സൂചിക 104.72ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.73 ലാണ്. വെള്ളിയാഴ്ച രൂപ സമീപകാലത്തെ മികച്ച തിരിച്ചു കയറ്റം നടത്തി. ഡോളര്‍ 19 പൈസ താണ് 83.09 രൂപയായി.

ക്രൂഡ് ഓയില്‍ വാരാന്ത്യത്തിലേക്ക് ഉയര്‍ന്നു. ബ്രെന്റ് ഇനം 82.12 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ 77.72 ഡോളറിലും മര്‍ബന്‍ 83.21 ഡോളറിലുമാണ്.

വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളില്‍ നീങ്ങി. വെള്ളിയാഴ്ച ചെമ്പു വില 0.84 ശതമാനം കുറഞ്ഞ് ടണ്ണിന് 10,204.44 ഡോളറില്‍ എത്തി. അലൂമിനിയം 2.03 ശതമാനം കയറി 2666.82 ഡോളര്‍ ആയി. ടിന്‍, നിക്കല്‍, ലെഡ് എന്നിവയും ഉയര്‍ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ കയറിയിറങ്ങി. ബിറ്റ്‌കോയിന്‍ 69,100 ഡോളറിനു മുകളില്‍ കയറി. ഈഥര്‍ അധിഷ്ഠിത ഇ.ടി.എഫുകള്‍ക്ക് അനുമതി കിട്ടിയ ശേഷം താഴ്ന്ന ക്രിപ്‌റ്റോകള്‍ വീണ്ടും കയറി. തിരിച്ചു കയറിയ ഈഥര്‍ 3,880 ഡോളറിലാണ്.

ജി.ഡി.പി കണക്കുകള്‍

വ്യാഴാഴ്ച അമേരിക്കയുടെ ഒന്നാം പാദ ജി.ഡി.പി വളര്‍ച്ചയുടെ ആദ്യ തിരുത്തല്‍ കണക്ക് വരും. പ്രാഥമിക കണക്കില്‍ 1.6 ശതമാനമായിരുന്ന വളര്‍ച്ച 1.3 ശതമാനമായി കുറയാം എന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ ജനുവരി-മാര്‍ച്ച് നാലാം പാദ ജി.ഡി.പി വെള്ളിയാഴ്ച വൈകുന്നേരം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ) പുറത്തുവിടും. കഴിഞ്ഞ മൂന്നു പാദങ്ങളിലും എട്ടു ശതമാനത്തിലധികമാണ് വളര്‍ച്ച. ജനുവരിയില്‍ എന്‍.എസ്.ഒ കണക്കാക്കിയത് 2023-24 ലെ വളര്‍ച്ച 7.6 ശതമാനം ആകുമെന്നാണ്. മുന്‍പാദങ്ങളില്‍ യഥാക്രമം 8.2%, 8.1%, 8.4% എന്നിങ്ങനെ വളര്‍ച്ച ഉണ്ടായ നിലയ്ക്ക് നാലാം പാദത്തില്‍ 5.9 ശതമാനം വളര്‍ച്ച മതി ലക്ഷ്യത്തില്‍ എത്താന്‍.

എന്നാല്‍ ഈയിടെ വിദഗ്ധരും സര്‍ക്കാരും പറയുന്നത് എട്ടു ശതമാനത്തിനടുത്താകും വാര്‍ഷിക വളര്‍ച്ച എന്നാണ്. നാലാം പാദത്തിലേക്ക് പ്രമുഖ ബാങ്കുകളും റേറ്റിംഗ് ഏജന്‍സികളും കണക്കാക്കുന്ന വളര്‍ച്ച 6.1 മുതല്‍ 7.2 വരെ ശതമാനമാണ്. ഇന്ത്യയുടെ ജി.ഡി.പി കണക്ക് വെള്ളിയാഴ്ച വിപണി അവസാനിച്ച ശേഷമാണു പുറത്തു വരിക. തുടര്‍ന്നു തിങ്കളാഴ്ച തെരഞ്ഞെടുപ്പു ഫലത്തെപ്പറ്റിയുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആകും വിപണിയെ സ്വാധീനിക്കുക.

വിപണിസൂചനകള്‍
(2024 മേയ് 24, വെള്ളി)

സെന്‍സെക്‌സ്30 75,410.39 -0.01%

നിഫ്റ്റി50 22,957.10 -0.05%

ബാങ്ക് നിഫ്റ്റി 48,971.65 +0.42%

മിഡ് ക്യാപ് 100 52,424.45 +0.01%

സ്‌മോള്‍ ക്യാപ് 100 16,883.00 -0.17%

ഡൗ ജോണ്‍സ് 30 39,069.60 +0.01%

എസ് ആന്‍ഡ് പി 500 5304.72 +0.70%

നാസ്ഡാക് 16,920.80 +1.10%

ഡോളര്‍($) ₹83.09 -₹0.19
ഡോളര്‍ സൂചിക 104.72 -0.39

സ്വര്‍ണം (ഔണ്‍സ്) $2334.30 +$04.10
സ്വര്‍ണം (പവന്‍) ₹53,120 -₹720
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.12 +$00.71
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it