അനുകൂല സൂചനകളോടെ വിപണി; ബാങ്കിംഗ് ആശങ്കകൾ അകലെ; റിലയൻസ് ധനകാര്യ ബിസിനസ് വേറേ കമ്പനിയാക്കുന്നു; വില കുറയ്ക്കൽ തന്ത്രവുമായി എച്ച് യു എൽ

ഒരു ദിവസത്തെ അവധിക്കു ശേഷം ഇന്നു വിപണി തുറക്കുന്നതു ധനകാര്യ വർഷത്തിന്റെ അവസാന വ്യാപാര ദിവസത്തിലേക്കാണ്. പാശ്ചാത്യ വിപണികളിൽ രണ്ടു ദിവസവും നല്ല കയറ്റമായിരുന്നത് ഇന്നു വിപണിയെ ഉയർന്നു വ്യാപാരം തുടങ്ങാൻ പ്രേരിപ്പിക്കും. ഇന്നു നല്ല നേട്ടം ഉണ്ടായില്ലെങ്കിൽ തുടർച്ചയായ നാലാം മാസവും നിഫ്റ്റി നഷ്ടത്തിൽ അവസാനിക്കുന്ന നിലയാകും.

ഇന്ത്യൻ വിപണി ബുധനാഴ്ച രാവിലെ തലേന്നത്തെ രീതിയിൽ നീങ്ങി. പക്ഷേ അവസാന മണിക്കൂറിൽ രീതി നേർ വിപരീതമായിരുന്നു. രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു ചാഞ്ചാട്ടങ്ങളിലായിരുന്നു. എന്നാൽ അവസാന മണിക്കൂറിൽ നല്ല കുതിപ്പു നടത്തി. ഉയർച്ചയിൽ നിന്നു ഗണ്യമായി താഴ്ന്നാണെങ്കിലും തലേന്നത്തേക്കാൾ നല്ല ഉയർച്ചയിൽ ക്ലോസ് ചെയ്തു.

സെൻസെക്സ് 346.37 പോയിന്റ് (0.60%) നേട്ടത്തിൽ 57,960.09ലും നിഫ്റ്റി 129 പോയിന്റ് (0.76%) കയറി 17,080.70 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.73 ശതമാനം വീതം കയറിയാണ് വ്യാപാരം അവസാനിച്ചത്. ഐടി, വാഹന, മീഡിയ, മെറ്റൽ, റിയൽറ്റി, ബാങ്ക്, ഫിനാൻസ് മേഖലകൾ നല്ല നേട്ടമുണ്ടാക്കി.

അദാനി ഗ്രൂപ്പ് ഓഹരികൾ

പണയം വച്ച ഓഹരികൾ മുഴുവൻ തിരിച്ചെടുത്തെന്നു സ്ഥിരീകരിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ ബുധനാഴ്ച തിരിച്ചു കയറി. അദാനി എന്റർപ്രൈസസ് 9.5 ശതമാനവും അദാനി പോർട്സ് എട്ടു ശതമാനവും ഉയർന്നു.

സീ ഗ്രൂപ്പും ഇൻഡസ് ഇൻഡ് ബാങ്കും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. സീ - സോണി സംയോജനത്തിന് ഇനി തടസങ്ങൾ ഇല്ല. സീയുടെയും ഇൻഡസ് ഇൻഡിന്റെയും ഓഹരികൾ കയറി.

17,200 ലെ സമ്മർദം മറികടക്കാൻ നിഫ്റ്റിക്കു കഴിഞ്ഞില്ലെങ്കിലും 17,000 നു മുകളിലുള്ള ക്ലോസിംഗ് ഒരു പുൾ ബായ്ക്ക് റാലിയുടെ പ്രതീക്ഷ ജനിപ്പിക്കുന്നു. നിഫ്റ്റിക്ക് 16,920 ലും 16,830 ലും ആണു സപ്പോർട്ട്. 17,030 ലും 17,125 ലും തടസങ്ങൾ ഉണ്ടാകാം എന്നാണു വിശകലന വിദഗ്ധർ പറയുന്നത്.

വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും ബുധനാഴ്ച വാങ്ങലുകാരായി. വിദേശികൾ 1245.39 കോടിയുടെയും സ്വദേശി ഫണ്ടുകൾ 822.99 കോടിയുടെയും ഓഹരികൾ വാങ്ങി. ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 79.27 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 79.06 ഡോളറിലെത്തി. ചൈനയിൽ ഡിമാൻഡ് കോവിഡിനു മുൻപുണ്ടായിരുന്നതിലും മൂന്നു ശതമാനം അധികമാകുമെന്നു പെട്രാേ ചൈന വിലയിരുത്തിയത് വില ഉയർന്നു നിൽക്കാൻ സഹായിച്ചു.

വ്യാവസായിക ലോഹങ്ങൾ രണ്ടു ദിവസവും ചെറിയ തോതിൽ ഉയർന്നു. ചെമ്പ് ഒരു ശതമാനം കയറി 9040 ഡോളറിലും അലൂമിനിയം കയറിയിറങ്ങി 2386 ഡോളറിലുമായി. ലഭ്യത കുറയുമെന്ന റിപ്പോർട്ടുകളെ തുടർന്നു നിക്കൽ 24,000 ഡോളറിനു മുകളിലായി. ടിൻ 3000 ഡോളറിലേക്കു കയറി.

സ്വർണവില താഴ്ന്നിട്ടു കുതിച്ചു. ബുധനാഴ്ച 1968-1970 ഡോളറിലായിരുന്ന വില പിന്നീട് 1958 ലേക്കു താണു. യുഎസിൽ കൂടുതൽ പേർ തൊഴിൽ രഹിതരായി എന്നതും കഴിഞ്ഞ പാദത്തിലെ ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവായി എന്നതും സ്വർണത്തെ പിന്നീടു കയറ്റി.1985 ഡോളർ വരെ എത്തിയ ശേഷം വില 1979-1981-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1981-1983 ഡോളറിലാണു വ്യാപാരം.

വെള്ളി 23.88 ഡോളറിലേക്കു കയറി. കേരളത്തിൽ ബുധനാഴ്ച പവന് 160 രൂപ വർധിച്ച് 43,760 രൂപയായി. ഇന്നലെയും ആ വില തുടർന്നു. ഇന്നു വില ഉയർന്നേക്കാം. ക്രിപ്റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ് കോയിൻ 30,000 ഡോളറിനു തൊട്ടടുത്ത് എത്തി. പിന്നീടു താണു.

രൂപ ബുധനാഴ്ച ആദ്യം ഉയർന്നിട്ടു താഴ്ന്നു. ഡോളർ 15 പൈസ കയറി 82.34 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക കയറ്റിറക്കങ്ങൾക്കു ശേഷം വ്യാഴാഴ്ച 102.2 ൽ അവസാനിച്ചു. ഇന്ന് 102.25 ലാണ് സൂചിക.

വിദേശ വിപണികൾ

യൂറോപ്യൻ സൂചികകൾ രണ്ടു ദിവസവും മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡോയിച്ച് ബാങ്കിനെ ചുറ്റിപ്പറ്റി ഉണ്ടായ പ്രശ്നങ്ങൾ കാര്യമില്ലാത്തതാണെന്ന വിലയിരുത്തലിലേക്ക് വിപണി മാറി. ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്ത യുബിഎസ് സെർജിയോ എർമോട്ടിനെ സിഇഒയും എംഡിയുമായി നിയമിച്ചതു വിപണിയിൽ നല്ല അഭിപ്രായം ഉണ്ടാക്കി. 2011 മുതൽ 2020 വരെ ബാങ്കിനെ നയിച്ച എർമോട്ടിനെ ക്രെഡിറ്റ് സ്വീസിന്റെ ഏറ്റെടുക്കൽ സുഗമമായി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു തിരിച്ചു വിളിച്ചത്.

യുഎസ് വിപണി സൂചികകൾ രണ്ടു ദിവസവും ഉയർന്നു. ബാങ്കിംഗ് ആശങ്കകൾ അകന്നതാണു പ്രധാന കാരണം. ടെക്നോളജി മേഖലയിലെ ആശങ്കയും ഒട്ടൊക്കെ മാറി. ചാൾസ് ഷ്വാബ് ബാങ്കിംഗ് കോർപറേഷനെ മോർഗൻ സ്റ്റാൻലി ഡൗൺ ഗ്രേഡ് ചെയ്തതും വിലലക്ഷ്യം താഴ്ത്തിയതും ആ ഓഹരിയെ മാത്രമേ വലിച്ചു താഴ്ത്തിയുള്ളൂ. രണ്ടു ദിവസം കൊണ്ട് ഡൗ ജോൺസും എസ് ആൻഡ് പിയും നാസ്ഡാകും രണ്ടു ശതമാനത്തിലധികം ഉയർന്നു.

ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഡൗ 0.22 ഉം എസ് ആൻഡ് പി 0.30 ഉം നാസ്ഡാക് 0.37 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഓസ്ട്രേലിയൻ വിപണി ഇന്ന് തുടക്കത്തിൽ മുക്കാൽ ശതമാനം കയറി. ജപ്പാനിൽ നിക്കെെ ഒരു ശതമാനം കയറി വ്യാപാരം തുടങ്ങി. മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ ഉയർന്നു വ്യാപാരമാരംഭിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒരു ശതമാനവും ഷാങ്ഹായ് സൂചിക 0.65 ശതമാനവും ഉയർന്നാണു വ്യാപാരം ആരംഭിച്ചത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് , വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്ച ആദ്യ സെഷനിൽ 17,100 -നു മുകളിൽ കയറി. രണ്ടാം സെഷനിൽ 17,200 ലേക്ക് കയറി. ഇന്നലെ സൂചിക 17,278 വരെ കയറിയിട്ട് അൽപം താണു. രാവിലെ 17,270 ലാണു വ്യാപാരം. ഇന്ത്യൻ വിപണി ഇന്ന് നല്ല കുതിപ്പോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.



റിലയൻസ് ധനകാര്യ സേവന വിഭാഗം പ്രത്യേക കമ്പനിയാക്കുന്നു


റിലയൻസ് ഇൻഡസ്ട്രീസിന്റെ ധനകാര്യ സേവന വിഭാഗം വേർപെടുത്തുന്നതിനു നടപടി തുടങ്ങുന്നു. ഓഹരി ഉടമകളുടെ യോഗം ഇതിനായി മേയ് രണ്ടിനു ചേരും. ഇപ്പോൾ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെമെന്റ്സ് എന്നറിയപ്പെടുന്ന ഈ വിഭാഗം വിഭജനത്തിനു ശേഷം ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നറിയപ്പെടും. റിലയൻസിന്റെ ഒരു ഓഹരിക്ക് ഒരു ജിയോ ഫിനാൻഷ്യൽ ഓഹരി കിട്ടും. പുതിയ കമ്പനിയുടെ ചെയർമാൻ ഐസിഐസിഐ ബാങ്ക് മുൻ മേധാവി കെ.വി. കാമത്ത് ആയിരിക്കും. കഴിഞ്ഞ (2021 - 22 ) സാമ്പത്തിക വർഷം 1387 കോടിയുടെ റിറ്റുവരവ് ഈ വിഭാഗത്തിനുണ്ടായിരുന്നു.

ജിയോ ഫിനാൻഷ്യൽ വേർപെടുത്തുന്ന കാര്യം കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞിരുന്നു. കൺസ്യൂമർ വായ്പകളും വ്യാപാര വായ്പകളും നൽകുന്നതിലേക്കു ജിയോ ഫിൻ ഉടനേ കടക്കും. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെമെന്റ്സ് ആൻഡ് ഹോൾഡിംഗ്സ് ലിമിറ്റഡ്, റിലയൻസ് പേമെന്റ് സാെലൂഷൻസ്, ജിയോ പേമെന്റ്‌സ് ബാങ്ക്, റിലയൻസ് റീട്ടെയിൽ ഫിനാൻസ് , ജിയാേ ഇൻഫർമേഷൻ അഗ്രഗേറ്റർ, റിലയൻസ് റീട്ടെയിൽ ഇൻഷുറൻസ് ബ്രാേക്കിംഗ് എന്നിവയിൽ ജിയാേ ഫിനാൻഷ്യലിന് നിക്ഷേപമുണ്ട്. ക്രമേണ ബാങ്ക് ആയി വളരുകയാണു ലക്ഷ്യം. നേരിട്ടു ലൈസൻസ് കിട്ടാൻ ഇടയില്ലാത്തതിനാൽ ഏതെങ്കിലും ബാങ്കിനെ ഏറ്റെടുക്കാനാകും ശ്രമിക്കുക.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നേതൃമാറ്റം

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഇഒയും എംഡിയുമായ മുരളി രാമകൃഷ്ണൻ പുനർനിയമനം ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചതും പിൻഗാമിയെ കണ്ടെത്താൻ ഡയറക്ടർ ബോർഡ് നടപടി ആരംഭിച്ചതും ബുധനാഴ്ച വിപണിയിൽ വലിയ ചലനം ഉണ്ടാക്കി. ബാങ്ക് ഓഹരി 17 ശതമാനം വരെ ഇടിഞ്ഞു. ബുധനാഴ്‌ച ക്ലോസ് ചെയ്യുമ്പോൾ 13 ശതമാനം താഴ്ചയിലായിരുന്നു ഓഹരി.

ബോർഡും എംഡിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതാണ് ഒരു കാലാവധി കൂടി തുടരേണ്ട എന്ന നിലപാടിനു കാരണമെന്നു ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. അങ്ങനെയൊന്നും ഇല്ലെന്നു വിവിധ മാധ്യമങ്ങളാേടു മുരളി രാമകൃഷ്ണൻ തന്നെ വ്യക്തമാക്കി. പിൻഗാമിയെ കണ്ടെത്താൻ പ്രഫഷണൽ ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്.

മൂന്നു വർഷം മുൻപാണു മുരളി രാമകൃഷ്ണൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ സാരഥിയായത്. ബാങ്കിനെ ലാഭ പാതയിലാക്കിയ അദ്ദേഹം നിഷ്ക്രിയ ആസ്തിയുടെ തോതു ഗണ്യമായി താഴ്ത്തി. ഓഹരിവില ഒരു വർഷം കൊണ്ട് ഇരട്ടിയിലേറെ ആയത് ശ്രദ്ധേയമാണ്. ഞ്ചാങ്ക് നല്ല നിലയിലേക്കു കയറുമ്പോൾ സാരഥി മാറുന്നത് വിപണിക്കു സ്വാഭാവികമായും ഇഷ്ടപ്പെടുകയില്ല.


എച്ച് യുഎൽ വില കുറയ്ക്കുന്നു

കൺസ്യൂമർ വിപണിയിലെ വമ്പന്മാരായ ഹിന്ദുസ്ഥാൻ യൂണി ലീവർ (എച്ച് യുഎൽ) ഉൽപന്നങ്ങൾക്കു വില കുറയ്ക്കുന്നു. 10 മുതൽ 25 വരെ ശതമാനം വിലക്കുറവ് അല്ലെങ്കിൽ ഉൽപന്നത്തിന്റെ ഭാരത്തിൽ 17 മുതൽ 25 വരെ ശതമാനം വർധന ആണു വരുത്തുന്നത്. അസംസ്കൃത വസ്തുക്കൾക്കു വില കുറഞ്ഞതാണു കാരണം.

റിൻ ബാർ (10 രൂപ) ഇനി 140 ഗ്രാം കിട്ടും. ഇപ്പോൾ 120 ഗ്രാം. 300 ഗ്രാമിന്റെ വിം ബാർ 375 ഗ്രാം ആകും. വില 30 രൂപ തന്നെ. വിം ലിക്വിഡ് 185 മില്ലി ലീറ്ററിന് 20 രൂപയിൽ നിന്നു 15 രൂപയാകും.

സർഫ് എക്സൽ മാറ്റിക് ലിക്വിഡ് ഒരു ലീറ്ററിന് 220 രൂപയിൽ നിന്ന് 199 രൂപയാക്കി. സർഫ് എക്സൽ ഈസി വാഷ് ഒരു ലീറ്ററിന് 205-ൽ നിന്ന് 190 രൂപയാക്കി.

കൺസ്യൂമർ ഉൽപന്ന വിപണിയിലെ മറ്റു കമ്പനികൾക്കു വില കുറയ്ക്കേണ്ടി വരും എന്നാണു വിലയിരുത്തൽ.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it