തീവണ്ടി ദുരന്തം: 'കവച് ' ഓഹരികൾ കയറ്റത്തിൽ

വിപണികൾ വീണ്ടും പലിശപ്പേടിയിലേക്കു നീങ്ങുകയാണ്. അടുത്തയാഴ്ച യുഎസ് ഫെഡ് പലിശ കൂട്ടുമെന്ന് ഉറപ്പായി. ഇതോടെ കറൻസി മൂല്യം നിലനിർത്താൻ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും നിരക്കു കൂട്ടാൻ നിർബന്ധിതരാകും. എന്നാൽ ഇന്ത്യയുടെ റിസർവ് ബാങ്ക് റീപാേ നിരക്കു വർധന ഒഴിവാക്കും എന്നാണു സൂചന.

റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ഇന്നു യോഗം തുടങ്ങും. വ്യാഴാഴ്ച രാവിലെ പണനയ അവലോകന തീരുമാനം പ്രഖ്യാപിക്കും. പലിശ കൂട്ടാതിരിക്കുന്നത് രൂപയുടെ വില ഇടിക്കും.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,725 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,699.5 ലേക്കു താണു. ഇന്നു രാവിലെ 18,730 വരെ ഉയർന്നിട്ടു താണു. ഇന്ത്യൻ വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ചെറിയ താഴ്ചയിലാണ് ഇന്നലെ ക്ലാേസ് ചെയ്തത്. ഡൗ ജോൺസ് തിങ്കളാഴ്ച 199.9 പോയിന്റ് (0.59%) താഴ്ന്ന് 33,562.9 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 8.58 പോയിന്റ് (0.2%) താഴ്ന്നു. നാസ്ഡാക് 11.34 പോയിന്റ് (0.09%) കുറഞ്ഞ് 13,229.4-ലായി.

യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്രമായി താഴ്ന്നു. ഡൗ 0.05 ശതമാനം താണപ്പോൾ നാസ്ഡാക് 0.12 ശതമാനവും എസ് ആൻഡ് പി 0.07 ശതമാനവും താണു. ഏഷ്യൻ സൂചികകൾ ഇന്നു രാവിലെ താഴ്ചയിൽ തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി. ജപ്പാനിൽ നിക്കൈ സൂചിക 250 പോയിന്റ് തിരിച്ചു കയറി. ഓസ്ട്രേലിയൻ വിപണി താഴ്ന്നു തുടങ്ങി കൂടുതൽ താണു. ഓസ്ട്രേലിയൻ കേന്ദ്ര ബാങ്ക് പലിശ കൂട്ടുമെന്ന ആശങ്കയിലാണു വിപണി. ചെെനീസ് വിപണികൾ തുടക്കത്തിൽ താണു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വാരാന്ത്യത്തിലെ നേട്ടത്തിൽ നിന്നു കൂടുതൽ ഉയരത്തിലേക്കു കടക്കാനുള്ള പ്രവണത ഇന്നലെ രാവിലെ കാണിച്ചിരുന്നു. നിഫ്റ്റി ഏറെ സമയം 18,600 നു മുകളിൽ ആയിരുന്നെങ്കിലും അവസാനം അതു നിലനിർത്താനായില്ല. സെൻസെക്സ് 62,943 വരെയും നിഫ്റ്റി 18,640 വരെയും കയറിയിട്ട് കുറേ താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 240.36 പോയിന്റ് (0.38%) ഉയർന്ന് 62,787.47 ലും നിഫ്റ്റി 59.75 പോയിന്റ് (0.32%) കയറി 18,593.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.14 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.36 ശതമാനവും ഉയർന്നു.

ഐടി, എഫ്എംസിജി, പൊതു മേഖലാ ബാങ്കുകൾ എന്നിവ ഇന്നലെ താഴ്ചയിലായി. വാഹന കമ്പനികൾ, സ്വകാര്യ ബാങ്കുകൾ, ധനകാര്യ കമ്പനികൾ, മീഡിയ, മെറ്റൽ കമ്പനികൾ തുടങ്ങിയവ നേട്ടം ഉണ്ടാക്കി.

വിപണി ബുള്ളിഷ് ആണെങ്കിലും 18,000 - 18,700 മേഖല വലിയ പ്രതിബന്ധമായി നിൽക്കുകയാണ്. നിഫ്റ്റിക്കു 18,585 ലും 18,545 ലും സപ്പോർട്ട് ഉണ്ട്. 18,625 ലും 18,665 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ ഇന്നലെയും ക്യാഷ് വിപണിയിൽ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ വാങ്ങൽ വർധിപ്പിച്ചു. വിദേശികൾ തിങ്കളാഴ്ച 700.98 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1195.98 കോടിയുടെ ഓഹരികൾ വാങ്ങി.

ലോഹവിപണി ഇന്നലെ താഴ്ന്നു. അലൂമിനിയം 1.61 ശതമാനം താണ് ടണ്ണിന് 2244.15 ഡോളറിൽ എത്തി. ചെമ്പ് 0.86 ശതമാനം താഴ്ന്ന് 8265 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ഒന്നര മുതൽ മൂന്നര വരെ ശതമാനം താഴ്ചയിലാണ്.

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് 76.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 76.50 ലേക്കു താണു. ഡബ്ള്യുടിഐ ഇനം 72.21 ഡോളർ വരെ കയറിയിട്ട് 71.91 ലേക്കു താണു.

സ്വർണവില ഉയർന്നു. ക്രിപ്റ്റോ കറൻസിക്കെതിരായ യുഎസ് അധികൃതരുടെ നീക്കമാണ് സ്വർണത്തെ സഹായിച്ചത്. ഇന്നലെ1938 ൽ നിന്ന് 1964 ഡോളർ വരെ വില കയറി. ഇന്നു രാവിലെ 1959 -1961 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില ഇന്നലെയും മാറ്റമില്ലാതെ 44,240 രൂപയിൽ തുടർന്നു.

കവച് കമ്പനികൾക്കു കയറ്റം

ഒഡീഷയിലെ ട്രെയിൻ കൂട്ടിയിടി ദുരന്തം ട്രാക്കുകളിൽ കവച് എന്ന സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തു കാണിക്കുന്നു. കവച് സംവിധാനം രൂപപ്പെടുത്തുന്നതിൽ പങ്കാളികളായ എച്ച്ബിഎൽ പവർ സിസ്റ്റംസ്, കെർനെക്സ് മെെക്രാേ സിസ്റ്റംസ് എന്നിവയുടെ ഓഹരികൾ ഇന്നലെ ഗണ്യമായി ഉയർന്നു. ഈ കമ്പനികളും മേധാ സെർവാേ

ഡ്രൈവ്‌സ് എന്ന ലിസ്റ്റ് ചെയ്യാത്ത കമ്പനിയും റെയിൽവേയുടെ കീഴിഴുള്ള റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡാർഡ്സ് ഓർഗനൈസേഷനുമായി സഹകരിച്ചു രൂപം കൊടുത്തതാണു കവച്. ഇതു മുഴുവൻ ട്രക്കുകളിലും ലോക്കാേമാട്ടീവുകളിലും ഏർപ്പെടുത്തുന്നത് ത്വരിതപ്പെടുത്തും എന്നാണു പ്രതീക്ഷ. എച്ച്ബിഎൽ ഇന്നലെ 10 ശതമാനവും കെർനെക്സ് അഞ്ചു ശതമാനവും ഉയർന്നു.

കപ്പൽ നിർമാതാക്കൾക്കു നേട്ടം

കപ്പൽ നിർമാണ കമ്പനികൾ ഇന്നലെ വലിയ കയറ്റത്തിലായിരുന്നു. കാെച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ 14.3 ശതമാനം കയറി 573 രൂപയിലെത്തി. ഐസിഐസിഐ സെക്യൂരിറ്റീസ് ഈ ഓഹരിക്കു വാങ്ങൽ ശിപാർശയാണു നടത്തിയിട്ടുള്ളത്.

ഐസിഐസിഐ സെക്യൂരിറ്റീസ് വിൽപന ശിപാർശ നൽകിയിട്ടും മസഗോൺ ഡോക്ക് ഷിപ്പ് യാർഡ് ഓഹരി ഇന്നലെ 19 ശതമാനം ഉയർന്ന് 1006 രൂപ വരെ എത്തി. മസഗോൺ ഓഹരിയുടെ ചാർട്ട് വിശകലനക്കാർ ഓഹരിക്കു നല്ല കാലം പ്രവചിച്ചിട്ടുണ്ട്. ർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഇന്നലെ 10 ശതമാനത്തിലധികം ഉയർന്ന് 526 രൂപ വരെ എത്തി.

ക്രിപ്റ്റോകൾക്ക് ഭീഷണി

ബിനാൻസ് എക്സ്ചേഞ്ചിനും അതിന്റെ സ്ഥാപക സിഇഒ ചാങ് പെങ് ചൗവിനും എതിരേ യുഎസ് എസ്ഇസി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ) കേസ് എടുത്തതോടെ ക്രിപ്റ്റോ കറൻസികൾ ഇടിഞ്ഞു. ബിറ്റ്കോയിൻ 25,800 ഡോളറിലേക്കു വീണു. പിന്നീട് അൽപം കയറി. ബിനാൻസ് കോയിൻ അഞ്ചു ശതമാനം ഇടിഞ്ഞു. ഈഥർ തുടങ്ങി മറ്റു ക്രിപ്റ്റാേ കറൻസികളും ഇടിവിലാണ്.

പതിമൂന്നു കുറ്റങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിനും ചാങ് പെങ്ങിനും മേൽ ചുമത്തിയിരിക്കുന്നത്. അനുവാദമില്ലാത്ത ധനകാര്യ ഉപകരണങ്ങൾ വിറ്റതും പണം ചാങ് പെങ്ങിന്റെ ഒരു യൂറോപ്യൻ കമ്പനിയിലേക്കു മാറ്റിയതുമാണു പ്രധാന കുറ്റങ്ങൾ.


ഡോളർ കയറുന്നതിനു പിന്നിൽ

ഡോളർ 23 പൈസ കയറി 82.63 രൂപ ആയി. അടുത്തയാഴ്ച യുഎസ് ഫെഡ് പലിശ നിരക്ക് വീണ്ടും വർധിപ്പിക്കും എന്നാണു വിപണിയുടെ നിഗമനം. എന്നാൽ റിസർവ് ബാങ്ക് ഇപ്പോൾ നിരക്കു കൂട്ടുന്നില്ല എന്നാണു വിലയിരുത്തൽ. യുഎസ് പലിശ കൂടുന്നത് യുഎസ് കടപ്പത്രങ്ങളിലേക്കു നിക്ഷേപങ്ങൾ നീങ്ങാൻ കാരണമാകും. അത് ഇന്ത്യൻ രൂപയെ ദുർബലപ്പെടുത്തും. അതുകൊണ്ടാണു ഡോളർ നിരക്ക് ഈ ദിവസങ്ങളിൽ ഉയരുന്നതും രൂപ താഴുന്നതും. രാജ്യാന്തര തലത്തിൽ ഡോളർ സൂചിക 104.00 ലേക്കു താണു. ഇന്നു രാവിലെ 103.98 ലാണ്.


വിപണി സൂചനകൾ

(2023 ജൂൺ 05, തിങ്കൾ)

സെൻസെക്സ് 30 62,787.47 +0.38%

നിഫ്റ്റി 50 18,593.85 +0.32%

ബാങ്ക് നിഫ്റ്റി 44,101.70 +0.37%

മിഡ് ക്യാപ് 100 34,015.20 +0.14%

സ്മോൾക്യാപ് 100 10,359.05 +0.36%

ഡൗ ജോൺസ് 30 33,762.80 + 2.12%

എസ് ആൻഡ് പി 500 4282.37 +1.45%

നാസ്ഡാക് 13,240.80 +1.07%

ഡോളർ ($) ₹82.63 + 0.23പൈസ

ഡോളർ സൂചിക 104.00 -0.04

സ്വർണം(ഔൺസ്) $1963.40 +$14.90

സ്വർണം(പവൻ ) ₹44,240 ₹00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.70 +$0.53

.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it