ആവേശത്തുടക്കത്തിനു വിപണി; വിദേശികൾ വിൽപന തുടരുന്നു; അമേരിക്കയിൽ മാന്ദ്യം തുടങ്ങിയോ? കാലവർഷം ചതിച്ചാൽ രൂക്ഷ വിലക്കയറ്റം

തലേ ആഴ്ചയെ അപേക്ഷിച്ച് നിക്ഷേപകർക്ക് ആശ്വാസം പകരുന്നതായി കഴിഞ്ഞ ആഴ്ച. രണ്ടാഴ്ചത്തെ താഴ്ചയ്ക്കു ശേഷം മുഖ്യ സൂചികകൾ ഉയർച്ചയിലായി. നിഫ്റ്റിയും സെൻസെക്സും 2.65 ശതമാനം പ്രതിവാര നേട്ടമുണ്ടാക്കിയപ്പോൾ യുഎസ് വിപണി വലിയ കുതിപ്പ് നടത്തി.

ഡൗ ജോൺസ് സൂചിക 5.4 ശതമാനം ഉയർന്നാണു വാരം അവസാനിപ്പിച്ചത്. ഇതു തിരിച്ചു കയറ്റമാണോ അതാേ താഴ്ചയ്ക്കിടയിലെ ഒരു തിരുത്തൽ മാത്രമാണോ എന്നാണറിയേണ്ടത്. ഇപ്പോഴത്തെ കയറ്റം ഹ്രസ്വകാലത്തേക്കു മാത്രമാണെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്തായാലും ഇന്നു വിപണി ആവേശകരമായ തുടക്കത്തിനാണ് ഒരുങ്ങുന്നത്.

വെള്ളിയാഴ്ച ഇന്ത്യൻ വിപണികൾ ഒരു ശതമാനത്തോളം ഉയർന്നു. യൂറാേപ്പും നേട്ടത്തിലായിരുന്നു. യുഎസ് സൂചികകൾ രണ്ടര ശതമാനം മുതൽ മൂന്നര ശതമാനം വരെ നേട്ടം കുറിച്ചു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് അൽപം താഴ്ചയിലാണെങ്കിലും ഏഷ്യൻ വിപണികൾ നല്ല നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ തുടക്കത്തിൽ ഒരു ശതമാനത്തോളം ഉയർന്നു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 15,829-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 15,877 ലെത്തി. പിന്നീട് അൽപം താണു. ഇന്ത്യൻ വിപണി നല്ല നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

വെള്ളിയാഴ്ച സെൻസെക്സ് 462.26 പോയിൻ്റ് (0.88%) ഉയർന്ന് 52,727.98 ലും നിഫ്റ്റി 142.6 പോയിൻ്റ് (0.92%) ഉയർന്ന് 15,699.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.42% വും സ്മോൾ ക്യാപ് സൂചിക 1.76 ശതമാനവും ഉയർന്നു.

വിദേശ നിക്ഷേപകർ 2353.77 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച മൊത്തം 184 കോടി ഡോളറിൻ്റെ (14, 350 കോടി രൂപ) വിൽപനയാണ് അവർ നടത്തിയത്. ജൂണിൽ ഇതു വരെ 588 കോടി ഡോളർ (45,864 കോടി രൂപ) അവർ ഓഹരികളിൽ നിന്നു പിൻവലിച്ചു.


വിപണി കഴിഞ്ഞയാഴ്ച ഉയർന്നെങ്കിലും ശക്തമായ തിരിച്ചു കയറ്റം ആണ് എന്ന് നിക്ഷേപ വിദഗ്ധർ കണക്കാക്കുന്നില്ല. 15,600- 15,900 മേഖലയിലുള്ള പാർശ്വ നീക്കത്തിലാകും നിഫ്റ്റി എന്ന് അവർ കരുതുന്നു. 15,900 ഭേദിച്ചാൽ 16,200 വരെ മുന്നേറാൻ കഴിയും. എങ്കിലും 14,200 വരെ ഇപ്പാേഴത്തെ തിരുത്തൽ പോകും എന്ന വിലയിരുത്തലിലാണു വിദഗ്ധർ. ഇപ്പോഴത്തെ കയറ്റം കരടി വിപണിയിലെ തിരുത്തൽ മാത്രമായാണ് അവർ കാണുന്നത്.

നിഫ്റ്റിക്ക് ഇപ്പോൾ 15,630 ലും 15,560-ലും സപ്പോർട്ട് ഉണ്ട്. 15,760- ലും 15,820 ലും തടസം പ്രതീക്ഷിക്കാം.

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 110 ഡോളറിനു താഴെ വന്നിട്ട് 113 ഡാേളറിലേക്കു കയറി. ഇന്നു രാവിലെ 112.5 ഡോളറിലാണു ബ്രെൻ്റ് ഇനം ക്രൂഡ്. ക്രൂഡ് ലഭ്യത സംബന്ധിച്ച ആശങ്കകളാണു വില കൂടാൻ കാരണം.

ലോഹങ്ങൾ താഴോട്ട്

വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞയാഴ്ച കുത്തനേ താണു. ചെമ്പും അലൂമിനിയവും മാസങ്ങൾക്കു മുമ്പുള്ള വിലയിലേക്ക് ഇടിഞ്ഞു. അലൂമിനിയം ടണ്ണിന് 2455.85 ഡോളറിലും ചെമ്പ് 8280.5 ഡോളറിലുമാണു ക്ലാേസ് ചെയ്തത്.

ഏതാനുമാഴ്ച കൊണ്ട് ചെമ്പിനും അലൂമിനിയത്തിനും 16 ശതമാനത്തോളം വിലയിടിവ് ഉണ്ടായി. വെള്ളിയാഴ്ച ലെഡ് വില ഏഴു ശതമാനവും നിക്കൽ വില 8.3 ശതമാനവും സിങ്ക് വില 4.34 ശതമാനവും താഴ്ന്നു. മാന്ദ്യഭീതിയാണു ലോഹങ്ങളെ വലിച്ചു താഴ്ത്തുന്നത്.

സ്വർണം കഴിഞ്ഞയാഴ്ച ചാഞ്ചാടിയ ശേഷം താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 1826 ഡോളറിലാണു സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ വില 1841 ഡോളർ വരെ കയറിയ ശേഷം 1832-18336 ഡാേളറിലേക്കു താണു. റഷ്യൻ സ്വർണത്തിനു വിലക്ക് ഏർപ്പെടുത്താൻ ജി-7 ഉച്ചകോടിയിൽ ആലോചന നടന്നതാണു വില കൂടാൻ കാരണമായത്. കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 80 രൂപ വർധിച്ച് 38,040 രൂപയായി.

ഡോളർ സൂചിക 105-നു താഴെ ആയെങ്കിലും രൂപയ്ക്ക് കഴിഞ്ഞയാഴ്ച ക്ഷീണമായിരുന്നു. 78.39 രൂപ വരെ താഴ്ന്നിട്ട് 78.35 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു.

വിദേശനാണ്യശേഖരം വിറ്റഴിക്കാതിരിക്കാനായി റിസർവ് ബാങ്ക് ഡോളർ അവധിവ്യാപാര കോൺട്രാക്ടുകളിൽ ഏർപ്പെട്ടു. എങ്കിലും ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രണ്ടാഴ്ച കൊണ്ട് വിദേശനാണ്യശേഖരത്തിൽ ആയിരം കോടി ഡോളറിൻ്റെ കുറവു വന്നു. 59,000 കോടി ഡോളറായി വിദേശനാണ്യശേഖരം ചുരുങ്ങി.

ഡോളർ സൂചിക 104 നു താഴെ വന്നെങ്കിലും ഇന്നു രാവിലെ വീണ്ടും 104.1 നു മുകളിലായി.

കാലവർഷത്തിൽ ആശങ്ക

തെക്കുപടിഞ്ഞാറൻ കാലവർഷം ഇതുവരെ തൃപ്തികരമായ രീതിയിൽ പുരാഗമിക്കുന്നു എന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്. പക്ഷേ പ്രായാേഗിക തലത്തിൽ അത്ര തൃപ്തികരമല്ല കാര്യങ്ങൾ. ഇന്നലെ വരെ ദേശീയ തലത്തിൽ മഴയുടെ അളവിൽ ഏഴു ശതമാനം കുറവേ ഉള്ളൂ.

എന്നാൽ പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് , ഹരിയാന, ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, സൗരാഷ്ട്ര, കൊങ്കൺ, മധ്യ മഹാരാഷ്ട്ര, വിദർഭ, ഛത്തീസ്ഗഡ്, ഉത്തരകർണാടക, ദക്ഷിണ കർണാടക തുടങ്ങിയ പ്രദേശങ്ങളിൽ മഴ കമ്മിയോ തീരെ കുറവോ ആണ്. കഴിഞ്ഞയാഴ്ചത്തെ നില വച്ച് 24 ശതമാനം കുറച്ചു സ്ഥലത്തേ കൃഷി ഇറക്കിയിട്ടുള്ളു.

ഇപ്പോൾ സ്ഥിതി ആശങ്കാജനകമല്ല. ഇനിയുള്ള രണ്ടാഴ്ച മഴ നല്ലതു പോലെ ലഭിച്ചാൽ കൃഷിയിറക്കൽ സാധാരണ തോതിലാകും.

ജൂലൈ പകുതിയോടെ കാര്യങ്ങൾ ശരിയായില്ലെങ്കിൽ കാർഷികോൽപാദനത്തിൽ, പ്രത്യേകിച്ചും ധാന്യ ഉൽപാദനത്തിൽ വലിയ ഇടിവ് വരും. അതു വിലക്കയറ്റ നിയന്ത്രണം അസാധ്യമാക്കും.

രാജ്യത്തെ കാർഷികോൽപാദനത്തിൽ 55 ശതമാനം ഖാരിഫ് (ഒന്നാം) കൃഷിയിലാണ്. രണ്ടാം കൃഷിയായ റാബി 45 ശതമാനമേ വരൂ. എന്നാൽ റാബി വിളയ്ക്ക് ആവശ്യമായ ജലസേചനം സാധിക്കണമെങ്കിൽ കാലവർഷ മഴ നന്നായി ചെയ്ത് ഡാമുകൾ നിറയണം.

അമേരിക്ക മാന്ദ്യത്തിലാണോ?

പലിശ നിരക്ക് ഉയർന്ന തോതിൽ വർധിപ്പിച്ചാൽ മാന്ദ്യത്തിലേക്കു വീഴും എന്ന മുന്നറിയിപ്പാണ് ഈയിടെ അമേരിക്കൻ ധനശാസ്ത്രജ്ഞർ നൽകുന്നത്. എന്നാൽ ചിലർ ഇപ്പോൾ തന്നെ യുഎസ് മാന്ദ്യത്തിലാണെന്നു പറയുന്നുണ്ട്. അവർ ന്യൂനപക്ഷമാണെങ്കിലും കാര്യങ്ങൾ അവർ പറയുന്ന ദിശയിലാണെന്നു കരുതാൻ ന്യായങ്ങൾ ഉണ്ട്.

ജനുവരി-മാർച്ച് ഒന്നാം പാദത്തിൽ യുഎസ് ജിഡിപി 1.5 ശതമാനം കുറഞ്ഞതാണ്. ഏപ്രിൽ- ജൂൺ പാദത്തിലെ ജിഡിപി എസ്റ്റിമേറ്റ് ബുധനാഴ്ച പുറത്തുവിടും. അതിലും ജിഡിപി വളർച്ച കുറവായാൽ മാന്ദ്യം സ്ഥിരീകരിക്കും.

തുടർച്ചയായ രണ്ടു പാദങ്ങളിൽ ജിഡിപി കുറഞ്ഞാൽ മാന്ദ്യം എന്നാണു നിർവചനം. ആ നിലയ്ക്ക് രണ്ടാം പാദ ജിഡിപി വളർച്ച നെഗറ്റീവായാൽ മാന്ദ്യത്തിലാണു രാജ്യം എന്നു പ്രഖ്യാപിക്കപ്പെടും.

യുഎസ് ഫെഡ് പണലഭ്യത കുറയ്ക്കുകയും പലിശ നിരക്ക് ഉയർത്തുകയും ചെയ്യുമ്പോൾ രാജ്യം മാന്ദ്യത്തിലേക്കു നീങ്ങും എന്നാണു മാസങ്ങളായി ധന ശാസ്ത്രജ്ഞർ പറയുന്നത്. പലിശ നിരക്ക് ഇപ്പാേൾ മൂന്നു തവണയായി വർധിപ്പിച്ച് 1.5 -1.75 ശതമാനമാക്കി.

ജൂലെെയിൽ വീണ്ടും 75 ബേസിസ് പോയിൻ്റ് വർധിപ്പിക്കുമെന്ന സൂചനയാണു ഫെഡ് ചെയർമാൻ ജെറോം പവൽ നൽകിയിട്ടുള്ളത്. അതോടെ അടിസ്ഥാന പലിശ നിരക്ക് 2.25-2.5 ശതമാനമാകും. നാലു മാസത്തിനുള്ളിൽ പലിശ നിരക്ക് ഇത്രയും വർധിക്കുന്നതു ധനകാര്യ - വ്യവസായ മേഖലകളിൽ വലിയ ആഘാതമുണ്ടാക്കും.

പലിശ കൂടുമ്പോൾ ഉപഭോക്താക്കൾ കടമെടുത്തു ചെലവഴിക്കാൻ മടിക്കും.വ്യവസായങ്ങളും മൂലധന നിക്ഷേപം മാറ്റിവയ്ക്കും. അതാണു മാന്ദ്യത്തിലേക്കു നയിക്കുക.

ആ സാഹചര്യം എത്തും മുമ്പേ മാന്ദ്യം ആയാൽ കൂടുതൽ നീണ്ട ക്ഷീണകാലത്തേക്കു യുഎസ് സമ്പദ്ഘടന നീങ്ങും എന്നാണർഥം. മറ്റു രാജ്യങ്ങൾക്ക് ഒട്ടും നല്ല സൂചനയല്ല ഇതു നൽകുക. അമേരിക്ക ആഴമേറിയ മാന്ദ്യത്തിലേക്കു വീണാൽ മറ്റു രാജ്യങ്ങളുടെ കയറ്റുമതിക്കും മറ്റും ഇടിവുണ്ടാകും.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it