പലിശ ഇനിയും കൂട്ടുമെന്നു യുഎസ് ഫെഡ്; വിദേശികൾ ഫ്യൂച്ചേഴ്സിൽ ബെയറിഷ്; അദാനി ഇനി എന്തു ചെയ്യും?

യുഎസിൽ പലിശ നിരക്ക് ഇനിയും ഗണ്യമായി വർധിപ്പിക്കുമെന്നും ഈ വർഷം നിരക്കു കുറയ്ക്കാൻ സാധ്യത ഇല്ലെന്നും ഫെഡ് ചെയർമാൻ വ്യക്തമാക്കി. വിപണികൾ അതിനെ

സന്തോഷപൂർവം സ്വീകരിച്ചു. ഇന്ത്യയിൽ റിസർവ് ബാങ്ക് ഇന്ന് റീപോ നിരക്ക് വർധിപ്പിക്കും. പിന്നീടു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് എന്തു പറയും എന്നാണു വിപണി ശ്രദ്ധിക്കുന്നത്. അതനുസരിച്ചാകും വിപണിയുടെ ഹ്രസ്വകാല നീക്കം.

റീപോ നിരക്ക് 6.25ൽ നിന്ന് 6.5 ശതമാനമാക്കും എന്നാണു പൊതുനിഗമനം. പലിശവർധന ഇതോടെ അവസാനിക്കുന്നു എന്ന പ്രസ്താവന ഉണ്ടാകണമെന്നാണു വിപണിയുടെ ആഗ്രഹം. പക്ഷേ അതു നടക്കണമെന്നില്ലെന്ന് യുഎസ് ഫെഡ് നിലപാട് കാണിക്കുന്നു.

ഏതായാലും വിപണി ഉയരത്തിലേക്കു നീങ്ങാനുള്ള ആവേശത്തോടെയാകും വ്യാപാരം തുടങ്ങുക. ആഗോള വിപണികളിൽ നിന്നുള്ള സൂചന പോസിറ്റീവാണ്.

ഇന്നലെ ഇന്ത്യൻ വിപണി ചെറിയ താഴ്ചയിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ യുഎസ് വിപണി താഴ്ചയിൽ തുടങ്ങിയിട്ടു നല്ല നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക 0.78 ഉം എസ് ആൻഡ് പി 1.29 ഉം നാസ് ഡാക് 1.9 ഉം ശതമാനം കയറി. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.


ഏഷ്യൻ വിപണികൾ ഇന്നു രാവിലെ

സമ്മിശ്ര ചിത്രമാണു നൽകുന്നത്. ജപ്പാനിൽ നിക്കെെ താഴ്ന്നു വ്യാപാരം തുടങ്ങി. എന്നാൽ കൊറിയൻ വിപണി രണ്ടര ശതമാനം കുതിച്ചു. ചൈനീസ് വിപണികൾ ഇന്നും നേട്ടത്തിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,730 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,777 - ലേക്കു കയറി. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 17,817 വരെ എത്തിയിട്ട് 17,790 ലേക്ക് താണു. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

സെൻസെക്സ് ഇന്നലെ 220.86 പോയിന്റ് (0.37%) താഴ്ന്ന് 60,286.04ലും നിഫ്റ്റി 43.1 പോയിന്റ് (0.24%) താഴ്ന്ന് 17,721.5ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.02 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.71 ശതമാനവും താഴ്ന്നു.

അദാനി ഗ്രൂപ്പ് കമ്പനികൾ ദിവസങ്ങൾക്കു ശേഷം ഇന്നലെ നേട്ടത്തിലായി. അദാനി എന്റർപ്രൈസസ് ഓഹരി 14.6 ശതമാനം ഉയർന്ന് 1802 രൂപയിൽ എത്തി. ഗ്രൂപ്പിന്റെ വിപണി മൂല്യം 10,000 കോടി രൂപ ഉയർന്നു. ജനുവരി 24 മുതൽ ഗ്രൂപ്പ് താഴ്ചയിലായിരുന്നു. വിപണി മൂല്യത്തിൽ 9.4 ലക്ഷം കോടി രൂപ (ഏകദേശം 50 ശതമാനം) ആണു ഗ്രൂപ്പിനു നഷ്ടമായത്.

ടാറ്റാ സ്റ്റീലിന്റെ മൂന്നാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ലോഹങ്ങളുടെ വിലയിടിവിൽ ഹിൻഡാൽകോ ഓഹരി നാലു ശതമാാനം താഴ്ചയിലായി. കഴിഞ്ഞ ദിവസം വലിയ കുതിപ്പ് നടത്തിയ വാേഡഫോൺ ഐഡിയ ഇന്നലെ 3.64 ശതമാനം താണ് എട്ടു രൂപയ്ക്കു താഴെയായി.

വിപണി ഇപ്പോഴും ദിശാബോധം കെെവരിച്ചിട്ടില്ല എന്നാണു വിലയിരുത്തൽ. 17,800-17,850 മേഖലയിലെ തടസം മറികടക്കാൻ നിഫ്റ്റിക്കു കഴിയുന്നില്ല. നിഫ്റ്റിക്ക് 17,670 ലും 17,570 ലും സപ്പോർട്ട് ഉണ്ട്. 17,790 ലും 17,890 ലും തടസങ്ങൾ നേരിടും.

വിദേശനിക്ഷേപകർ ഇന്നലെ 2559.96 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 639.82 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശ നിക്ഷേപകർ ഇൻഡെക്സ് ഫ്യൂച്ചേഴ്സിൽ വൻതോതിൽ ബെയറിഷ് പൊസിഷൻ എടുക്കുന്നതായി റിപ്പോർട്ടുണ്ട്.

ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്നു. ബ്രെന്റ് ഇനം 84.30 ഡോളറിൽ എത്തിയിട്ടു താണു. . ഇന്നു രാവിലെ 83.69 ഡോളറിലാണു വ്യാപാരം.

വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. ചെമ്പും അലൂമിനിയവും ഓരോ ശതമാനം താണു. ചെമ്പ് വില ടണ്ണിന് 8864 ഡോളറായി, അലൂമിനിയം 2507 ഡോളറും. നിക്കലും സിങ്കും രണ്ടു ശതമാനം വീതവും ടിൻ എഴു ശതമാനവും ഇടിഞ്ഞു.

സ്വർണം ഇന്നലെയും ചെറിയ കയറ്റിറക്കങ്ങളിൽ ഒതുങ്ങി. 1862-1883 ഡോളറിലായിരുന്നു വ്യാപാരം. ഇന്നു രാവിലെ 1875-1877 ഡോളറിലാണു സ്വർണം. കേരളത്തിൽ സ്വർണവില ഇന്നലെ 80 രൂപ വർധിച്ച് പവന് 42,200 രൂപയായി.

രൂപയ്ക്ക് ഇന്നലെ ചെറിയ നേട്ടമുണ്ടായി. ഡോളർ നിരക്ക് അഞ്ചു പൈസ കുറഞ്ഞ് 82.67 രൂപയായി. ഡോളർ സൂചിക 103 -നു മുകളിൽ തുടരുകയാണ്.

യുഎസ് പലിശ 5.5 ശതമാനം വരെയാകാം

പലിശ ഇനിയും കൂടും. വിപണി പ്രതീക്ഷിച്ച പരിധിയും കടക്കും. 5.5 ശതമാനത്തിലേക്കു കുറഞ്ഞ പലിശ എത്തിയെന്നു വരാം. ഇപ്പോൾ 4.5 - 4.75 ശതമാനമാണ്. ഇന്നലെ വാഷിംഗ്ടണിലെ ഇക്കണോമിക് ക്ലബിൽ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തിയ പ്രസംഗത്തിൽ നിന്നു വിപണി മനസിലാക്കിയ കാര്യങ്ങളാണ് ഇവ.

നേരത്തേ കരുതിയതിലും കൂടുതലാകും പലിശ എന്നു വ്യക്തമായപ്പോൾ വിപണി തകരുകയല്ലെ ചെയ്തത്. അങ്ങനെയെങ്കിൽ അങ്ങനെ എന്നു പറഞ്ഞ് അതിനെ സ്വീകരിച്ചു. ഓഹരിവിപണി സൂചികകൾ ഉയർന്നു. സ്വർണവില കൂടുകയാേ ഇടിയുകയോ ചെയ്തില്ല. ഡോളറും പ്രത്യേക ചലനം കാണിച്ചില്ല.

ഇങ്ങനെ പ്രതികരിച്ചത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ പ്രത്യേക ഉത്തരമില്ല. ഇതിനേക്കാൾ ചെറിയ സൂചനകളിൽ ഇതിലേറെ വലിയ പ്രതികരണങ്ങൾ വിപണിയിൽ പതിവായിരുന്നു. ഇത്തവണ ഏതായാലും അനുകൂല പ്രതികരണത്തിലൂടെ വിപണി ഫെഡ് നിലപാടിനോടു പൊരുത്തപ്പെടുന്നതായി കാണിച്ചു.


അദാനിക്കു ബിസിനസ് തന്ത്രം തിരുത്തേണ്ടി വരും

അദാനി ഗ്രൂപ്പിനെപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കത്തിപ്പടരുമ്പോൾ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വിപണിയിൽ ചെറിയ നേട്ടം ഉണ്ടാക്കി. ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നുള്ള കോളിളക്കം ഒട്ടൊന്നു ശമിച്ച പ്രതീതി വിപണിയിൽ ഉണ്ട്. മൂന്നു കമ്പനികൾ വായ്പത്തുക നേരത്തേ തിരിച്ചു നൽകി പണയത്തിലിരുന്ന ഓഹരികൾ വീണ്ടെടുത്തത് വിപണി പോസിറ്റീവ് ആയി കണ്ടു. എന്നാൽ ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ അവസാനിച്ചെന്ന് ഇതിനർഥമില്ല. ഗ്രൂപ്പിനു മൂലധന സമാഹരണവും വായ്പ നേടലും ദുഷ്കരമായി തുടരും. ഗ്രൂപ്പിന്റെ വികസനകാര്യങ്ങൾ തന്മൂലം ബുദ്ധിമുട്ടിലാകും.

ഓഹരിവില കൃത്രിമമായി ഉയർത്തി നിർത്തി അവ ആധാരമാക്കി ബാങ്ക് വായ്പകളും കടപ്പത്രങ്ങളും വഴി പണം സമാഹരിച്ചു വളരുന്ന രീതിയാണ് ഗൗതം അദാനി അവലംബിച്ചിരുന്നത്. കമ്പനികളുടെ ഓഹരി മൂലധനത്തിൽ 60 മുതൽ 75 വരെ ശതമാനം എപ്പോഴും സ്വന്തമാക്കി നിർത്താൻ അദാനി ശ്രമിച്ചു. ചെറിയ ശതമാനം ഓഹരികൾ മാത്രം വിറ്റു. അവയ്ക്കു സമാന കമ്പനികൾക്കുള്ളതിലും വളരെ കൂടിയ വില ഈടാക്കുകയും ചെയ്തു. ഈ രീതിയാണ് ഹിൻഡൻബർഗ് റിപ്പോർട്ട് വെളിച്ചത്തു കൊണ്ടുവന്നത്. പിന്നീട് അശ്വഥ് ദാമോദരന്റെ പഠനം അദാനി എന്റർപ്രൈസസിന്റെ വില അമിതമാണെന്നു സ്ഥാപിക്കുകയും ചെയ്തു. അദാനിക്കു ബിസിനസ് തന്ത്രം പൊളിച്ചെഴുതേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇതിനിടെ അദാനി ഗ്രൂപ്പിനു നൽകിയ വായ്പകൾ ഇന്ത്യൻ ബാങ്കുകളെ ഉലയ്ക്കാൻ മാത്രം വലുതല്ലെന്ന് ആഗാേള റേറ്റിംഗ് ഏജൻസികളായ ഫിച്ചും മൂഡീസും റിപ്പോർട്ട് ചെയ്തു. ബാങ്കുകളുടെ മൊത്തം വായ്പയിൽ ഒരു ശതമാനത്തിൽ താഴെയേ അദാനിക്കു നൽകിയിട്ടുള്ളൂ എന്നതിനാലാണിത്. വായ്പയ്ക്കു ബദലായി ഉള്ള ആസ്തികൾ ബലവത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it