വിപണി കുതിപ്പിന്; യുഎസ് വിലക്കയറ്റത്തിലെ താഴ്ച വിപണിക്കു നേട്ടമാകും; രൂപയ്ക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി ഇന്ന് മുന്നേറിയേക്കും; അമേരിക്കയിൽ വിലക്കയറ്റം കുറഞ്ഞാൽ എന്ത് സംഭവിക്കും; കടലാസ് നിർമാതാക്കൾക്ക് നല്ല കാലം
TC Mathew
Published on

അമേരിക്കയിലെ ചില്ലറ വിലക്കയറ്റം അൽപം കുറഞ്ഞു. വിപണികൾ കുതിക്കുന്നു. ഇന്നലെ യുഎസ് വിപണി സൂചികകൾ എടുത്തു ചാടിയാണു കുറഞ്ഞ വിലക്കയറ്റത്തെ സ്വാഗതം ചെയ്തത്.ഇന്ന് ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലെ വിപണികളും ഈ ഉത്സാഹം ഏറ്റുവാങ്ങും. വിപണിയുടെ കയറ്റം അടിസ്ഥാനമുള്ളതാണോ അല്ലയോ എന്നൊക്കെയുള്ള ചർച്ചകൾക്കു തൽക്കാലം അവധി നൽകും.

ഇന്നലെ യുഎസിലെ ഡൗ ജോൺസ് സൂചിക 535 പോയിൻ്റ് (1.63%) ഉയർന്നപ്പോൾ നാസ്ഡാക് സൂചിക 2.89 ശതമാനം കുതിച്ചു. കുറേ ആഴ്ചകളായി അവഗണിക്കപ്പെട്ടിരുന്ന ടെക്നോളജി ഓഹരികൾ ഇന്നലെ നേട്ടത്തിലായി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. അതു പക്ഷേ ഏഷ്യൻ വിപണികൾ പരിഗണിക്കുന്നില്ല. എന്നാൽ ജാപ്പനീസ് വിപണി താഴ്ചയിലാണ്. ജാപ്പനീസ് കറൻസി യെൻ പ്രതീക്ഷയിലധികം കരുത്താർജിക്കുന്നതാണ് വിഷയം. ദക്ഷിണ കൊറിയയിലും ഹോങ് കോങ്ങിലും വിപണികൾ നല്ല നേട്ടത്തിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ രാത്രി 17,734 വരെ ഉയർന്നു. ഇന്നു രാവിലെ 17,750 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു രാവിലെ നല്ല കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ഒരു ദിവസത്തെ അവധിക്കു ശേഷം ബുധനാഴ്ച ഇന്ത്യൻ വിപണി തികഞ്ഞ അനിശ്ചിതത്വമാണു കാണിച്ചത്. ഭുരിപക്ഷം സമയവും മുഖ്യ സൂചികകൾ നഷ്ടത്തിലായിരുന്നു. ഒടുവിൽ സെൻസെക്സ് 35.78 പോയിൻ്റ് (0.06%) നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 9.65 പോയിൻ്റ് (0.06%) ഉയർച്ചയിൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്. ഐടി, റിയൽറ്റി, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ - ഗ്യാസ്, മീഡിയ എന്നീ മേഖലകൾ ഇന്നലെ താഴ്ചയിലായി.

വിദേശ നിക്ഷേപകർ വാങ്ങൽ തുടരുകയാണ്. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 1061.88 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 768.45 കോടിയുടെ ഓഹരികൾ വിറ്റു.

വിപണി അനിശ്ചിതത്വമാണു കാണിക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ പാശ്ചാത്യ വിപണികളുടെ സ്വാധീനത്തിൽ ഇന്നു നല്ല കുതിപ്പിനാണ് സാധ്യത. നിഫ്റ്റിക്ക് 17,465-ലും 17,390- ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,590- ഉം 17,645 ഉം തടസങ്ങളാകാം.

ക്രൂഡ് ഓയിൽ ഇന്നലെ പകൽ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 96.2ലെത്തി. എങ്കിലും ഡോളർ നിരക്കു താഴ്ന്നതോടെ 97.4 ഡോളറിലേക്കു തിരിച്ചു കയറി.

വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. സാങ്കേതിക തിരുത്തൽ മാത്രമാണെന്നും വരും ദിവസങ്ങളിൽ വില ഉയരുമെന്നും നിരീക്ഷകർ പറയുന്നു. ചെമ്പ് ടണ്ണിന് 7976 ഡോളറിലെത്തി.

സ്വർണം ഉയർന്ന നിലവാരത്തിൽ കയറിയിട്ടു ചാഞ്ചാടുന്നു. ഇന്നലെ ഔൺസിന് 1810 വരെ കയറിയ ശേഷം 1791 ലേക്കു സ്വർണം താഴ്ന്നു. ഇന്നു വീണ്ടും താഴ്ചയിലായി. വിലക്കയറ്റവും പലിശ വർധനയുടെ തോതും കുറയുമെങ്കിലും സ്വർണത്തിലേക്കു നിക്ഷേപ പ്രവാഹം കൂടണമെന്നില്ലെന്ന വിലയിരുത്തലാണു കാരണം. ഇന്നു രാവിലെ 1787-1789 ഡോളറിലാണു സ്വർണ വ്യാപാരം.

കേരളത്തിൽ ഇന്നലെ രണ്ടു തവണയായി സ്വർണവില പവനു 480 രൂപ കുറഞ്ഞു 37,880 രൂപയായി.

ഡോളർ സൂചിക താഴ്ന്നത് ഇന്നലെ രൂപയ്ക്കു സഹായമായി. ഡോളർ 14 പൈസ താണ് 79.52 രൂപയിലായി.

ഇന്നു ഡോളർ സൂചിക കൂടുതൽ താണ് 105.2-ൽ എത്തി. രൂപ നേട്ടമുണ്ടാക്കാൻ തക്ക അന്തരീക്ഷമുണ്ട്.

യുഎസിൽ വിലക്കയറ്റം കുറഞ്ഞാൽ...

യുഎസ് ചില്ലറ വിലക്കയറ്റം ജൂണിനെ അപേക്ഷിച്ചു ജൂലൈയിൽ കുറവായി. 9.1 ശതമാനത്തിൽ നിന്ന് 8.5 ശതമാനത്തിലേക്ക്. പ്രധാന കാരണം ഇന്ധന വിലയിലെ 7.8 ശതമാനം ഇടിവ്. ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റവും ചെറിയ തോതിൽ കുറഞ്ഞു. ചില്ലറ വിലക്കയറ്റത്തിനു ലക്ഷ്യം രണ്ടു ശതമാനം വച്ചിരിക്കെ 8.5 ശതമാനത്തിലേക്കുള്ള കുറവ് അത്ര വലുതാണോ എന്നു ചിന്തിക്കാം. വിപണിക്ക് അതു വലുതാണ്. വിലക്കയറ്റ പ്രവണത താഴോട്ടായി എന്നതാണ് വിപണിയെ ഉത്സാഹിപ്പിക്കുന്നത്. വിലക്കയറ്റ പ്രവണതയുടെ ദിശ മാറിയത് പലിശ വർധനയുടെ സ്വഭാവവും മാറ്റും. സെപ്റ്റംബറിൽ തുടർച്ചയായ മൂന്നാം തവണ പലിശ 75 ബേസിസ് പോയിൻ്റ് കൂട്ടും എന്ന ആശങ്ക മാറി. ഇപ്പോൾ 50 ബേസിസ് പോയിൻ്റ് വർധനയേ ഉണ്ടാകൂ എന്നായി. ആ കണക്കുകൂട്ടലിൽ സ്വർണ വില ഉയർന്നു നിൽക്കുന്നു. ഡോളർ സൂചിക താഴ്ന്നു നിൽക്കുന്നു. എല്ലാം ഓഹരികൾക്കു നല്ലത്.

കടലാസുകാർക്കു നല്ല കാലം

എഴുത്തു കടലാസ് നിർമിക്കുന്ന കമ്പനികൾ ഈ മാസം കടലാസ് വില വർധിപ്പിച്ചു. പൾപ്പ് വില കൂടിയതും വിദേശ ഡിമാൻഡ് വർധിച്ചതുമാണു കാരണം. മികച്ച കടലാസ് കമ്പനികളുടെയെല്ലാം ഓഹരി വില ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കയറ്റുമതി ഡിമാൻഡ് വർധിക്കുകയും ഇറക്കുമതി നിയന്ത്രണം തുടരുകയും ചെയ്യുന്നതിനാൽ നല്ല കമ്പനികളുടെ ലാഭം ഓരോ പാദത്തിലും വർധിച്ചുവരികയാണ്. ജെകെ പേപ്പർ, ശേഷസായീ പേപ്പർ, വെസ്റ്റ് കോസ്റ്റ് പേപ്പർ തുടങ്ങിയവ വിപണിയിൽ നല്ല നേട്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com