കുതിപ്പിനു വേഗം കുറയും; വിലക്കയറ്റം ആശ്വാസമാകും; ക്രൂഡ് ഓയിലും ലോഹങ്ങളും മുന്നേറ്റത്തിൽ; രൂപയ്ക്കു ക്ഷീണം

കുതിപ്പിനു ശേഷം കിതപ്പ്. ഇന്നലെ പാശ്ചാത്യ വിപണികൾ അൽപം താഴാേട്ടു നീങ്ങി. തലേന്നത്തെ ആവേശം കളയാൻ മാത്രം കാര്യങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും അനിശ്ചിതത്വം വിപണിയെ ഗ്രസിച്ചു. ഡൗ ജോൺസ് നാമമാത്ര ഉയർച്ച കാണിച്ചപ്പോൾ നാസ്ഡാകും എസ് ആൻഡ് പിയും ചെറിയ താഴ്ചയിലായി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്.

യുഎസ് വിപണിയുടെ മനോഭാവമല്ല ഇന്നു രാവിലെ ഏഷ്യൻ വിപണികൾക്ക്. ഇന്നലെ അവധിയായിരുന്ന ജപ്പാനിലെ നിക്കൈ സൂചിക രണ്ടു ശതമാനം കുതിപ്പോടെയാണു വ്യാപാരം തുടങ്ങിയത്. എന്നാൽ ഹോങ് കോങ്, ഷാങ്ഹായ് വിപണികൾ ചെറിയ താഴ്ചയോടെയാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വ്യാഴാഴ്ച വൈകുന്നേരം 17,688 വരെ ഉയർന്നു. എന്നാൽ രാത്രി 17,658-ലേക്കു താഴ്ന്നു. ഇന്നു രാവിലെ 17,678 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വ്യാഴാഴ്ച സെൻസെക്സ് 515.3 പോയിൻ്റ് (0.88%) ഉയർന്ന് 59,332.6-ലും നിഫ്റ്റി 124.25 പോയിൻ്റ് (0.71%) ഉയർന്ന് 17,659 ലും ക്ലോസ് ചെയ്തു. നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. വ്യാപാരത്തിൻ്റെ തുടക്കത്തിൽ മുഖ്യസൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നതാണ്. പിന്നീട് ഉയർന്ന വിലയിൽ ലാഭമെടുക്കാനുള്ള വിൽപന കൂടിയപ്പോൾ സൂചികകൾ അൽപം താണു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.87 ശതമാനം വീതം ഉയർന്നു.
ഐടി (1.79%), ബാങ്ക് (1.55%), ധനകാര്യ മേഖല (1.57%), റിയൽറ്റി (1.29%), കൺസ്യൂമർ ഡ്യുറബിൾസ് (1.11%) തുടങ്ങിയ മേഖലകൾ മികച്ച കുതിപ്പ് നടത്തി.
വിദേശ നിക്ഷേപകർ ഇന്നലെ വലിയ തോതിൽ വാങ്ങലുകാരായി. 2298.08 കോടി രൂപയാണ് അവർ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 729.56 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി ബുള്ളിഷ് മനോഭാവത്തിലാണ്. നിഫ്റ്റിക്ക് 17,620-ലും 17,585-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,705 ലും 17,760 ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ വില കയറ്റത്തിലാണ്. പെട്രോളിയം ആവശ്യം നേരത്തേ കരുതിയതിലും കൂടുതലാണെന്ന ഇൻ്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യുടെ റിപ്പോർട്ട് വില ഉയരാൻ കാരണമായി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 99.6 ഡോളർ വരെ കയറി. ഇന്നു രാവിലെ വില അൽപം താഴ്ന്ന് 99.2 ഡോളർ ആയി. വർഷാവസാനത്തോടെ 130 ഡോളറിലേക്ക് ബ്രെൻ്റ് ഇനം ക്രൂഡ് എത്തുമെന്നു ഗോൾഡ്മാൻ സാക്സ് ഇന്നലെ പ്രവചിച്ചു.
വ്യാവസായിക ലോഹങ്ങൾ നല്ല കുതിപ്പിലായി. ചെമ്പുവില മാസങ്ങൾക്കു ശേഷം ടണ്ണിന് 8000 ഡോളറിനു മുകളിലെത്തി, അലൂമിനിയം 2500-നു മുകളിലും. ചെമ്പ് രണ്ടു ശതമാനം കുതിപ്പോടെ 8139 ഡോളറിലായി. അലൂമിനിയം ഒരു ശതമാനം ഉയർന്ന് 2511.6 ഡോളർ എത്തി. നിക്കൽ വില 8.34 ശതമാനം കുതിച്ച് 23,106 ഡോളർ കടന്നു. ലോഹങ്ങൾ ഇനിയും ഉയരും എന്നാണു വിപണിയിലെ സൂചന.
സ്വർണം 1800 ഡോളറിനു മുകളിൽ വീണ്ടും കടന്നെങ്കിലും പിടിച്ചു നിൽക്കാനായില്ല. 1803 ഡോളർ വരെ കയറിയിട്ട് 1783 ലേക്കു താഴ്ന്നു. ഇന്നു രാവിലെ 1788-1790 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ സ്വർണം പവനു 37,880 രൂപയിൽ മാറ്റമില്ലാതെ തുടർന്നു.
ഡോളർ സൂചിക ഇന്നലെ 105.09 വരെ താഴ്ന്ന ശേഷം ഇന്നു രാവിലെ 105.22 ലേക്കു കയറി.
ഡോളർ സൂചിക താഴ്ന്നു നിന്നെങ്കിലും ക്രൂഡ് ഓയിൽ വിലക്കയറ്റം ഇന്ത്യൻ രൂപയ്ക്കു ക്ഷീണമായി. ഇന്നലെ രാവിലെ 79.21 രൂപ വരെ താണ ഡോളർ ഒടുവിൽ 36 പൈസ നേട്ടത്തിൽ 79.61 രൂപയിലാണു ക്ലോസ് ചെയ്തത്. ക്രൂഡ് വില കൂടിയാൽ രൂപ വീണ്ടും ദുർബലമാകും.

ആശ്വാസമാകുമോ, ചില്ലറ വിലക്കയറ്റം?

ജൂലൈയിലെ ചില്ലറ വിലക്കയറ്റത്തിൻ്റെ കണക്ക് ഇന്നു വൈകുന്നേരം പുറത്തുവിടും. വിപണി സമയം കഴിഞ്ഞ ശേഷമായതിനാൽ അതിൻ്റെ പ്രതികരണം അടുത്ത പ്രവൃത്തി ദിനത്തിലെ വ്യാപാരത്തിലേ കാണൂ.
ജൂണിൽ 7.01 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റ നിരക്ക്.അതിനു ശേഷം ഭക്ഷ്യസാധനങ്ങളുടെ വില ഗണ്യമായി കുറഞ്ഞതു മൂലം നിരക്ക് കുറയും എന്നാണു നിഗമനം. 6.7 ശതമാനത്തിൻ്റെ പരിസരത്തേക്കു ജൂലൈയിലെ ചില്ലറ വിലക്കയറ്റം താഴും എന്നു നിരീക്ഷകർ കണക്കാക്കുന്നു. വിലക്കയറ്റത്തിൻ്റെ സഹന പരിധിയായ ആറു ശതമാനത്തിനു മുകളിലാണെങ്കിലും റിക്കാർഡ് ഉയരത്തിൽ നിന്നു താഴെയാകുന്നതിൻ്റെ ആശ്വാസം എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാകും.
നിരക്കു കുറഞ്ഞു നിന്നാൽ അടുത്ത തവണ റിസർവ് ബാങ്കിൻ്റെ റീപോ നിരക്കു വർധന കുറവാകുമെന്നു പൊതുവേ കരുതപ്പെടുന്നു. ഒരാഴ്ച മുമ്പ് 50 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് റീപോ നിരക്ക് 5.4 ശതമാനം ആക്കിയിരുന്നു. വിലക്കയറ്റം കുറഞ്ഞാൽ നിരക്കു വർധന 25 ബേസിസ് പോയിൻ്റിലേക്കു കുറയുമെന്നാണു പ്രതീക്ഷ.
ജൂണിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) യും ഇന്നു പുറത്തുവിടും. ജൂണിൽ കാതൽ മേഖലയിലെ ഉൽപാദനം 12.7 ശതമാനം വർധിച്ചിരുന്നു. ഇതു തലേ വർഷത്തെ വർധന നിരക്കിനേക്കാൾ മെച്ചമാണ്. ഐഐപി യുടെ 40 ശതമാനം കാതൽ മേഖലയുടെ സംഭാവനയാണ്.

അത്ര വിശ്വാസം പോരാ!

വിപണികൾ ഉയരാൻ തുടങ്ങുമ്പോഴും താഴാൻ തുടങ്ങുമ്പോഴും ഒരേ വികാരമാണു വിപണിയിൽ - അവിശ്വാസം. അതു ശരിയായ ഉയർച്ചയല്ല/ താഴ്ചയല്ല എന്നു പറയാൻ ധാരാളം വിദഗ്ധർ ഉണ്ടാകും. കൺമുമ്പിൽ കാണുന്നതിനെ അവിശ്വസിക്കാൻ നിർബന്ധിക്കുന്നവർ. ഈ വർഷം ആദ്യമാസങ്ങളിൽ വിപണികൾ താഴോട്ടു നീങ്ങിയപ്പോൾ തിരുത്തലാണോ സമാഹരണമാണോ കരടി വാഴ്ചയാണോ ബുള്ളുകൾക്കു ജലദോഷം പിടിച്ചതാണോ എന്നാെക്കെ സംശയമായിരുന്നു, വിദഗ്ധർക്ക്. മുഖ്യസൂചികകൾ 15 ശതമാനത്തിലധികം ഇടിഞ്ഞ ശേഷമാണു പലരും കരടി വിപണിയെപ്പറ്റി തുറന്നു സംസാരിച്ചത്. ഇന്ത്യയിലും വിദേശത്തും ഇക്കാര്യത്തിൽ വലിയ മാറ്റമില്ല. ജൂണിനു ശേഷം വിപണിയിൽ ഉണ്ടായ കയറ്റത്തെ കയറ്റമായി കാണാൻ മടിക്കുന്നവർ ഇംപ്പാൾ വാചാലരാണ്. കയറ്റത്തിന് ആന്തര കരുത്ത് ഉണ്ടോ, ഫെഡ് എന്തെങ്കിലും പറഞ്ഞാൽ ഈ കയറ്റം അവസാനിക്കില്ലേ, സമ്പദ്ഘടന നേരിടാൻ പോകുന്ന വെല്ലുവിളികളെപ്പറ്റി വിപണി ചിന്തിക്കുന്നുണ്ടോ എന്നിങ്ങനെ വിദഗ്ധരുടെ ചോദ്യങ്ങൾ നിരവധിയാണ്.
ഭാഗ്യവശാൽ താഴ്ചയുടെ മാസങ്ങളിലും ഉയർച്ചയുടെ മാസങ്ങളിലും വിദഗ്ധരുടെ ചോദ്യങ്ങൾക്കു മറുപടി തേടാനല്ല വിപണിയും നിക്ഷേപകരും ശ്രദ്ധിച്ചത്. അവർ തങ്ങളുടെ ആസ്തിയും നിക്ഷേപവും സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ആ നിലപാട് ശരിയായിരുന്നു താനും.
ഇപ്പോൾ വിപണി താഴ്ചയിൽ നിന്നു ഗണ്യമായി തിരിച്ചു കയറിയപ്പോൾ കയറ്റത്തിൻ്റെ ദൗർബല്യങ്ങൾ പലരും ഗവേഷണ വിഷയമാക്കുന്നുണ്ട്. യുഎസ് ഫെഡ് പലിശ 75 ബേസിസ് പോയിൻ്റ് ഉയർത്തിയാലോ വിലക്കയറ്റം അൽപം കൂടി ഉയർന്നാലോ ഒക്കെ വിപണി തകരും എന്നാണ് അവർ പ്രകടിപ്പിക്കുന്ന ആപത് ശങ്ക. ജൂണിലെ താഴ്ചയിൽ നിന്ന് ഇന്ത്യയിൽ നിഫ്റ്റി 15 ശതമാനവും യുഎസിൽ നാസ്ഡാക് 20 ശതമാനവും തിരിച്ചു കയറിയിട്ടുണ്ട്. രണ്ടു മാസത്തെ നേട്ടം മുഴുവൻ നഷ്ടമാക്കാവുന്ന തകർച്ചയെപ്പറ്റി മുന്നറിയിപ്പ് നൽകുന്നവരിൽ വിദേശികളും സ്വദേശികളും ഉണ്ട്. ഡിസംബറോടെ നിഫ്റ്റി 15,600 ലായിരിക്കും എന്നു പ്രവചിച്ച ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇത്തരം പ്രവചനക്കാരിൽ പെടുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it